വിദ്യാര്‍ഥിയുടെ മലം പൊതിഞ്ഞ് വീട്ടില്‍ കൊടുത്തുവിട്ട സംഭവം: സ്‌കൂളിനെതിരേ കേസെടുത്തു

Update: 2018-10-10 16:08 GMT

തൊടുപുഴ: ഒന്നാം ക്ലാസ് വിദ്യാര്‍ഥി മലവിസര്‍ജനം നടത്തിയതില്‍ പ്രതിഷേധിച്ച് മലം പാഠപുസ്തകത്തിനൊപ്പം പൊതിഞ്ഞ് ബാഗിനുള്ളില്‍ വീട്ടിലേക്ക് കൊടുത്തയച്ച സ്വകാര്യ സ്‌കൂളിനെതിരേ അനേ്വഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഒരു മാസത്തിനകം സംഭവത്തെ കുറിച്ച് വിശദമായ അനേ്വഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണം. സ്‌കൂള്‍ പ്രിന്‍സിപ്പലും റിപോര്‍ട്ട് നല്‍കണം.
ഇടുക്കി നെടുങ്കണ്ടത്തെ എസ്ഡിഐ സ്‌കൂളിലാണ് സംഭവം. രാവിലെ 8ന് വീട്ടില്‍ നിന്നിറങ്ങുന്ന കുട്ടി വൈകീട്ട് 5നാണ് വീട്ടില്‍ മടങ്ങിയെത്തുന്നത്. സംഭവദിവസം നാലുമണിയോടെ സ്‌കൂളില്‍ നിന്നു കുട്ടിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് കുട്ടി നിക്കറിനുള്ളില്‍ മലവിസര്‍ജനം നടത്തിയെന്നും ഉടന്‍ സ്‌കൂളിലെത്തണമെന്നും നിര്‍ദേശിച്ചു. എന്നാല്‍, ജീപ്പ് ഡ്രൈവറായ പിതാവ് സ്ഥലത്തില്ലായിരുന്നു. മാതാവും സ്ഥലത്തില്ലായിരുന്നു. താന്‍ സ്ഥലത്തില്ലെന്നു പിതാവ് പറഞ്ഞപ്പോഴാണ് മലം പൊതിഞ്ഞ് വീട്ടില്‍ കൊടുത്തയച്ചത്. മറ്റു കുട്ടികള്‍ക്കൊപ്പം ഇരുത്തിയ കുട്ടിയുടെ വസ്ത്രത്തില്‍ നിന്നു ദുര്‍ഗന്ധം വമിച്ചപ്പോള്‍ കൂട്ടുകാര്‍ കളിയാക്കി. ഇതില്‍ മനംനൊന്ത് കുട്ടി സ്‌കൂളില്‍ പോവാന്‍ മടിക്കുന്നതായും പരാതിയില്‍ പറയുന്നു. സൗദി അറേബ്യയില്‍ നിന്നു ജിനു ജോസഫ് മാത്യുവും തിരുവനന്തപുരം സ്വദേശി മനീഷ് എം നായരും ഇതുസംബന്ധിച്ചു പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകള്‍ പരാതിയായി നല്‍കുകയായിരുന്നു. അത് ഹരജിയായി പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവ്.

Similar News