പട്ടികവര്‍ഗ വികസന വകുപ്പില്‍ കരാര്‍ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള വനാവകാശ നിയമ (എഫ്ആര്‍എ) യൂണിറ്റ് സെല്ലിലെ വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സംസ്ഥാന, ജില്ലാ തലങ്ങളിലായി ഒരു വര്‍ഷത്തേക്കാണ് നിയമനം. ആവശ്യകതയും പ്രവൃത്തിപരിചയത്തിലെ മികവും പരിഗണിച്ച് കാലാവധി നീട്ടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലാതല സെല്ലിലെ എംഐഎസ്/പ്രോഗ്രാം (എഫ്ആര്‍എ)/അസോസിയേറ്റ് തസ്തികയില്‍ ഒന്‍പത് ഒഴിവുകളുണ്ട്. സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, സോഷ്യല്‍ സയന്‍സ് എന്നിവയിലൊന്നില്‍ ബിരുദവും ഐടി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും അടിസ്ഥാന യോഗ്യതയായി നിര്‍ദേശിച്ചിട്ടുണ്ട്. ഡേറ്റ പ്രോസസിംഗിലും മാനേജ്‌മെന്റിലും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പരമാവധി പ്രായപരിധി 40 വയസ്സ്. പ്രതിമാസ വേതനം 25,000 രൂപ.
ജില്ലാതല കോഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഒരു ഒഴിവുണ്ട്. സോഷ്യല്‍ സയന്‍സ് അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം നിര്‍ബന്ധമാണ്. റൂറല്‍ ഡെവലപ്‌മെന്റ് അല്ലെങ്കില്‍ ട്രൈബന്‍ വെല്‍ഫയര്‍ മേഖലകളില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമായും ഉണ്ടായിരിക്കണം. പരമാവധി പ്രായപരിധി 35 വയസ്സ്. പ്രതിമാസ വേതനം 35,000 രൂപ. സംസ്ഥാനതല എംഐഎസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരു ഒഴിവുണ്ട്. സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നിവയിലൊന്നില്‍ ബിരുദവും ഐടി/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും ആവശ്യമാണ്. കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധം. പരമാവധി പ്രായപരിധി 35 വയസ്സ്. പ്രതിമാസ വേതനം 30,000 രൂപ.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ സഹിതം അപേക്ഷ ഇമെയില്‍ വിലാസത്തിലേക്ക് അയക്കണം. ഫെബ്രുവരി 20 വൈകിട്ട് 5 മണിവരെ അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712304594, 04712303229 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.
