ഡീസല്‍വിലവര്‍ധന : കോഴിക്കോട്ട് ബസ്സുകള്‍ കൂട്ടത്തോടെ സര്‍വീസ് നിര്‍ത്തിവെക്കാനൊരുങ്ങുന്നു

Update: 2018-09-25 15:17 GMT


കോഴിക്കോട്: ദിനംപ്രതി കുത്തനെ ഉയരുന്ന ഡീസല്‍ വില സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 200ഓളം ബസ്സുകള്‍ ഈ മാസം അവസാനത്തോടെ താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവെക്കാനുള്ള അപേക്ഷ ആര്‍.ടി.ഒ അടക്കമുള്ളവര്‍ക്ക് നല്‍കിയതായാണ് റിപോര്‍ട്ട്. മറ്റു ജില്ലകളിലും സമാനമായ സാഹചര്യമാണുയരുന്നത് എന്നാണ് സൂചനകള്‍.
ടാക്‌സ് അടക്കുന്നതിനുള്ള കാലാവധി ഈ മാസം അവസാനിക്കുന്ന ബസ്സുകളാണ് ഇത്തരത്തില്‍ ഓട്ടം നിര്‍ത്തുന്നത്. ഇന്ധനവില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ സര്‍വീസ് തുടര്‍ന്നാല്‍ കയ്യില്‍ നിന്ന് പണമെടുത്ത് ബാധ്യതകള്‍ തീര്‍ക്കേണ്ടി വരുമെന്നതാണ്‌
ഇത്തരത്തില്‍ ഓട്ടം നിറുത്തിവയ്ക്കാന്‍ ബസ്സുടമകളെ പ്രേരിപ്പിക്കുന്നത്. ഡീസലിന് ലിറ്ററിന് 62 രൂപയുള്ളപ്പോഴായിരുന്നു ഏറ്റവുമൊടുവില്‍ ബസ്ചാര്‍ജ് വര്‍ധിപ്പിച്ചത്. ഇപ്പോഴത്ത വില 78 രൂപ. ഇക്കാരണത്താല്‍ ഇപ്പോള്‍ത്തന്നെ ചിലയിടങ്ങളില്‍ ലാഭകരമല്ലാത്ത ട്രിപ്പുകള്‍ മുന്നറിയിപ്പില്ലാതെ മുടക്കുന്നതായ പരാതിയും ഉയര്‍ന്നിട്ടുണ്ട്. പല റൂട്ടുകളിലും തിരക്കു കുറഞ്ഞ രാത്രി ട്രിപ്പുകളും അവസാന ട്രിപ്പുകളും മറ്റും ഇത്തരത്തില്‍ അവസാനിപ്പിക്കുന്നതായി യാത്രക്കാര്‍ പരാതിപ്പെടുന്നു. ഇത്തരത്തിലുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ടുകള്‍ കൂടുതല്‍ രൂക്ഷമാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് എന്നാണ് സൂചന. സര്‍വീസ് നിറുത്തിവയ്ക്കുന്ന സ്ഥിതിയൊഴിവാക്കാന്‍ ഡീസല്‍ സബ്‌സിഡിയും റോഡ് ടാക്‌സിലെ ഇളവും വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധിപ്പിക്കുന്നതും ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങളും ബസ്സുടമകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

Similar News