മോദിസര്‍ക്കാര്‍ പട്ടിണിക്കിട്ട് നാടുകടത്തുന്നു, ഞങ്ങള്‍ മരണദിവസം എണ്ണികഴിയുകയാണെന്ന് ബ്രു അഭയാര്‍ഥികള്‍

Update: 2018-10-04 06:40 GMT
അഗര്‍ത്തല: മോദി സര്‍ക്കാര്‍ റേഷന്‍ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ത്രിപുരയിലെ 32,000ത്തോളം വരുന്ന ബ്രൂ അഭയാര്‍ഥികള്‍ പട്ടിണിയില്‍.ഞങ്ങള്‍ ഞങ്ങളുടെ മരണദിവസം എണ്ണികഴിയുകയാണ്.കഴിഞ്ഞ മാസമാണ് ഞങ്ങള്‍ക്ക് കുറച്ചെങ്കിലും ഭക്ഷ്യസാധനങ്ങള്‍ ലഭ്യമായതെന്നും 66കാരനായ കൊങ്‌സൊറാം റേനക് പറയുന്നു.ഈ മാസം ഒന്നും തന്നെ ലഭിച്ചിട്ടില്ല. കേന്ദ്രആഭ്യന്തര മന്ത്രാലയം ബ്രൂ അഭയാര്‍ത്ഥികള്‍ക്കായുള്ള റേഷന്‍ ആനുകൂല്യങ്ങള്‍ പിന്‍വലിച്ചു കൊണ്ട് ഉത്തരവിറക്കിയതോടെയാണ് ഭക്ഷ്യക്ഷാമം നേരിടാന്‍ തുടങ്ങിയത്.



അടുത്ത 15 ദിവസത്തിലധികം തങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.1997ല്‍ മിസോറാമില്‍ നിന്ന് വംശീയകലാപത്തെ തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം ത്രിപുരയില്‍ എത്തിയവരാണ് ആറു ക്യാംപുകളിലായി കഴിയുന്നത്.തുടര്‍ന്ന് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഒരാള്‍ക്ക് 600 ഗ്രാം അരിയടക്കമുള്ള അവശ്യവസ്തുക്കള്‍ നല്‍കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. ഈ സാധനങ്ങള്‍ക്കും ചെറിയതോതില്‍ പണം ഈടാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയത്. നിലവിലെ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 1.5ലക്ഷം രൂപ വീതം ഇവര്‍ക്ക് വീട് നിര്‍മിക്കാന്‍ നല്‍കുമെന്നും പറഞ്ഞിരുന്നു.പദ്ധതി നടപ്പിലാക്കിയില്ലെന്ന് മാത്രമല്ല, ബ്രു അഭയാര്‍ഥികള്‍ എത്രയും പെട്ടെന്ന് മിസ്സോറാമിലേയ്ക്ക് തിരികെ പോയില്ലെങ്കില്‍ നിലവിലെ ക്യാംപുകളെല്ലാം ബലമായി അടപ്പിക്കുമെന്നാണ് എംഎച്ച്എ സെക്രട്ടറി റിന മിത്ര അറിയിച്ചത്. സപ്തംബര്‍ അവസാനം വരെയായിരുന്നു ഇതിന് അനുവദിച്ചിരുന്ന സമയം. നേരത്തെ കലാപം അവസാനിച്ചതിനെ തുടര്‍ന്ന് തിരികെ പോയ 5000ത്തോളം പേര്‍ ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ ക്യാംപിലേക്ക് തന്നെ തിരികെ വരികയായിരുന്നു. ഈ സാഹചര്യത്തില്‍ തിരിച്ചു പോയാല്‍ ജീവിക്കാന്‍ ആവശ്യമായ കാര്യങ്ങളെങ്കിലും തങ്ങള്‍ക്ക് ഉറപ്പാക്കി തരണമെന്നാണ് ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് കത്തയക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.

.