'കഠ്‌വ' അനുസ്മരിക്കുന്ന കവിതയ്‌ക്കെതിരേ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു

Update: 2018-09-22 10:54 GMT


പരപ്പനങ്ങാടി: കോളജ് മാഗസിനില്‍ പ്രസിദ്ധീകരിച്ച കവിത എഴുതിയ പെണ്‍കുട്ടിക്കെതിരേ ആര്‍എസ്എസ് ഭീഷണിക്ക് വഴങ്ങി ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലിസ് കേസെടുത്തു. പരപ്പനങ്ങാടി മലബാര്‍ സഹകരണ കോളജ് വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ തമോഗര്‍ത്തങ്ങള്‍ എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ച അമ്പലം എന്ന കവിതക്കെതിരെയാണ് പരപ്പനങ്ങാടി പോലിസ് കേസെടുത്തത്. ജമ്മുവിലെ കഠ് വയില്‍ എട്ടുവയസ്സുകാരിയെ ബലാല്‍ത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം അനുസ്മരിച്ചുകൊണ്ട് കവിത എഴുതിയ ബികോം വിദ്യാര്‍ഥിനി തഫ്‌സീറക്കെതിരെയാണ് 153 എ വകുപ്പ് പ്രകാരം കേസെടുത്തത്. മകളെ അമ്പലത്തിലേക്ക് വിളിക്കുന്ന മാതാവിനോട് താന്‍ അവിടേക്കില്ലന്നും ദൈവമല്ല കാപാലികരാണ് അതിനുള്ളിലെന്നുമുള്ള വരികളാണ് മതസ്പര്‍ധ വളര്‍ത്തുന്നു എന്ന് പറഞ്ഞ് സംഘ് പരിവാര്‍ സംഘടനകള്‍ രംഗത്ത് വരാന്‍ പ്രേരിപ്പിച്ചത്. ബിജെപി മണ്ഡലം ഭാരവാഹി വത്സരാജിന്റെ പരാതിയിലാണ് കേസെടുത്തത്. മാഗസിന്റെ പേരില്‍ കവിതയെഴുതിയ പെണ്‍കുട്ടിയെ മാത്രമല്ല കോളജ് പ്രിന്‍സിപ്പല്‍ ശശികല, സ്റ്റാഫ് എഡിറ്റര്‍ ബിനീഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രശ്‌നത്തെ വര്‍ഗീയവത്കരിച്ച് സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ വിഎച്ച്പിയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. തിങ്കളാഴ്ച കോളജ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സ്ഥാപനത്തിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

Similar News