ശബരിമല : മുഖ്യമന്ത്രി മനപ്പൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുന്നു, വര്‍ഗീയ ചേരിതിരിവും സൃഷ്ടിക്കാനുള്ള ഗൂഡമായ ലക്ഷ്യം- ചെന്നിത്തല

Update: 2018-10-24 09:58 GMT


തിരുവനന്തപുരം : ശബരിമലയിലെ സംഭവവികാസങ്ങളില്‍ വിശ്വാസികളുടെ ആശങ്കയുംഭയപ്പാടും പരിഹരിക്കുന്നതിന് പകരം ഇപ്പോഴത്തെ സംഘര്‍ഷം ആളിക്കത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മനപ്പൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുകയാണെന്നും സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവും ധ്രുവീകരണവും സൃഷ്ടിക്കാനുള്ള ഗൂഡമായ ലക്ഷ്യമാണ് അദ്ദേഹത്തിനുള്ളതെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്ര സമ്മേളനത്തിലെ പരാമര്‍ശങ്ങളുംപ്രസംഗവും ദൗര്‍ഭാഗ്യകരമാണെന്ന്് ചെന്നിത്തല പറഞ്ഞു.

ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച മറ്റു കാര്യങ്ങള്‍ :
വിശ്വാസികളുടെ മേല്‍ യുദ്ധ പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തുന്നത്
പന്തളം രാജകൊട്ടാരത്തെയും, തന്ത്രിയെയും മുഖ്യമന്ത്രി ആക്ഷേപിച്ചത് ഉചിതമായില്ല.മുഖ്യമന്ത്രിയുടെ പദവിക്ക് ചേര്‍ന്നതാണോ എന്ന് അദ്ദേഹം തന്നെ പരിശോധിക്കണം.
അങ്ങാടിയില്‍ തോറ്റതിന് എന്നതിന് അമ്മയോട് എന്നത് പോലെയാണ്മുഖ്യമന്ത്രി പന്തളം രാജ കുടുംബത്തിന് മേലും തന്ത്രിയുടെ മേലും കടന്നാക്രമണം നടത്തുന്നത്.
എന്ത് വില കൊടുത്തും യുവതികളെ സന്നിധാനത്ത് എത്തിക്കണമെന്ന മുഖ്യമന്ത്രിയുടെ ഉത്തരവ് നടക്കാതെ പോയത്തന്ത്രിയുടെയും പന്തളം രാജ കുടംബത്തിന്റെയും കടുത്ത നിലപാട് കാരണമാണ്.പൊലീസ് വേഷമിടുവിച്ച് വന്‍ പൊലീസ് സന്നാഹത്തോടെ യുവതികളെ നടപ്പന്തല്‍ വരെ എത്തിച്ചെങ്കിലും തുടര്‍ന്ന് പതിനെട്ടാം പാടി കയറ്റാന്‍ കഴിയാതെ പോയത് ക്ഷേത്രം അടച്ചിടുമെന്ന തന്ത്രിയുടെ മുന്നറിയിപ്പ് മൂലമാണ്. യുവതികളെ കയറ്റിയത് പോലെ തന്നെ പൊലീസിന് തിരിച്ചറക്കേണ്ടി വന്നു. അതിന്റെ രോഷമാണ് ഇപ്പോള്‍ തീര്‍ക്കുന്നത്.
ക്ഷേത്രത്തിലെ പൂജകളുടെയും, ആചാരങ്ങളുടെയും കാര്യത്തില്‍ അവസാന വാക്ക് തന്ത്രി തന്നെയാണ്. അത്കോടതി പോലും അംഗീകരിച്ചതാണ്.ഇത് പലതവണ ഹൈക്കോടതിയും, സുപ്രിം കോടതിയും അംഗീകരിച്ചാതാണ്.അക്കാര്യം മറന്ന് കൊണ്ടാണ് മുഖ്യമന്ത്രി തന്ത്രിക്കെതിരെ കലി തുള്ളിയത്.
ശബരിമലയുടെ കാര്യത്തില്‍ മഹേന്ദ്രന്‍ V/S തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡ് കേസില്‍ഹൈക്കോടതി വളരെ വ്യക്തമായി തന്നെ വിധി പ്രഖ്യാപിച്ചിട്ടുണ്ട്. താഴമണ്‍ കുടംബമാണ് ശബരിമലയിലെ പരമ്പരാഗത തന്ത്രി കുടംബമെന്നും, ശബരിമല ക്ഷേത്രത്തിലെ ആത്മീയാനുഷ്ഠനാങ്ങളുടെയും ആചാരങ്ങളുടെയും അവസാന വാക്ക് തന്ത്രിയുടേതാണെന്ന് ദേവസ്വം ബോര്‍ഡ് സത്യവാങ്ങ്മൂലം നല്‍കുകയും ഹൈക്കോടതി അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ദേവസ്വം ബോര്‍ഡ്ആ സത്യവാങ്ങ് മൂലത്തില്‍ഉറച്ച് നില്‍ക്കുന്നുണ്ടോ?
ഗുരുവായൂര്‍ അമ്പലം സംബന്ധിച്ച സി കെ രാജന്‍ v/s സ്‌റ്റേറ്റ് ഓഫ് കേരള എന്ന കേസിലെ ക്ഷേത്രത്തിലെ ആചാരബദ്ധമായ കാര്യങ്ങളില്‍ തന്ത്രിയാണ് അവസാന വാക്കെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. എം പി ഗോലാലകൃഷ്ണന്‍ നായര്‍ v/s സ്‌റ്റേറ്റ് ഓഫ് കേരള എന്ന കേസില്‍ 2005 ലെ വിധിയിലും സുംപ്രിം കോടതി ഇത് വ്യക്തമാക്കിയിട്ടുണ്ട്.
അതായത്വസ്ത്രത്തിന്റെ താക്കോല്‍ കോന്തലയില്‍ താക്കോല്‍ കെട്ടാനുളള അധികാരം മാത്രമല്ലക്ഷേത്രത്തിന്റെ അചാരങ്ങളും അനുഷ്ഠാനങ്ങളും നിര്‍ണിയിക്കാനും പാലിക്കാനും തന്ത്രിക്കാണ് പരമാധികാരം എന്നാണ്ഈ കോടതികള്‍ വിധിച്ചിട്ടുള്ളത്.
പന്തളം രാജാവ് അയ്യപ്പന്റെ പിതൃസ്ഥാനീയനാണ്. പന്തളം കൊട്ടാരത്തില്‍ നിന്ന് തിരുവാഭാരണങ്ങള്‍ എത്തിയാല്‍ മാത്രമെ ശബരിമലയിലെ മകരസംക്രമ പൂജ നടക്കുകയുളളു. ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറാനുള്ള അവകാശം പന്തളം രാജാവിന് മാത്രമാണ്. ഇതെല്ലാം ആചാരങ്ങളനുസരിച്ചുള്ള അധികാരമാണ്. ഇതൊന്നും മുഖ്യമന്ത്രി വിചാരിച്ചാല്‍മാറ്റാന്‍ കഴിയില്ല. പന്തളം കൊട്ടാരത്തിന് ശബരിമലയില്‍ അവകാശിമില്ലന്ന് പറയുന്ന മുഖ്യമന്ത്രി ഈ ആചാരങ്ങളെയും വിശ്വാസങ്ങളെയുംവെല്ലുവിളിക്കുകയാണ്.
കോടികള്‍ വിലമതിക്കുന്ന ശബരിമല തിരുവാഭരണം സൂക്ഷിച്ചിരിക്കുന്നത് പന്തളം കൊട്ടാരത്തിന്റെ അധീനതയിലുള്ള ക്ഷേത്രത്തിലാണ്. ഇത് ആചാരത്തിന്റെ ഭാഗമാണ്. ഇതും മാറ്റണമെന്ന് മുഖ്യമന്ത്രി പറയുമോ? ശബരിമലയിലെ ആചാരങ്ങള്‍ പൊളിറ്റ് ബ്യുറോ തിരുമാനം കൊണ്ട് മാറ്റാന്‍ കഴിയില്ല.
മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ നിലപാടില്‍ നിന്ന് ഒരു കാര്യം വ്യക്തമായി- ശബരിമലയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ക്കെല്ലാം പൂര്‍ണ്ണ ഉത്തരവാദി മുഖ്യമന്ത്രിയാണ്.
സുപ്രിം കോടതി വിധി നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രി അനാവിശ്യമായ ധൃതിയാണ് കാണിച്ചത്. സാധാരണ ഇത്തരമൊരു വിധി കിട്ടിക്കഴിഞ്ഞാല്‍ അത് നടപ്പാക്കുന്നതിന് കാണിക്കുന്ന ഔദ്യോഗിക നടപടി ക്രമങ്ങളൊന്നും പാലിച്ചിട്ടില്ല.
മുമ്പ് സംസ്ഥാന ദേശീയ പാതകളില്‍ മദ്യവില്‍പ്പന നിരോധിച്ച് കൊണ്ട് സുപ്രിം കോടതി ഉത്തരവിട്ടപ്പോള്‍ അത് നടപ്പാക്കുന്നതിന് ഇതേ പോലുള്ള ധൃതിയൊന്നും ഉണ്ടായില്ല.
15122016 ലാണ് ദേശീയ പാതയുട 500 മീറ്റര്‍ ചുറ്റളവില്‍ മദ്യ വില്‍പ്പന നിരോധിച്ച് കൊണ്ട് സുപ്രിം കോടതിയുടെ വിധിയുണ്ടായത്. ആ വിധി നടപ്പാക്കുന്നതിന് നാല് മാസത്തിലധികം കാല താമസമാണുണ്ടായത്. ഇത് സംബന്ധിച്ച ഫയല്‍ ( നം. 1077880/ a1/2016) ഫയല്‍ നികുതി വകുപ്പ് രൂപീകരിച്ച് തുടര്‍ന്ന് നിയമവകുപ്പിന്റെയും അഡ്വ. ജനറലിന്റെയും പിന്നീട് അറ്റോര്‍ണി ജനറിലിന്റെ പോലും നിയമോപദേശം തേടിയ ശേഷം 1532017 ല്‍ മന്ത്രി സഭാ യോഗത്തില്‍ വച്ച് തിരുമാനിച്ചിട്ടാണ് അന്ന് ആ വിധി നടപ്പാക്കിയത്. ഇത്തരം നടപടിക്രമങ്ങള്‍ എന്തെങ്കിലും സ്ത്രീ പ്രവേശന കാര്യത്തില്‍ സര്‍ക്കാര്‍ അലംബിച്ചോ ഇത് സംബന്ധിച്ച ഫയല്‍ പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറാണോ?
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നാണം കെട്ട അവസ്ഥയിലാണിപ്പോള്‍.മുഖ്യമന്ത്രികണ്ണരുട്ടുന്നതിന് അനുസരിച്ച് ഓരോ ദിവസവും അവര്‍ അഭിപ്രായം മാറ്റിക്കൊണ്ടിരിക്കുന്നു. അദ്യം പുനപരിശോധനാ ഹര്‍ജി നല്‍കുമെന്നും പിന്നീട് റിപ്പോര്‍ട്ട് നല്‍കുമെന്ന് പറഞ്ഞു. ഇപ്പോള്‍ പറയുന്നു കേസില്‍ ഇടപെടും എന്ന്. സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരം കവര്‍ന്നെടുത്തിരിക്കുകയാണ്. നിയമം അനുസരിച്ച് ദേവസ്വം ബോര്‍ഡ്സ്വയംഭരണ സ്ഥാപനമാണ്. ബോര്‍ഡ്അംഗങ്ങളെ നിയമിക്കാനല്ലാതെ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ല. ബോര്‍ഡ് അംഗങ്ങളെ പിരിച്ചുവിടാനുള്ള അധികാരം പോലും സര്‍ക്കാരിനല്ല. ഹൈക്കോടതിക്കാണ്.
മുഖ്യമന്ത്രി ഇനിയെങ്കിലും വിവേകത്തോടെ പ്രവര്‍ത്തിച്ച് പ്രശ്‌നത്തിന് പരിഹാരം തേടാനാണ് ശ്രമിക്കേണ്ടത്.