സ്ത്രീകളില്‍ നിന്നും പണവും സ്വര്‍ണ്ണാഭരണവും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

Update: 2018-10-07 14:45 GMT


ചാവക്കാട്: വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ പീഡിപ്പിച്ച് രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണാഭരണവും തട്ടിയെടുക്കല്‍ പതിവാക്കിയ യുവാവിനെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ എറിയാട് യൂബസാര്‍ കല്ലുങ്ങല്‍ അയൂബിനേ (41)യാണ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി ഗോപകുമാര്‍, എസ്‌ഐ കെ വി മാധവന്‍, എഎസ്‌ഐ അനില്‍ മാത്യു, സിപിഒമാരായ ശ്രീനാഥ്, ഗിരീഷ്, ജയേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
എടക്കഴിയൂര്‍ സ്വദേശിനിയായ നാല്‍പ്പതുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഇവരില്‍ നിന്നും അഞ്ചു ലക്ഷം രൂപയും 15 പവന്‍ സ്വര്‍ണ്ണാഭരണവും ഇയാള്‍ തട്ടിയെടുത്തതായാണ് പരാതി. 2016ലാണ് കേസിനാസ്പദമായ സംഭവം. വിവാഹം വാഗ്ദാനം നല്‍കി വീട് വാടക്കെടുത്താണ് ഇയാള്‍ പീഡനം നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു.
പീഡന രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പിന്നീട് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണവും തട്ടിയെടുക്കുകയുമായിരുന്നു. ചാവക്കാട് മേഖലയില്‍ പത്തോളം സ്ത്രീകളെ ഇയാള്‍ ഇത്തരത്തില്‍ പീഡിപ്പിച്ച് പണം തട്ടിയെടുത്തിരുന്നതായി പോലിസ് പറഞ്ഞു. പലരുടേയും നഗ്‌ന ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തിരുന്നു. വിധവകളും ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിച്ച സ്ത്രീകളുമായിരുന്നു ഇയാളുടെ പ്രധാന ഇരകള്‍. സ്ത്രീകളില്‍ നിന്നും തട്ടിച്ചെടുക്കുന്ന പണം ഉപയോഗിച്ച് രണ്ടു കാറുകളും ഇയാള്‍ വാങ്ങിയിട്ടുണ്ട്. കാറ്ററിങ് തൊഴിലാളിയായ അയൂബിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

Similar News