പ്രളയം: അതിജീവന പ്രതീകമായി ചേറിനെ അതിജീവിച്ച കുട്ടി -ചേക്കുട്ടി

Update: 2018-09-12 04:04 GMT
കോഴിക്കോട്: പ്രളയം കേരളത്തിന്റെ സമസ്ഥ മേഖലകളിലും ഏതെങ്കിലും തരത്തിലുള്ള നഷ്ടങ്ങളുണ്ടാക്കിയാണ് കടന്നുപോയത്.
കേരളത്തിലെ മികച്ച കൈത്തറി സംഘങ്ങളുള്ള നാടായ ചേന്നമംഗലത്തും പ്രളയം സമ്മാനിച്ചത് വലിയ തോതിലുള്ള നഷ്ടങ്ങള്‍ തന്നെയാണ്.
ഓണത്തെ മുന്നില്‍ കണ്ട് ചേന്നമംഗലത്തെ തറികളില്‍ ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങളാണ് നെയ്‌തെടുത്തിരുന്നത്. എന്നാല്‍ പ്രളയം ഈ കൈത്തറി ഗ്രാമത്തെ തകര്‍ത്തെറിഞ്ഞു. വെള്ളം കയറി വസ്ത്രങ്ങളെല്ലാം നശിച്ചു.



ജീവിതത്തിന്റെ ഊടും പാവും നെയ്യാന്‍ കഷ്ടപ്പെടുന്ന നെയ്ത്തുകാരുടെ വേദന മനസിലാക്കി, അവരുടെ മാനസിക സംഘര്‍ഷം എത്ര വലുതായിരിക്കുമെന്ന് അറിഞ്ഞ് കൊച്ചിയിലെ ഒരു സംഘം മുന്നോട്ടുവന്നു. ഈ യുവതലമുറ കൂട്ടായ്മ നശിച്ചു പോയ വസ്ത്രങ്ങള്‍ ക്ലോറിനേറ്റ് ചെയ്ത് വൃത്തിയാക്കി നല്ല പാവക്കുട്ടികളെ ഉണ്ടാക്കി. ഈ പാവകുട്ടിയുടെ പേരാണ് ചേക്കുട്ടി. ചേറിനെ അതിജീവിച്ച കുട്ടിയെന്നാണ് ഈ പേരിന്റെ അര്‍ഥം. ഈ പാവക്കുട്ടികള്‍ ഇപ്പോള്‍ വിപണനത്തിന് എത്തുകയാണ്. ഈ പാവക്കുട്ടികളെ വിറ്റു കിട്ടുന്ന പണം ആ നെയ്ത്തുമേഖലയുടെ പുനരുജ്ജീവനത്തിന് ഉപയോഗിക്കുമെന്നാണ് ഈ സംഘത്തിന്റെ ഉറപ്പ്.ംംം.രവലസൗേ്യേ.ശി എന്ന വെബ്‌സൈറ്റില്‍ നിന്നും ചേക്കുട്ടിയെ വാങ്ങാനാകും. ഓരോ ചേക്കുട്ടിക്കും 25 രൂപയാണ് വില ഈടാക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളില്‍ നല്ല പിന്തുണയാണ് ഈ സംരഭത്തിന് ലഭിക്കുന്നത്.

Similar News