ഗസയിലെ യുദ്ധക്കുറ്റങ്ങളില്‍ പങ്കെടുക്കാന്‍ അമേരിക്കക്കാരെ പ്രേരിപ്പിക്കുന്നത് എന്താണ്?
ജമാല്‍ കാഞ്ച്
സൈന്യത്തില്‍ സേവനം ചെയ്യുക എന്നത് വിശ്വസ്തതയുടെ ആത്യന്തിക പരീക്ഷണമാണ്. യുവ അമേരിക്കക്കാര്‍ വലതു കൈ ഉയര്‍ത്തുമ്പോള്‍, തങ്ങളുടെ രാഷ്ട്രത്തെയും ഭരണഘടനയെയും ജനങ്ങളെയും സംരക്ഷിക്കുമെന്ന് അവര്‍ പ്രതിജ്ഞയെടുക്കുന്നു. എന്നാല്‍ പല യുവ അമേരിക്കക്കാരും, ആ പ്രതിജ്ഞ അമേരിക്കന്‍ സൈന്യത്തോടല്ല ചെയ്യുന്നത്. പകരം, ഇസ്രായേലി അധിനിവേശ സേനയായ ഐഡിഎഫിനോടാണ് അവരുടെ കൂറ്. അവര്‍ തങ്ങളുടെ ബാഗുകള്‍ പായ്ക്ക് ചെയ്ത്, അറ്റ്‌ലാന്റിക് കടന്ന്, അവരെ സംബന്ധിച്ച് ഒരു വിദേശ സൈന്യമായ ഐഡിഎഫില്‍ ചേരുന്നു.
കണക്കുകള്‍ ഈ സത്യം വ്യക്തമാക്കുന്നു. വാഷിങ്ടണ്‍ പോസ്റ്റ് ചൂണ്ടിക്കാട്ടുന്നതു പ്രകാരം, നിലവില്‍ 23,000 അമേരിക്കന്‍ ജൂതന്‍മാര്‍ ഇസ്രായേല്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇതിനു വിപരീതമായി, യുഎസ് പ്രതിരോധ വകുപ്പിന്റെ ഡാറ്റ കാണിക്കുന്നത് 2006ല്‍ 4,000 ല്‍ താഴെ അമേരിക്കന്‍ സൈനികര്‍ മാത്രമാണ് ജൂതന്മാരായി തിരിച്ചറിയപ്പെട്ടിട്ടുള്ളത് എന്നാണ്. 2019 ജനുവരിയിലെ ഒരു ഡിഒഡി റിപോര്‍ട്ട്, സജീവ സേവനത്തിലുള്ള ഉദ്യോഗസ്ഥരുടെ ഏകദേശം 0.4 ശതമാനമാണെന്ന് സൂചിപ്പിക്കുന്നു. ലളിതമായി പറഞ്ഞാല്‍, സ്റ്റാര്‍സ് ആന്‍ഡ് സ്‌ട്രൈപ്സിന് കീഴിലുള്ളതിനേക്കാള്‍ കൂടുതല്‍ അമേരിക്കന്‍ ജൂതന്‍മാര്‍, എണ്ണത്തിലും ശതമാനത്തിലും, ദുരുപയോഗം ചെയ്യപ്പെട്ട ഡേവിഡ് നക്ഷത്രത്തിന് കീഴില്‍ സേവനമനുഷ്ഠിക്കുന്നു. അമേരിക്കന്‍ ജൂതന്മാര്‍ നക്ഷത്രാങ്കിത യുഎസ് പതാകയ്ക്ക് കീഴിലല്ല, ഡേവിഡിന്റെ നക്ഷത്രം ആലേഖനം ചെയ്ത ഇസ്രായേല്‍ പതാകയ്ക്ക് കീഴിലാണ് എന്നാണ് ഇപ്പറഞ്ഞതിനര്‍ഥം.
സ്വാഭാവികമായും, പല പുതിയ അമേരിക്കക്കാരും അവരുടെ മാതൃരാജ്യങ്ങളുമായി വ്യക്തിപരവും സാംസ്‌കാരികവും പൈതൃകപരവുമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നു. യഥാര്‍ഥത്തില്‍ അവര്‍ വരുന്നത് ഏതു ദേശത്തുനിന്നാണോ, അതുമായി ബന്ധമുള്ള കുടുംബപ്പേരുകളാണ് പേരിന്റെ അവസാനത്തിലുണ്ടാവുക. എന്നിരുന്നാലും, അമേരിക്കന്‍-ഇസ്രായേല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി പോലുള്ള, വിദേശ രാജ്യത്തിന്റെ നയത്തെ സേവിക്കുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന ഒരു ലോബി, വേറൊരു വംശീയവിഭാഗത്തിനും ഇല്ല. മെക്‌സിക്കന്‍ അമേരിക്കക്കാര്‍ സിന്‍കോ ഡി മായോയില്‍ മെക്‌സിക്കോയുടെ വിജയം ആഘോഷിക്കുന്നു. പക്ഷേ, മെക്‌സിക്കോയുടെ സൈന്യത്തില്‍ ചേരുന്നത് അവര്‍ പ്രോല്‍സാഹിപ്പിക്കുന്നില്ല. ഐറിഷ് അമേരിക്കക്കാര്‍ സെന്റ് പാട്രിക് ദിനത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്നു. പക്ഷേ, ഐറിഷ് റിപബ്ലിക്കന്‍ ആര്‍മിയില്‍ ചേരാന്‍ അവര്‍ അണിനിരന്നിരുന്നില്ല. ജൂത ശതകോടീശ്വരന്മാര്‍ ഒഴികെയുള്ള ഒരു വംശീയ അമേരിക്കന്‍ ഗ്രൂപ്പും ഒരു വിദേശ സൈന്യത്തിനായി ലാഭേച്ഛയില്ലാത്ത നികുതി കിഴിവ് ഫണ്ട് സ്വരൂപിക്കുന്നില്ല.
ഈ വിദേശ ലോബിയുടെ നിയന്ത്രണത്തില്‍, യുഎസ് കോണ്‍ഗ്രസ് ഇസ്രായേലിനെ സഹിക്കുക മാത്രമല്ല, അതിന് പ്രതിഫലം നല്‍കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഗൈ റെഷെന്തലര്‍, മാക്‌സ് മില്ലര്‍ എന്നീ രണ്ട് ജൂത റിപബ്ലിക്കന്‍ നിയമനിര്‍മാതാക്കള്‍, ഇസ്രായേല്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന അമേരിക്കന്‍ ജൂതന്‍മാരെ ഉള്‍പ്പെടുത്തുന്നതിനായി അമേരിക്കന്‍ സര്‍വീസ് അംഗങ്ങളുടെ സിവില്‍ റിലീഫ് ആക്റ്റ് ഭേദഗതി ചെയ്യുന്നതിനായി എച്ച്ആര്‍ 8445 എന്ന നിയമനിര്‍മാണം നിര്‍ദേശിച്ചിട്ടുണ്ട്. ഈ ഭേദഗതി പാസായാല്‍, ഈ 'വിദേശ' സൈനികര്‍ക്ക് അമേരിക്കന്‍ യൂണിഫോമിടുന്നവരുടെ അതേ ആനുകൂല്യങ്ങള്‍ നല്‍കും.
ഒന്ന് ആലോചിച്ചു നോക്കൂ: അമേരിക്കന്‍ സൈനികര്‍ക്ക് ലഭിക്കുന്ന അതേ സംരക്ഷണം അമേരിക്കന്‍ ജൂതന്മാരായ ഇസ്രായേലി സൈനികര്‍ക്ക് ഉണ്ടായിരിക്കും. ഗസയില്‍ കുഞ്ഞുങ്ങളെ പട്ടിണിക്കിടുകയും യുദ്ധക്കുറ്റങ്ങള്‍ ചെയ്യുകയും ചെയ്യുന്ന ഒരു ഇസ്രായേലിയെ കാലഫോര്‍ണിയയിലെ ക്യാംപ് പെന്‍ഡില്‍ടണില്‍ കാവല്‍ നില്‍ക്കുന്ന ഒരു അമേരിക്കന്‍ മറൈനില്‍നിന്ന് നിയമപരമായി വേര്‍തിരിച്ചറിയാന്‍ കഴിയില്ല.
ഇസ്രായേലിന്റെ കാര്യത്തില്‍, യുഎസ് കോണ്‍ഗ്രസിലെ ഇരു സഭകളിലും അമേരിക്കന്‍-ഇസ്രായേല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി അഥവാ എഐപിഎസി അമിത സ്വാധീനം ചെലുത്തുന്നു. അനുപാതമില്ലാത്ത ജൂത പ്രാതിനിധ്യമാണ് സെനറ്റിലും പ്രതിനിധി സഭയിലും ഉള്ളത്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെ മേലുള്ള പ്രചാരണ ധനകാര്യ അധികാരവുമായി സംയോജിപ്പിച്ച്, ഇസ്രായേലിനുള്ള ഈ പ്രത്യേക അപവാദത്തെ സ്ഥാപനവല്‍ക്കരിക്കാന്‍ എഐപിഎസിക്ക് കഴിയും. അമേരിക്കന്‍ ഇസ്രായേലി സൈനികര്‍ക്ക് ഇത് നല്ലതാണെങ്കില്‍, വിദേശ സൈന്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന എല്ലാ അമേരിക്കക്കാര്‍ക്കും ഒരേ ആനുകൂല്യങ്ങള്‍ എന്തുകൊണ്ട് നല്‍കിക്കൂടാ എന്ന ചോദ്യം ഒരാള്‍ക്ക് ഉന്നയിക്കാം? ഒരുപക്ഷേ പാകിസ്താനിലോ ഈജിപ്തിലോ സേവനമനുഷ്ഠിക്കുന്ന ഒരു അമേരിക്കന്‍ മുസ്‌ലിം സൈനികന്. അത്തരമൊരു ആശയം വാഷിങ്ടണില്‍ ഒരു കലാപത്തിന് കാരണമാകും. ഇരട്ട ദേശക്കൂറ്, എന്തിന് രാജ്യദ്രോഹം പോലും, വാര്‍ത്തകളില്‍ ആധിപത്യം സ്ഥാപിക്കും. അങ്ങനെയെങ്കില്‍, ഇസ്രായേലിന്റെ കാര്യത്തില്‍ എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നില്ല?
അത്തരം സൈനികരില്‍ ഒരാളാണ് കാലഫോര്‍ണിയയില്‍നിന്നുള്ള ഡേവിഡ് മെയേഴ്സ്. അദ്ദേഹം ആറുവര്‍ഷം ഇസ്രായേലി നാവികസേനയില്‍ പ്രവര്‍ത്തിച്ചു. ഇസ്രായേലി സൈന്യത്തില്‍ ചേരാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്, '... ഇസ്രായേലുമായി അവിശ്വസനീയമാംവിധം ആഴമേറിയതും ദീര്‍ഘവുമായ ബന്ധം' ഉണ്ടന്നാണ്. സ്വന്തം സൈന്യത്തിനു പകരം ഒരു വിദേശ സൈന്യത്തെ തിരഞ്ഞെടുത്തതിന്റെ കാരണങ്ങളെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍, അദ്ദേഹത്തിന്റെ ഉത്തരം കൂടുതല്‍ വ്യക്തമാകും. 'ശക്തിയും വലുപ്പവുമുള്ള അമേരിക്കയ്ക്ക്, ഒരുപക്ഷേ, നിങ്ങളുടെ കഴിവുകളും പരിശ്രമങ്ങളും ആവശ്യമില്ല' എന്നതാണ് ആ ഉത്തരം.
എന്നുമുതലാണ് അമേരിക്കയുടെ ശക്തി ഒരു വിദേശ സൈന്യത്തിനുവേണ്ടി അത് ഉപേക്ഷിക്കാനുള്ള ഒഴിവുകഴിവായി മാറിയത്? എന്തായാലും, മേയേഴ്സിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത് അദ്ദേഹത്തിന് തന്റെ ജന്മനാടുമായി ആഴത്തിലുള്ളതോ ദീര്‍ഘകാലമോ ആയ ബന്ധമില്ല എന്നാണ്. അല്ലെങ്കില്‍ കുറഞ്ഞത് ഒരു വിദേശ രാജ്യത്തെപ്പോലെ ആഴത്തിലുള്ള ബന്ധവുമില്ല. അമേരിക്ക ശക്തമാകുന്നത് അതിന്റെ പൗരന്മാര്‍ അതിനെ സേവിക്കാന്‍ തിരഞ്ഞെടുക്കുന്നതുകൊണ്ടാണ്. അല്ലാതെ ഒരു വിദേശ യൂണിഫോമിന് അനുകൂലമായി അത് ഉപേക്ഷിക്കുന്നതുകൊണ്ടല്ല. അമേരിക്കന്‍ ജൂതന്‍മാരെ ആവശ്യമില്ലാത്തത്ര ശക്തമാണ് യുഎസ് സൈന്യം എന്നു പറഞ്ഞ് തള്ളിക്കളയുന്നത് ആവശ്യകതയെക്കുറിച്ചല്ല, മറിച്ച് തെറ്റായ വിശ്വസ്തതയെക്കുറിച്ചാണ്.
ഇസ്രായേലി സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന പല അമേരിക്കക്കാരെയും ലോണ്‍ സോള്‍ജിയര്‍ എന്നാണ് വിളിക്കുന്നത്. കാരണം, ഇസ്രായേലില്‍ ഒരു കുടുംബമോ കുടുംബ ബാധ്യതകളോ വൈകാരിക ബന്ധങ്ങളോ ഇല്ലാത്ത ഏകാകിയായ സൈനികനാണ് അയാള്‍. ന്യൂയോര്‍ക്ക് അല്ലെങ്കില്‍ ടെക്‌സസ് ശൈലിയിലുള്ള യുവ അമേരിക്കക്കാരാണ് അവര്‍. ഫലസ്തീനിലെ അധിനിവേശ ചെക്ക്പോസ്റ്റുകളില്‍ അവരെ കാണാം. വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളെ അപമാനിക്കുകയും ഗസയില്‍ കുട്ടികളെ പട്ടിണിക്കിടുകയും ചെയ്യുക എന്നതാണ് അവരുടെ ജോലി.
ചിലര്‍ തങ്ങളുടെ സേവനത്തെ 'ജൂത ജനതയെ' സംരക്ഷിക്കുന്നതായി ചിത്രീകരിച്ചേക്കാം. വാസ്തവത്തില്‍, മോഷ്ടിച്ച ഫലസ്തീന്‍ ഭൂമിയില്‍ നിര്‍മിച്ച, 'ജൂതര്‍ക്ക് മാത്രമുള്ള' കോളനികളുടെ മുഖമായതിനാലോ, അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കുറ്റം ആരോപിച്ചവരായ നേതാക്കളെ ഉള്‍ക്കൊള്ളുന്ന ഒരു വിദേശ രാഷ്ട്രീയ സ്ഥാപനത്തിനുവേണ്ടി വര്‍ണവിവേചന അധിനിവേശം ഏര്‍പ്പെടുത്തുന്നതിനാലോ അവര്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ജൂത വിദ്വേഷം വളരാന്‍ കാരണമാവുന്നു.
ഇത് മനസ്സില്‍ വെച്ചുകൊണ്ട്, ഐക്യരാഷ്ട്രസഭ, ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എന്നീ സംഘടനകള്‍ യുദ്ധക്കുറ്റകൃത്യങ്ങള്‍ എന്ന് വിശേഷിപ്പിച്ചതില്‍ ഈ അമേരിക്കക്കാരും പങ്കുകാരാണ്. ഗസയിലെ കുഞ്ഞുങ്ങളെ പട്ടിണിക്കിടല്‍ മുതല്‍ അധിനിവേശ വെസ്റ്റ്ബാങ്കിലെ ഫലസ്തീനികളെ കീഴടക്കല്‍ വരെ, അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇസ്രായേലി കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നത് തുടരുമ്പോള്‍, ഒരു ദിവസം, ഈ 'അമേരിക്കക്കാര്‍ക്ക്' യാഥാര്‍ഥ്യത്തെ നേരിടേണ്ടിവരും. വീരന്മാരായിട്ടല്ല, മറിച്ച് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിലെ അവരുടെ പങ്കിന്റെ പേരില്‍. വിരോധാഭാസമെന്നു പറയട്ടെ, ഈ യുദ്ധക്കുറ്റവാളികളെ അമേരിക്കന്‍ സൈനികര്‍ക്ക് തുല്യരാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു.
കണക്കുകള്‍ കള്ളമല്ല. തിരഞ്ഞെടുക്കപ്പെട്ട ഓഫിസുകളില്‍ അമിത പ്രാതിനിധ്യവും യുഎസ് സൈന്യത്തില്‍ പ്രാതിനിധ്യം കുറവും ഉള്ളതിനാല്‍, സ്വന്തം രാജ്യത്തെ സേനയില്‍ സേവനമനുഷ്ഠിക്കുന്നതിനേക്കാള്‍ അഞ്ചിരട്ടിയിലധികം നിരക്കില്‍ ജൂത അമേരിക്കക്കാര്‍ ഇസ്രായേല്‍ സൈന്യത്തില്‍ ചേരുന്നു. ഇത് ഉയര്‍ത്തുന്ന ചോദ്യമിതാണ്: തങ്ങള്‍ക്കുള്ളതെല്ലാം നല്‍കിയ രാഷ്ട്രങ്ങള്‍ക്കുവേണ്ടിയല്ലാതെ, ഒരു വിദേശ രാജ്യത്തിനുവേണ്ടി മരിക്കാന്‍ ഇത്രയധികം ജൂത അമേരിക്കക്കാര്‍ കൂടുതലായി തയ്യാറാകുന്നത് എന്തുകൊണ്ട്? അതൊരു ജൂത വിരുദ്ധ പ്രസ്താവനയല്ല; ഏതൊരു വംശീയ വിഭാഗത്തിനും ഒരേപോലെ ബാധകമാകുന്ന, ബാധകമാകേണ്ട ഒരു വസ്തുതയാണിത്.
ചില ജൂത അമേരിക്കക്കാര്‍ തങ്ങളുടെ ജീവിതവും കൂറും ഒരു വിദേശ രാജ്യത്തിനായി സമര്‍പ്പിക്കാന്‍ തീരുമാനിച്ചാല്‍, അത് അവരുടെ കാര്യമാണ്. എങ്കില്‍ പോലും, അമേരിക്കന്‍ സൈനികരെ ഒരു വിദേശ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നവരുമായി തുല്യമാക്കുന്നത് യുഎസ് കോണ്‍ഗ്രസ് പരിഗണിക്കുമ്പോള്‍ അത് യൂണിഫോമിലുള്ള ഓരോ അമേരിക്കക്കാരനെയും അപമാനിക്കുകയാണ്. ധാര്‍മികവും നിയമപരവുമായ പ്രത്യാഘാതങ്ങള്‍ അവഗണിക്കുന്നതിലൂടെ, യുഎസ് നയരൂപീകരണക്കാര്‍ ഈ 'കടലാസ്' അമേരിക്കന്‍ പൗരന്മാര്‍ ചെയ്യുന്ന യുദ്ധക്കുറ്റങ്ങളില്‍ അമേരിക്കയെ കുടുക്കാന്‍ സാധ്യതയുണ്ട്. ഒരു ദിവസം ഹേഗില്‍ വിധിക്കപ്പെട്ടേക്കാവുന്ന കുറ്റകൃത്യങ്ങള്‍; ഇന്നത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വന്തം നിയോജകമണ്ഡലങ്ങളില്‍ ചോദ്യം ചെയ്യപ്പെടേണ്ട കുറ്റകൃത്യങ്ങള്‍.
മതപരമോ ദേശീയമോ ആയ സദ്ഗുണങ്ങളായി വേഷംമാറി നടക്കുന്ന ഗോത്രക്കൂറ്, ന്യായവിധിയെ വളച്ചൊടിക്കുകയും വ്യക്തികളെ അനീതിക്ക് മുന്നില്‍ അന്ധരാക്കുകയും ചെയ്യുന്നു. സത്യത്തിനും ധാര്‍മികതയ്ക്കും മനുഷ്യത്വത്തിനും മുകളില്‍ രക്തബന്ധത്തെ ഉയര്‍ത്തുന്നു. ഈ ഗോത്ര അന്ധതയാണ് ചില അമേരിക്കന്‍ ജൂതന്‍മാരെ വിദേശ സൈന്യത്തില്‍ ചേരാനും ഗസയിലെ യുദ്ധക്കുറ്റകൃത്യങ്ങളുടെ രക്തം കൊണ്ട് അവരുടെ ആത്മാവിനെ കളങ്കപ്പെടുത്താനും പ്രേരിപ്പിക്കുന്നത്.
ജമാല്‍ കാഞ്ച് ''ചില്‍ഡ്രന്‍ ഓഫ് കാസ്റ്റസ്‌ട്രോഫി'', ''ജേണി ഫ്രം എ പലസ്തീനിയന്‍ റെഫ്യൂജി ക്യാംപ് ടു അമേരിക്ക'' തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്.

