ന്യുന മര്‍ദ്ദം: ഡാമുകള്‍ ഇത്തവണ നേരത്തെ തുറന്നത് ഉചിതമെന്ന് ചെന്നിത്തല

Update: 2018-10-05 09:09 GMT


തിരുവനന്തപുരം: ന്യുന മര്‍ദ്ദം സംബന്ധിച്ച മുന്നറിയിപ്പ് വന്നതോടെ ഇത്തവണ ഡാമുകള്‍ ക്രമമായി തുറന്ന് വിട്ടത് ഉചിതമായ നടപടിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .
കഴിഞ്ഞ തവണയും ഇതു തന്നെ ചെയ്തിരുന്നെങ്കില്‍ 483 പേരുടെ മരണത്തിനും, വന്‍ നാശ നഷ്ടത്തിനും ഇടയാക്കിയ പ്രളയം ഒഴിവാക്കമായിരുന്നു. ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് ഇപ്പോഴത്തെ സര്‍ക്കാര്‍ അംഗീകരിച്ചത് നന്നായി. ഇത്തവണ ന്യുന മര്‍ദ്ദത്തെത്തുടര്‍ന്ന് തീവ്രമായ മഴക്ക് സാധ്യത ഉള്ളതിനാല്‍ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ നടപടികളും മുന്‍ കരുതലുകളും സ്വീകരിക്കണം. അപകട മേഖലയിലുള്ള ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും, ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുകയും ചെയ്യണം. എല്ലായിടത്തും ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.