ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി ഉറപ്പുനല്‍കുന്ന പ്രമേയത്തിന് ഇന്നലെ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി അംഗീകാരം നല്‍കി. 142 ലോകരാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തിന് അനുകൂലമായി നിലപാട് എടുത്തപ്പോള്‍ പത്തുരാജ്യങ്ങള്‍ എതിര്‍ത്തു. ഇസ്രായേല്‍, യുഎസ്, അര്‍ജന്റീന, പോളണ്ട്, ഹംഗറി, മൈക്രോനേഷ്യ, നൗരു, പലാവു, പാപ്പുവ ന്യൂഗിനിയ, പരാഗ്വ, ടോംഗ എന്നീ രാജ്യങ്ങളാണ് എതിര്‍ത്തത്. സ്വതന്ത്ര ഫലസ്തീനെ ഇസ്രായേലും യുഎസും എതിര്‍ക്കുമെന്ന കാര്യം അറിയാത്തവരുണ്ടാവില്ല. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയുടെ എതിര്‍പ്പാണ് പ്രധാനമായും ചര്‍ച്ചയായത്.
സിറ്റിസണ്‍സ് യൂണിറ്റി പാര്‍ട്ടി നേതാവും അര്‍ജന്റീനയുടെ 56ാമത് പ്രസിഡന്റുമായിരുന്ന ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിഷ്‌നറുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2010ല്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിരുന്നു. സാമൂഹിക നീതി, സാമ്പത്തിക സ്വാതന്ത്ര്യം, രാഷ്ട്രീയ സ്വയംഭരണം എന്നിവയിലൂന്നിയാണ് അക്കാലത്തെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍ തന്നെ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം അക്കാലത്തെ അര്‍ജന്റീന സര്‍ക്കാരിന്റെ നയപരമായ തീരുമാനം കൂടിയായിരുന്നു.
അര്‍ജന്റീന പ്രസിഡന്റും ഇസ്രായേലി പ്രസിഡന്റും
യുഎസിന്റെ നുകത്തില്‍ നിന്നും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ മോചിതരായി കൊണ്ടിരിക്കുന്ന കാലവുമായിരുന്നു അത്. അക്കാലത്താണ് നിരവധി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ഫലസ്തീന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. 2012-2019 കാലത്തെ ഇടതുതരംഗം അതിനെ ശക്തിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, അക്കാലത്ത് ബ്രസീലില്‍ അധികാരം പിടിച്ച വലതുപക്ഷത്തെ ജയര്‍ ബോല്‍സനാരോ (2019-2023) ഇസ്രായേല്‍ അനുകൂല നിലപാട് തുടര്‍ന്നു. 2015-2019 കാലത്ത് അര്‍ജന്റീനയുടെ പ്രസിഡന്റായ മൗറീഷ്യോ മാക്രി കടുത്ത ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി ഫലസ്തീന്‍ നയത്തില്‍ മാറ്റം വരുത്തിയില്ല. പക്ഷേ, ഇന്നലെ യുഎന്നില്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്ര പ്രമേയം വന്നപ്പോള്‍ അവര്‍ നിലപാട് മാറ്റി യുഎസ്, ഇസ്രായേല്‍ പക്ഷത്തേക്ക് പൂര്‍ണമായും മാറി.
അര്‍ജന്റീന സര്‍ക്കാരിന്റെ നിലപാട് മാറ്റം കഴിഞ്ഞ ജൂണില്‍ തന്നെ വ്യക്തമായിരുന്നു. ജൂണ്‍ 12ന് ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബെഞ്ചമിന്‍ നെതന്യാഹുവു, അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയര്‍ മിലേയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാന്‍ ആക്രമണത്തെ കുറിച്ച് ജാവിയര്‍ മിലേക്ക് മുന്‍കൂറായി അറിയുമായിരുന്നോ എന്നു വ്യക്തതയില്ല. പക്ഷേ, ഇസ്രായേലിന്റെ ആക്രമണത്തെ ന്യായീകരിച്ച് ജാവിയര്‍ മിലേ രംഗത്തെത്തി. ജാവിയര്‍ മിലേയുടെ മുദ്രാവാക്യമായ 'സ്വാതന്ത്ര്യം നീണാല്‍ വാഴട്ടെ, ദൈവമേ ശപിക്കുക' പറഞ്ഞാണ് ഇസ്രായേലി യുദ്ധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ഇറാനിലെ ആക്രമണം ആഘോഷിച്ചത്.
2026 ഓടെ അര്‍ജന്റീനയുടെ എംബസി തെല്‍ അവീവില്‍ നിന്ന് ജെറുസലേമിലേക്ക് മാറ്റുമെന്ന് ഇസ്രായേല്‍ സന്ദര്‍ശനത്തില്‍ ജാവിയര്‍ മിലേയ് പ്രതിജ്ഞയെടുത്തിരുന്നു. അതോടെ ജെറുസലേമില്‍ എംബസിയുള്ള ഏഴാമത്തെ രാജ്യമായി അര്‍ജന്റീന മാറും. ഫലസ്തീന്റെ തലസ്ഥാനമാണ് ജെറുസലേം എന്ന കാര്യമാണ് ഇതില്‍ പ്രധാനം. പതിറ്റാണ്ടുകളായുള്ള അര്‍ജന്റീനയുടെ വിദേശനയത്തിന് വിരുദ്ധമാണ് ജെറുസലേമില്‍ ഇസ്രായേലിന് അവകാശം നല്‍കുന്നത്. അത് അന്താരാഷ്ട്ര ധാരണകളുടെയും ലംഘനമാണ്.
ഇറാനിലെ മൂന്നു ആണവനിലയങ്ങളില്‍ ആക്രമണം നടത്തി രണ്ടു ദിവസത്തിന് ശേഷം യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കി. ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്‌സ് ജനറല്‍ അസംബ്ലിയിലയിരുന്നു നിര്‍ദേശം. യുഎസും ഇറാനും തമ്മില്‍ വളര്‍ന്നു വരുന്ന ഏറ്റുമുട്ടലില്‍ പക്ഷം തിരഞ്ഞെടുക്കാനായിരുന്നു നിര്‍ദേശം. ഇസ്രായേലിന് ഒപ്പം നില്‍ക്കുന്നതു പോലെ തന്നെ അവര്‍ യുഎസ് പക്ഷവും തിരഞ്ഞെടുത്തു.
പ്രസിഡന്റ് ജാവിയര്‍ മിലേ ഇസ്രായേലിനെ ആലിംഗനം ചെയ്യുന്നത് പ്രത്യയശാസ്ത്രപരവും തന്ത്രപരവുമായാണ്. യുഎസിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരുടെ യാഥാസ്ഥിതിക കാഴ്ച്ചപാടുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, മിലേ ഇസ്രായേലിനെ പാശ്ചാത്യ മൂല്യങ്ങളുടെയും സാങ്കേതിക ശക്തിയുടെയും ജനാധിപത്യ പ്രതിരോധശേഷിയുടെയും ഒരു കോട്ടയായി ചിത്രീകരിക്കുന്നു.
എംബസിയുടെ സ്ഥലംമാറ്റം ഈ നിലപാടിന്റെ കേന്ദ്രബിന്ദുവാണ്. പ്രതീകാത്മകമാണെങ്കിലും, അത് നയതന്ത്ര പ്രാധാന്യത്തെ മറികടന്നിരിക്കുന്നു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ലംഘിക്കാനുള്ള അര്‍ജന്റീനയുടെ സന്നദ്ധതയെയാണ് ഇത് സൂചിപ്പിക്കുന്നത്. കൂടാതെ യുഎസിന്റെ നേതൃത്വത്തിലുള്ള ഇസ്രായേല്‍ അടക്കമുള്ള ഒരുപിടി രാജ്യങ്ങളുടെ കൂട്ടത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യാം.
മിലേയുടെ ഇസ്രായേല്‍ സന്ദര്‍ശനം ഒരു പതിവ് സന്ദര്‍ശനത്തേക്കാള്‍ കൂടുതലായിരുന്നു. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഇസ്രായേലില്‍ എത്തിയത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വിദേശരാജ്യ സന്ദര്‍ശനവുമായിരുന്നു അത്. നയതന്ത്രപരമായ നടപടി മാത്രമല്ല, രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള വ്യക്തിപരമായ പ്രതിബദ്ധതയും ഇത് എടുത്തുകാണിച്ചു. ജൂതരോടുള്ള തന്റെ ആരാധന അയാള്‍ പരസ്യമായി പ്രഖ്യാപിച്ചതുമാണ്. ഗസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന യുഎന്‍ പൊതുസഭ പ്രമേയത്തിനെതിരെ വോട്ട് ചെയ്ത ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായിരുന്നു അര്‍ജന്റീന.

