കേന്ദ്രത്തിന്റേത് സംസ്ഥാനത്തിനെതിരായ നീക്കം; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

Update: 2018-10-22 09:41 GMT


തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ബിജെപി നേതാക്കള്‍ കേരളിയര്‍ക്ക് വിരുദ്ധമായ നിലപാടാണ് സ്വികരിക്കുന്നത്. നാടിനെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. മഹാപ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് നാടിനെ തിരികെ പിടിച്ചേ മതിയാവൂ. കേരളം രക്ഷപ്പെടരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനം അത്യന്തം അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്റെ യു എ ഇ സന്ദര്‍ശനം വന്‍ വിജയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭവന നിര്‍മാണമടക്കമുള്ള കാര്യങ്ങളില്‍ അകമഴിഞ്ഞ് സഹകരിക്കാന്‍ തയ്യാറാണെന്ന് യു എ ഇ അറിയിച്ചിട്ടുണ്ട്. കേരളം ഒരിക്കലും കഷ്ടപ്പെടാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നാണ് അവര്‍ അറിയിച്ചത്.
സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപത്തിനും സന്നധതയും ലഭിച്ചു. ഇതിനായി ഉന്നത സംഘം ഉടന്‍ എത്തും.
പ്രോത്സാഹനജനകമായ പ്രതികരണമാണ് യുഎഇയില്‍ നിന്ന് ലഭിച്ചത്. ഒട്ടേറെ മേഖലകളില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച് പലരും മുന്നോട്ടുവന്നിട്ടുണ്ട്. വിഭവസമാഹരണത്തിന് വിവിധ സംഘടനകള്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. എല്ലാ എമിറേറ്റുകളില്‍നിന്നുമായി ആയിരക്കണക്കിന് മലയാളികളാണ് പൊതുയോഗങ്ങളില്‍ സംബന്ധിച്ചത്. നൂറുകണക്കിനാളുകള്‍ യോഗ സ്ഥലത്തുവെച്ചുതന്നെ സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. മലയാളികളുടെ നേതൃത്വത്തില്‍ ഓരോ എമിറേറ്റ്‌സിലും കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. അതുവഴി മികച്ച തുക സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാര്‍ക്ക് വിദേശ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചത് അടക്കമുള്ള കേന്ദ്ര നിലപാടുകള്‍ സംസ്ഥാനത്തിന് എതിരായിട്ടുള്ള നീക്കമായി മാത്രമേ കാണാന്‍ പറ്റൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തോട് കേന്ദ്രം ഒരു പ്രത്യേക നിലപാടാണ് സ്വീകരിക്കുന്നത്. ഒരു സംസ്ഥാനത്തിനും തടസ്സമായി കേന്ദ്രസര്‍ക്കാന്‍ നില്‍ക്കാന്‍ പാടില്ല. രാജ്യത്ത് മുന്‍പും ഒരുപാട് സ്ഥലത്ത് ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗുജറാത്ത് ദുരന്തത്തിന്റെ സമയത്ത് മറ്റു രാഷ്ട്രങ്ങളുടെയടക്കം സഹായം സ്വീകരിച്ചിട്ടുണ്ട്. നമുക്ക് മറ്റു രാഷ്ട്രങ്ങളില്‍നിന്ന് സഹായം സ്വീകരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ വലിയ തുകയായിരുന്നു നമുക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ അതിന് അനുവദിച്ചില്ല. ഈ നിലപാടിന്റെ തുടര്‍ച്ചയായാണ് മന്ത്രിമാര്‍ക്ക് അനുമതി നിഷേധിച്ചത്. ഇത് സംസ്ഥാനത്തിന് എതിരായിട്ടുള്ള നീക്കമായി മാത്രമേ കാണാന്‍ പറ്റൂ. മന്ത്രിമാര്‍ക്ക് വിദേശത്ത് പോകാന്‍ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയാണ് അവസാന നിമിഷംവരെ ഉണ്ടായിരുന്നത്. ആ നിലയ്ക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും അദ്ദേഹത്തിന്റെ പ്രതികരണം. പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ അനുമതി ലഭിച്ചില്ല. വിദേശത്ത് പോകുന്നതിനെ ചില ബിജെപി നേതാക്കള്‍ വിമര്‍ശിച്ചുകണ്ടു. നമ്മളെല്ലാം നമ്മളായത് ഈ നാടിന്റെ പങ്കാളിത്തത്തോടെയാണ്. പ്രളയം മൂലം ആ നാടിനാണ് തിരിച്ചടി ഉണ്ടായിരിക്കുന്നത്. അതിനെ മറികടക്കുന്നതിനാണ് നമ്മുടെ സഹോദരങ്ങളെ മന്ത്രി എന്ന നിലയില്‍ കാണാന്‍ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടത്തെ ബിജെപി നേതാക്കള്‍ സഹായങ്ങള്‍ ലഭിക്കുന്നതിന് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. കേരളത്തിന്റെ വളര്‍ച്ചയില്‍ അവര്‍ ഒരിക്കലും ഒരു പങ്കും വഹിച്ചിട്ടില്ല. ഇപ്പോള്‍ നാടിനെ തകര്‍ക്കുന്ന സമീപനമാണ് അവര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശബ്ദമുയര്‍ത്തുകയും തുറന്നുകാട്ടുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar News