ആറു രാജ്യങ്ങളില്‍ ബോംബിട്ട ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന ഭരണകൂടം ഇന്ന് എവിടെ ? ഇത് ഇസ്രായേലിന്റെ അവസാനകാലമെന്ന് ദക്ഷിണാഫ്രിക്കക്കാര്‍
ഗെര്‍ഷ്വിന്‍ വാനെബര്‍ഗ്
ആഫ്രിക്കന്‍ രാജ്യമായ സാംബിയയുടെ തലസ്ഥാനമായ ലുസാക്കയിലെ അഭയാര്‍ഥി ക്യാംപില്‍ ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന ഭരണകൂടം വ്യോമാക്രമണം നടത്തിയ ദിവസം ഗോണ്ട പെരേസ് ഇപ്പോഴും ഓര്‍ക്കുന്നു. 1980കളുടെ മധ്യത്തിലായിരുന്നു അത്. ആ സമയത്ത് പെരേസ് പ്രദേശത്തെ ഒരു ആശുപത്രിയില്‍ ദന്തഡോക്ടറായി ജോലി ചെയ്യുകയായിരുന്നു. താല്‍ക്കാലിക ആംബുലന്‍സുകളായി രൂപാന്തരം വരുത്തിയ ട്രക്കുകളില്‍ കൊണ്ടുവന്ന 10 ഇരകളെ പെരേസ് കണ്ടു. ഇരകളില്‍ ഒരാളുടെ രൂപം, കൊത്തിവച്ച പോലെ പെരേസിന്റെ ഓര്‍മയിലുണ്ട്.
''ഞാന്‍ കാഷ്വാലിറ്റിയില്‍ നില്‍ക്കുകയായിരുന്നു. മുറിവുകളുമായി ആളുകള്‍ വരുന്നതു കണ്ടു. ഭയാനകമായ മുറിവുകള്‍.. ഒരാളുടെ തലയില്‍നിന്നു ചോര ചീറ്റുന്നുണ്ടായിരുന്നു. അവിടെ ആകെ ചോരയായി. അത് ഭയാനകമായിരുന്നു.''- ഇപ്പോള്‍ 69 വയസുള്ള ഗോണ്ട പെരേസ് പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ വര്‍ണവിവേചന ഭരണകൂടത്തിനെതിരേ സായുധപോരാട്ടം നടത്തിയിരുന്ന ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സായുധ വിഭാഗത്തിനെതിരേയെന്ന പേരിലാണ് സൗത്ത് ആഫ്രിക്കന്‍ ഡിഫന്‍സ് ഫോഴ്‌സ് (എസ്എഡിഎഫ്) അന്ന് സാംബിയയില്‍ വ്യോമാക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരായിരുന്നു.
രാഷ്ട്രീയ നിലപാട് കാരണം 1970കളില്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് പലായനം ചെയ്ത ശേഷം നാടുകടത്തപ്പെട്ട നിലയില്‍ സാംബിയയില്‍ താമസിക്കുന്ന ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗമായിരുന്നു പെരേസ്. അക്കാലത്ത് അവരെ ലക്ഷ്യമിട്ട് എസ്എഡിഎഫ് വിവിധ രാഷ്ട്രങ്ങളില്‍ വ്യോമാക്രമണം നടത്തി.
വര്‍ണവിവേചന ദക്ഷിണാഫ്രിക്കയുടെ സൈനികര്‍ നമീബയിലേക്കും അംഗോളയിലേക്കും കടക്കുന്നു, 1988
തെറ്റായ ഇന്റലിജന്‍സ് കാരണം വര്‍ണവിവേചന സൈന്യം നടത്തിയ നിരവധി 'തെറ്റുകളില്‍' ഒന്നായിരുന്നു ലുസാക്ക റെയ്ഡ് എന്ന് പെരേസ് പറയുന്നു. ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയെയും ഖാലിദ് മിശ്അലിനെയും ലക്ഷ്യമാക്കി ഖത്തറിലെ ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണവും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എസ്എഡിഎഫ് നടത്തിയ ആക്രമണങ്ങളും തമ്മില്‍ സാമ്യമുണ്ടെന്നാണ് പെരേസും ആഫ്രിക്കക്കാരും പറയുന്നത്.
ഖത്തറില്‍ എംബസികളും സ്‌കൂളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ ഹുമാനും ഒരു സഹായിയും മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഖത്തരി സൈനികനുമാണ് കൊല്ലപ്പെട്ടത്.
ഇസ്രായേലും ഹമാസും തമ്മിലുള്ള ചര്‍ച്ചകളില്‍ കേന്ദ്ര മധ്യസ്ഥരായ ഖത്തറിന്റെ ഉദ്യോഗസ്ഥര്‍ ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കെയാണ് ആക്രമണം നടന്നത്. രണ്ട് വര്‍ഷം മുമ്പ് ഗസ മുനമ്പില്‍ അധിനിവേശ യുദ്ധം ആരംഭിച്ചതിനുശേഷം 65,000ത്തിലധികം ആളുകളെയാണ് ഇസ്രായേല്‍ കൊന്നൊടുക്കിയത്. ഗസയിലെ കൊലപാതകങ്ങള്‍ വംശഹത്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണത്തില്‍ കണ്ടെത്തി.
എന്നാല്‍, വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ അധിനിവേശം കൂടുതല്‍ അക്രമാസക്തമായി മാറുകയും വിവിധ ഭീഷണികള്‍ ആരോപിച്ച് അയല്‍ രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. ഈ മാസം 72 മണിക്കൂറിനുള്ളില്‍ ഫലസ്തീന്‍, യെമന്‍, സിറിയ, ലബ്‌നാന്‍, ടുണീഷ്യ, ഖത്തര്‍ എന്നിവിടങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി.
ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന ഭരണകൂടം അതിന്റെ തകര്‍ച്ചയ്ക്കു മുമ്പുള്ള ദശകത്തില്‍ അയല്‍രാജ്യങ്ങള്‍ക്കു നേരെ നടത്തിയ ക്രൂരമായ ആക്രമണങ്ങളെ ഈ സൈനിക ആക്രമണങ്ങള്‍ ഓര്‍മിപ്പിക്കുന്നുവെന്ന് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സാംബിയ, അംഗോള, നമീബിയ, സിംബാബ്‌വെ, ബോട്‌സ്വാന, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളെയാണ് വര്‍ണവിവേചന ദക്ഷിണാഫ്രിക്ക ആക്രമിച്ചത്. ഇന്നത്തെ ഇസ്രായേലിനെപ്പോലെ, തങ്ങളുടെ 'ഭീകര' ശത്രുക്കളെ നേരിടാനായിരുന്നു ആക്രമണങ്ങളെന്ന് അന്നത്തെ വര്‍ണവിവേചന ദക്ഷിണാഫ്രിക്കയും അവകാശപ്പെട്ടു. അങ്ങനെയാണ് അന്ന് ദക്ഷിണാഫ്രിക്കയ്ക്ക് യുഎസ് പിന്തുണ നല്‍കിയത്, ഇന്ന് ഇസ്രായേലിന് നല്‍കുന്നത് പോലെ.
ഇസ്രായേല്‍ ഇന്നു ചെയ്യുന്നത് പോലെ വിദേശത്തെ വര്‍ണവിവേചന ദക്ഷിണാഫ്രിക്കയുടെ സൈനിക ആക്രമണങ്ങളും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും സുരക്ഷിത താവളങ്ങള്‍ക്കും മറ്റ് പ്രവര്‍ത്തകര്‍ക്കും നേരെയായിരുന്നുവെന്ന് പ്രിട്ടോറിയ സര്‍വകലാശാലയിലെ സുരക്ഷാ പഠന വിഭാഗത്തിലെ ലക്ചറര്‍ സോഞ്ജ തെറോണ്‍ പറയുന്നു. വെടിവയ്പുകളും ബോംബാക്രമണങ്ങളും ഉപയോഗിച്ചുള്ള കൊലപാതകങ്ങളും സാധാരണ സംഭവമായിരുന്നു. വര്‍ണവിവേചന ദക്ഷിണാഫ്രിക്കയെ പോലെ ഇസ്രായേലും അന്താരാഷ്ട്ര നിയമങ്ങളും രാജ്യങ്ങളുടെ പരമാധികാരവും ലംഘിച്ചു.
കഴിഞ്ഞ രണ്ടുവര്‍ഷമായി, ഇറാനിലും ലബ്‌നാനിലും ഹമാസ് അംഗങ്ങളെ ഇസ്രായേല്‍ ആക്രമിച്ചു കൊലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇസ്രായേലി സൈന്യം ഹിസ്ബുല്ലയുമായും യെമനിലെ അന്‍സാറുല്ലയുമായും ബന്ധപ്പെട്ട പ്രദേശങ്ങളില്‍ വ്യോമാക്രമണം നടത്തി. ഹമാസിനുള്ള പിന്തുണയാണ് അവരെ ആക്രമിക്കാന്‍ കാരണം. ഈ ആക്രമണങ്ങളില്‍ സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന ഭരണകൂടം അവസാനിപ്പിക്കണമെന്ന നിലപാട് സ്വീകരിച്ച ആഫ്രിക്കയിലെ 'മുന്നണി രാജ്യങ്ങളില്‍' ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സായുധ വിഭാഗമായ എംകെയ്ക്കും മറ്റു പ്രതിരോധ സംഘങ്ങള്‍ക്കും അഭയം നല്‍കിയിരുന്നു. അവർക്കെതിരേയാണ് വര്‍ണവിവേചന ഭരണകൂടത്തിന്റെ സൈന്യം വ്യോമാക്രണം നടത്തിയത്. ആഫ്രിക്കന്‍ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആരും അഭയം നല്‍കരുതെന്നും വര്‍ണവിവേചന ഭരണകൂടം ആവശ്യപ്പെട്ടു.
വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സ്ഥാപിച്ച വിവേചന മതില്‍-2005
ഇസ്രായേലി ഭരണകൂടവും ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന ഭരണകൂടവും തമ്മിലുള്ള സമാനതകള്‍ യാദൃച്ഛികമല്ലെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഫലസ്തീനില്‍ ഇസ്രായേല്‍ സ്ഥാപിതമായ 1948ല്‍ തന്നെയാണ് ദക്ഷിണാഫ്രിക്കയിലും വര്‍ണവിവേചന ഭരണകൂടം സ്ഥാപിക്കപ്പെട്ടത്. വംശീയ-ദേശീയ പ്രത്യയശാസ്ത്രം അടിസ്ഥാനമാക്കിയ ഭരണകൂടം സ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും മതത്തെ ഉപയോഗിച്ചു. സമാനമായ ശത്രുവിനെതിരായ പോരാട്ടമെന്ന പേരില്‍ ഇരുരാജ്യങ്ങളും സ്വയം നിര്‍വചിച്ചു. ശത്രുക്കളായ തദ്ദേശീയരാല്‍ ചുറ്റപ്പെട്ട പാശ്ചാത്യ നാഗരികതയുടെ മരുപ്പച്ചയായി വര്‍ണവിവേചന ഭരണകൂടവും സയണിസ്റ്റ് ഭരണകൂടവും സ്വയം വീക്ഷിച്ചു.
2023ല്‍ പുറത്തിറങ്ങിയ 'ദി ഫലസ്തീന്‍ ലബോറട്ടറി' എന്ന പുസ്തകത്തില്‍, സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ആന്റണി ലോവന്‍സ്റ്റീന്‍ എഴുതിയത് ഇങ്ങനെയാണ്: ''നാസി അനുഭാവിയായ ദക്ഷിണാഫ്രിക്കന്‍ പ്രധാനമന്ത്രി ജോണ്‍ വോര്‍സ്റ്റര്‍ 1976ല്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചു. അടുത്ത വര്‍ഷം സര്‍ക്കാര്‍ ഒരു ഇയര്‍ ബുക്ക് പുറത്തിറക്കി. ഇസ്രായേലിനും ദക്ഷിണാഫ്രിക്കയ്ക്കും പൊതുവായ ഒരു കാര്യമുണ്ടെന്ന് ഇയര്‍ ബുക്ക് പറഞ്ഞു. രണ്ടുരാജ്യങ്ങളും ശത്രുക്കളായ ഇരുണ്ട ജനത വസിക്കുന്ന ലോകത്താണ് സ്ഥിതി ചെയ്യുന്നത്.''
ഈ ബന്ധം ഇരുരാജ്യങ്ങളും തമ്മില്‍ പ്രതിരോധത്തെ ചുറ്റിപ്പറ്റിയുള്ള ഇറുകിയ സഖ്യത്തിന് കാരണമായി. ധാതുസമ്പന്നമായ ദക്ഷിണാഫ്രിക്ക ഇസ്രായേലിന് വിഭവങ്ങള്‍ നല്‍കി. ഇസ്രായേല്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാങ്കേതിക വിദ്യയും നല്‍കി.
ദക്ഷിണാഫ്രിക്കയുടെ കഠിനമായ വംശീയ വേര്‍തിരിവ് നയങ്ങളില്‍നിന്ന് ഇസ്രായേല്‍ പ്രചോദനം ഉള്‍ക്കൊണ്ടു. പ്രത്യേകിച്ച് കറുത്തവര്‍ഗക്കാരായ ദക്ഷിണാഫ്രിക്കക്കാരെ 'മാതൃഭൂമികളിലേക്ക്' തള്ളിവിടാന്‍ നിര്‍ബന്ധിതരാക്കിയ 'ബന്തുസ്ഥാന്‍' റിസര്‍വ് പദ്ധതിയെ ഇസ്രായേല്‍ അനുകരിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സ്ഥാപിച്ച 165 ക്യാംപുകളുടെ ബ്ലൂപ്രിന്റായി ഈ വംശീയ സംവിധാനം പ്രവര്‍ത്തിച്ചെന്ന് ലോവന്‍സ്റ്റീന്‍ പറയുന്നു.
എന്നാല്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കാതല്‍ ആയുധങ്ങളായിരുന്നു. 1975 ഏപ്രിലില്‍ ദക്ഷിണാഫ്രിക്കയും ഇസ്രായേലും രഹസ്യ സുരക്ഷാ കരാറില്‍ ഒപ്പുവച്ചു. 1976ന് ശേഷം, ഇരു രാജ്യങ്ങളുടെയും സുരക്ഷാ സ്ഥാപനങ്ങളും സൈന്യങ്ങളും തമ്മില്‍ ഒരു പ്രണയബന്ധം ഉണ്ടായിരുന്നുവെന്നാണ് ഇസ്രായേലി അംബാസഡറായിരുന്ന അലോണ്‍ ലിയലിനെ ഉദ്ധരിച്ച് ലോവന്‍സ്റ്റീന്‍ പറയുന്നത്. അംഗോളയില്‍ വര്‍ണവിവേചന ഭരണകൂടം നടത്തിയ ആക്രമണങ്ങളില്‍ ഇസ്രായേലിനു പങ്കാളിത്തമുണ്ടായിരുന്നു.
മൊസാംബിക്കില്‍ വര്‍ണവിവേചന ദക്ഷിണാഫ്രിക്ക നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ അഭിഭാഷകന്‍ ആല്‍ബി സാഷ്‌സ്-1988
വാസ്തവത്തില്‍, വര്‍ണവിവേചന ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ ഇസ്രായേല്‍ ലംഘിച്ചു. അതോടൊപ്പം ആണവ ശേഷികള്‍ വികസിപ്പിക്കുന്നതില്‍ രഹസ്യ സഹകരണം വര്‍ധിപ്പിക്കുകയും ചെയ്തു. 1979ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആണവായുധങ്ങള്‍ പരീക്ഷിക്കാന്‍ ദക്ഷിണാഫ്രിക്ക ഇസ്രായേലിനെ അനുവദിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇസ്രായേല്‍ അത് നിഷേധിക്കുന്നു.
അത്യാധുനിക ആയുധങ്ങളുടെ ബലത്തില്‍ 1970കളിലും 1980കളിലും വര്‍ണവിവേചന ദക്ഷിണാഫ്രിക്ക നിരവധി അയല്‍രാജ്യങ്ങളെ ആക്രമിച്ചു. അത് ശീതയുദ്ധത്തിന്റെ കാലവുമായിരുന്നു. പോര്‍ച്ചുഗലില്‍നിന്ന് സ്വാതന്ത്ര്യം നേടിയതിനെത്തുടര്‍ന്ന് അംഗോളയിലും മൊസാംബിക്കിലും ആഭ്യന്തരയുദ്ധങ്ങള്‍ രൂക്ഷമായിരുന്നു. ക്യൂബയുടെയും സോവിയറ്റ് യൂണിയന്റെയും പിന്തുണയോടെ അംഗോളന്‍ എംപിഎല്‍എ സര്‍ക്കാര്‍ സേനകള്‍ വര്‍ണവിവേചന ദക്ഷിണാഫ്രിക്കയുടെയും യുഎസിന്റെയും പിന്തുണയുള്ള യൂണിറ്റ വിമതരുമായി പോരാടി.
ക്യൂബന്‍ വിപ്ലവകാരി ഏണസ്റ്റോ ചെ ഗുവേര അംഗോളയില്‍
വര്‍ണവിവേചന ദക്ഷിണാഫ്രിക്കയുടെയും വെളുത്ത ന്യൂനപക്ഷ നേതൃത്വത്തിലുള്ള റൊഡേഷ്യയുടെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന റെനാമോയുമായി മൊസാംബിക്കിലെ ഫ്രെലിമോ ഭരണകൂടം പോരാടി.
റൊഡേഷ്യയാണ് പിന്നീട് സ്വാതന്ത്ര്യം നേടി സിംബാബ്‌വേയായത്. അതേസമയം, നമീബിയയിലെ സൗത്ത് വെസ്റ്റ് ആഫ്രിക്ക പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍ വര്‍ണവിവേചന ദക്ഷിണാഫ്രിക്കയുമായി ഒരു സ്വാതന്ത്ര്യയുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു.
സ്വിംബാബ്‌വേ നേതാവ് റോബര്‍ട്ട് മുഗാബെ ഗറില്ലാ ക്യാംപില്‍
1980നും 1988നും ഇടയില്‍ നേരിട്ടുള്ള സംഘര്‍ഷം, രോഗം, ക്ഷാമം, ആരോഗ്യ സേവനങ്ങളിലെ തടസ്സങ്ങള്‍ എന്നിവ മൂലം 15 ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു. ജനാധിപത്യവാദികളെ നേരിടാന്‍ വര്‍ണവിവേചന ദക്ഷിണാഫ്രിക്ക വിമതരെ സഹായിച്ച അംഗോളയിലും മൊസാംബിക്കിലുമാണ് ഗുരുതരമായ സംഭവങ്ങളുണ്ടായത്. വര്‍ണവിവേചന ദക്ഷിണാഫ്രിക്കയുടെ ആക്രമണം മൂലം ഏകദേശം 5.2 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യങ്ങള്‍ നശിച്ചു.
ദശകങ്ങളുടെ വര്‍ണവിവേചന ഭരണത്തിനും പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കും ശേഷം, ദക്ഷിണാഫ്രിക്കയുടെ സൈനിക, സാമ്പത്തിക ശക്തി അതിന്റെ ചെറിയ എതിരാളികളെ തളര്‍ത്തിയതിനാല്‍, ദക്ഷിണാഫ്രിക്കയിലെ മറ്റ് വിമോചന പ്രസ്ഥാനങ്ങള്‍ക്ക് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനോടുള്ള അടുപ്പം കുറഞ്ഞെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. എന്നാല്‍, അതേസമയം തന്നെ, വിദേശത്തെ ക്രൂരമായ ആക്രമണങ്ങളും സ്വദേശത്തെ സിവിലിയന്‍ പ്രതിഷേധങ്ങളും മൂലം വര്‍ണവിവേചന ദക്ഷിണാഫ്രിക്ക അന്താരാഷ്ടതലത്തില്‍ തന്നെ അപലപിക്കപ്പെട്ടു. 1986ല്‍ സമഗ്ര വര്‍ണവിവേചന വിരുദ്ധ നിയമം വഴി യുഎസ് ദക്ഷിണാഫ്രിക്കയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തി.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെന്റി കിസ്സിംഗര്‍ വര്‍ണവിവേചന ദക്ഷിണാഫ്രിക്കയുടെ അംബാസഡറെ കാണുന്നു-1976
ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഫലസ്തീനികളെ കൊലപ്പെടുത്തുന്നതിന്റെയും പട്ടിണിക്കിട്ട് കൊല്ലുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവരുമ്പോള്‍ ലോകത്ത് ഇസ്രായേലിനോടുള്ള എതിര്‍പ്പും വര്‍ധിച്ചുവരുകയാണ്. ദോഹയില്‍ നടത്തിയ ആക്രമണം ഇസ്രായേലിന്റെ സൈനിക നയത്തിലെ അന്താരാഷ്ട്ര എതിര്‍പ്പ് ശക്തിപ്പെടുത്തുന്നതായി തോന്നി. ജര്‍മനിയും യുഎസും ഉള്‍പ്പെടെയുള്ള പരമ്പരാഗത ഇസ്രായേലി സഖ്യകക്ഷികള്‍ പോലും വിമര്‍ശനത്തില്‍ പങ്കുചേര്‍ന്നു. അതേസമയം, സ്‌പെയിനും യൂറോപ്യന്‍ യൂണിയനും ഇസ്രായേലിനെതിരേ ആയുധ ഉപരോധം, മന്ത്രിമാര്‍ക്കും കുടിയേറ്റക്കാര്‍ക്കും എതിരായ ഉപരോധം, ഉഭയകക്ഷി പിന്തുണ നിര്‍ത്തിവയ്ക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി നടപടികള്‍ പ്രഖ്യാപിച്ചു.
വര്‍ണവിവേചന ദക്ഷിണാഫ്രിക്കയുമായുള്ള അമേരിക്കയുടെ ബന്ധം ഭരണകൂടത്തെ ആശ്രയിച്ച് നിരന്തരം ഗണ്യമായി വ്യത്യാസപ്പെട്ടിരുന്നു, നിക്‌സണ്‍, ഫോര്‍ഡ്, കാര്‍ട്ടര്‍, റീഗന്‍ എന്നിവരുടെ നയങ്ങള്‍ അര്‍ഥവത്തായ രീതിയില്‍ വ്യത്യാസപ്പെട്ടിരുന്നു. ഇസ്രായേലിന്റെയും ഫലസ്തീനിന്റെയും കാര്യത്തില്‍ സമാനമായ മാറ്റങ്ങള്‍ കാണുന്നതായി ദക്ഷിണാഫ്രിക്കയിലെ ഫ്രീ സ്റ്റേറ്റ് സര്‍വകലാശാലയിലെ ചരിത്രകാരനായ ലാസ്ലോ പാസെമിയേഴ്‌സ് പറഞ്ഞു.
ചരിത്രത്തില്‍ നിന്നും മാഞ്ഞുപോയ വര്‍ണവിവേചന ദക്ഷിണാഫ്രിക്കന്‍ സൈനികര്‍
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:''മേഖലയിലെ ഇസ്രായേലിന്റെ നിരന്തരമായ ആക്രമണങ്ങളും ഗസയിലെ വംശഹത്യയും ഇസ്രായേലിനെ പിന്തുണയ്ക്കുന്നത് മറ്റുരാജ്യങ്ങള്‍ക്ക് രാഷ്ട്രീയമായ ബാധ്യതയാവുന്നു.'' ദോഹയിലെ ആക്രമണത്തിന് കൂട്ടായ പ്രതികരണമാണ് വേണ്ടതെന്നാണ് ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുർറഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി ആവശ്യപ്പെട്ടത്. മുഴുവന്‍ ഗള്‍ഫ് മേഖലയും അപകടത്തിലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നിരുന്നാലും, യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പിന്തുണ ആസ്വദിക്കുന്നിടത്തോളം കാലം നെതന്യാഹു, തന്റെ സൈനിക അഭിലാഷങ്ങളില്‍നിന്ന് പിന്മാറാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്നത്തെ ഇസ്രായേലും വര്‍ണവിവേചന ദക്ഷിണാഫ്രിക്കയും തമ്മില്‍ ഒരു പ്രധാന വ്യത്യാസമുണ്ടെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ശീതയുദ്ധ കാലഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഉണ്ടായിരുന്നതിനേക്കാള്‍ വളരെ വലിയ തന്ത്രപരമായ മൂല്യമാണ് യുഎസിനെ സംബന്ധിച്ചത്തോളം ഇസ്രായേലിന് ഉള്ളത്. അതിനാലാണ് ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയില്‍നിന്ന് പരിധിയില്ലാത്ത പിന്തുണ ഇസ്രായേലിനു ലഭിക്കുന്നത്. വര്‍ണവിവേചന ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്താനുള്ള സമഗ്ര വര്‍ണവിവേചന ബില്ലിനെ യുഎസ് പ്രസിഡന്റ് റോണാള്‍ഡ് റീഗന്‍ 1986 സെപ്റ്റംബറില്‍ വീറ്റോ ചെയ്‌തെങ്കിലും ജനപ്രതിനിധി സഭ അത് വോട്ടിനിട്ട് തള്ളി. നിലവില്‍ യുഎസിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ഇസ്രായേലിനെതിരേ അത്തരം നടപടിക്ക് സാധ്യതയില്ല.
ജനാധിപത്യ കാലഘട്ടത്തില്‍, 1994ലെ ആദ്യ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം, ദക്ഷിണാഫ്രിക്കയിലെ ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫലസ്തീനിനെ ശക്തമായി അനുകൂലിക്കുന്നു. ഫലസ്തീനിനുള്ള പിന്തുണ ഉറപ്പിച്ചുകൊണ്ട്, ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ തലവനായ പ്രസിഡന്റ് സിറില്‍ റമാഫോസ, ദീര്‍ഘകാല സഹകരണ പാരമ്പര്യം തുടര്‍ന്നു.
ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ഭീകരസംഘടനയാണെന്ന് യുഎസും ഇസ്രായേലും മുദ്ര കുത്തിയെങ്കിലും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനില്‍നിന്നു മാറി നില്‍ക്കില്ലെന്നാണ് 1990ല്‍ ജയില്‍ മോചിതനായ നെല്‍സന്‍ മണ്ഡേല പ്രഖ്യാപിച്ചത്. അന്നുമുതല്‍ ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനുള്ള പിന്തുണ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് തുടരുന്നു.
ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന വിരുദ്ധ പോരാളി നെല്‍സന്‍ മണ്ഡേല പിഎല്‍ഒ ചെയര്‍മാന്‍ യാസര്‍ അറഫാത്തിനെ ഈജിപ്തിലെ കെയ്‌റോയില്‍ വച്ച് കണ്ടപ്പോള്‍-1990
2018ല്‍, ഗസയില്‍ ഇസ്രായേല്‍ സൈന്യം സമാധാനപരമായ പ്രതിഷേധക്കാരെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്ക ഇസ്രായേലില്‍നിന്നുള്ള തങ്ങളുടെ അംബാസഡറെ പിന്‍വലിച്ചു. 2021ല്‍, ആഫ്രിക്കന്‍ യൂണിയനില്‍ ഇസ്രായേലിന് നിരീക്ഷക പദവി നല്‍കുന്നതിനെതിരേ പ്രചാരണം നടത്തി.
ഗസയില്‍ വംശഹത്യ നടത്തിയതിന് ഇസ്രായേലിനെതിരേ റമാഫോസയുടെ ഭരണകൂടം 2023 ഡിസംബറില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതിന് രാജ്യത്തെ പാര്‍ലമെന്റ് വോട്ട് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും സര്‍ക്കാര്‍ ആ ആഹ്വാനം പാലിച്ചിട്ടില്ല.
ഇസ്രായേലിനെ ഉത്തരവാദിത്തപ്പെടുത്താന്‍ വേണ്ടത്ര കാര്യങ്ങള്‍ ചെയ്യുന്നില്ലെന്ന് ആക്ടിവിസ്റ്റുകളുടെ വിമര്‍ശനം ഉണ്ടായിരുന്നിട്ടും, തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗം കേസാണെന്ന് ദക്ഷിണാഫ്രിക്കക്കാര്‍ വാദിക്കുന്നു. അതേസമയം, ഖത്തറിനെതിരായ ആക്രമണം ഇസ്രായേലും ഹമാസും തമ്മിലുള്ള സമാധാന കരാറിന്റെ സാധ്യതയെ തകര്‍ക്കുന്നതിനാല്‍, ഇരുവിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുവരുന്നതിനുള്ള ഏറ്റവും നല്ല മാതൃക ദക്ഷിണാഫ്രിക്കന്‍ മാതൃകയാണെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. വര്‍ണവിവേചനത്തിന്റെ പതനത്തില്‍നിന്നുള്ള പ്രധാന പാഠം അത് ബഹിഷ്‌കരണങ്ങള്‍, ഉപരോധങ്ങള്‍, വിമോചന പ്രസ്ഥാനങ്ങള്‍ക്കുള്ള പിന്തുണ, ദക്ഷിണാഫ്രിക്കയോടുള്ള അന്താരാഷ്ട്ര എതിര്‍പ്പ് എന്നിവയുള്‍പ്പെടെയുള്ള ബാഹ്യ സമ്മര്‍ദ്ദത്തെയും ആഭ്യന്തര എതിര്‍പ്പിനെയും ആശ്രയിച്ചിരുന്നു എന്നതാണ്.
ഇസ്രായേലിന്റെ അടിച്ചമര്‍ത്തലും അക്രമവും അവസാനിപ്പിക്കാന്‍ ഇസ്രായേലിനുള്ളില്‍നിന്ന് മാറ്റത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ വേണ്ടി വരുമെന്നാണ് സോഞ്ജ തെറോണ്‍ പറയുന്നത്. അതേസമയം, ഗസയിലെ അധിനിവേശം വര്‍ണവിവേചന വിരുദ്ധ പോരാട്ടത്തിനിടയില്‍ തനിക്കുണ്ടായ ആഘാതത്തിന്റെ ഓര്‍മകളാണ് പെരേസില്‍ ഉണര്‍ത്തുന്നത്. വര്‍ണവിവേചന വിരുദ്ധ പോരാളികളെ തട്ടിക്കൊണ്ടുപോകാന്‍ ദക്ഷിണാഫ്രിക്കന്‍ സൈന്യം ബോട്‌സ്വാനയില്‍ നടത്തിയ റെയ്ഡുകള്‍, സാംബിയയിലെ ഒരു യുവ സഖാവിന്റെ കൈ ലെറ്റര്‍ ബോംബ് ഉപയോഗിച്ച് തകര്‍ത്തത്, വര്‍ണവിവേചന സേനയില്‍നിന്ന് രക്ഷപ്പെടാന്‍ പലതവണ സ്ഥലം മാറ്റേണ്ടി വന്നത്, നിലത്ത് ഇഴഞ്ഞുരക്ഷപ്പെട്ടത് എന്നിവയെല്ലാം പെരേസ് ഓര്‍ക്കുന്നു.
എന്നിരുന്നാലും ഗസയിലെ അക്രമങ്ങള്‍ക്ക് ഇസ്രായേലിനെ ശിക്ഷിക്കാന്‍ കഴിയുമെന്ന് തന്നെയാണ് പെരേസ് പറയുന്നത്. ദക്ഷിണാഫ്രിക്ക ഇസ്രായേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും വിച്ഛേദിക്കുകയും ഫിഫ, ഒളിംപിക്‌സ് പോലുള്ള ആഗോള സ്ഥാപനങ്ങളില്‍നിന്ന് അതിനെ പുറത്താക്കാന്‍ കാംപയിന്‍ നടത്തണമെന്നും പെരേസ് ആവശ്യപ്പെടുന്നു.
''വര്‍ണവിവേചന ദക്ഷിണാഫ്രിക്കയോട് ചെയ്തതു പോലെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി ഇസ്രായേലിനെ സാമ്പത്തികമായി തളര്‍ത്തണം. സ്വതന്ത്ര ഫലസ്തീന്‍ പരിഗണിക്കാന്‍ അവരെ നിര്‍ബന്ധിക്കുന്ന ഘട്ടത്തില്‍ അവരെ എത്തിക്കണം.അതിന് ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട് ''-പെരേസ് പറയുന്നു.

