അമിത്ഷായുടെ കേരള സന്ദര്‍ശനം കലാപമുണ്ടാക്കാന്‍ വേണ്ടിയെന്ന് ചെന്നിത്തല

Update: 2018-10-28 13:28 GMT


തൃശൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ കേരള സന്ദര്‍ശനം കലാപമുണ്ടാക്കാന്‍ വേണ്ടിയായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തൃശൂര്‍ രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തിലെ ബിജെപിക്ക് ശക്തിയില്ല. ശബരിമല വിഷയത്തിന്റെ പേരില്‍ ബിജെപിയും സിപിഎമ്മും വര്‍ഗീയത ആളിക്കത്തിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പിടിവാശി കാണിക്കുന്ന പശ്ചാത്തലത്തില്‍ അമിത്ഷാ, മോദിയെ ഒന്നു വിളിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ ഇപ്പോള്‍ ഈ വിഷയത്തില്‍ നിലവിലുള്ളൂ. ഏകീകൃത സിവില്‍ കോഡെന്ന ബിജെപിയുടെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ശ്രമമാണിപ്പോള്‍ നടക്കുന്നത്. കേരളത്തിലെ മതേതര ജനാധിപത്യ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തി സിപിഎമ്മും പിണറായി സര്‍ക്കാരും ഇതിന് കൂട്ടു നില്‍ക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
നവോഥാന കാലഘട്ടത്തെക്കുറിച്ച് പറയുന്ന കമ്മ്യൂനിസ്റ്റ് പാര്‍ട്ടി അക്കാലത്ത് രൂപം കൊണ്ടിട്ടു പോലുമില്ല. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ വാര്‍ഷികങ്ങള്‍ ഇതുവരെ ആഘോഷിക്കാത്ത സിപിഎം ഇത്തവണ 82ാം വാര്‍ഷികം ആഘോഷിക്കാനിറങ്ങുന്നത് തീര്‍ത്തും ദുരുദ്ദേശപരവും രാഷ്ട്രീയപ്രേരിതവുമാണ്. ജാതിയമായും വര്‍ഗീയമായും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരു മുഖ്യമന്ത്രിക്കു ചേര്‍ന്നതല്ല. കേരളത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് നയിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല വിഷയത്തില്‍ അക്രമ പ്രതിഷേധങ്ങള്‍ക്ക് കോണ്‍ഗ്രസില്ല. പകരം ബഹുജനങ്ങളെ അണിനിരത്തി വിശദീകരണ യോഗങ്ങളും പദയാത്രകളും വാഹനജാഥകളും സംഘടിപ്പിക്കുമെന്നും ചെന്നിത്തല അറിയിച്ചു.