എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് തുടക്കം; വിദ്യാര്‍ഥികള്‍ക്ക് ആശംസയുമായി വി ശിവന്‍കുട്ടി
തിരുവനന്തപുരം: ഇന്ന് ആരംഭിക്കുന്ന എസ്എസ്എല്‍സിയും ഹയര്‍സെക്കന്‍ഡറി പരീക്ഷകളും എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ആശംസയുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷകള്‍ കടുകട്ടിയാകുമെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും വിദ്യാര്‍ഥികള്‍ക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പരീക്ഷകള്‍ ഭയപ്പെടേണ്ട ഒന്നല്ലെന്നും, ഇതുവരെ നേടിയ അറിവുകള്‍ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണിതെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം 13 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പൊതുപരീക്ഷകള്‍ എഴുതുന്നത്.
സംസ്ഥാനത്ത് 3,031 പരീക്ഷാ കേന്ദ്രങ്ങളിലായി 4,17,497 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സി പരീക്ഷകള്‍ രാവിലെ 9.30 മുതല്‍ ആരംഭിക്കുമ്പോള്‍ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഉച്ച കഴിഞ്ഞാണ് നടക്കുന്നത്. യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഗള്‍ഫ് മേഖലയില്‍ ഈ ആഴ്ച പൊതുപരീക്ഷകള്‍ നടത്തില്ല. ഗള്‍ഫ് മേഖലയില്‍ 633 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 386 വിദ്യാര്‍ഥികളും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ചോദ്യപേപ്പറിലെ 80 ശതമാനം ചോദ്യങ്ങളും ലളിതമായിരിക്കുമെന്നും പരീക്ഷയെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അനാവശ്യ ഭീതികളില്‍ വിദ്യാര്‍ഥികള്‍ പതറരുതെന്നും മന്ത്രി വ്യക്തമാക്കി.
