ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് ഇനി പുതിയ വെബ് പോര്‍ട്ടല്‍

Update: 2026-01-25 10:46 GMT

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ വെബ് പോര്‍ട്ടല്‍ സജ്ജമാക്കി. ഇതുവരെ ഉപയോഗത്തിലുണ്ടായിരുന്ന www.dhsekerala.gov.in എന്ന വെബ്‌സൈറ്റ് സാങ്കേതികമായി കാലഹരണപ്പെട്ടതായതിനെ തുടര്‍ന്നാണ് കൂടുതല്‍ ആധുനികവും ഉപഭോക്തൃ സൗഹൃദവുമായ പുതിയ സംവിധാനം ഒരുക്കിയത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ (എന്‍ഐസി) സഹകരണത്തോടെയാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായി പുതിയ വെബ്‌സൈറ്റ് വികസിപ്പിച്ചത്. www.hseportal.kerala.gov.in എന്നതാണ് പുതുക്കിയ ഔദ്യോഗിക വെബ്‌സൈറ്റിന്റെ വിലാസം.

പുതിയ പോര്‍ട്ടലിലൂടെ ഹയര്‍ സെക്കന്‍ഡറി വിഭാഗവുമായി ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേഷന്‍, പരീക്ഷ, ധനകാര്യം, അക്കാദമിക് മേഖലകള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ അറിയിപ്പുകളും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. വിദ്യാര്‍ഥികള്‍ക്കും സ്‌കൂളുകള്‍ക്കും പൊതുജനങ്ങള്‍ക്കും ആവശ്യമായ വിവരങ്ങള്‍ വളരെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്ന രീതിയിലാണ് വെബ്‌സൈറ്റിന്റെ രൂപകല്‍പന. എന്‍ഐസിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വികസിപ്പിച്ച വെബ്‌സൈറ്റില്‍ ഏറ്റവും പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചിട്ടുണ്ട്. ഇതോടെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ എല്ലാ ഔദ്യോഗിക അറിയിപ്പുകള്‍ ഇനി മുതല്‍ ഈ പുതിയ പോര്‍ട്ടല്‍ മുഖേന മാത്രമായിരിക്കും പ്രസിദ്ധീകരിക്കുക.

Tags: