ബിജെപി വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു: ഇ അബൂബക്കര്‍

Update: 2018-04-01 01:57 GMT
ബര്‍പേട്ട: രാജ്യത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍. വിഭജിച്ചു ഭരിക്കുകയെന്ന നയമാണ് ബിജെപി പിന്തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിരന്തരം ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇരകളാകേണ്ടിവരുന്ന അസമിലെ ദലിത്-മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് “സ്വാതന്ത്ര്യം-നീതി-സുരക്ഷയ്ക്കു വേണ്ടി നമുക്ക് ഒരുമിക്കാം എന്ന ബാനറില്‍ ബര്‍പേട്ടയില്‍ നടന്ന പോപുലര്‍ ഫ്രണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി സര്‍ക്കാര്‍ ചരിത്രം തിരുത്തിയെഴുതാന്‍ ശ്രമിക്കുകയാണ്. ആര്‍എസ്എസ് സഹായത്തോടെ ബ്രാഹ്മണിസം നടപ്പാക്കുകയാണ് അവര്‍. അത് സാധ്യമാവുകയാണെങ്കില്‍ 85 ശതമാനം വരുന്ന ഇന്ത്യക്കാര്‍ക്കും കനത്ത നഷ്ടമായിരിക്കും. തങ്ങള്‍ ഹിന്ദുമതത്തിന് എതിരല്ലെന്നും എന്നാല്‍ രാഷ്ട്രീയത്തട്ടിപ്പ് മാത്രമായ ഹിന്ദുത്വത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വശക്തികള്‍ക്കെതിരേ പോരാടാന്‍ അടിച്ചമര്‍ത്തപ്പെട്ട മുഴുവന്‍ വിഭാഗങ്ങളും ഐക്യപ്പെട്ട് ശക്തമായ മുന്നേറ്റം നടത്തേണ്ടതുണ്ട്. മതത്തിന്റെയും ദേശീയതയുടെയും ആശയസംഹിതയെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് ബിജെപി. രാജ്യത്തെ മുസ്‌ലിംകളെയും ദലിതരെയും ആദിവാസികളെയും സിഖുകാരെയും ക്രിസ്താനികളെയും കൊന്നൊടുക്കുകയാണ് സംഘപരിവാരം. ദലിതുകളും മുസ്‌ലിംകളും ആദിവാസികളും ഗോത്രവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ഇവര്‍ക്കെതിരേ ഒരുമിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് നിരോധനം ഭരണഘടനാവിരുദ്ധമാണെന്നും ഇതിനെതിരേ പോരാടുമെന്നും അന്തിമവിജയം തങ്ങള്‍ക്കായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News