ബിഷപ്പ് ഫ്രാങ്കോ താല്‍ക്കാലികമായി പദവികള്‍ ഒഴിഞ്ഞു, കേരളത്തിലേക്ക് മടങ്ങുന്നു

Update: 2018-09-15 06:12 GMT


ജലന്ധര്‍ : കന്യാസ്ത്രീ പീഡന പരാതിയില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഔദ്യോഗിക പദവികള്‍ താല്‍ക്കാലികമായി ഒഴിഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ ചുമതലകള്‍ മറ്റൊരാളെ താല്‍ക്കാലികമായി ഏല്‍പ്പിക്കുന്നതായാണ് ബിഷപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്.
ബിഷപ്പിനെതിരെ വത്തിക്കാന്‍ നടപടിയെടുക്കുമെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ചുമതലകളില്‍ നിന്ന് ഫ്രാങ്കോ താല്‍കാലികമായി ഒഴിഞ്ഞത്. എന്നാല്‍ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥാനമൊഴിഞ്ഞതല്ലെന്നും കേരളത്തിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായ തികച്ചും സാങ്കേതികമായ, താല്‍ക്കാലിക നടപടി ക്രമം മാത്രമാണെന്നുമാണ് വ്യക്തമാകുന്നത്.
അടുത്ത ബുധനാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ്പിന് പോലീസ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇതോടനുബന്ധിച്ച് അറസ്റ്റുണ്ടാകുമെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ല എന്നു ബിഷപ്പ് വ്യക്തമാക്കിയിട്ടുമുണ്ട്.