ഐഐടി ഡല്‍ഹി അബൂദബി ക്യാംപസ്; അടുത്ത വര്‍ഷം 400 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം

Update: 2025-12-23 06:28 GMT

അബൂദബി: ഐഐടി ഡല്‍ഹിയുടെ അബൂദബി ക്യാംപസില്‍ വരുംവര്‍ഷം ഏകദേശം 400 വിദ്യാര്‍ഥികള്‍ക്ക് പഠനാവസരം ലഭിക്കുമെന്ന് ഐഐടി ഡല്‍ഹി-അബുദാബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശന്തനു റോയ് അറിയിച്ചു. നിലവില്‍ അബൂദബി ക്യാംപസില്‍ 182 വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്. യുജി പ്രവേശനങ്ങള്‍ ജെഇഇ അഡ്വാന്‍സ്ഡ് വഴിയും കമ്പൈന്‍ഡ് അഡ്മിഷന്‍ എന്‍ട്രന്‍സ് ടെസ്റ്റ് (സിഎഇടി) വഴിയുമാണ് നടത്തുന്നതെന്ന് റോയ് വ്യക്തമാക്കി. മൊത്തം പ്രവേശനങ്ങളില്‍ ഏകദേശം മൂന്നിലൊന്നുപേര്‍ ജെഇഇ അഡ്വാന്‍സ്ഡ് വഴിയാണ് തിരഞ്ഞെടുക്കപ്പെടുന്നത്.

അതേസമയം, സിഎഇടി പരീക്ഷ യുഎഇയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷമായി താമസിക്കുന്ന പ്രവാസി വിദ്യാര്‍ഥികള്‍ക്കായാണ് നടത്തുന്നത്. ഇന്ത്യ-യുഎഇ തമ്മിലുള്ള കരാറിന്റെ ഭാഗമായി 2024 സെപ്റ്റംബറിലാണ് അബൂദബിയിലെ ഖലീഫ സിറ്റിയില്‍ ഐഐടി ഡല്‍ഹി ക്യാംപസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

Tags: