തിരുവനന്തപുരം: കേരളത്തില്‍ പ്രൈമറി തലം മുതല്‍ ഹൈസ്‌കൂള്‍ തലം വരെ അധ്യാപകരാകാനുള്ള കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെടെറ്റ്) 2025 ഡിസംബര്‍ സെഷനിലേക്കുള്ള അപേക്ഷകള്‍ ആരംഭിച്ചു. കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള വിദ്യാലയങ്ങളില്‍ അധ്യാപകനിയമനത്തിന് ആവശ്യമായ യോഗ്യതാപരീക്ഷയാണ് കെടെറ്റ്. ഇത് നിയമനപരീക്ഷയല്ല, യോഗ്യതപരീക്ഷയാണ്. ബന്ധപ്പെട്ട സര്‍ക്കാര്‍/നിയമന അധികാരികളുടെ വിജ്ഞാപനങ്ങള്‍ പ്രകാരം തിരഞ്ഞെടുപ്പ് നടപടികളില്‍ പങ്കെടുത്താല്‍ മാത്രമേ നിയമനത്തിന് പരിഗണിക്കൂ.
കെടെറ്റ് നാല് കാറ്റഗറികളിലായാണ് നടത്തുന്നത്.
കാറ്റഗറി 1: ലോവര്‍ പ്രൈമറി
കാറ്റഗറി 11: അപ്പര്‍ പ്രൈമറി
കാറ്റഗറി 111: ഹൈസ്‌കൂള്‍
കാറ്റഗറി 1V: ഭാഷാധ്യാപകര്‍ (അറബിക്, ഹിന്ദി, സംസ്‌കൃതം, ഉറുദു-യുപി തലംവരെ) സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ (ആര്‍ട്ട് & ക്രാഫ്റ്റ്, കായികം)
യോഗ്യതാ വ്യവസ്ഥകള്‍
ഹയര്‍ സെക്കന്‍ഡറി/ബിരുദ യോഗ്യതയ്‌ക്കൊപ്പം ബന്ധപ്പെട്ട അധ്യാപന പരിശീലന കോഴ്‌സുകള്‍ (ടിടിസി/ഡിഎഡ്/ഡിഎല്‍എഡ്/ബിഎഡ് തുടങ്ങിയവ) പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് മാര്‍ക്കില്‍ ഇളവുണ്ട്. ബിഎഡ്/ഡിഎഡ്/ഡിഎല്‍എഡ് കോഴ്‌സുകളുടെ അവസാനവര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പരീക്ഷയെഴുതാന്‍ പ്രായപരിധിയില്ല.
ഒരിക്കല്‍ കെടെറ്റ് വിജയിച്ചവര്‍ക്ക് അതേ കാറ്റഗറിയില്‍ വീണ്ടും പരീക്ഷ എഴുതാനാവില്ല. സിടെറ്റ്, നെറ്റ്, സെറ്റ്, എംഫില്‍, പിഎച്ച്ഡി, എംഎഡ് തുടങ്ങിയ ചില യോഗ്യതയുള്ളവര്‍ക്ക് കെടെറ്റില്‍ നിന്ന് ഒഴിവാക്കലുകളും നിലവിലുണ്ട്. സുപ്രിംകോടതിയുടെ 2025 സെപ്റ്റംബറിലെ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും ഇളവുകള്‍.
പരീക്ഷാ വിശദാംശങ്ങള്‍
ഫെബ്രുവരി 21നും 23നും പരീക്ഷ നടത്തും. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളടങ്ങിയ ഒരു പേപ്പറാണ് ഓരോ കാറ്റഗറിക്കും. പരീക്ഷയുടെ ദൈര്‍ഘ്യം രണ്ടരമണിക്കൂറാണ്. പരമാവധി മാര്‍ക്ക് 150. നെഗറ്റീവ് മാര്‍ക്ക് രീതി ഇല്ല.
21 ഫെബ്രുവരി: കാറ്റഗറി 1 (രാവിലെ), കാറ്റഗറി 11 (ഉച്ചയ്ക്ക്)
23 ഫെബ്രുവരി: കാറ്റഗറി 111 (രാവിലെ), കാറ്റഗറി 1V (ഉച്ചയ്ക്ക്)
കാറ്റഗറി 1, 11, 1V (ഭാഷ ഒഴികെ) ചോദ്യക്കടലാസുകള്‍ മലയാളം, ഇംഗ്ലീഷ്, കന്നഡ, തമിഴ് ഭാഷകളില്‍ ലഭിക്കും. കാറ്റഗറി 111 (ഭാഷാവിഷയങ്ങള്‍ ഒഴികെ) ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ മാത്രം.
യോഗ്യതാ മാര്‍ക്ക്
പൊതു വിഭാഗക്കാര്‍ക്ക് 60% (90 മാര്‍ക്ക്), പട്ടിക/ഒബിസി/ഒഇസി വിഭാഗങ്ങള്‍ക്ക് 55% (82), ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50% (75) മാര്‍ക്ക് നേടണം.
ktet.kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഒന്നിലധികം കാറ്റഗറികളില്‍ പരീക്ഷ എഴുതാന്‍ യോഗ്യതയുള്ളവര്‍ക്ക് ഒരു അപേക്ഷ മതി, എന്നാല്‍ ഓരോ കാറ്റഗറിക്കും പ്രത്യേകം ഫീസ് അടയ്ക്കണം. ഫീസ് പൊതുവിഭാഗത്തിന് 500 രൂപയും പട്ടിക/ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 250 രൂപയുമാണ്. അപേക്ഷ സമര്‍പ്പിക്കാനും ഫീസ് അടയ്ക്കാനും ഫൈനല്‍ പ്രിന്റ് എടുക്കാനും ഡിസംബര്‍ 30 വരെ സമയം ലഭിക്കും. അപേക്ഷയുടെ പ്രിന്റൗട്ടോ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളോ പരീക്ഷാഭവനിലേക്ക് അയയ്‌ക്കേണ്ടതില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ktet.kerala.gov.in

