ജേക്കബ് വടക്കാഞ്ചേരിയ്‌ക്കെതിരെ കേസെടുക്കാന്‍ മന്ത്രി കെ.കെ. ശൈലജ ഡി.ജി.പി.യ്ക്ക് കത്ത് നല്‍കി

Update: 2018-09-03 09:38 GMT


തിരുവനന്തപുരം: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയിലൂടെ വ്യാജപ്രചരണം നടത്തുന്നുവെന്നാരോപിച്ച് ജേക്കബ് വടക്കാഞ്ചേരിയ്‌ക്കെതിരെ കേസെടുക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഡി.ജി.പിയ്ക്ക് കത്ത് നല്‍കി. പ്രളയക്കെടുതിക്ക് ശേഷം ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഒരു വലിയ ആരോഗ്യ പ്രശ്‌നമാണ് എലിപ്പനിയുടെ വ്യാപനം. ഇത് നിയന്ത്രണ വിധേയമാക്കുന്നതിനായി ആരോഗ്യ വകുപ്പ് വ്യാപകമായി പ്രതിരോധ മരുന്ന് വിതരണം ചെയ്ത് വരികയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുന്നുണ്ട്. ഇതിനകം തന്നെ എലിപ്പനി ബാധിച്ച് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം എലിപ്പനി മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എലിപ്പനി പ്രതിരോധത്തിനായി കൃത്യമായ പ്രോട്ടോക്കോളും അതീവ ജാഗ്രത നിര്‍ദേശവും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്തും യാതൊരടിസ്ഥാനമില്ലാതെയും ജേക്കബ് വടക്കാഞ്ചേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ജനങ്ങളും മാധ്യമങ്ങളും ഒറ്റക്കെട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നുമാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്