പ്രളയ ദുരിതാശ്വാസത്തിന് പ്രത്യേക അക്കൗണ്ട്: ഉത്തരവ് പിന്‍വലിച്ചത് ദുരൂഹം: രമേശ് ചെന്നിത്തല

Update: 2018-09-08 13:55 GMT


തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി ലഭിക്കുന്ന തുകയെല്ലാം പ്രത്യേക അക്കൗണ്ടിലൂടെ കൈകാര്യം ചെയ്യണമെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതു സമൂഹം കയ്യയച്ചു നല്‍കുന്ന തുക വക മാറ്റി ചിലവഴിക്കാനുള്ള സാധ്യത തുറന്നിടുകയാണ് പുതിയ തീരുമാനത്തിലൂടെസര്‍ക്കാര്‍ ചെയ്യുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്ന് ദുരിതാശ്വാസത്തിനായി വന്‍ തുകകള്‍ പ്രവഹിക്കുന്നതിനിടിയില്‍ പ്രത്യേക അക്കൗണ്ട് വേണ്ടെന്ന് വച്ചത് സംശയത്തിനിട നല്‍കുന്നു.
പ്രളയ ദുരിതാശ്വാസ ഫണ്ടിന് പ്രത്യേക അക്കൗണ്ട് വേണമെന്ന് പ്രതിപക്ഷം തുടക്കം മുതല്‍ ആവശ്യപ്പെട്ടിരുന്നതാണ്. തുക വകമാറ്റി ചിലവഴിക്കാതിരിക്കാനും അതിന്റെ ചിലവിടലില്‍ സുതാര്യത ഉറപ്പാക്കുന്നതിനും വേണ്ടിയായിരുന്നു ആ ആവശ്യം ഉന്നയിച്ചത്. സര്‍ക്കാര്‍ ആദ്യം ആവശ്യം നിരാകരിച്ചെങ്കിലും പിന്നീട് അംഗീകരിച്ച് പ്രത്യേക അക്കൗണ്ട് തുടങ്ങിയപ്പോള്‍ പൊതു സമൂഹത്തിന് ആശ്വാസമുണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പൊടുന്നനവെ അത് പിന്‍വലിച്ചിരിക്കുകയാണ്. ഓഖി ദുരിതാശ്വാസ ഫണ്ട് പൂര്‍ണ്ണമായി ചിലവഴിക്കാതെ സര്‍ക്കാര്‍ കയ്യില്‍ വച്ചിരിക്കുന്ന സാഹചര്യത്തില്‍ സംശയം വര്‍ദ്ധിക്കുകയും ചെയ്യുന്നു. പ്രളയത്തിനുള്ള പണം വക മാറ്റുകയില്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിച്ച് പ്രത്യേക അക്കൗണ്ട് വഴി തന്നെ എല്ലാ തുകയും കൈകാര്യം ചെയ്യണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

Similar News