എംഎടി ഫെബ്രുവരി 2026 സെഷന് അപേക്ഷിക്കാം; രജിസ്‌ട്രേഷന്‍ തിയ്യതികളും പരീക്ഷാ ഷെഡ്യൂളും പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ബിസിനസ് മാനേജ്‌മെന്റ് മേഖലയില്‍ പഠനം തുടരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (എംഎടി) ഫെബ്രുവരി 2026 സെഷനിലേക്ക് അപേക്ഷിക്കാം. എംബിഎ, ബിസിനസ് സ്‌കൂള്‍, അനുബന്ധ മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി 1988 മുതല്‍ ദേശീയ തലത്തില്‍ നടത്തിവരുന്ന പരീക്ഷയാണിത്. ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ (എഐഎംഎ) ആണ് പരീക്ഷ നടത്തുന്നത്.
പരീക്ഷ എഴുതാന്‍ താല്‍പര്യമുള്ളവര്‍ എഐഎംഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. എഴുത്തുപരീക്ഷ, കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ എന്നീ രണ്ടു രീതികളിലാണ് എംഎടി നടത്തുക. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. എഴുത്തുപരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 2026 ഫെബ്രുവരി 23 ആണ്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ മാര്‍ച്ച് 2 വരെ സ്വീകരിക്കും.
ഒരു രീതിയിലുള്ള പരീക്ഷയ്ക്ക് മാത്രം അപേക്ഷിക്കുന്നവര്‍ 2,200 രൂപ ഫീസ് അടയ്ക്കണം. രണ്ടു രീതിയിലുമുള്ള പരീക്ഷകള്‍ എഴുതുന്നവര്‍ക്ക് 3,800 രൂപയാണ് ഫീസ്. എഴുത്തുപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ഫെബ്രുവരി 26 മുതല്‍ ലഭ്യമാകും. പരീക്ഷ 2026 മാര്‍ച്ച് 1നു നടത്തും. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് മാര്‍ച്ച് 5 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഈ പരീക്ഷ മാര്‍ച്ച് 8നാണ് നിശ്ചയിച്ചിരിക്കുന്നത്. എംഎടി ഫെബ്രുവരി 2026 സെഷന്റെ ഫലങ്ങള്‍ മാര്‍ച്ച് അവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷ.
