ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത വിഭവസമാഹരണം പാടില്ലെന്ന് സര്‍ക്കാര്‍

Update: 2018-09-16 04:30 GMT
കോഴിക്കോട്: പ്രളയത്തെ തുടര്‍ന്ന് ദുരിതത്തില്‍പെട്ട കേരളത്തിലെ ജനങ്ങളുടെ ജീവിതം പുനര്‍നിര്‍മിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി നടത്തുന്ന യജ്ഞത്തില്‍ നിര്‍ബന്ധിത വിഭവസമാഹരണം പാടില്ലെന്ന് ചീഫ് സെക്രട്ടറി വകുപ്പ് അധ്യക്ഷന്‍മാര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.



നിര്‍ബന്ധിത വിഭവസമാഹരണം സദുദ്ദേശ്യത്തോടെ ആരംഭിച്ച ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. സ്വമേധയാ നല്‍കുന്ന പണമാണ് സി. എം. ഡി. ആര്‍. എഫിലേക്ക് സ്വരൂപിക്കേണ്ടതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വകുപ്പ് മേധാവികളും ജില്ലാ കളക്ടര്‍മാരും നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.