ബ്രൂവറി ഡിസ്റ്റലറി അഴിമതി: സിപിഎമ്മിന്റെ ഉന്നതല ഗൂഢാലോചനയെന്ന് ചെന്നിത്തല

Update: 2018-10-01 08:37 GMT

തിരുവനന്തപുരം: കോടികള്‍ കൈമറിഞ്ഞ ബ്രൂവറി ഡിസ്റ്റലറി ഇടപാടില്‍ സിപിഎമ്മിന്റെ ഉന്നത തലങ്ങളില്‍ വന്‍ ഗൂഡാലോചന നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 19 വര്‍ഷത്തിന് ശേഷം ഇതുപോലെരു സുപ്രധാന കാര്യത്തില്‍ നയം മാറ്റമുണ്ടായപ്പോള്‍ അത് പരമ രഹസ്യമായി നടപ്പാക്കി എന്നതാണ് ഗൂഡാലോചനക്കുള്ള ഒന്നാമത്തെ തെളിവ്. മുന്നണി ഏകോപന സമിതിയിലോ, മന്ത്രി സഭയിലോ ചര്‍ച്ച ചെയ്തില്ല. ബഡ്ജറ്റിലോ നയപ്രഖ്യാപനത്തിലോ ഉള്‍പ്പെടുത്തിയില്ല. മദ്യ നയത്തില്‍ പറഞ്ഞതുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
പത്തൊന്‍പത് വര്‍ഷമായി നിലനില്‍ക്കുന്ന തിരുമാനമായതിനാല്‍ അത് മാറ്റുമ്പോള്‍ നയപരമായ തിരുമാനം എടുക്കണമെന്ന് എക്‌സൈസ് കമ്മീണഷര്‍ ഋഷിരാജ്‌സിംഗ് അഭിപ്രായപ്പെട്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇത് മറികടന്നാണ് അനുമതി നല്‍കിയത്. ആരാണ് ഇതിന് ഉത്തരവിട്ടത്?. തൃശൂര്‍ ജില്ലയില്‍ ഡിസ്റ്റലറി അനുവദിക്കുന്നതിനുള്ള ശ്രീചക്ര ഡിസ്റ്റലറീസിന്റെ അപേക്ഷയില്‍മേല്‍ ഉള്ള എക്‌സൈസ് കമ്മീഷറുടെ റിപ്പോര്‍ട്ടില്‍ 99 ലെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ അത് പരിഷ്‌കരിച്ച് ഉത്തരവ് ഇറക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് സംഭവിച്ചില്ല. ആരാണ് ഇത് മറി കടക്കാന്‍ അനുമതി നല്‍കിയത്.
ശ്രീചക്ര 98 ല്‍ തന്നെ അപേക്ഷ നല്‍കിയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. 99 ല്‍ നിരസിക്കപ്പെട്ട 110 അപേക്ഷകളില്‍ അതും ഉള്‍പ്പെടുന്നു. അവര്‍ പിന്നീട് ഹൈക്കോടതിയിലും പോയി. നിലവിലുള്ള അബ്കാരി പോളിസി അനുസരിച്ച് അവര്‍ക്ക് അനുമതി ന്ല്‍കാന്‍ കഴില്ലെന്ന് ഹൈക്കോടതിയും പറഞ്ഞു. അതായത് 99 ലെ ഉത്തരവ് പോളിസിയാണെന്ന ഹൈക്കോടതിയും അംഗീകിരച്ചിട്ടുണ്ട് എന്നര്‍ത്ഥം. എന്നിട്ടാണ് അത് തിരുത്താതെ വീണ്ടും അവര്‍ക്ക് തന്നെ അനുവാദം നല്‍കിയതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
എറണാകുളത്ത് പവര്‍ ഇന്‍ഫ്രാടെകിന് ബ്രൂവറി സ്ഥാപിക്കുന്നതിന് ഭൂമി കൊടുക്കുന്നത് സംബന്ധിച്ച് സംശയകരമായ നടപടികളാണ് ഉണ്ടായത്. 2017 മാര്‍ച്ച് 27 നാണ് കിന്‍ഫ്രയില്‍ ഭൂമിക്കായി പവര്‍ ഇന്‍ഫ്രാടെക് സി എം ഡി അലക്‌സ് മാളിയേക്കല്‍ കിന്‍ഫ്ര ജനറല്‍ മാനേജര്‍ ( പ്രൊജക്റ്റി) ന് അപേക്ഷ നല്‍കുന്നത്. വെറും 48 മണിക്കൂറിനുളളില്‍ തന്നെ, അതായത് 28-3-2017 ന് തന്നെ അപേക്ഷ അനുവദിക്കാമെന്ന് പറഞ്ഞ് കത്ത് നല്‍കിയത്. തുടര്‍ന്ന് ഏപ്രില്‍ നാലിന് ഈ കത്തിന്റെ ബലത്തിലാണ് എക്‌സൈസ് കമ്മീഷണര്‍ക്ക് ശ്രീ ചക്ര ഡിസ്റ്റലറിക്കായി അപേക്ഷ നല്‍കിയത്.
ഭൂമി അനുവദിക്കാന്‍ സന്നദ്ധമാണെന്നുള്ള കിന്‍ഫ്ര ജനറല്‍ മാനേജര്‍ പ്രോജക്റ്റിന്റെ കത്ത് കിന്‍ഫ്ര എം ഡി അറിഞ്ഞിരുന്നോ? സര്‍ക്കാര്‍ അക്കാര്യം വ്യക്തമാക്കണം.കിന്‍ഫ്രയില്‍ ഭൂമി ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങളെല്ലാം പാലിക്കാതെയാണ് ഈ കത്ത് നല്‍കിയതെന്ന് ആക്ഷേപമുണ്ട്. ഭൂമി അനുവദിക്കണമെങ്കില്‍ ജില്ലാ തല വ്യവസായ സമിതി ചര്‍ച്ച ചെയ്യണം. ഇക്കാര്യത്തില്‍ അതുണ്ടായില്ല.സിപിഎമ്മിന്റെ ഉന്നത നേതാവിന്റെ മകനാണ് ഈ ജനറല്‍ മാനേജര്‍. ഇതി സി പി എമ്മിന്റെ ഉന്നത തല ഗൂഡാലോനയിലേക്ക് വിരല്‍ ചൂണ്ടുന്നതായും ചെന്നിത്തല പറഞ്ഞു.

Similar News