അബ്ദുല്‍ വാഹിദ് ശെയ്ഖ്
ജൂലൈ 20ന് വൈകീട്ട് ഞാന്‍ എന്റെ അളിയന്‍ സാജിദ് മഗ്‌രൂബ് അന്‍സാരിയോടൊപ്പം വീട്ടില്‍ അത്താഴം കഴിക്കുകയായിരുന്നു. 2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന കേസിലെ ആരോപണവിധേയരില്‍ ഒരാളായിരുന്നു അദ്ദേഹം. നീണ്ട 19 വര്‍ഷം ജയിലില്‍ കഴിഞ്ഞ അളിയന്‍ അതിനിടയില്‍ 40 ദിവസം പരോളിന് മാത്രമാണ് പുറത്തിറങ്ങിയിരുന്നത്. ഭക്ഷണം കഴിക്കുമ്പോള്‍, പെട്ടെന്ന് എന്റെ മനസില്‍ ഒരു കാര്യം മിന്നിമറഞ്ഞു: ജനുവരിയില്‍ വാദം പൂര്‍ത്തിയായ അപ്പീലിന്റെ വിധി അടുത്ത ദിവസം പുറത്തുവരും.
കേസില്‍ ഞാന്‍ അടക്കം 13 പ്രതികളാണുള്ളത്. തീവ്രവാദം, രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക, മുംബൈയിലെ ഏഴ് സബര്‍ബന്‍ ട്രെയിനുകളില്‍ ബോംബ് സ്ഥാപിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ഞങ്ങള്‍ക്കെതിരേ ചുമത്തിയിരുന്നു. ആ സ്‌ഫോടനങ്ങളില്‍ 189 പേര്‍ കൊല്ലപ്പെടുകയും 824 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഒമ്പതുവര്‍ഷം തടവിലിട്ട ശേഷം 2015ല്‍ എന്നെ മാത്രം വെറുതെവിട്ടു. അതിന് ശേഷം മറ്റുള്ളവരുടെ മോചനം ഉറപ്പാക്കാനായി ഞാന്‍ എന്റെ ജീവിതം മാറ്റിവച്ചു. ജൂലൈ 20ന് വൈകീട്ട്, വിധിക്കായി കാത്തിരിക്കുമ്പോള്‍ എന്റെയുള്ളില്‍ ഭയവും പ്രതീക്ഷയും കൂട്ടിമുട്ടി. എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കണോ അതോ നിരാശനാവേണ്ടി വരുമോ എന്നായിരുന്നു മനസിലെ ചോദ്യങ്ങള്‍. പക്ഷേ, ഹൈക്കോടതി വിധി നീണ്ട 19 വര്‍ഷത്തെ ദുഖം അവസാനിപ്പിക്കുകയും തകര്‍ന്ന ജീവിതങ്ങള്‍ പുനര്‍നിര്‍മിക്കുകയും ചെയ്യുമെന്ന പ്രാര്‍ത്ഥനയോടെ ഉറങ്ങാന്‍ പോയി.
എന്നാല്‍ ഈ ചിന്തകളുമായി ഞാന്‍ മല്ലിടുമ്പോള്‍, ഒരു പേര് എന്നെ വേട്ടയാടിക്കൊണ്ടിരുന്നു: കമാല്‍ അന്‍സാരി. ഒമ്പത് വര്‍ഷം ഞാന്‍ അദ്ദേഹത്തോടൊപ്പം ജയിലില്‍ ചെലവഴിച്ചു. വിചാരണക്കോടതി അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. പക്ഷേ, നീതിന്യായ വ്യവസ്ഥയുടെ മന്ദത അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കി. അദ്ദേഹം ജയിലില്‍ കിടന്നാണ് മരിച്ചത്. അപ്പീലില്‍ വാദം കേള്‍ക്കുന്നതിനിടെ 2021ല്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് കമാല്‍ മരിച്ചത്. മരിക്കുന്നതിന് മുമ്പ് അദ്ദേഹം 16 വര്‍ഷം ജയിലിലായിരുന്നു.
പ്രോസിക്യൂഷന്‍ കേസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ഹൈക്കോടതി അപ്പീലുകളില്‍ വിധി പറഞ്ഞത്. മുംബൈ പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് അവതരിപ്പിച്ച തെളിവുകള്‍ വിശ്വസനീയമല്ലെന്ന് കോടതി പ്രഖ്യാപിച്ചു. കേസ് കെട്ടിപ്പൊക്കാന്‍ ഭീകവിരുദ്ധ സേന ഉപയോഗിച്ച ദൃക്സാക്ഷി വിവരണങ്ങള്‍, സ്ഫോടകവസ്തുക്കളുടെ വീണ്ടെടുക്കല്‍, കുറ്റസമ്മത മൊഴികള്‍ എന്നിവ നിയമപരമായ പരിശോധനയില്‍ പൊളിഞ്ഞുവീണു.
ചരിത്രപരമായ ഈ വിധി കമാല്‍ അന്‍സാരിയില്‍ ഒരു സ്വാധീനവും ചെലുത്തിയില്ല. ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ അഭിഭാഷകരുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും 19 വര്‍ഷത്തെ നിരന്തരമായ ശ്രമങ്ങള്‍ മരണാനന്തരം അദ്ദേഹത്തെ നിരപരാധിയാക്കി.
വേദനയാല്‍ നിറഞ്ഞ ആശ്വാസമാണ് എനിക്കുണ്ടായത്. നാം ആഴത്തില്‍ വിശ്വസിക്കുന്ന നീതിന്യായ വ്യവസ്ഥയ്ക്ക് ആദ്യം ദിവസം തന്നെ കമാല്‍ അന്‍സാരിയുടെ നിരപരാധിത്തം മനസിലാക്കാമായിരുന്നു. പക്ഷേ, അത് വിധിയായി ഏഴുതാന്‍ രണ്ടു പതിറ്റാണ്ട് എടുത്തു.
ഈ കേസിലേക്ക് ഞങ്ങളെ ഒരിക്കലും വലിച്ചിഴയ്ക്കാന്‍ പാടില്ലായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നിട്ടും കമാലിനെ പോലെ തന്നെ ഇന്ത്യന്‍ മുസ്‌ലിം ആയതിനാല്‍ മാത്രം ഞങ്ങള്‍ ജീവിതത്തിലെ മികച്ച വര്‍ഷങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെട്ടു.
മരണാനന്തരം കമാലിനെ വെറുതെവിട്ട വിധി അതുല്യമാണ്: അപൂര്‍വ്വമായി മാത്രമേ മരിച്ചവര്‍ക്ക് വേണ്ടി കോടതികള്‍ വിധി പറയാറുള്ളൂ. അതിന്, ജസ്റ്റിസ് അനില്‍ കിലോറിന്റെയും ജസ്റ്റിസ് ശ്യാം ചന്ദക്കിന്റെയും ബെഞ്ചിനോട് ഞാന്‍ നന്ദിയുള്ളവനാണ്. വിധി വന്നതിനുശേഷം ഞാന്‍ മറ്റു രണ്ടുപേരെ കുറിച്ചും ചിന്തിക്കുന്നു: എല്‍ഗാര്‍ പരിഷത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫാദര്‍ സ്റ്റാന്‍ സ്വാമിയെയും മാവോവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട പാണ്ടു നരോട്ടെയെയും ഞാന്‍ ഓര്‍ക്കുന്നു. വിചാരണക്കിടയില്‍ ചികില്‍സ പോലും നിഷേധിക്കപ്പെട്ടാണ് അവര്‍ മരിച്ചത്. അതുപോലെ തന്നെ വിചാരണക്കാലയളവില്‍ ജയിലില്‍ മരിച്ച മറ്റുള്ളവരെ കുറിച്ചും ഞാന്‍ ഓര്‍ക്കുന്നു.
നിങ്ങളെ തടവിലാക്കിയ ഭരണകൂടം നിശബ്ദമായി നിങ്ങളെ കൊല്ലുകയും ചെയ്യുന്നു. രണ്ടു പതിറ്റാണ്ടിന് ശേഷം നിങ്ങള്‍ നിരപരാധിയാണെന്ന് വിധിക്കുമ്പോള്‍ പിന്നീട് എന്താണ് ? മരണം ഇല്ലാതാക്കാന്‍ സര്‍ക്കാരിന് കഴിയുമോ ? ജീവിതത്തില്‍ നിന്നും കവര്‍ന്നെടുത്ത വര്‍ഷങ്ങള്‍ തിരികെ നല്‍കാന്‍ അതിന് കഴിയുമോ ?
ഹൈക്കോടതി വന്നപ്പോള്‍ ആഘോഷങ്ങളില്‍ പങ്കുചേരാന്‍ എനിക്ക് കഴിഞ്ഞില്ല. 12 പേരെ വെറുതെവിട്ടെന്നും വിചാരണക്കിടെ ഒരാള്‍ മരിച്ചിരുന്നുവെന്നും മാത്രമാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. അവര്‍ക്ക് അതെല്ലാം അക്കങ്ങള്‍ മാത്രമാണ്. പക്ഷേ ഞങ്ങള്‍ക്ക്, കമാല്‍ ഒരു സംഖ്യയല്ല - ഒരു സുഹൃത്തായിരുന്നു. അവന്റെ ഉമ്മയ്ക്ക് അവന്‍ മകനായിരുന്നു, ഭാര്യക്ക് ഭര്‍ത്താവും മക്കള്‍ക്ക് വാപ്പയുമായിരുന്നു. കമാലിന്റെ ജീവിതം ഒരു അക്കമാക്കി ചുരുക്കിയത് അവരുടെ നഷ്ടങ്ങളുടെ വലുപ്പത്തെ ഇല്ലാതാക്കുന്നു.
നിരപരാധിയാണെന്ന് പ്രഖ്യാപിക്കപ്പെടാന്‍ ഒരാള്‍ മരണശേഷവും കാത്തിരിക്കേണ്ടി വന്നുവെന്നത് രാജ്യത്തെ നീതിയുടെ ക്രൂരമായ പാതയെ തുറന്നുകാട്ടുന്നു. വളരെ വൈകി വരുന്ന നീതി നീതിയല്ല. കമാലും ഞാനും ഒരുമിച്ച് കോടതിയിലേക്ക് നടന്നതും പ്രതീക്ഷയും നിരാശയും പങ്കുവച്ചതും ഞാന്‍ ഓര്‍ക്കുന്നു. കമാല്‍ എവിടെയോ ഇരുന്ന് തന്റെ വിധി കേട്ടെന്ന് സങ്കല്‍പ്പിക്കാനുള്ള ആശ്വാസം മാത്രമാണ് അദ്ദേഹത്തിന്റെ കുടുംബത്തിന് ലഭിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ കരിയര്‍ സംരക്ഷിക്കേണ്ടതുണ്ടായിരുന്നു; സര്‍ക്കാരിന് തങ്ങള്‍ 'പ്രവര്‍ത്തിക്കുന്നു' എന്ന് തെളിയിക്കാന്‍ ബലിയാടുകളെ ആവശ്യമായിരുന്നു; നീതിയുടെയും നിയമവാഴ്ചയുടെയും മുഖംമൂടി നിലനിര്‍ത്താന്‍ ജുഡീഷ്യറിക്ക് ചില കാര്യങ്ങള്‍ ചെയ്യണമായിരുന്നു.
ക്രൂരമായ ഈ യന്ത്രത്തില്‍ ജീവിതങ്ങള്‍ നശിപ്പിക്കപ്പെട്ടു: ജീവന്‍ മാത്രമല്ല, കുടുംബങ്ങളും ഭാവിയും. എന്നിട്ടും, ആരിലും അസ്വസ്ഥത കാണുന്നില്ല, തിരിച്ചെടുക്കാനാവാത്ത ഒന്നും പോയിട്ടില്ലെന്ന പോലെ രാഷ്ട്രം മുന്നോട്ട് നീങ്ങുന്നു.
വിധി വന്ന ദിവസം, കമാലിനെ വാര്‍ത്തകളിലെ പരാമര്‍ശം മാത്രമാക്കി ചുരുക്കാനാവില്ലെന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഞാന്‍ നാഗ്പൂരിലേക്ക് പോയി, അദ്ദേഹത്തിന്റെ ഖബറിന് മുന്നില്‍ നിന്നു, അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ വിധി വായിച്ചു. വൈരുധ്യങ്ങള്‍ നിറഞ്ഞ ഒരു നിമിഷമായിരുന്നു അത്: കുറ്റവാളിയായി വിധിക്കപ്പെട്ട് ജീവിതത്തിലെ വലിയൊരു കാലം തടവില്‍ അടയ്ക്കപ്പെട്ട കമാല്‍ ഇപ്പോള്‍ ആറടി താഴ്ച്ചയിലാണുള്ളത്. പക്ഷേ, ബോംബെ ഹൈക്കോടതി അദ്ദേഹത്തെ നിരപരാധിയായി പ്രഖ്യാപിച്ചു. ആ വിധി കൊണ്ട് കമാലിന് ഗുണമൊന്നുമില്ല. അത് വളരെ വൈകിയെത്തിയ കടലാസ് കഷ്ണം മാത്രമായിരുന്നു.
അവിടെ നില്‍ക്കുമ്പോള്‍, 19 വര്‍ഷത്തെ തടവിനെ അതിജീവിച്ചതിലെ അല്‍ഭുദത്തെ കുറിച്ച് ചിന്തിച്ചു. അവഗണന, ചികില്‍സാ നിഷേധം, നിരാശ എന്നിവ മൂലം പലരും തടവില്‍ തന്നെ മരിച്ചുപോയിരുന്നു. കമാലിന്റെ ഖബറില്‍ നിന്നും എനിക്കമ് മറുപടികളൊന്നും ലഭിച്ചില്ല. ജീവിതങ്ങള്‍ തകര്‍ക്കുകയും ബലിയാടുകളെ നിര്‍മിക്കുകയും ചെയ്യുന്ന വ്യവസ്ഥയുടെ രക്തസാക്ഷിയും ഇരയുമായ അദ്ദേഹത്തിന് പരലോകത്ത് പ്രതിഫലം ലഭിക്കണമെന്ന് മാത്രമേ വിശ്വാസിയായ മുസ്‌ലിം എന്ന നിലയില്‍ എനിക്ക് പ്രാര്‍ത്ഥിക്കാനാവൂ. അദ്ദേഹത്തിന്റെ കുടുംബത്തിനും നാട്ടുകാര്‍ക്കും നമുക്കെല്ലാവര്‍ക്കും കമാല്‍ അന്‍സാരിയുടെ ജീവിതം ഒരു ഓര്‍മ്മപ്പെടുത്തലാണ്, വൈകിയ നീതി, നീതി നിഷേധമാണ്, കമാലിന്റെ കാര്യത്തില്‍ അത് കുഴിച്ചുമൂടപ്പെട്ട നീതിയുമാണ്.
കമാല്‍ അന്‍സാരിയുടെ ഖബര്‍ തെറ്റിന് ഇരയായ ഒരാളുടെ അന്ത്യവിശ്രമസ്ഥലം മാത്രമല്ല: അത് നീതിന്യായ വ്യവസ്ഥയ്ക്കും അതിന്റെ അന്വേഷണ ഏജന്‍സികള്‍ക്കും 'ഭീകരതയ്ക്കെതിരായ യുദ്ധം' എന്ന പേരില്‍ വളര്‍ന്നുവന്ന ബലിയാടുകളുടെ രാഷ്ട്രീയത്തിനും മേലുള്ള ഒരു സ്ഥിരം കളങ്കമാണ്. അദ്ദേഹത്തിന്റെ ഖബര്‍ പ്രതിരോധത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഓര്‍മ്മപ്പെടുത്തലായി നിലകൊള്ളുന്നു, അത് ഭരണകൂടം കെട്ടിചമച്ച കേസുകളും മോശം അന്വേഷണങ്ങളും ജീവിതങ്ങളെ നശിപ്പിച്ചു എന്നതിന്റെ പ്രതീകമായും നിലകൊള്ളുന്നു.
വൈകിയ നീതി ഒരു തരം അക്രമമാണെന്ന് ഭരണകൂടം തിരിച്ചറിയുന്നതിന് മുമ്പ് എത്ര കമാലുമാര്‍ ഇനിയും മരിക്കണം?. നഷ്ടപ്പെട്ട ജീവിതത്തിനും, നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ക്കും തകര്‍ന്ന കുടുംബങ്ങള്‍ക്കും അവര്‍ക്ക് എന്തു നഷ്ടപരിഹാരം നല്‍കാന്‍ കഴിയും ?. കമാലിന്റെ ഖബറിന് മുന്നില്‍ വിധി വായിച്ചത് അദ്ദേഹത്തെ ഓര്‍ക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല- നീതിയുടെ പേരില്‍ ജീവിതങ്ങള്‍ മായ്ച്ചുകളഞ്ഞു കൊണ്ട് നിലനില്‍ക്കുന്ന മനുഷ്യത്വ രഹിതമായ ചട്ടക്കൂടിന് എതിരായ പ്രതീകാത്മകമായ പ്രതിഷേധം കൂടിയായിരുന്നു അത്.
കമാലിനും നിശബ്ദതയില്‍ മരിച്ച എണ്ണമറ്റ മറ്റുള്ളവര്‍ക്കുമുള്ള ഒരേയൊരു യഥാര്‍ത്ഥ ആദരാഞ്ജലി, നീതിന്യായ വ്യവസ്ഥയുടെ സമഗ്രമായ നവീകരണം ആവശ്യപ്പെടലാണ്. അത്തരം പരിഷ്‌കാരങ്ങളില്ലെങ്കില്‍ വ്യാജ ആരോപണങ്ങളുടെയും വൈകിയ വിചാരണകളുടെയും ഭാരത്തില്‍ കൂടുതല്‍ നിരപരാധികള്‍ കുഴിച്ചുമൂടപ്പെടും. അങ്ങനെ വരാതിരിക്കാനുള്ള പോരാട്ടത്തിന്റെ തുടക്കമായി ഇതിനെ കണ്ടില്ലെങ്കില്‍ വിലപിക്കാനുള്ള ഒരു പേരായി മാത്രം കമാല്‍ അവശേഷിക്കും.
മരണാനന്തരമുള്ള കുറ്റവിമുക്തരാക്കലുകളല്ല, മറിച്ച് അത്തരം അനീതികള്‍ ആവര്‍ത്തിക്കുന്നത് തടയുന്ന ജുഡീഷ്യല്‍ പരിഷ്‌കാരങ്ങള്‍ക്കായുള്ള പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലാണ് യഥാര്‍ത്ഥ നീതി നിലകൊള്ളുന്നത്.
ഒമ്പത് വര്‍ഷത്തെ ജയില്‍വാസത്തിനിടയില്‍, അബ്ദുള്‍ വാഹിദ് ഷെയ്ഖ് നിയമം പഠിച്ചു. നിലവില്‍ ഇന്നസെന്‍സ് നെറ്റ്‌വര്‍ക്കിന്റെ ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. തീവ്രവാദക്കേസുകളില്‍ പ്രതിയാക്കപ്പെടുന്ന നിരപരാധികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്നസെന്‍സ് നെറ്റ്‌വര്‍ക്ക്.
കടപ്പാട്: ദി സ്‌ക്രോള്‍

