അമേരിക്കയിലെ ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ ഏറെയും ഗുജറാത്തികളാവുന്നത് എന്തുകൊണ്ട്?
ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതോടെ അമേരിക്കയിലെ നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്താന്‍ തുടങ്ങിയിരിക്കുന്നു. ഒടുവിലായി വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പ്രകാരം അമേരിക്ക വിമാനം കയറ്റിവിട്ട നിയമവിരുദ്ധ ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ മഹാഭൂരിപക്ഷവും ഗുജറാത്തികളാണെന്നാണ് വെളിവാകുന്നത്. എന്തുകൊണ്ടാണ് തങ്ങളുടെ മാതൃകാപരമായ മാതൃരാജ്യത്തുനിന്ന് ഗുജറാത്തികള്‍ പലായനം ചെയ്യുന്നത്? ഉത്തരം വളരെ ലളിതമാണ്: വര്‍ഷങ്ങളായി സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങള്‍ ഒന്നും തന്നെ സൃഷ്ടിക്കപ്പെടുന്നില്ല!
അമേരിക്കയിലെ നിയമവിരുദ്ധ ഇന്ത്യന്‍ കുടിയേറ്റക്കാരിലേറെയും ഗുജറാത്തികളാണ് എന്നത് വസ്തുതയാണ്. 2023ല്‍ 67,391 നിയമവിരുദ്ധ ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ 41,330 പേരും ഗുജറാത്തില്‍ നിന്നുള്ളവരാണ്.
തികച്ചും അനായാസകരമായ ഒന്നല്ല ഈ കുടിയേറ്റം. അനധികൃത കുടിയേറ്റക്കാര്‍ക്ക് അമേരിക്കയുടെ അതിര്‍ത്തി കടക്കാന്‍ നിരവധി വൈതരണികള്‍ തരണം ചെയ്യണം. 2022ല്‍ ഗുജറാത്തിലെ ദിന്‍ഗുച്ച ഗ്രാമത്തില്‍നിന്നുള്ള ജഗദീഷ് പട്ടേലും ഭാര്യയും രണ്ട് ആണ്‍മക്കളും അതിസാഹസികമായി യുഎസ്-കാനഡ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ തണുത്തു മരിച്ചു.
ഗുജറാത്തികള്‍, നൂറ്റാണ്ടുകളായി, ആഫ്രിക്കയിലേക്കും അവിടെനിന്ന് പടിഞ്ഞാറോട്ടും സഞ്ചരിക്കുന്നവരായിരുന്നു. പക്ഷേ, ഇതൊന്നും അനധികൃതമായ കുടിയേറ്റമായിരുന്നില്ല. അപ്പോഴൊക്കെ, ഗുജറാത്ത് ഒരു സമ്പന്ന സംസ്ഥാനമായി മാറിയിട്ടുണ്ടായിരുന്നു. ഒരു മാതൃക എന്ന നിലയില്‍ പോലും ഗുജറാത്തിനെ കുറിച്ച് നമ്മള്‍ പറയാറുണ്ടായിരുന്നു. പിന്നെന്തു കൊണ്ടാണ് ഇത്രയധികം ആളുകള്‍ അവിടെ നിന്ന് ഇപ്രകാരം നാടുവിടുന്നത്? ഉയര്‍ന്ന വളര്‍ച്ച നിരക്കും ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനവുമുള്ള ഗുജറാത്തിന് എന്തുകൊണ്ട് ഈ സ്ഥിതി വന്നു? 1,81,963 രൂപയാണ് 2022-23 വര്‍ഷത്തില്‍ ഗുജറാത്തിന്റെ പ്രതിശീര്‍ഷ വരുമാനം. ദേശീയ ശരാശരിയാവട്ടെ ഇതിന്റെ പകുതിയില്‍ അല്‍പ്പം കൂടുതലും; അതായത് 99,404 രൂപ.
ഇതിനുള്ള വിശദീകരണം വളരെ ലളിതമാണ്: ധാരാളം ധനികര്‍ ഗുജറാത്തിലുണ്ട്. പക്ഷേ, ഏറ്റവും അധികമുള്ളത് വളരെ ദരിദ്രരായവരാണ്. വര്‍ഷങ്ങളായി സംസ്ഥാനത്ത് നല്ല തൊഴിലവസരങ്ങള്‍ ഉണ്ടാവുന്നില്ല.
സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തരോല്‍പ്പാദന വളര്‍ച്ചാ നിരക്കിന് ആനുപാതികമായി തൊഴിലവസരത്തില്‍ വര്‍ധന ഉണ്ടാവുന്നില്ല എന്നു മാത്രമല്ല, തൊഴിലുകളുടെ ഗുണ നിലവാരവും മെച്ചപ്പെട്ടില്ല.
പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ പ്രകാരം 2022ല്‍, ഗുജറാത്തിലെ 74 ശതമാനം തൊഴിലാളികള്‍ക്കും കരാര്‍ രേഖകള്‍ ഉണ്ടായിരുന്നില്ല. കര്‍ണാടകയില്‍ 41 ശതമാനവും തമിഴ്‌നാട്ടിലും കേരളത്തിലും 53 ശതമാനവും മധ്യപ്രദേശില്‍ 57 ശതമാനവും ഹരിയാനയില്‍ 64 ശതമാനവും മഹാരാഷ്ട്രയില്‍ 65 ശതമാനവും ബിഹാറില്‍ 68 ശതമാനവും ആയിരിക്കുമ്പോഴാണ് ഗുജറാത്തിലെ ഈ കൂടിയ നില എന്നോര്‍ക്കണം.
കരാര്‍ രേഖകളില്ലാതെ കാഷ്വല്‍ തൊഴിലാളികളായി ജോലി ചെയ്യുന്ന തൊഴില്‍ സേന കുറഞ്ഞ കൂലിക്ക് പണിയെടുക്കേണ്ടി വരുന്നു എന്നതാണിതിന്റെ ഫലം. 2024 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം ഗുജറാത്തിലെ കാഷ്വല്‍ തൊഴിലാളികളുടെ ദിവസ വേതനം ദേശീയ ശരാശരിയായ 433 രൂപയ്ക്കും താഴെ 375 രൂപയായിരുന്നു. കേരളത്തില്‍ 836 രൂപ, തമിഴ്‌നാട്ടില്‍ 584 രൂപ, ഹരിയാനയില്‍ 486 രൂപ, പഞ്ചാബില്‍ 449 രൂപ, കര്‍ണാടകയില്‍ 447 രൂപ, രാജസ്ഥാനില്‍ 442 രൂപ, ഉത്തര്‍പ്രദേശില്‍ 432 രൂപ, ബിഹാറില്‍ 426 രൂപ എന്നിങ്ങനെ ദിവസ വേതനം ലഭിക്കുമ്പോഴാണ് ഗുജറാത്തിലെ ഈ നില. ഗുജറാത്തിനു പിന്നിലുള്ള ഒരേ ഒരു സംസ്ഥാനം 295 രൂപ ദിവസ വേതനമുള്ള ഛത്തീസ്ഗഡ് ആണ്.
പ്രതിമാസം ശമ്പളം പറ്റുന്നവരുടെ വരുമാന ശരാശരിയുടെ കാര്യത്തിലും മറ്റേതൊരു സംസ്ഥാനത്തേക്കാളും പിന്നിലാണ് ഗുജറാത്ത്. ദേശീയ ശരാശരി 21,103 രൂപ ആയിരിക്കുന്നിടത്ത് ഗുജറാത്തിലാവട്ടെ 17,503 രൂപ മാത്രവും. 2024 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്ക് പ്രകാരമാണ് ഇതും. വലിയ സംസ്ഥാനങ്ങളില്‍ പഞ്ചാബ് മാത്രമാണ് ഗുജറാത്തിനു പിന്നില്‍; 16,161 രൂപ.
തീര്‍ച്ചയായും പ്രതിമാസ ശമ്പളക്കാരായവരല്ല, ഗുജറാത്തിലെ ഗ്രാമങ്ങളിലെ കര്‍ഷക സമൂഹങ്ങളില്‍ നിന്നുള്ള അതിദരിദ്രരായിരിക്കും ഇങ്ങനെ കുടിയേറുന്നവരില്‍ ഭൂരിഭാഗവും.
ദാരിദ്ര്യം അളക്കുന്നതിനുള്ള ഒരേയൊരു സൂചകം വേതനം മാത്രമല്ല. സംസ്ഥാനത്തെ ഗ്രാമവാസികളുടെയും നഗരവാസികളുടെയും പ്രതിമാസ പ്രതിശീര്‍ഷ ചെലവും പരിഗണിക്കേണ്ടി വരും. നാഷണല്‍ സാംപിള്‍ സര്‍വേയുടെ കണക്ക് പ്രകാരം 2022-23 വര്‍ഷത്തില്‍ ഗുജറാത്തിന്റെ പ്രതിമാസ പ്രതിശീര്‍ഷ ചെലവ് നഗരങ്ങളില്‍ 6,621 രൂപയും
ഗ്രാമങ്ങളില്‍ 3,798 രൂപയുമാണ്. തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര മുതലായ സംസ്ഥാനങ്ങളേക്കാള്‍ ഇക്കാര്യത്തിലും പിന്നിലാണ് ഗുജറാത്ത്.
ദാരിദ്ര്യം അളക്കുന്നതിന് ഐക്യരാഷ്ട്ര സഭ വികസിപ്പിച്ചെടുത്ത ബഹുതല ദാരിദ്ര്യ സൂചകം, ജീവിത നിലവാരം മാത്രം അടിസ്ഥാനമാക്കിയല്ല, വിദ്യാഭ്യാസം, ആരോഗ്യ പരിചരണം തുടങ്ങിയവ കൂടി പ്രാപ്യമാവുന്നതിന് അനുസരിച്ചാണ് ദാരിദ്ര്യത്തിന്റെ അളവ്‌കോല്‍ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തിക മാനദണ്ഡങ്ങള്‍ക്ക് ഉപരിയാണെന്നതിനാല്‍ ഇവിടെ ഏറെ ഉപകാരപ്രദവുമാണ്. ഈ വീക്ഷണകോണില്‍ നോക്കുമ്പോള്‍ 202021ലെ കണക്ക് പ്രകാരം 11.6 ശതമാനം പട്ടിണിപ്പാവങ്ങളുമായി, പട്ടികയുടെ മധ്യഭാഗത്താണ് ഗുജറാത്ത് വരുക.
പശ്ചിമ ബംഗാളിനു തൊട്ടുപിന്നിലും മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന, ആന്ധ്രപ്രദേശ്, തെലങ്കാന, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, തമിഴ്‌നാട്, ജമ്മുകശ്മീര്‍, കേരളം മുതലായ സംസ്ഥാനങ്ങള്‍ക്ക് വളരെ മുന്നിലായുമായിരിക്കും പട്ടിണി പട്ടികയില്‍ ഗുജറാത്തിന്റെ സ്ഥാനം. സംസ്ഥാനത്തെ 38 ശതമാനം ജനങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷണം ലഭിക്കുന്നില്ല.
ഉയര്‍ന്ന പ്രതിശീര്‍ഷ അറ്റ സംസ്ഥാന മൂലധനമുള്ള ഒരു സംസ്ഥാനത്ത് നല്ല തൊഴിലവസരങ്ങള്‍ ഇല്ലാതാവുന്നതിനെയും ദാരിദ്ര്യാവസ്ഥ കാരണമായി പടിഞ്ഞാറേക്ക് കുടിയേറ്റം നടത്തുന്നതിനെയും എങ്ങനെയാണ് വിശദീകരിക്കുക.
തികച്ചും വിരോധാഭാസമെന്നു തോന്നാവുന്ന ഈ സാഹചര്യം ഉടലെടുക്കുന്നത് ഗുജറാത്തില്‍ നരേന്ദ്ര മോദി ഭരണം ആരംഭിക്കുന്നതോടെയാണ്. 2001നും 2014നും ഇടയില്‍ മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത് സാമൂഹിക ചെലവുകള്‍ കൂടുതല്‍ വേണ്ടിവരുന്ന വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ മാത്രമല്ല, കൂടുതല്‍ തീവ്രമായ തൊഴില്‍ പ്രവര്‍ത്തനങ്ങള്‍ വേണ്ടി വരുന്ന തുറമുഖങ്ങള്‍, തെര്‍മല്‍ പ്ലാന്റുകള്‍, എണ്ണശുദ്ധീകരണ ശാലകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കുമാണ്.
ഗുജറാത്ത് അതുവരെ അറിയപ്പെട്ടിരുന്ന രാഷ്ട്രീയ സമ്പദ് വ്യവസ്ഥയുമായി ഏറ്റുമുട്ടുന്നതായിരുന്നു ഈ നയം. യഥാര്‍ഥത്തില്‍ ഗുജറാത്ത് പരമ്പരാഗതമായി സംരംഭകരുടെ സംസ്ഥാനമാണ്. അവിടെ സര്‍ക്കാര്‍ ചെറുകിടഇടത്തരം സംരംഭങ്ങളെ സഹായിച്ചിരുന്നു. 1990കളില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ വ്യാവസായിക നയം വന്‍കിട സംരംഭങ്ങളേക്കാള്‍ നാലിരട്ടി തൊഴില്‍ ശേഷി ആവശ്യമുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു.
2003ല്‍ നരേന്ദ്രമോദി മുന്നോട്ടുവച്ച വ്യവസായ നയം ഈ പാരമ്പര്യത്തില്‍നിന്ന് വേറിട്ടതായിരുന്നു. 2009ലും ഇതായിരുന്നു സ്ഥിതി. ചെറുകിടഇടത്തരം മേഖലകള്‍ ഒന്നുംതന്നെ സുന്ദരമായി ഭവിച്ചില്ല. സംസ്ഥാനത്തെ വ്യാവസായിക പ്രദേശങ്ങളില്‍ വന്‍കിട പദ്ധതികള്‍ ശക്തിപ്പെടുത്തുന്നതിന് നിയമപരമായ പരിരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ ഗുജറാത്ത് പ്രത്യേക നിക്ഷേപ മേഖല നിയമം പാസാക്കി. ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസന പിന്തുണയോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ആഗോള ഹബ്ബാക്കി ഗുജറാത്തിനെ മാറ്റുകയായിരുന്നു അതിന്റെ ആത്യന്തിക ലക്ഷ്യം. വ്യാവസായിക നയവുമായി ബന്ധപ്പെട്ട 2009ലെ നിയമത്തിന്റെ അടിസ്ഥാനം തന്നെ ഇന്ത്യയിലെ മാത്രമല്ല, ലോകത്തെ തന്നെ നിക്ഷേപക ആകര്‍ഷക കേന്ദ്രമാക്കി ഗുജറാത്തിനെ മാറ്റിത്തീര്‍ക്കുക എന്നതായിരുന്നു. കീര്‍ത്തി നേടിത്തരുന്ന വ്യവസായ യൂനിറ്റുകള്‍ മാത്രമല്ല, 125 ദശലക്ഷം ഡോളറിനു മുകളില്‍ വരുന്ന, നേരിട്ട് 2,000 പേര്‍ക്കു മാത്രം തൊഴില്‍ ലഭിക്കാവുന്ന മെഗാ പ്രോജക്റ്റുകളാണ് ലക്ഷ്യം വച്ചത്. ഒരു ജോലിക്ക് അഞ്ചു ലക്ഷം രൂപയെന്ന അനുപാതം സൃഷ്ടിക്കുന്ന കാഴ്ചപ്പാട് മൂലധന തീവ്രതയുടെ അടയാളമായിരുന്നു. വന്‍കിട കമ്പനികളെ ആകര്‍ഷിക്കുന്നതിനായി, 2009ല്‍ പദ്ധതി ഭൂമിയിലേക്കുള്ള പ്രവേശനം ഒരു പ്രധാന ഘടകമായി മാറി. വ്യവസായികള്‍ക്ക് വില്‍ക്കാനായി ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഭൂമി ഏറ്റെടുക്കാന്‍ തുടങ്ങി. 90 വര്‍ഷത്തെ പാട്ടം നിശ്ചയിച്ചോ പ്രത്യേക സാമ്പത്തിക മേഖലകളിലോ ഒക്കെയായിരുന്നു ഈ ഭൂമി ഏറ്റെടുക്കല്‍.
ഭൂമി സംബന്ധിച്ച വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുന്ന പുതിയ വ്യവസായ നയം കര്‍ഷകരെ മാത്രമല്ല, തൊഴിലാളികളെയും ബാധിച്ചു. 1990കള്‍ വരെ, സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡിയുടെയോ പ്രോല്‍സാഹന നടപടികളുടെയോ പ്രയോജനം ലഭിച്ചിരുന്ന സംരംഭകര്‍ക്ക് പുതിയ നിഷേപ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ 100 സ്ഥിരം തൊഴിലാളികളെയെങ്കിലും നിയമിക്കേണ്ട നിര്‍ബന്ധിത സാഹചര്യമുണ്ടായി.
സംസ്ഥാനത്തെ ഈ പുതിയ വ്യവസായ നയം തൊഴില്‍ പ്രാധാന്യമില്ലാത്തതും മുതലാളിത്തത്തിലൂന്നിയതുമായ പ്രാദേശികമോ ദേശീയമോ ആയ ഒരു തരം പ്രഭുവാഴ്ചയ്ക്ക് കാരണമായി. 200910നും 201213നും ഇടയില്‍, തമിഴ്‌നാടിനും മഹാരാഷ്ട്രയ്ക്കും മുകളിലായി രാജ്യത്ത് ഏറ്റവും കൂടുതല്‍ വ്യാവസായിക നിക്ഷേപം നടന്ന സംസ്ഥാനമായി മാറി ഗുജറാത്ത് എന്നതായിരുന്നു അതിന്റെ ഫലം. എന്നാല്‍, മറ്റു സംസ്ഥാനങ്ങളിലെ പോലെ തൊഴില്‍ പ്രാധാന്യമുള്ള ചെറുകിട സംരംഭങ്ങള്‍ എന്ന പോലെ ഗുജറാത്തിലെ നയം കൂടുതല്‍ തൊഴിലവസര സൃഷ്ടിയിലേക്ക് നയിച്ചില്ല. ഗുജറാത്തും തമിഴ്‌നാടും തമ്മിലുള്ള ഒരു താരതമ്യത്തിലൂടെ ഇതു വ്യക്തമാകും. 2013ല്‍, ഗുജറാത്തിലെ വ്യാവസായിക മേഖല ഇന്ത്യയുടെ സ്ഥിരമൂലധനത്തിന്റെ 17.7 ശതമാനവും ഫാക്ടറി ജോലികളുടെ 9.8 ശതമാനവും മാത്രമാണ് പ്രതിനിധീകരിച്ചിരുന്നത്. അതേ സമയം, തമിഴ്‌നാട്ടിലെ വ്യവസായം സ്ഥിരമൂലധനത്തിന്റെ 9.8 ശതമാനവും ഫാക്ടറി ജോലികളുടെ 16 ശതമാനവും ആയിരുന്നു.
വന്‍കിട കമ്പനികള്‍ തൊഴില്‍ പ്രാധാന്യം കുറഞ്ഞ മേഖലകളില്‍ നിക്ഷേപം നടത്തിയെന്നു മാത്രമല്ല, ഗുജറാത്തിലെ ചെറുകിടഇടത്തരം സംരംഭങ്ങളുടെ തകര്‍ച്ചയ്ക്കും കാരണമായി. വന്‍കിട കമ്പനികള്‍ ഇവര്‍ക്ക് കൃത്യസമയത്ത് പണം നല്‍കാറുമുണ്ടായിരുന്നില്ല. തന്നെയുമല്ല, ചെറുകിട കമ്പനികള്‍ക്ക് വന്‍കിടക്കാരില്‍ നിന്ന് സേവനങ്ങള്‍ വാങ്ങേണ്ടിയും വന്നു. ഉദാഹരണത്തിന് അദാനി ഗ്രൂപ്പ് പോലുള്ള ഊര്‍ജ കമ്പനികള്‍ ചെറുകിടക്കാര്‍ക്ക് വളരെ ഉയര്‍ന്ന വിലയ്ക്കാണ് വൈദ്യുതി വിറ്റത്. 2004നും 2014നും ഇടയില്‍ ഗുജറാത്തില്‍ 60,000 ചെറുകിടഇടത്തരം സംരംഭങ്ങളാണ് അടച്ചു പൂട്ടിയത്.
ഇന്ന്, ചങ്ങാത്ത മുതലാളിത്തത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് അദാനി ഗ്രൂപ്പ്. ആകെ 36,000 പേരടങ്ങുന്ന അദാനി ഗ്രൂപ്പിലാണ്, ഇന്ത്യയിലെ മികച്ച ആറുഗ്രൂപ്പുകളില്‍ ഏറ്റവും കുറവ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്.
(അവലംബം: ക്രിസ്‌റ്റോഫ് ജാഫര്‍ലോട്ട് ദി വയര്‍)
മൊഴിമാറ്റം: കെ എച്ച് നാസര്‍

