വിവരാവകാശ കമ്മീഷന്റെ അധികാരത്തിലും കേന്ദ്രം കൈകടത്തുന്നു

Update: 2018-10-16 16:51 GMT
 


ന്യൂഡല്‍ഹി: കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) സ്വാതന്ത്ര്യത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കൈകടത്തുകയാണെന്ന് വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു. ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരുടെ റാങ്കും കാലാവധിയും ഭേദഗതി ചെയ്ത് കമ്മീഷണറെ ചോല്‍പ്പടിക്ക് നിര്‍ത്താനാണ് ശ്രമം. വിവരാവകാശ നിയമത്തിലെ മൂന്നു സുപ്രധാന വകുപ്പുകള്‍ ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം കമ്മീഷണര്‍മാരുടെ അധികാരത്തിലുള്ള ഇടപെടലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര-സംസ്ഥാനങ്ങളിലെ മുഖ്യ വിവരാവകാശ കമ്മീഷണര്‍മാരുടെയും (സിഐസി) ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരുടെയും പദവി (റാങ്ക്), ശമ്പളം, കാലാവധി എന്നിവയുമായി ബന്ധപ്പെട്ട ആര്‍ടിഐ നിയമത്തിലെ മൂന്നു വകുപ്പുകള്‍ ഭേദഗതി ചെയ്യാനാണ് നീക്കം നടത്തുന്നത്. ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരുടെ കാലാവധി നിലവില്‍ അഞ്ചു വര്‍ഷമാണ്. കാലാവധി സര്‍ക്കാരിന് ഇഷ്ടമുള്ളതാക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നതാണ് ഭേദഗതി. ഇത്തരം നിയമം കൊണ്ടുവരുന്നതിലൂടെ കമ്മീഷണര്‍മാരുടെ അധികാരം വെട്ടിക്കുറയ്ക്കുകയാണ് ചെയ്യുന്നത്. കമ്മീഷണര്‍മാരെ ചൊല്‍പ്പടിക്കു നിര്‍ത്താനും ഇത്തരം നിയമം ഉപകരിക്കും.
ഉദ്യോഗസ്ഥ അധികാരപദവി പ്രകാരം സിഐസി കമ്മീഷണര്‍ സെക്രട്ടറിക്കും താഴെയാണെങ്കില്‍ സിഐസിക്ക് ഒരിക്കലും ആര്‍ടിഐ അപേക്ഷയ്ക്കുള്ള മറുപടി കൊടുക്കണമെന്ന് ഉത്തരവിടാന്‍ കഴിയില്ല. ഇത്തരം മാറ്റങ്ങള്‍ കമ്മീഷന്റെ അധികാരം ദുര്‍ബലപ്പെടുത്തും. നിയമത്തില്‍ ഏതെങ്കിലും വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ല. ഇപ്പോഴത്തെ നിര്‍ദിഷ്ട ഭേദഗതി തികച്ചും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് സര്‍ക്കാരുമായുള്ള വിവാദമായ റഫേല്‍ ഇടപാട് സംബന്ധിച്ച വിശദാംശങ്ങളും കരാറിലേക്കു നയിച്ച നടപടിക്രമങ്ങളും സമര്‍പ്പിക്കണമെന്ന കേന്ദ്രസര്‍ക്കാരിനുള്ള സുപ്രിംകോടതി നിര്‍ദേശം ആശ്ചര്യകരമാണെന്ന് ആചാര്യലു പറഞ്ഞു. സാങ്കേതികകാര്യങ്ങള്‍ ഒഴിവാക്കി എന്തുകൊണ്ടാണ് കോടതി ഇത്തരം വിവരങ്ങള്‍ ചോദിക്കുന്നതെന്നും ആചാര്യലു ചോദിച്ചു.
മണി ലൈഫ് ഫൗണ്ടേഷനും പൂനെ യൂനിയന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റ്‌സും ചേര്‍ന്നു സംഘടിപ്പിച്ച 'ആര്‍ടിഐ നിയമം എങ്ങനെ ജനാധിപത്യത്തെയും സുതാര്യതയെയും ശക്തിപ്പെടുത്തും' എന്ന സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Similar News