ഗസയിലെ വംശഹത്യയിലെ മൗനത്തിന്റെ കാരണങ്ങള്‍; ''ചിലര്‍ സംസാരിച്ചാല്‍ കൂടുതല്‍ വഷളാവും''

Update: 2025-05-26 05:49 GMT

ബെനായ് ബ്ലെന്‍ഡ്

ഗസയില്‍ അടിയന്തരമായി വെടിനിര്‍ത്തണമെന്ന് മേയ് 11ലെ ആദ്യ ഞായറാഴ്ച്ച പ്രസംഗത്തില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. ലോകത്ത് യുദ്ധം വര്‍ധിച്ചുവരുന്നതില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. തനിക്ക് മുമ്പുണ്ടായിരുന്ന മാര്‍പാപ്പയുടെ നിലപാട് ആവര്‍ത്തിച്ചതിനാല്‍ പുതിയ മാര്‍പാപ്പ ഒന്നും ചെയ്തില്ല(തെറ്റ്), സാധാരണപോലെ ഒഴിഞ്ഞുമാറേണ്ടിയും വന്നില്ല(പ്രവര്‍ത്തിക്കേണ്ട സമയത്ത് പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടു).

ലോകജനസംഖ്യയിലെ ഭൂരിപക്ഷത്തിനും ഇങ്ങനെ പറയാനാവില്ല. നമ്മള്‍ വ്യക്തികള്‍ അല്ലേ വിഷമിച്ചിട്ട് എന്തു ചെയ്യാന്‍?, മറ്റൊരു ഭീകരാക്രമണത്തെ പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ട് തുടങ്ങിയ വാദങ്ങളൊക്കെയാണ് അവിടെ ഉയരുന്നത്. പക്ഷേ, ആദ്യവിഭാഗം ആശങ്കക്കാരിലെ മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, നിരൂപകര്‍ തുടങ്ങിയവര്‍ക്ക് തീര്‍ച്ചയായും മാറ്റമുണ്ടാക്കാന്‍ സാധിക്കും. ബാക്കിയുള്ളവര്‍ക്ക് നീതിയുടെ അടിസ്ഥാനത്തില്‍ ആഗോള സമാധാനം സ്ഥാപിക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കാന്‍ കഴിയും.

അതേസമയം, രണ്ടാം വാദം ദോഷകരമാണ്. കൊളോണിയല്‍ ശക്തിയായ ഇസ്രായേലിന് കോളനിവല്‍ക്കരണത്തിന് ഇരയായവര്‍ക്കെതിരെ വംശഹത്യ നടത്താന്‍ നിയമപരമായ അവകാശമില്ല. പക്ഷേ, തെറ്റായ പ്രചാരണങ്ങള്‍ വ്യാപകമായതിനാല്‍ ശിക്ഷ അനുഭവിക്കാതെ കൂട്ടക്കൊലകള്‍ നടത്താന്‍ ഇസ്രായേലിന് കഴിയുന്നു.

ഇസ്രായേല്‍ ഒന്നിനുപുറകെ ഒന്നായി ക്രൂരതകള്‍ ചെയ്യുന്നത് തുടരുന്നുണ്ടെങ്കിലും അത് തടയാന്‍ വളരെ കുറച്ച് നടപടികളേ ഉള്ളൂ എന്ന് തോന്നുന്നു. വ്യത്യസ്ഥ അളവുകളിലുള്ള കോപം, നിസഹായത, പൂര്‍ണമായ അവഗണന എന്നിവയിലൂടെയാണ് ഇസ്രായേലിനെ ഒഴിവാക്കുന്നതെന്ന് റംസി ബറൂദ് നിരീക്ഷിക്കുന്നുണ്ട്.


റംസി ബറൂദ്

ചില ആക്ടിവിസ്റ്റുകള്‍ വ്യക്തിപരമായോ സംഘടനാപരമായോ നിശബ്ദത പാലിക്കാത്തപ്പോഴും ഇസ്രായേല്‍ അവരുടെ പ്രസ്താവനകളില്‍ നിന്നും ഒഴിവാക്കപ്പെടുന്നു. തന്റെ സഹപ്രവര്‍ത്തകരായ സയണിസ്റ്റ് വിരുദ്ധ ജൂതന്മാരില്‍ പലരും ഇപ്പോഴും ഫലസ്തീന്‍ സായുധ പ്രതിരോധത്തെ പരസ്യമായും ക്ഷമാപണമില്ലാതെയും പിന്തുണയ്ക്കാന്‍ വിസമ്മതിക്കുന്നത് അങ്ങേയറ്റം നിരാശാജനകവും മനസ്സാക്ഷിക്ക് നിരക്കാത്തതുമാണെന്ന് സയണിസ്റ്റ് വിരുദ്ധ എഴുത്തുകാരിയായ അമാന്‍ഡ ഗെലെന്‍ഡര്‍ പറയുന്നു.


''സയണിസ്റ്റ് വിരുദ്ധ ജൂതന്‍മാരായതിനാല്‍ ഫലസ്തീനികളുടെ പോരാട്ടത്തെ ശുദ്ധീകരിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ നിങ്ങള്‍ക്ക് അവകാശമില്ല''- അമാന്‍ഡ ഗെലെന്‍ഡര്‍ പറയുന്നു. '' നിങ്ങളുടെ സംഘടനയിലെ അംഗങ്ങളുടെയും സംഭാവന നല്‍കുന്നവരുടെയും കുടുംബങ്ങളുടെയും അനുയായികളുടെയും ലിബറല്‍ സ്വഭാവത്തിനും മറ്റുമായി ഫലസ്തീനി ചെറുത്തുനില്‍പ്പിനെ ബസിന് അടിയിലേക്ക് വലിച്ചെറിയാനാവില്ല.''

ഇസ്രായേലിന്റെ നിലവിലെ വംശീയ ഉന്‍മൂലന സൈനിക നടപടിയെ എതിര്‍ക്കുന്ന, എന്നാല്‍ 1948ലെ നഖ്ബയുടെ(മഹാദുരന്തം) തുടര്‍ച്ചയാണെന്ന് ഇതെന്ന് പറയാത്ത, എല്ലാവര്‍ക്കും അമാന്‍ഡയുടെ പ്രസ്താവന ബാധകമാണ്.

ദേശീയ ആരോഗ്യസംരക്ഷണത്തിനും മിനിമം വേതനം ഉയര്‍ത്തുന്നതിനും മറ്റു സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കും പിന്തുണ നല്‍കിയതിനാല്‍ പുരോഗമന രാഷ്ട്രീയക്കാരനായി അറിയപ്പെടുന്ന യുഎസിലെ വെര്‍മോണ്ടില്‍ നിന്നുള്ള സെനറ്റല്‍ ബെര്‍ണി സാന്‍ഡേഴ്‌സ് ഒരു ഉദാഹരണമാണ്. ഫലസ്തീന്‍ ജനതയെ നശിപ്പിക്കുന്നതില്‍ സയണിസ്റ്റ് സ്ഥാപനത്തെ(ഇസ്രായേല്‍) വിമര്‍ശിച്ചതിന് അദ്ദേഹം ഏറെ അഭിനന്ദിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ പലപ്പോഴും ലിബറല്‍ സയണിസ്റ്റ് പ്ലേ ബുക്കില്‍ നിന്നുള്ളതാണ്.


ബെര്‍ണി സാന്‍ഡേഴ്‌സ്

ഗസയിലെ മനുഷ്യനിര്‍മിത ദുരന്തത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നതിനെ വിമര്‍ശിച്ച് 2025 മേയ് എട്ടിന് സാന്‍ഡേഴ്‌സ് പ്രസംഗിച്ചു. ഗസ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളെ കുറിച്ചും പറഞ്ഞതിന് ശേഷം, നെതന്യാഹു സര്‍ക്കാര്‍ യുദ്ധക്കുറ്റം ചെയ്‌തെന്നു പറഞ്ഞ ശേഷം, അദ്ദേഹം ഹമാസിനെ കുറ്റപ്പെടുത്തി. ഭീകരസംഘടനയായ ഹമാസ് 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെ ആക്രമിച്ച് 1,200 നിരപരാധികളെ കൊന്നെന്നും 250 പേരെ ബന്ദിയാക്കിയെന്നും ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും പറഞ്ഞു.

സാന്‍ഡേഴ്‌സിന്റെ ഈ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ എല്ലാ നല്ല ഉദ്ദേശങ്ങളെയും ഇല്ലാതാക്കുന്നതാണ്. കാരണം, ഈ വാദങ്ങള്‍ ഉപയോഗിച്ചാണ് കഴിഞ്ഞ 591 ദിവസമായി ഇസ്രായേല്‍ ഗസയില്‍ വംശഹത്യ നടത്തുന്നത്. കൂടാതെ സാന്‍ഡേഴ്‌സിന്റെ വാക്കുകള്‍ വസ്തുതകളെ വളച്ചൊടിക്കുന്നതുമാണ്.

അധിനിവേശത്തിന് ഇരയായവര്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ അന്താരാഷ്ട്ര നിയമം അവകാശം നല്‍കുന്നുണ്ടെങ്കിലും അധിനിവേശക്കാരന് ആ അവകാശമില്ല. മാത്രമല്ല, ഒക്ടോബര്‍ ഏഴിലെ കൊലപാതകങ്ങളില്‍ ഭൂരിഭാഗവും ആശയക്കുഴപ്പത്തിന്റെ ഭാഗമായി ഇസ്രായേലി സൈനികര്‍ തന്നെയാണ് നടത്തിയത്. '' ഹിസ്റ്റീരിയ പോലെയായിരുന്നു... പരിശോധിച്ച് ഉറപ്പിക്കാത്ത വിവരങ്ങള്‍ വെച്ചാണ് സൈനികര്‍ തീരുമാനങ്ങള്‍ എടുത്തത്. ഫലസ്തീനികള്‍ കസ്റ്റഡിയില്‍ എടുത്ത ഇസ്രായേലി സൈനികരെ കൊല്ലാനായി ഇസ്രായേലി സൈന്യം ഹനിബാള്‍ തത്വവും പ്രയോഗിച്ചു. സൈനികരെ ശത്രുക്കള്‍ തടവിലാക്കുന്നത് തടയാനുള്ള തത്വമാണിത്.''-ഇസ്രായേലിലെ ഹാരെറ്റ്‌സ് പത്രത്തില്‍ യാനിവ് കുബോവിച്ച് എഴുതി


യാനിവ് കുബോവിച്ച്

ഒടുവില്‍, പലരും ചെയ്യുന്നതു പോലെ തന്നെ സാന്‍ഡേഴ്‌സ് ഒക്ടോബര്‍ ഏഴിനെ സന്ദര്‍ഭത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നു. 1948ല്‍ നടന്നതും അന്നുമുതല്‍ തുടരുന്നതുമായ നഖ്ബ (ദുരന്തം) പരാമര്‍ശിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു.

ഒക്ടോബര്‍ ഏഴിലെ സംഭവങ്ങള്‍ ശൂന്യതയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ടതാണെന്ന രീതിയിലുള്ള ആഖ്യാനമാണ് പാശ്ചാത്യരാജ്യങ്ങളും ഇസ്രായേലും രൂപപ്പെടുത്തിയതെന്ന് പലസ്തീന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ നിയമ വിദഗ്ദ്ധനായ റിച്ചാര്‍ഡ് ഫോക്ക് വിശദീകരിക്കുന്നുണ്ട്.


റിച്ചാര്‍ഡ് ഫോക്ക്

ഫലസ്തീനികള്‍ക്ക് പൂര്‍ണ മനുഷ്യപദവി നല്‍കുന്നതിന് പകരം പതിറ്റാണ്ടുകളായ അധിനിവേശത്തിനെതിരായ നിയമപരമായ ചെറുത്തുനില്‍പ്പ് നടത്തുന്നവരെ പൈശാചികവല്‍ക്കരിക്കുകയും പട്ടിണി കിടക്കുന്ന ഗസയിലെ കുട്ടികളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയുമാണ് സാന്‍ഡേഴ്‌സിനെ പോലുള്ള 'പുരോഗമന' രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. ഫലസ്തീനികളെ അവര്‍ വെറും ഇരകളായാണ് കാണുന്നത്, തീര്‍ച്ചയായും അത് അങ്ങനെ തന്നെയാണ്, പക്ഷേ, അവര്‍ ധീരരായ സ്വാതന്ത്ര്യ സമരസേനാനികളാണ്, ചെറുത്തുനില്‍പ്പാണ് അവരുടെ മുന്നിലെ ധാര്‍മികമായ ഏക മാര്‍ഗം.

'' ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ യുദ്ധക്കളത്തില്‍ അപകോളനീകരണം നടത്തിക്കൊണ്ടിരിക്കുകയാണ്, യുഎസിലെ ബാലറ്റ് ബോക്‌സില്‍ അല്ല അത് നടക്കുന്നത്.''-അമാന്‍ഡ ഗെലെന്‍ഡര്‍ എഴുതുന്നു.

'' ആഖ്യാനത്തിന്റെ പരമാധികാരം തന്നെയാണ് അപകടത്തിലായിരിക്കുന്നത്''-സാമൂഹിക-രാഷ്ട്രീയ നിരീക്ഷകനായ മുഹമ്മദ് എല്‍ മുഖ്താര്‍
എഴുതുന്നു. '' നീതിയെ നിര്‍വചിക്കുന്നവരും സമ്പത്തിനെ നിയന്ത്രിക്കുന്നവരും എന്തൊക്കെ ലോകം കാണണം, കാണരുത് എന്നൊക്കെ തീരുമാനിക്കുന്നവരുമാണ് ആഖ്യാനങ്ങളുണ്ടാക്കുന്നത്.


മുഹമ്മദ് എല്‍ മുഖ്താര്‍

ആധിപത്യത്തേക്കാള്‍ സമത്വത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ജൂത ആഖ്യാനം വേണമെന്നാണ് പീറ്റര്‍ ബെയ്‌നാര്‍ട്ടിന്റെ 'വംശഹത്യ, ട്രോമ, ജൂത സ്വത്വം' എന്ന പുസ്തകത്തിനെ കുറിച്ചുള്ള കുറിപ്പില്‍ പോള്‍ വോണ്‍ ബ്ലം എഴുതിയത്. പക്ഷേ, വംശഹത്യയില്‍ നിന്ന് സഹവര്‍ത്തിത്വത്തിലേക്ക് എങ്ങനെ പോവുമെന്ന് അവര്‍ പറയുന്നില്ല.


പീറ്റര്‍ ബെയ്‌നാര്‍ട്ട്‌

അവിടെ നിന്നാണ് ഇരുവരും തീവ്രവാദത്തെയും പ്രതിരോധത്തെയും കൂട്ടിക്കുഴയ്ക്കുന്നതിലേക്ക് പോവുന്നത്. ഇത് പറയുന്നതോടെ മുമ്പ് പറഞ്ഞത് ഇല്ലാതാവുന്നു. ''ഒക്ടോബര്‍ 7ലെ ഹമാസിന്റെ ആക്രമണം ഇസ്രായേലിലും മറ്റിടങ്ങളിലുമുള്ള ജൂതന്മാര്‍ക്ക് ഉണ്ടാക്കിയ ആഘാതം ബെയ്‌നാര്‍ട്ടിന് നന്നായി മനസ്സിലായി''- പോള്‍ വോണ്‍ ബ്ലം എഴുതി. അങ്ങനെ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയെ കുറിപ്പ് ന്യായീകരിച്ചു.


പോള്‍ വോണ്‍ ബ്ലം

പതിറ്റാണ്ടുകളായി ഫലസ്തീനികള്‍ നേരിടുന്ന അടിച്ചമര്‍ത്തലിനെ കുറിച്ച് ബെയ്‌നാര്‍ട്ട് പറയുന്നുണ്ടെന്ന് പോള്‍ വോണ്‍ ബ്ലം ചൂണ്ടിക്കാട്ടി. പക്ഷേ, അത് ഒക്ടോബര്‍ ഏഴിലെ കൂട്ടക്കൊലയില്‍ നിന്നും ഹമാസിനെ കുറ്റവിമുക്തമാക്കുന്നില്ലെന്നും പോള്‍ വോണ്‍ ബ്ലം തുടരുന്നു.

ഈ രീതിയില്‍, രണ്ട് എഴുത്തുകാരും ഫലസ്തീന്‍ പ്രതിരോധത്തിന്റെ ചരിത്രപരമല്ലാത്ത വിവരണം നല്‍കുന്നു. സാന്‍ഡേഴ്‌സിനെ പോലെ, അവരും ഒക്ടോബര്‍ 7നെ സ്വാതന്ത്ര്യസമരങ്ങളുടെ നീണ്ട ചരിത്രത്തിലെ മറ്റൊരു അധ്യായമായി കാണുന്നില്ല.- യുഎസിലെ വിര്‍ജീനിയയില്‍ നാറ്റ് ടര്‍ണര്‍ എന്ന അടിമ 1831ല്‍ നടത്തിയ കലാപം, 1890ല്‍ യുഎസിലെ ലക്കോട്ടയില്‍ നടന്ന റെഡ് ഇന്ത്യന്‍ കൂട്ടക്കൊല, വിയറ്റ്‌നാം അധിനിവേശം, പോളണ്ടിലെ വാസോയില്‍ 1943ല്‍ നാസികള്‍ക്കെതിരേ ജൂതന്‍മാര്‍ നടത്തിയ ഉയര്‍ത്തെഴുന്നേല്‍പ്പ് തുടങ്ങിവയെ പോലെ.

ഒരു കൂട്ടം ആളുകളെ ദീര്‍ഘകാലം അടിമയാക്കി വെക്കുമ്പോള്‍ ഉടമകളില്‍ ഭയമുണ്ടാവുമെന്നത് തീര്‍ച്ചയാണ്. അടിമകള്‍ എപ്പോള്‍ വേണമെങ്കിലും ഉയര്‍ത്തെഴുന്നേല്‍ക്കാം എന്ന ഭയമുണ്ടാവും. യുഎസിലെ തോട്ടങ്ങളിലെ തങ്ങളുടെ 'സ്വത്തായ' അടിമകള്‍ മോചിപ്പിക്കപ്പെടാന്‍ ആഗ്രഹിക്കുന്നതായി ഉടമകള്‍ക്കറിയാമായിരുന്നു.

ഒരു ജൂത വ്യക്തി എന്ന നിലയില്‍ എനിക്ക് ഭയമില്ല, ഏറ്റവും കുറഞ്ഞത് ഫലസ്തീനികളെ ഭയമില്ല. സയണിസ്റ്റ് വിരുദ്ധ സംഘടനകളെ, പ്രത്യേകിച്ച് സഹ ജൂതന്മാരെ ഭയപ്പെടുത്താനുള്ള ശ്രമങ്ങളില്‍ കൂടുതല്‍ കൂടുതല്‍ മുഴുകിയിരിക്കുന്ന സയണിസ്റ്റ് ഗ്രൂപ്പുകളാണ് എന്നെ ആശങ്കപ്പെടുത്തുന്നത്.

ബെയ്‌നാര്‍ട്ട് ചെയ്യുന്നതുപോലെ ജൂതന്‍മാരുടെ ട്രോമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ഫലസ്തീന്‍ അനുകൂല ഗ്രൂപ്പുകളെ തീവ്രവാദ സംഘടനകളായി മുദ്രകുത്താന്‍ ലക്ഷ്യമിട്ടുള്ള പ്രോജക്റ്റ് എസ്തര്‍ പോലുള്ള പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതാണ് നല്ലത്. അത് അവരെ മുഖ്യധാരയില്‍ നിന്ന് പുറത്താക്കാന്‍ സഹായിക്കും.

'ഈ ഹോളോകോസ്റ്റിന്റെ നിരന്തരമായ ദുഷ്ടതയ്ക്കിടയില്‍, നിരാശയ്ക്കുള്ള ഏക മറുമരുന്ന് പ്രതിരോധമാണ്.ഒരിക്കലും കീഴടങ്ങരുത്, ഒരിക്കലും മുട്ടുകുത്തരുത്, വിജയം വരെ പോരാടണം...'' അമാന്‍ഡ ഗെലെന്‍ഡര്‍ ഇങ്ങനെയാണ് തന്റെ നിലപാട് പറയുന്നത്.