ഇച്ഛാശക്തിയുടെ ആയുധങ്ങള്‍: ട്രംപിന്റെ ഗസ പദ്ധതിയില്‍ ഹമാസും ഇസ്ലാമിക് ജിഹാദും

Update: 2025-11-26 10:05 GMT

ജെറമി സ്‌കാഹില്‍, ജാവ അഹ്‌മദ്

സെപ്റ്റംബര്‍ 9ന് ദോഹ സമയം ഉച്ചകഴിഞ്ഞ് 3:46ന് തൊട്ടുപിന്നാലെ, ഖത്തര്‍ തലസ്ഥാനത്ത് നടന്ന സ്‌ഫോടനത്തെക്കുറിച്ച് എന്തെങ്കിലും അറിയാമോ എന്ന് ചോദിച്ച് ഒസാമ ഹംദാന് ഒരു പത്രപ്രവര്‍ത്തകനില്‍നിന്ന് ഒരു കോള്‍ ലഭിച്ചു. ലെഗ്‌തൈഫിയ ജില്ലയിലെ വാദി റൗദാന്‍ സ്ട്രീറ്റിലെ ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനത്തിന്റെ ഓഫിസുകളില്‍നിന്നകന്ന് പട്ടണത്തിന് എതിര്‍വശത്തുള്ള ഒരു സ്ഥലത്ത് ഒരു മീറ്റിങിലായിരുന്നു മുതിര്‍ന്ന ഹമാസ് നേതാവ്. അദ്ദേഹം ഒരു ശബ്ദവും കേട്ടില്ല.

''ദോഹയില്‍ ഒരു സ്‌ഫോടനം ഉണ്ടായി'' എന്ന് പത്രപ്രവര്‍ത്തകന്‍ തന്നോട് പറഞ്ഞതായി ഹംദാന്‍ ഓര്‍മിച്ചു. ''നിങ്ങളുടെ ആളുകളെയാണ് ലക്ഷ്യം വച്ചതെന്ന് ഞാന്‍ കരുതുന്നു'' എന്നും ആ പത്രപ്രവര്‍ത്തകന്‍ പറഞ്ഞു. ഹംദാന്‍ മറ്റ് ഹമാസ് നേതാക്കളെ വിളിക്കാന്‍ തുടങ്ങി. ''ആരും മറുപടി നല്‍കുന്നില്ല. എല്ലാ ഫോണുകളും പ്രവര്‍ത്തനരഹിതമായിരുന്നു''- ഹംദാന്‍ ഓര്‍മിച്ചു. ''ഏകദേശം അഞ്ച് മിനിറ്റിനുശേഷം, സഹോദരന്മാരില്‍ ഒരാള്‍ എന്റെ അടുത്തുവന്ന് പറഞ്ഞു: 'ഓഫിസിന് നേരെ വ്യോമാക്രമണം നടന്നു.'


ഹംദാന്‍ സംഭവസ്ഥലത്തേക്കു പോകുമ്പോള്‍, ഉന്നത ഹമാസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ലക്ഷ്യമിട്ട് നിരവധി വ്യോമാക്രമണങ്ങള്‍ നടത്തിയതായി ഇസ്രായേല്‍ മാധ്യമങ്ങളോട് പറയാന്‍ തുടങ്ങിയിരുന്നു.

''ആക്രമിക്കപ്പെട്ട നേതൃത്വത്തിലെ അംഗങ്ങള്‍ വര്‍ഷങ്ങളോളം ഭീകരസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി, ഒക്ടോബര്‍ 7ലെ കൂട്ടക്കൊലയ്ക്ക് നേരിട്ട് ഉത്തരവാദികളായിരുന്നു, ഇസ്രായേല്‍ രാഷ്ട്രത്തിനെതിരേ യുദ്ധം നയിച്ചു''- എന്നെല്ലാം സൈന്യം ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഗസയിലെ ഹമാസ് മേധാവി ഡോ. ഖലീല്‍ അല്‍ ഹയ്യയെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ബോംബാക്രമണം നടത്തിയതെന്നും ഇസ്രായേല്‍ പറഞ്ഞു. ''ആക്രമണത്തിന്റെ ഫലങ്ങള്‍ കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്''-ഒരു ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു.


ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെ ജറുസലേമിലെ യുഎസ് എംബസി സ്‌പോണ്‍സര്‍ ചെയ്ത ഒരു സമ്മേളനത്തിലായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉണ്ടായിരുന്നത്. ''യുദ്ധത്തിന്റെ തുടക്കത്തില്‍, ആ ഭീകരത ചെയ്തവരിലേക്ക് ഇസ്രായേല്‍ എത്തുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്തു'' -നെതന്യാഹു വീമ്പിളക്കി. ''ഇന്ന് അത് നടന്നു.''

ഇസ്രായേലി വ്യോമാക്രമണങ്ങള്‍ ലജ്ജാകരമായിരുന്നു. കാരണം അവ മേഖലയിലെ തന്ത്രപ്രധാനമായ അമേരിക്കന്‍ സൈനിക കേന്ദ്രമായ യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന് ആതിഥേയത്വം വഹിക്കുന്ന യുഎസ് സഖ്യകക്ഷിയായ ഖത്തറിലാണ് നടത്തിയത്. ഫലസ്തീന്‍ ഗ്രൂപ്പുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ തുറക്കുന്നതിനാണ് യുഎസ് സര്‍ക്കാരിന്റെ നേരിട്ടുള്ള അഭ്യര്‍ഥനപ്രകാരം 2011ല്‍ ദോഹയില്‍ ഹമാസ് ഓഫിസുകള്‍ സ്ഥാപിതമായത്. മേഖലയിലെ സംഘര്‍ഷത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി യുഎസ് ആശ്രയിക്കുന്ന പ്രധാന മധ്യസ്ഥരിലൊന്നായി ഈജിപ്തിനൊപ്പം ഖത്തര്‍ സര്‍ക്കാരും പ്രവര്‍ത്തിച്ചിട്ടുണ്ട്.

''നെതന്യാഹു വെടിനിര്‍ത്തല്‍ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള പരിഹാരങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നത് വളരെ വ്യക്തമായ രാഷ്ട്രീയ സന്ദേശമായിരുന്നു. ചര്‍ച്ചകള്‍ നടത്തിയിരുന്ന പ്രതിനിധി സംഘത്തെ ഒഴിവാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു''- ഹംദാന്‍ 'ഡ്രോപ് സൈറ്റി'നോട് പറഞ്ഞു. 'ഗസയില്‍ ഹമാസ് തലവനെ വധിച്ചപ്പോള്‍ നെതന്യാഹു ഒരു വിജയകരമായ സാഹചര്യം' അവകാശപ്പെടാന്‍ ആഗ്രഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഖത്തറിനെ ബോംബെറിഞ്ഞതിലൂടെ, മധ്യസ്ഥരായി നിന്ന് വെടിനിര്‍ത്തല്‍ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ തയ്യാറുള്ള ആളുകളെ പോലും അദ്ദേഹം ബഹുമാനിക്കുന്നില്ല എന്നും ഇത് കാണിക്കുന്നു.'

ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെടുന്ന ഇസ്രായേല്‍ അനുകൂല അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിറഞ്ഞു. ഖാലിദ് മിശ്അല്‍, സഹര്‍ ജബ്ബാരിന്‍ എന്നിവരുള്‍പ്പെടെ മറ്റ് മുതിര്‍ന്ന ഹമാസ് നേതാക്കളും കൊല്ലപ്പെട്ടു. ഇസ്രായേല്‍ 'ഹമാസിന്റെ ഉന്നത തീവ്രവാദ നേതാക്കള്‍ക്കെതിരേ' ആക്രമണം നടത്തിയെന്ന് നെതന്യാഹു പറഞ്ഞു. എന്നാല്‍ വാസ്തവത്തില്‍, മുതിര്‍ന്ന ഹമാസ് നേതാക്കള്‍ ആരും മരിച്ചിട്ടില്ലെന്ന് ഹംദാന്‍ ഉടന്‍ തന്നെ കണ്ടെത്തി. 'പ്രതിനിധിസഭയുടെ യോഗം പ്രതീക്ഷിച്ചിരുന്ന മേഖലയിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്'- വധശ്രമത്തെക്കുറിച്ച് ഹംദാന്‍ പറഞ്ഞു. 'പക്ഷേ അവര്‍ വിജയിച്ചില്ല.'

പകരം, ആക്രമണത്തില്‍ അല്‍ ഹയ്യയുടെ മകന്‍ ഹമ്മാം, ഹമാസ് നേതാവിന്റെ പേഴ്സണല്‍ സെക്രട്ടറി, മൂന്ന് ഓഫിസ് സഹായികള്‍, അംഗരക്ഷകര്‍ എന്നിവര്‍ കൊല്ലപ്പെട്ടു. ഒരു ഖത്തരി സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. മൊത്തത്തില്‍, ഇസ്രായേലി യുദ്ധവിമാനങ്ങള്‍ കോംപൗണ്ടിലേക്ക് 10-12 മിസൈലുകള്‍ തൊടുത്തുവിട്ടു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസുകളും അല്‍ ഹയ്യയുടെ അപാര്‍ട്ട്‌മെന്റും തകര്‍ത്തു. അല്‍ ഹയ്യയുടെ ഭാര്യ, മരുമകള്‍, പേരക്കുട്ടികള്‍ എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.

ആക്രമണത്തില്‍ തന്റെ മകന്‍ രക്തസാക്ഷിയായി എന്ന വാര്‍ത്ത അല്‍ ഹയ്യയെ ഹംദാന് അറിയിക്കേണ്ടി വന്നു. 2014ല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് നേതാവ് അല്‍ഹയ്യയുടെ മകന്‍ ഒസാമ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന് ഗസയിലെ വംശഹത്യയില്‍ നിരവധി കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ടിരുന്നു. അല്‍ ഹയ്യ വാര്‍ത്ത സ്വീകരിച്ചുവെന്നും അദ്ദേഹം പിന്നീട് പരസ്യമായി പ്രതികരിക്കുമെന്നും ഹംദാന്‍ പറഞ്ഞു.

'എന്റെ മകനെ നഷ്ടപ്പെട്ടതിലുള്ള വേദന പോലെ തന്നെയാണ് എന്റെ കൂട്ടുകാരനെയും എന്റെ ഓഫിസ് ഡയറക്ടറെയും എന്റെ ചുറ്റുമുള്ള യുവാക്കളെയും നഷ്ടപ്പെട്ടതിന്റെ ഈ വേദനയും. ഇത് സ്വാഭാവികമായി മനുഷ്യര്‍ക്കുണ്ടാവുന്ന വേദനയാണ് - ഞങ്ങള്‍ ഇരുമ്പോ കല്ലോ കൊണ്ടോ നിര്‍മിക്കപ്പെട്ടവരല്ല. ഞങ്ങള്‍ ഞങ്ങളുടെ രക്തസാക്ഷികള്‍ക്കായി കരയുന്നു; ഞങ്ങളുടെ കുടുംബങ്ങള്‍ക്കായി കരയുന്നു; ഞങ്ങളുടെ സഹോദരങ്ങള്‍ക്കായി ഞങ്ങള്‍ കരയുന്നു' - അല്‍ ഹയ്യ പറഞ്ഞു.

'ഗസയില്‍ ഓരോ ദിവസവും ഞാന്‍ കാണുന്ന കൊലകള്‍, സ്വേച്ഛാധിപത്യം, കൊലപാതകങ്ങള്‍, നാശങ്ങള്‍ എന്നിവ എന്റെ പ്രിയപ്പെട്ടവരെയും എന്റെ സഹോദരന്മാരെയും മറ്റുള്ളവരെയും നഷ്ടപ്പെട്ടതിന്റെ വേദന മറക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. കാരണം അവരെല്ലാം എന്റെ സ്വന്തം മക്കളെപ്പോലെയാണെന്ന് ഞാന്‍ കണക്കാക്കുന്നു' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 7നെ ഓര്‍മിച്ചുകൊണ്ട് ദോഹ ആക്രമണത്തെ ഇസ്രായേല്‍ പരസ്യമായി ന്യായീകരിച്ചെങ്കിലും, ആക്രമണം വാസ്തവത്തില്‍, ഒരു നിര്‍ണായക നിമിഷത്തില്‍ ഹമാസിന്റെ ചര്‍ച്ചാ സംഘത്തെ കൊല്ലാനും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചിരുന്ന ഒരു രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ അത് ചെയ്യാനും ഉള്ള ശ്രമമായിരുന്നു. ബോംബാക്രമണത്തിന് മുമ്പുള്ള ദിവസങ്ങളില്‍, ഖത്തരി മധ്യസ്ഥര്‍ വഴി ട്രംപ് ഭരണകൂടം, പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശമാണെന്ന് സൂചിപ്പിച്ച് യുഎസ് ഉദ്യോഗസ്ഥരുടേതായ ഒരു രൂപരേഖ ഹമാസിന് അയച്ചിരുന്നു.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്‍വാങ്ങല്‍ വാഗ്ദാനം വിശദാംശങ്ങളില്‍ വളരെ കുറവായിരുന്നു. എന്നാല്‍, ഗസയില്‍ ഹമാസും ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദും തടവില്‍ വച്ചിരിക്കുന്ന എല്ലാ ഇസ്രായേലി തടവുകാരെയും ഘട്ടങ്ങളായല്ലാതെ ഒരേസമയം ഉടന്‍ മോചിപ്പിക്കുക എന്നതായിരുന്നു അവരുടെ കേന്ദ്ര ആവശ്യം. പകരമായി, ഒരു വെടിനിര്‍ത്തല്‍ അംഗീകരിക്കാനും ഉപരോധിത മേഖലയിലേക്ക് മാനുഷിക സഹായങ്ങള്‍ വിതരണം ചെയ്യുന്നത് പുനരാരംഭിക്കാനും ഇസ്രായേലിനെ പ്രേരിപ്പിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് നിര്‍ദേശിച്ചത്. ഹമാസിന്റെ വീക്ഷണകോണില്‍, ഈ വാഗ്ദാനം ഒരു കെണിയായാണ് തോന്നിയത്. കാരണം ഗസയിലെ വംശഹത്യയും അടിച്ചേല്‍പ്പിക്കപ്പെട്ട പട്ടിണിയും അവസാനിപ്പിക്കുന്നതിന് ഇസ്രായേലിനു മേല്‍ ഏര്‍പ്പെടുത്തുന്ന വ്യവസ്ഥകളെക്കുറിച്ച് കരാറിലെ ഭാഷ അവ്യക്തവും പ്രതിബദ്ധത ഇല്ലാത്തതുമായിരുന്നു.

ട്രംപിന്റെ മുന്‍ വാഗ്ദാനങ്ങളില്‍ ഹമാസിനും പൊള്ളലേറ്റിരുന്നു. മെയ് മാസത്തില്‍, ഗസയില്‍ തടവിലാക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ട യുഎസ് പൗരനും ഇസ്രായേലി സൈനികനുമായ എഡാന്‍ അലക്‌സാണ്ടറിന്റെ മോചനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎസ് ദൂതന്മാര്‍ ഹമാസ് ഉദ്യോഗസ്ഥരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി. പകരമായി, ട്രംപ് ഉടനടി വെടിനിര്‍ത്തല്‍ ആവശ്യപ്പെടുമെന്നും ഗസയിലേക്കുള്ള സഹായ വിതരണം പുനരാരംഭിക്കുമെന്നും ഹമാസിനോട് പറഞ്ഞു. ഹമാസ് അലക്‌സാണ്ടറെ മോചിപ്പിച്ചു. എന്നാല്‍, ട്രംപ് വാഗ്ദാനം പാലിച്ചില്ല.

എന്നിരുന്നാലും, വംശഹത്യയ്ക്ക് ചര്‍ച്ചയിലൂടെ അന്ത്യം കുറിക്കാനുള്ള ഏക മാര്‍ഗം ട്രംപിലൂടെയേ സാധ്യമാവൂ എന്ന് ഫലസ്തീന്‍ പ്രതിരോധ പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് സെപ്റ്റംബര്‍ 9ന് യുഎസ് നിര്‍ദേശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അവര്‍ ദോഹയില്‍ ഒത്തുകൂടിയത്. ആ സമയം ഇസ്രായേല്‍ അവരെ വധിക്കാന്‍ ശ്രമിച്ചു.

ദോഹ ആക്രമണത്തിന് മുമ്പ് ഹമാസ് ഒരു കരാര്‍ അംഗീകരിച്ചിരുന്നു

ആഗസ്റ്റ് 18ന്, ദോഹയിലെ ഇസ്രായേല്‍ ആക്രമണത്തിനു മൂന്നാഴ്ച മുമ്പ്, ഫലസ്തീന്‍ ചര്‍ച്ചാ സംഘം ഗണ്യമായ ഇളവുകള്‍ വാഗ്ദാനം ചെയ്യുകയും ട്രംപും ഇസ്രായേലും ആവശ്യപ്പെട്ട 13 ഇന വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന്റെ നിബന്ധനകള്‍ ഇതിനകം അംഗീകരിക്കുകയും ചെയ്തിരുന്നു. മാര്‍ച്ചില്‍ 'വിറ്റ്‌കോഫ് കരാര്‍' ആദ്യം തയ്യാറാക്കുകയും പദ്ധതിക്ക് ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫിന്റെ പേര് നല്‍കയും ചെയ്തു. മാര്‍ച്ച് 2ന് ഇസ്രായേല്‍ ഏകപക്ഷീയമായി ജനുവരിയിലെ യഥാര്‍ഥ വെടിനിര്‍ത്തല്‍ കരാര്‍ ഉപേക്ഷിച്ചതിനും ഗസയില്‍ പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയതിനും മാര്‍ച്ച് 19ന് ചുട്ടെരിക്കുന്ന കര ബോംബിങ് പുനരാരംഭിച്ചതിനും ശേഷമുള്ള മാസങ്ങള്‍നീണ്ട ചര്‍ച്ചകളുടെയും സാങ്കേതിക ചര്‍ച്ചകളുടെയും മൂര്‍ധന്യത്തിലാണ് ഹമാസ് ഈ നിബന്ധനകള്‍ അംഗീകരിച്ചത്. പ്രാരംഭ ഘട്ടത്തില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ കേന്ദ്രീകരിച്ചായിരുന്നു വിറ്റ്‌കോഫ് കരാര്‍.

സഹായ വിതരണം പുനരാരംഭിക്കുക, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രായേലി തടവുകാരുടെയും പകുതി പേരെ മോചിപ്പിക്കുക, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുമ്പോള്‍ വെടിനിര്‍ത്തല്‍ നീട്ടാനുള്ള സാധ്യത ആരായുക എന്നിവയായിരുന്നു ഈ പ്രാരംഭ ഘട്ടം.

''ഗസയിലെ 20 തടവുകാരെ ഹമാസ് ഒറ്റയടിക്ക് കൈമാറില്ലെന്നാണ് പ്രസിഡന്റ് ട്രംപിന്റെ വിലയിരുത്തല്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം ഹമാസും ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളും ഇപ്പോഴും കൈവശം വച്ചിരിക്കുന്ന ഒരേയൊരു കാര്‍ഡ് ഇതാണ്''- ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെ മുഖ്യ രാഷ്ട്രീയ ചര്‍ച്ചക്കാരനായ മുഹമ്മദ് അല്‍ ഹിന്ദി കഴിഞ്ഞയാഴ്ച 'ഡ്രോപ് സൈറ്റി'ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ''ഹമാസും മറ്റു വിഭാഗങ്ങളുമായി ഞങ്ങള്‍ പരസ്പരം കൂടിയാലോചിക്കുകയും 'വിറ്റ്‌കോഫ് കരാര്‍' അംഗീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.''

ചര്‍ച്ചകളിലെ സ്തംഭനാവസ്ഥ മറികടക്കുകയും അവരുടെ ചുവന്ന വരകള്‍ ഏറ്റവും കുറഞ്ഞ അളവില്‍ കുറയ്ക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന നിഗമനത്തിലാണ് ഫലസ്തീന്‍ ചര്‍ച്ചക്കാര്‍ എത്തിച്ചേര്‍ന്നത്. ഒരു കരാര്‍ സാധ്യമാണെന്ന് ഫലസ്തീന്‍ ചര്‍ച്ചക്കാര്‍ സൂചിപ്പിച്ചതിനുശേഷം, മാസങ്ങളായി ഇസ്രായേലികള്‍ ആവര്‍ത്തിച്ച് പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഗണ്യമായ ഇളവുകള്‍ നല്‍കാന്‍ സമ്മതിക്കുമെന്ന് ഫലസ്തീന്‍ ചര്‍ച്ചക്കാര്‍ മധ്യസ്ഥരെ അറിയിച്ചു. കരാറിന്റെ ആദ്യ ദിവസം തന്നെ എട്ട് ഇസ്രായേലി തടവുകാരെ മോചിപ്പിക്കുക, ഫിലാഡല്‍ഫി ഇടനാഴിയില്‍നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കുന്നതിനുള്ള വ്യക്തമായ സമയപരിധിക്കുള്ള അവരുടെ ആവശ്യങ്ങള്‍ ഉപേക്ഷിക്കുക, ഗസയെ ചുറ്റിപ്പറ്റിയുള്ള ഒരു ഇസ്രായേലി 'ബഫര്‍ സോണ്‍' അംഗീകരിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യുദ്ധം അവസാനിക്കുമെന്ന് ട്രംപില്‍നിന്ന് വ്യക്തമായ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തില്‍ ഒരു താല്‍ക്കാലിക കരാറുമായി മുന്നോട്ട് പോകാനും അവര്‍ സമ്മതിച്ചു. ''ഇസ്രായേല്‍ സര്‍ക്കാര്‍ ഇപ്പോള്‍ മധ്യസ്ഥരുടെ നിര്‍ദേശം അംഗീകരിക്കാന്‍ വിസമ്മതിക്കുന്നു - അത് അടിസ്ഥാനപരമായി അവരുടേതാണ് - അത് ഇസ്രായേലി നിലപാടിന്റെ യഥാര്‍ഥ സ്വഭാവം തുറന്നുകാട്ടുന്നു''- ആഗസ്റ്റില്‍ അല്‍ ഹിന്ദി 'ഡ്രോപ് സൈറ്റി'നോട് പറഞ്ഞു.

ഫലസ്തീന്‍ ചര്‍ച്ചക്കാര്‍ 'വിറ്റ്‌കോഫ് കരാറി'നെ വികലവും താല്‍ക്കാലികവുമായ ഒരു പദ്ധതിയായി കണ്ടു. അത് ഇസ്രായേലിന് വംശഹത്യ പുനരാരംഭിക്കാനും ഗസയില്‍ ഗണ്യമായ സൈന്യത്തെ നിലനിര്‍ത്താനുമുള്ള വാതില്‍ തുറന്നുകൊടുത്തു. എന്നാല്‍ എല്ലാ ഇസ്രായേലി തടവുകാരെയും ഒരേസമയം മോചിപ്പിക്കാനും ഇസ്രായേലുമായി ഒരു ദീര്‍ഘകാല വെടിനിര്‍ത്തലില്‍ ഒപ്പുവയ്ക്കാനും 'എല്ലാവര്‍ക്കും വേണ്ടിയുള്ള' ഒരു കരാറില്‍ ഏര്‍പ്പെടാന്‍ ഹമാസ് തയ്യാറാണെന്ന നിലപാട് ചര്‍ച്ചാ സംഘം ആവര്‍ത്തിച്ചു.

''വെടിനിര്‍ത്തലിനെ നിങ്ങള്‍ എങ്ങനെ നിര്‍വചിക്കും' എന്നതായിരുന്നു വിറ്റ്‌കോഫിന്റെ ചോദ്യം. 'ഇത് ഒരു സ്ഥിരമായ വെടിനിര്‍ത്തലാണോ, അതോ ഒരു നിശ്ചിത സമയത്തേക്ക് മാത്രമായിരിക്കുമോ?''-ഹംദാന്‍ ഓര്‍മിച്ചു. ''ഇത് യുദ്ധത്തിന്റെ അവസാനത്തിലേക്കുള്ള ഒരു ചുവടുവയ്പാണ്. പക്ഷേ, ഇത് ഒരു സ്ഥിരമായ വെടിനിര്‍ത്തലല്ല'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അന്ന് അവരുടെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നിട്ടും, നിബന്ധനകള്‍ അംഗീകരിച്ച് യുദ്ധം അവസാനിപ്പിക്കുന്ന ഒരു പ്രക്രിയയുടെ തുടക്കമാകുമെന്ന പ്രതീക്ഷയോടെ മുന്നോട്ട് പോകാന്‍ ഫലസ്തീന്‍ ചര്‍ച്ചക്കാര്‍ തീരുമാനിച്ചു.

'ആഗസ്റ്റ് 18ന് ഞങ്ങള്‍ ആ കരാര്‍ അംഗീകരിച്ചപ്പോഴും, ഞങ്ങളുടെ മറുപടിയില്‍, യുദ്ധം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അങ്ങനെ സംഭവിച്ചാല്‍, എല്ലാ യുദ്ധത്തടവുകാരെയും തടവുകാരുടെ മൃതദേഹങ്ങളും തിരികെ നല്‍കുമെന്നും ഞങ്ങള്‍ പറഞ്ഞിരുന്നു''-ഹംദാന്‍ പറഞ്ഞു.

''ഈ ക്രമീകരണം അനുസരിച്ച്, ഒരു സ്ഥിരമായ വെടിനിര്‍ത്തല്‍ ഉണ്ടാകും, അല്ലെങ്കില്‍ പൂര്‍ണമായും തടവുകാരെ കൈമാറിക്കൊണ്ട് യുദ്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുക എന്ന ആദ്യ വാചകത്തില്‍ എന്തുകൊണ്ട് ഒരു മാറ്റം വരുത്തിക്കൂടാ?'' എന്നും ഞങ്ങള്‍ നിര്‍ദേശിച്ചു.

'വിറ്റ്‌കോഫ് കരാറി' ഒനെ ഹമാസ് അംഗീകരിച്ചതിനോ സമഗ്രമായ ഒരു കരാറിനെക്കുറിച്ചുള്ള നിര്‍ദേശത്തിനോ ഇസ്രായേല്‍ ഔദ്യോഗികമായി മറുപടി നല്‍കിയില്ല. പകരം, യുഎസ്-ഇസ്രായേല്‍ ആവശ്യങ്ങളില്‍ 98 ശതമാനവും ഉള്‍പ്പെടുന്നതായി ഒരു മുതിര്‍ന്ന ഖത്തരി ഉദ്യോഗസ്ഥന്‍ പറഞ്ഞത് അവര്‍ അംഗീകരിച്ചിട്ടും, മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥരോടൊപ്പം ഇസ്രായേലും ഹമാസ് ഒരു കരാര്‍ ഉണ്ടാക്കാന്‍ വിസമ്മതിക്കുന്നുവെന്ന് തെറ്റായി അവകാശപ്പെടുകയായിരുന്നു.

''ഇസ്രായേല്‍ അത് നിരസിച്ചതില്‍ ഞങ്ങള്‍ അദ്ഭുതപ്പെട്ടു. വിറ്റ്‌കോഫ് പോലും അത് നിരസിച്ചു. എന്നിട്ട് അതിന്റെ ഉത്തരവാദിത്തം ഹമാസിന്റെയും ഫലസ്തീന്‍ പ്രതിരോധത്തിന്റെയും മേല്‍ ചുമത്താന്‍ ശ്രമിച്ചു''-അല്‍ ഹിന്ദി പറഞ്ഞു. 'ഗസ മുനമ്പിനെ നശിപ്പിക്കാന്‍ അവര്‍ ഇസ്രായേലിന് വീണ്ടും ഒരു അവസരം കൂടി നല്‍കി. ഫലസ്തീന്‍ വിഭാഗങ്ങള്‍ നിര്‍ദേശം അംഗീകരിച്ചിട്ടും, അവരുടെ വിസമ്മതത്തോടുള്ള പ്രതികരണമെന്നോണം ഈ കാലയളവില്‍, സിവിലിയന്മാര്‍ക്കെതിരേ ഗസയില്‍ ഇസ്രായേല്‍ ആക്രമണം തീവ്രമാക്കി. ഇതെല്ലാം കുറ്റകൃത്യങ്ങളായിരുന്നു.'

ഗസയ്ക്കെതിരായ ഇസ്രായേല്‍ കരസേനാ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയും ഒരു ദശലക്ഷം ഫലസ്തീനികളെ ബലമായി കുടിയിറക്കുക എന്ന ലക്ഷ്യത്തോടെ ഗസ സിറ്റിയില്‍ പൂര്‍ണ തോതിലുള്ള അധിനിവേശം ആരംഭിക്കുകയും ചെയ്തപ്പോള്‍, സെപ്റ്റംബര്‍ 3ന് പ്രസിഡന്റ് ട്രംപ് ഹമാസിന് മറ്റൊരു 'അവസാന' വാഗ്ദാനം നല്‍കുകയാണെന്ന് പ്രഖ്യാപിച്ചു. ട്രംപ് ഒരു കരാറിനുള്ള 'അവസാന അവസരം' എന്ന് വിശേഷിപ്പിച്ചതിന് ഫലസ്തീന്‍ ചര്‍ച്ചക്കാര്‍ ഇതിനകം സമ്മതിച്ചിട്ടുണ്ടെന്ന വസ്തുത അവഗണിച്ചുകൊണ്ട്, ഗസയിലെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രായേലി തടവുകാരെയും നിരുപാധികമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തര്‍ മധ്യസ്ഥര്‍ വഴി യുഎസ് 100 വാക്കുകളുള്ള ഒരു രേഖ ഹമാസിന് കൈമാറി. ഈ കൈമാറ്റത്തില്‍ 60 ദിവസത്തെ വെടിനിര്‍ത്തലും യുദ്ധം അവസാനിപ്പിക്കാനുള്ള അവ്യക്തമായ പ്രതിബദ്ധതയും ഉള്‍പ്പെടും.

''നമ്മുടെ ജനതയ്‌ക്കെതിരായ ആക്രമണം തടയാനുള്ള ശ്രമങ്ങളെ സഹായിക്കുന്ന ഏതൊരു സംരംഭത്തെയും ഹമാസ് സ്വാഗതം ചെയ്യുന്നു. ചര്‍ച്ചാ മേശയില്‍ ഇരിക്കാനുള്ള ഞങ്ങളുടെ അടിയന്തര സന്നദ്ധത ഞങ്ങള്‍ സ്ഥിരീകരിക്കുന്നു''- സെപ്റ്റംബര്‍ 7ന് ഫലസ്തീന്‍ ഗ്രൂപ്പ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.


ഒരു കരാറിലെത്താന്‍ ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെട്ട് യുഎസ് ഹമാസുമായി പിന്‍വാതില്‍ ആശയവിനിമയം ആരംഭിച്ചപ്പോള്‍, ഫലസ്തീന്‍ പ്രതിരോധം കീഴടങ്ങിയില്ലെങ്കില്‍ ഗസയ്ക്ക് പുറത്ത് ഹമാസ് നേതാക്കളെ വധിക്കുമെന്ന് ഇസ്രായേലി സൈനിക മേധാവി ഇയാല്‍ സമീര്‍ പരസ്യമായി ഭീഷണിപ്പെടുത്തി. ''ഹമാസ് നേതൃത്വത്തിന്റെ ഭൂരിഭാഗവും വിദേശത്താണ്; ഞങ്ങള്‍ അവരിലേക്കും എത്തും''- ഇയാല്‍ സമീര്‍ പറഞ്ഞു.

സെപ്റ്റംബര്‍ 8ന്, ട്രംപിന്റെ 100 വാക്കുകളുള്ള നിര്‍ദേശത്തിന്റെ വിപുലീകൃത പതിപ്പ് ഖത്തരി മധ്യസ്ഥര്‍ ഹമാസിന് കൈമാറി. അടുത്ത ദിവസം, ട്രംപിനോടുള്ള പ്രതികരണം ചര്‍ച്ച ചെയ്യാന്‍ ഹമാസിന്റെ പ്രതിനിധികള്‍ ദോഹയില്‍ ഒത്തുകൂടി രണ്ട് മണിക്കൂറിനുള്ളില്‍, ഇസ്രായേല്‍ കൊലപാതക പ്രവര്‍ത്തനം ആരംഭിച്ചു.

ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ യുഎസിനെ മുന്‍കൂട്ടി അറിയിച്ചില്ലെന്നും ആക്രമണങ്ങള്‍ക്ക് തൊട്ടുമുമ്പ് യുഎസ് സൈന്യം ഇസ്രായേലി യുദ്ധവിമാനങ്ങളുടെ നീക്കത്തെക്കുറിച്ച് പ്രസിഡന്റിന് വിശദീകരണം നല്‍കിയിരുന്നുവെന്നും ട്രംപും മറ്റ് യുഎസ് ഉദ്യോഗസ്ഥരും അവകാശപ്പെട്ടു. ഖത്തര്‍ ഇഋചഠഇഛങഉം ഗണ്യമായ യുഎസ് സൈനിക, രഹസ്യാന്വേഷണ ആസ്തികളും കൈവശം വച്ചിരിക്കുന്നതിനാല്‍ ഈ വിവരണം തോന്ന്യാസമാണ്.

ഖത്തറിന് വിപുലമായ യുഎസ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉണ്ട്. കൂടാതെ 2025 ജൂണില്‍ അല്‍ ഉദൈദ് വ്യോമതാവളത്തില്‍ ഇറാനിയന്‍ മിസൈല്‍ ആക്രമണങ്ങളെ നേരിടുന്നതില്‍ ഉള്‍പ്പെടെ അമേരിക്കന്‍ സൈന്യവുമായി പതിവായി ഏകോപനവും നടന്നിരുന്നു. സെപ്റ്റംബര്‍ 9ന്, ദോഹയിലെ ഹമാസ് ഓഫിസുകള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളില്‍ ഇസ്രായേലിന് ഒരു പ്രതിരോധവും നേരിടേണ്ടി വന്നില്ല. ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് രണ്ടുദിവസം മുമ്പ്, ട്രംപ് അശുഭകരമായ ഒരു പ്രസ്താവന പുറപ്പെടുവിച്ചു. ''അംഗീകരിക്കാത്തതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഞാന്‍ ഹമാസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് എന്റെ അവസാന മുന്നറിയിപ്പാണ്, മറ്റൊന്ന് ഉണ്ടാകില്ല!''- അദ്ദേഹം 'ട്രൂത്ത് സോഷ്യലി'ല്‍ എഴുതി.

''നൂറു ശതമാനം അവര്‍ക്ക് അത് അറിയാമായിരുന്നു''- ദോഹ ആക്രമണങ്ങളെക്കുറിച്ചുള്ള യുഎസിന്റെ അറിവിനെക്കുറിച്ച് ഹംദാന്‍ പറഞ്ഞു. 'ഒരുതരം പച്ചക്കൊടി കാട്ടിയതായി എനിക്ക് തോന്നുന്നു. ഒരുപക്ഷേ, അംഗീകാരം ലഭിച്ചതിലും കുറവായിരിക്കാം, കാരണം നെതന്യാഹു അത് ചെയ്യുന്നതിന് മുമ്പ് അവരോട് പറയും. എനിക്ക് മുഴുവന്‍ സാഹചര്യവും മാറ്റാന്‍ കഴിയുന്ന എന്തെങ്കിലും ചെയ്യാന്‍ കഴിയും. ഞങ്ങള്‍ അങ്ങനെ ചെയ്താല്‍, നിങ്ങള്‍ക്ക് ഇസ്രായേലിന് വ്യക്തമായ വിജയം നല്‍കാന്‍ കഴിയും, യുദ്ധം നിര്‍ത്താന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും.'' ബോംബാക്രമണത്തെ എതിര്‍ത്തുവെന്ന ട്രംപിന്റെ അവകാശവാദം - വസ്തുതയ്ക്ക് ശേഷം - നാടകീയമാണെന്ന് ഹംദാന്‍ പറഞ്ഞു.

വംശഹത്യ യുദ്ധത്തിലൂടെ വിജയിക്കാന്‍ കഴിയാത്ത ഇസ്രായേലിനെ സഹായിക്കുന്നതിന് യുഎസ് നേതൃത്വത്തിലുള്ള ഒരു പുതിയ നീക്കത്തിന്റെ ആദ്യ ആക്രമണമായിരുന്നു ദോഹ ആക്രമണം: ഫലസ്തീന്‍ വിമോചന ലക്ഷ്യത്തിന്റെ കീഴടങ്ങലും ഫലസ്തീന്‍ ജനതയുടെ ദീര്‍ഘകാല അടിമത്തവും.

ട്രംപിന്റെ പദ്ധതിയോടുള്ള പ്രതികരണമായി ഫലസ്തീന്‍ ഐക്യം

ഡോണള്‍ഡ് ട്രംപിനെ ശ്രദ്ധിക്കൂ, ഒക്ടോബര്‍ 8ന് ഇസ്രായേലും ഹമാസും ഒപ്പുവച്ച കരാര്‍, സഹസ്രാബ്ദങ്ങളായി മിഡില്‍ ഈസ്റ്റില്‍ കാണാത്ത ഒരു മഹത്തായ നേട്ടമായിരുന്നു. അദ്ദേഹം തന്റെ 20ഇന പദ്ധതിയെ 'നാഗരികതയിലെ എക്കാലത്തെയും മഹത്തായ ദിനങ്ങളില്‍ ഒന്ന്' ആയി ആഘോഷിക്കുകയും അത് 'മിഡില്‍ ഈസ്റ്റില്‍ ശാശ്വത സമാധാനം' കൊണ്ടുവരുമെന്ന് വീമ്പിളക്കുകയും ചെയ്തു.

ട്രംപിന്റെ പദ്ധതി അതിന്റെ സാധ്യതയില്‍ ഏറെ വ്യാപ്തിയുള്ളതായിരുന്നു. ഗസയുടെ മാത്രമല്ല, ഫലസ്തീന്‍ വിമോചനത്തിന്റെയും ഭാവിയില്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ വരുത്തി. പ്രായോഗിക തലത്തില്‍, പദ്ധതിയുടെ ഓരോ പോയിന്റിനോടും ചര്‍ച്ചക്കാര്‍ക്ക് വേഗത്തില്‍ പ്രതികരിക്കാന്‍ കഴിയില്ല. രാഷ്ട്രീയ തലത്തില്‍, എല്ലാ ഫലസ്തീനികള്‍ക്കുമായി അത്തരമൊരു കരാറില്‍ ഏകപക്ഷീയമായി ചര്‍ച്ച നടത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഹമാസ് വിശ്വസിച്ചിരുന്നുമില്ല.

ട്രംപിന്റെ പദ്ധതിയില്‍ വിദേശ സൈനികരെ വിന്യസിക്കുന്നതും ഗസയുടെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ട്രംപ് അതിന്റെ ചുക്കാന്‍ പിടിക്കുന്നതും തന്റെ പക്ഷത്തുള്ള ബ്രിട്ടിഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ നേതൃത്വത്തിലുള്ളതുമായ ഒരു അന്താരാഷ്ട്ര ബോര്‍ഡ് സ്ഥാപിക്കുന്നതും ഉള്‍പ്പെടുന്നു. ഗസയ്ക്കുള്ളില്‍ ദീര്‍ഘകാല ഇസ്രായേലി സൈനിക സാന്നിധ്യത്തിനുള്ള സാധ്യതയും ഇത് തുറന്നുകൊടുത്തു. കൂടാതെ ഇസ്രായേല്‍ അധിനിവേശത്തെ ചെറുക്കാനുള്ള അവരുടെ അവകാശം ഇല്ലാതാക്കിക്കൊണ്ട് ഫലസ്തീനികളുടെ സമ്പൂര്‍ണ നിരായുധീകരണവും വിഭാവനം ചെയ്തു. ചര്‍ച്ചക്കാരുടെ കണ്ണില്‍ ട്രംപിന്റെ പ്രധാന സന്ദേശം, ഫലസ്തീനികള്‍ വിമോചനത്തിനും സ്വയം നിര്‍ണയത്തിനും വേണ്ടിയുള്ള പോരാട്ടം ഉപേക്ഷിക്കുകയും അന്താരാഷ്ട്ര സമൂഹത്തിന് കീഴടങ്ങുകയും ചെയ്യണമെന്നായിരുന്നു- പ്രധാനമായും യുഎസ്-ഇസ്രായേല്‍ കൂട്ടുകെട്ടിന്.

വാസ്തവത്തില്‍, ട്രംപിന്റെ എല്ലാ നിബന്ധനകളും ഫലസ്തീന്‍ പക്ഷം അംഗീകരിച്ചില്ല. പകരം, പ്രസിഡന്റ് ട്രംപിനോട് ഏകീകൃത നിലപാടോടെ പ്രതികരിക്കാന്‍ ശ്രമിക്കുന്നതിനായി, സായുധ സേനയെ നിയന്ത്രിക്കാത്തവര്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ വിഭാഗങ്ങളുമായി കൂടിയാലോചനകള്‍ നടത്തിയതിന്റെ ഫലമായുണ്ടായ ഒരു ബഹുമുഖ പ്രതികരണം ഹമാസ് വാഗ്ദാനം ചെയ്തു. ചര്‍ച്ചക്കാര്‍ നേരിടുന്ന ഒരേയൊരു പ്രശ്‌നം വെടിനിര്‍ത്തല്‍ മാത്രമാണെങ്കില്‍, തങ്ങള്‍ക്ക് ഒരു കരാറിലെത്താന്‍ കഴിയുമെന്ന് ഫലസ്തീന്‍ പ്രതിരോധ പ്രസ്ഥാനം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിര്‍ദിഷ്ട വെടിനിര്‍ത്തല്‍ ദേശീയ വിമോചന പോരാട്ടത്തിന്റെ അസ്തിത്വപരമായ പ്രശ്നങ്ങളായി ഹമാസ് ഉദ്യോഗസ്ഥര്‍ കണ്ടതും ഫലസ്തീന്‍ വിഭാഗങ്ങളും ചര്‍ച്ചക്കാരും തമ്മില്‍ ഒരു ഏകീകൃത നിലപാടില്‍ എത്തിച്ചേരുന്നതും ഉള്‍പ്പെട്ടതിനാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായിരുന്നു.

ഒക്ടോബര്‍ ഉടമ്പടിക്ക് മുമ്പുള്ള ദിവസങ്ങളില്‍, കാര്യമായ വിട്ടുവീഴ്ചകള്‍ ചെയ്യാനും ഒടുവില്‍ ഒരു വെടിനിര്‍ത്തല്‍ കരാറിലെത്താനും അറബ്, ഇസ്ലാമിക മധ്യസ്ഥരില്‍നിന്ന് ഫലസ്തീന്‍ ചര്‍ച്ചക്കാര്‍ക്ക് അഭൂതപൂര്‍വമായ സമ്മര്‍ദ്ദം നേരിടേണ്ടിവന്നു. വംശഹത്യ അവസാനിപ്പിക്കുന്ന ഒരു കരാര്‍ ഉണ്ടാക്കാന്‍ ഗസയ്ക്കുള്ളില്‍നിന്ന് ശക്തമായ ആവശ്യങ്ങള്‍ ഉയര്‍ന്നതും അവര്‍ക്ക് കേള്‍ക്കേണ്ടി വന്നു. തുര്‍ക്കി, ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് മേധാവികളും മുതിര്‍ന്ന ഖത്തരി ഉദ്യോഗസ്ഥരും ചേര്‍ന്ന്, ഇസ്രായേലിന്റെ ആക്രമണം തടയുന്നതില്‍ ട്രംപ് ഗൗരവ സമീപനമുള്ളവനാണെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.

ട്രംപിന്റെ അസ്ഥിരമായ സ്വഭാവത്തെക്കുറിച്ച് അറിയാവുന്ന ഫലസ്തീന്‍ ചര്‍ച്ചക്കാര്‍, പ്രാദേശിക മധ്യസ്ഥര്‍ക്ക് ട്രംപ് അത്തരം പ്രസ്താവനകള്‍ നല്‍കിയിട്ടുണ്ടെന്ന് സംശയിച്ചില്ല. എന്നിരുന്നാലും, എല്ലാ ഇസ്രായേലി തടവുകാരെയും വിട്ടയച്ചതിനുശേഷം ഇസ്രായേലിന് വംശഹത്യ പുനരാരംഭിക്കുന്നതിന് അനുമതി നല്‍കാന്‍ ട്രംപ് തീരുമാനിച്ചാല്‍, വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ ഒരു മാര്‍ഗവുമില്ലെന്ന് അവര്‍ ആശങ്കാകുലരായിരുന്നു.

''കരാര്‍ അനുസരിച്ചുള്ള ഏതെങ്കിലും പ്രതിബദ്ധതകള്‍ പാലിക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കാന്‍ മേഖലയിലെ മധ്യസ്ഥര്‍ക്ക് കഴിയില്ല. ഇത് ഞങ്ങള്‍ ഊന്നിപ്പറയുന്നു: മേഖലയിലെ മധ്യസ്ഥര്‍ക്കിടയില്‍ ഒരു കഴിവില്ലായ്മയുണ്ട്''- അല്‍ഹിന്ദി പറഞ്ഞു. ''തീര്‍ച്ചയായും, അമേരിക്കക്കാര്‍ പക്ഷപാതമുള്ളവരാണ് - ഇസ്രായേലിനെ അനുകൂലിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതാണവരുടെ പക്ഷപാതം. ഇടയ്ക്കിടെയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും, അവര്‍ ഇസ്രായേലിനെ പിന്തുണയ്ക്കുന്നവരായി നിലകൊള്ളുന്നു.''

അവരുടെ ചര്‍ച്ചകളില്‍, ഫലസ്തീന്‍ വിഭാഗങ്ങളുടെ സഖ്യം ഒരു തന്ത്രം മെനഞ്ഞു: ഇസ്രായേലികളെ തടവിലാക്കിയതും ഇസ്രായേല്‍ അധിനിവേശത്തിനെതിരേ പോരാടുന്നതുമായ സായുധ വിഭാഗങ്ങളായ ഹമാസിനും ഇസ്ലാമിക് ജിഹാദിനും വെടിനിര്‍ത്തലും തടവുകാരുടെ കൈമാറ്റവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു കരാറില്‍ ഏര്‍പ്പെടാന്‍ മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. ''കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ആദ്യമായി, മധ്യസ്ഥരില്‍നിന്നും യുഎസ് ഭരണകൂടത്തില്‍നിന്നും ഗസയ്ക്കെതിരായ യുദ്ധം അവസാനിക്കുന്നു എന്ന നിലപാട് ഉണ്ടായി. അതായത് വംശഹത്യ അവസാനിപ്പിക്കപ്പെടുമെന്നാണ് ഇതിനര്‍ഥം എന്നതാണ് ആ വഴിത്തിരിവ്''- ഹംദാന്‍ പറഞ്ഞു.

ഗസയില്‍ ഇപ്പോഴും ആഴത്തില്‍ വേരൂന്നിയ ഇസ്രായേല്‍ സേനയുടെ എല്ലാ തടവുകാരെയും മോചിപ്പിക്കുകയുന്ന ചൂതാട്ടം ഫലസ്തീന്‍ പ്രതിരോധം നിരന്തരം നിരസിച്ച ഒന്നായിരുന്നു. എന്നിരുന്നാലും, ഗസയ്ക്കെതിരായ സജീവമായ യുദ്ധം അവസാനിപ്പിക്കുന്നത് തന്റെ മുന്‍ഗണനയാണെന്ന് ട്രംപ് തീരുമാനിച്ചിരുന്നു എന്നായിരുന്നു ആഭ്യന്തര വിലയിരുത്തല്‍. ഫലസ്തീനികളോട് ട്രംപിന് യഥാര്‍ഥ ബഹുമാനമോ അവരുടെ കാര്യത്തില്‍ ആശങ്കയോ ഉണ്ടായിരുന്നതുകൊണ്ടല്ല, മറിച്ച് സങ്കീര്‍ണമായ ഒരു കൂട്ടം താല്‍പ്പര്യങ്ങള്‍ കാരണമാണ്: ബിസിനസ്സ് ഇടപാടുകള്‍, ഗള്‍ഫ് രാജവാഴ്ചകളുമായുള്ള ട്രംപിന്റെ ബന്ധം, സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തേടല്‍. സൈനിക ശക്തി ഉപയോഗിച്ച് ഗസയില്‍നിന്ന് 20 ഇസ്രായേലി തടവുകാരെ ജീവനോടെ വീണ്ടെടുക്കാന്‍ ഇസ്രായേലിന് കഴിയില്ലെന്നും അതിന്റെ അന്താരാഷ്ട്ര പ്രശസ്തി ഗുരുതരമായ അവസ്ഥയിലാണെന്നും ട്രംപ് തിരിച്ചറിഞ്ഞുവെന്നും അവര്‍ മനസ്സിലാക്കി.

അല്‍-ഹിന്ദി 'ഡ്രോപ് സൈറ്റി'നോട് തന്ത്രപരമായ ചിന്ത അവതരിപ്പിച്ചു:

തുടക്കം മുതല്‍ തന്നെ, എല്ലാ തടവുകാരെയും ഒറ്റയടിക്ക് വിട്ടയക്കുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ലായിരുന്നു. പക്ഷേ, രണ്ട് വ്യവസ്ഥകള്‍ ഉറപ്പുനല്‍കിയിരുന്നെങ്കില്‍ മാത്രം: ആക്രമണം നിര്‍ത്തലാക്കുക, പിന്‍വാങ്ങുക. എല്ലാ തടവുകാരെയും ഒരേസമയം കൈമാറുന്ന ഒരു കരാറിന് ഇസ്രായേല്‍ സമ്മതിച്ചിരുന്നെങ്കില്‍, ഇസ്ലാമിക് ജിഹാദിനോ ഹമാസിനോ എതിര്‍പ്പുണ്ടാകുമായിരുന്നില്ല. എന്നാല്‍ ഘട്ടം ഘട്ടമായുള്ള സമീപനത്തിന് നിര്‍ബന്ധിച്ചത് ഇസ്രായേലായിരുന്നു. ഇസ്രായേലിലെ തന്റെ ഭരണ സഖ്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയ കാരണങ്ങളാലും വ്യക്തിപരമായ കാരണങ്ങളാലും യുദ്ധം നീട്ടാന്‍ നെതന്യാഹു ആഗ്രഹിക്കുന്നതിനാലാണ് അവര്‍ നിര്‍ബന്ധിച്ചത് എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു. അങ്ങനെ അദ്ദേഹം വിഘടിച്ച കരാറുകളിലേക്ക് പോയി - ചെറിയ കൈമാറ്റങ്ങള്‍. എന്നാല്‍ ഇസ്രായേല്‍ സമ്മതിച്ചാല്‍ ആദ്യ ദിവസം മുതല്‍ എല്ലാവരെയും മോചിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. പകരം ഞങ്ങള്‍ക്കു വേണ്ടത്, യുദ്ധം അവസാനിപ്പിക്കുകയും അധിനിവേശ സേനയെ പിന്‍വലിക്കുകയും ചെയ്യുക എന്നതായിരുന്നു.

ഗസയിലെ സജീവമായ വംശഹത്യ അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുമ്പോള്‍, ട്രംപിന്റെ പദ്ധതിയുടെ രൂപരേഖ 'പൊതുവേ ഞങ്ങളുടെ നിലപാടിന് അനുസൃതമായിരുന്നു. പക്ഷേ, യുദ്ധം അവസാനിക്കുമെന്നും ഘട്ടം ഘട്ടമായി പോലും പിന്‍വലിക്കല്‍ സംഭവിക്കുമെന്നും ഞങ്ങള്‍ക്ക് ഉറപ്പ് ആവശ്യമാണ്' എന്ന് അല്‍ ഹിന്ദി പറഞ്ഞു. വിറ്റ്‌കോഫ്, കുഷ്‌നര്‍ എന്നിവരുമായും ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്നുള്ള മധ്യസ്ഥരുമായും നടത്തിയ നിരവധി കൂടിക്കാഴ്ചകളില്‍, യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കുന്നതില്‍ ട്രംപ് ഗൗരവ നിലപാടുള്ളവനാണെന്ന് ഫലസ്തീനികളെ അറിയിച്ചു.

കരാര്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുള്ള ആഴ്ചയില്‍, ഹമാസിന്റെ ചര്‍ച്ചക്കാര്‍ ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് വിഭാഗങ്ങള്‍ക്കിടയില്‍ നിര്‍ദിഷ്ട ഭാഷയില്‍ കരാറിലെ കാര്യങ്ങള്‍ കൈമാറുകയും ഗസയിലെ ഖസ്സാം ബ്രിഗേഡുകളുടെയും ഹമാസിന്റെ രാഷ്ട്രീയ നേതൃത്വത്തിന്റെയും കമാന്‍ഡര്‍മാര്‍ക്ക് അത് കൈമാറുകയും ചെയ്തിരുന്നു. ഹമാസും മറ്റുള്ളവരും ആവര്‍ത്തിച്ച് ക്ഷണങ്ങള്‍ നല്‍കിയിട്ടും, മഹ്‌മൂദ് അബ്ബാസും ഫലസ്തീന്‍ അതോറിറ്റിയും ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു. വംശഹത്യ അവസാനിപ്പിക്കുക എന്നതാണ് ഏറ്റവും അടിയന്തര മുന്‍ഗണന എന്ന കാര്യത്തില്‍ ഒരു സമവായത്തിലെത്തി. പക്ഷേ, ഫലസ്തീന്റെ ഭാവിയെക്കുറിച്ചുള്ള ട്രംപിന്റെ ഭീഷണി സ്വരമുള്ള ആവശ്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്നതിന് സാധ്യമാകുമായിരുന്നില്ല.

'ട്രംപിന്റെ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം വെടിനിര്‍ത്തലാണ്,' ഫലസ്തീന്‍ നാഷണല്‍ ഇനിഷ്യേറ്റീവിന്റെ ജനറല്‍ സെക്രട്ടറിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ ഡോ. മുസ്തഫ ബര്‍ഗൂതി 'ഡ്രോപ് സൈറ്റി'ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2006ല്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ബര്‍ഗൂതി, വംശഹത്യയിലുടനീളം ഫലസ്തീന്‍ രാഷ്ട്രീയ മേഖലയില്‍ സമവായം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. ട്രംപിന്റെ പദ്ധതിയോടുള്ള പ്രതികരണം നിര്‍ണയിക്കുന്നതില്‍ അദ്ദേഹം നേരിട്ട് പങ്കാളിയായിരുന്നു. ട്രംപിന്റെ വിപുലമായ ആവശ്യങ്ങളോട് പ്രതികരിക്കുന്നതില്‍നിന്ന് മാറ്റിനിര്‍ത്തി വെടിനിര്‍ത്തല്‍ നേടേണ്ടതുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.

'ബാക്കിയുള്ളവ ഗസയുടെ യഥാര്‍ഥ പുനര്‍നിര്‍മാണം നടക്കുന്നുണ്ടെന്നും ഫലസ്തീനികള്‍, ഗസ, വെസ്റ്റ് ബാങ്ക് എന്നിവ ഒടുവില്‍ ഇസ്രായേല്‍ അധിനിവേശത്തില്‍ നിന്ന് മോചിതമാകുമെന്നും ഉറപ്പാക്കുന്ന വിധത്തില്‍ ചര്‍ച്ച ചെയ്യണം'-ബര്‍ഗൂതി 'ഡ്രോപ് സൈറ്റി'നോട് പറഞ്ഞു.

'എന്റെ അഭിപ്രായത്തില്‍ അതാണ് പ്രധാന പ്രശ്‌നം, നമ്മള്‍ അത് കൈകാര്യം ചെയ്യണം.'

ഈ കാരണങ്ങളാല്‍, തീവ്രമായ യുദ്ധം അവസാനിപ്പിക്കുന്നതിനും ഗസയിലേക്കുള്ള അവശ്യവസ്തുക്കളുടെ പ്രവേശനത്തിലെ ഉപരോധം നീക്കുന്നതിനും തടവുകാരെ കൈമാറുന്നതിനുമുള്ള നിബന്ധനകള്‍ മാത്രം കഷ്ടിച്ച് അംഗീകരിക്കാന്‍ ഹമാസും ഇസ്ലാമിക് ജിഹാദും സമ്മതിച്ചു. 'ഇത് ആദ്യ ഘട്ടമാണ്, ഈ ഘട്ടം വിജയകരമായി നടപ്പിലാക്കാന്‍ ഞങ്ങള്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണ്'-ചര്‍ച്ചകളില്‍ നേരിട്ട് പങ്കെടുത്ത അല്‍ ഹിന്ദി പറഞ്ഞു. ട്രംപിന്റെ നിര്‍ദേശത്തിന്റെ ഭൂരിഭാഗവും സംബന്ധിച്ച ഏതൊരു കരാറിനും ഔപചാരിക പ്രതികരണത്തിനും ഹമാസും ഇസ്ലാമിക് ജിഹാദും മാത്രം പോരാ, എല്ലാ ഫലസ്തീന്‍ വിഭാഗങ്ങളുടെയും പങ്കാളിത്തം ആവശ്യമാണെന്ന് ഫലസ്തീന്‍ ചര്‍ച്ചക്കാര്‍ ഉറപ്പിച്ചു പറഞ്ഞു.

ഘട്ടം 1 അംഗീകരിക്കുന്നതിലൂടെ, 'ഗസയില്‍ പ്രവേശിക്കുന്ന ശക്തികളുടെ നിയോഗം, പങ്ക്, ദൈര്‍ഘ്യം എന്നിവ വ്യക്തമാക്കുന്ന' ഒരു യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം വേണമെന്ന് ഫലസ്തീന്‍ ചര്‍ച്ചക്കാര്‍ മധ്യസ്ഥരോട് പറഞ്ഞതായി അല്‍ ഹിന്ദി പറഞ്ഞു. 'ഈ ശക്തികള്‍ ഫലസ്തീന്‍ ജനതയുമായും അവരുടെ പ്രതിരോധ പ്രസ്ഥാനങ്ങളുമായും ഏറ്റുമുട്ടുന്ന രീതിയില്‍ മുനമ്പിനുള്ളില്‍ പ്രവര്‍ത്തിക്കുന്നത് ഞങ്ങള്‍ അംഗീകരിക്കുന്നില്ല- അവര്‍ സമാധാന സേനകളായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. വെസ്റ്റ് ബാങ്കിനെ ഗസയുമായി ബന്ധിപ്പിക്കുന്ന വ്യക്തമായ പദപ്രയോഗങ്ങള്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു; ഇസ്രായേലും യുഎസും നിയന്ത്രിക്കുന്ന ഫലസ്തീന്‍ അതോറിറ്റി പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട അവ്യക്തമായ കാര്യങ്ങള്‍ അംഗീകരിക്കില്ല.'

ട്രംപിന്റെ നിര്‍ദേശത്തിന്റെ ഒന്നാം ഘട്ടം ഹമാസ് അംഗീകരിച്ചെങ്കിലും, ഒക്ടോബര്‍ 3ന് ഒരു പ്രസ്താവനയില്‍ ട്രംപിന്റെ പദ്ധതിയിലെ മറ്റ് ഘട്ടങ്ങള്‍ 'ഒരു ഏകീകൃത ഫലസ്തീന്‍ ചട്ടക്കൂടിനുള്ളില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നും അതില്‍ ഹമാസ് പങ്കെടുക്കുകയും ഉത്തരവാദിത്തത്തോടെ സംഭാവന നല്‍കുകയും ചെയ്യുമെന്നും' പറഞ്ഞു.

'രണ്ടാം ഘട്ടത്തിലെ എല്ലാ കാര്യങ്ങളും അവ നിര്‍ദേശിക്കുന്നതില്‍ പങ്കെടുക്കുന്ന എല്ലാ വിഭാഗങ്ങളെയും ദേശീയ ശക്തികളെയും ഉള്‍ക്കൊള്ളുന്ന ദേശീയ പ്രശ്നങ്ങളാണെന്ന് ഞങ്ങള്‍ പറഞ്ഞു' - അല്‍ ഹിന്ദി കൂട്ടിച്ചേര്‍ത്തു.

കരാര്‍ ഹമാസ് സ്വീകരിച്ചതിന് മറുപടിയായി, ഫലസ്തീന്‍ പ്രതികരണത്തിന്റെ ഈഷല്‍ഭേദങ്ങളെ ട്രംപ് അവഗണിച്ചു. ട്രംപ് അതിനെ 'അറബ്, മുസ്ലിം ലോകത്തിനും, ഇസ്രായേലിനും, ചുറ്റുമുള്ള എല്ലാ രാഷ്ട്രങ്ങള്‍ക്കും, അമേരിക്കന്‍ ഐക്യനാടുകള്‍ക്കും ഒരു മഹത്തായ ദിനം' എന്ന് വിളിച്ചു. അങ്ങനെ മിഡില്‍ ഈസ്റ്റിലെ ഒരു ചെറിയ വിജയ പര്യടനം ആരംഭിച്ചു. ആദ്യം ഇസ്രായേലി നെസെറ്റിനെയും പിന്നീട് ഈജിപ്തിലെ ഷാം എല്‍-ഷെയ്ക്കിനെയും അഭിസംബോധന ചെയ്തു. 'ഗസ സമാധാന ഉച്ചകോടിയില്‍' ഒരു പ്രതീകാത്മക കരാറില്‍ ഒപ്പുവയ്ക്കുന്നതിനായി - ഫലസ്തീനികളോ ഇസ്രായേലികളോ ഉള്‍പ്പെടാത്ത ഒരു പരിപാടി.

'ഈ ദീര്‍ഘവും ദുഷ്‌കരവുമായ യുദ്ധം ഇപ്പോള്‍ അവസാനിച്ചു. നിങ്ങള്‍ക്കറിയാമോ, ചിലര്‍ 3,000 വര്‍ഷമാണെന്ന് പറയുന്നു, ചിലര്‍ 500 വര്‍ഷമാണെന്ന് പറയുന്നു - എന്തായാലും, അത് അവരുടെയെല്ലാം മുത്തച്ഛനാണ്. അഭൂതപൂര്‍വമായ നേട്ടത്തില്‍, ഗസയെ ഉടനടി സൈനികവല്‍ക്കരിക്കുമെന്നും, ഹമാസിനെ നിരായുധീകരിക്കുമെന്നും, ഇസ്രായേലിന്റെ സുരക്ഷയ്ക്ക് ഇനി ഒരു തരത്തിലും, ആകൃതിയിലും, രൂപത്തിലും, ഭീഷണി ഉണ്ടാകില്ലെന്നും ഉള്ള പദ്ധതിയെ ഫലത്തില്‍ മുഴുവന്‍ മേഖലയും അംഗീകരിച്ചു.' ട്രംപ് ഒക്ടോബര്‍ 13ന് നെസെറ്റില്‍ പറഞ്ഞു. 'അതിനാല്‍, നമ്മുടെ സഹായത്തോടെ, ഇസ്രായേല്‍ ആയുധബലത്താല്‍ അവര്‍ക്ക് കഴിയുന്നതെല്ലാം നേടിയിട്ടുണ്ട്. നിങ്ങള്‍ വിജയിച്ചു. ഞാന്‍ ഉദ്ദേശിച്ചത്, നിങ്ങള്‍ വിജയിച്ചു. യുദ്ധക്കളത്തില്‍ തീവ്രവാദികള്‍ക്കെതിരായ ഈ വിജയങ്ങളെ മുഴുവന്‍ മിഡില്‍ ഈസ്റ്റിനും സമാധാനത്തിന്റെയും സമൃദ്ധിയുടെയും ആത്യന്തിക സമ്മാനമായി വിവര്‍ത്തനം ചെയ്യേണ്ട സമയമാണിത്. നിങ്ങളുടെ അധ്വാനത്തിന്റെ ഫലം ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്ന സമയമാണിത്.'

ട്രംപ് ഇസ്രായേലില്‍ വന്നിറങ്ങിയ ദിവസം തന്നെ ഹമാസ് പരിമിത കരാറിന്റെ ഭാഗം ഉയര്‍ത്തിപ്പിടിക്കുകയും ജീവിച്ചിരിക്കുന്ന 20 ഇസ്രായേലി തടവുകാരെ വിട്ടയക്കുകയും ചെയ്തു. മരിച്ചവരില്‍ ഭൂരിഭാഗത്തിന്റെയും മൃതദേഹങ്ങള്‍ അവര്‍ തിരികെ നല്‍കി. ഇസ്രായേല്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും അകപ്പെട്ടിരിക്കുന്ന ഒരുപിടി പേരെ കണ്ടെത്തുന്നതില്‍ അന്താരാഷ്ട്ര സംഘങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ''ഷാം എല്‍-ഷെയ്ഖില്‍, അമേരിക്കന്‍ ഭരണകൂടത്തില്‍നിന്ന് ഞങ്ങള്‍ക്ക് വ്യക്തമായ പ്രതിബദ്ധത ലഭിച്ചു. കൂടാതെ വിറ്റ്‌കോഫും ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നറും നേരിട്ട് പറഞ്ഞത്, എല്ലാ ക്രമീകരണങ്ങളും കരാറുകളും 100 ശതമാനം നടപ്പിലാക്കുമെന്ന് പ്രസിഡന്റ് ട്രംപിന് പൂര്‍ണമായ ഉറപ്പ് ഉണ്ടെന്നാണ്''-ഹംദാന്‍ ഓര്‍മിച്ചു.

ഒക്ടോബര്‍ 10 മുതല്‍ ഗസയില്‍ 340 ഫലസ്തീനികളെ കൊന്നൊടുക്കുകയും കരാര്‍ പ്രകാരം സമ്മതിച്ച അവശ്യവസ്തുക്കള്‍ ഗസയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തുകൊണ്ട് ഇസ്രായേല്‍ ആവര്‍ത്തിച്ച് വെടിനിര്‍ത്തല്‍ ലംഘിച്ചു. കരാറിലെ വ്യവസ്ഥകള്‍ പ്രകാരം, ഇസ്രായേല്‍ ഏകദേശം 2,000 ഫലസ്തീനികളെ ഇസ്രായേലി തടവില്‍നിന്ന് മോചിപ്പിക്കുകയും മരിച്ച 330 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കുകയും ചെയ്തു. അവരില്‍ പലരും പീഡനത്തിന്റെയും നിയമവിരുദ്ധമായ കൊലപാതകത്തിന്റെയും ലക്ഷണങ്ങള്‍ കാണിച്ചു. ചിലരുടെ അവയവങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മോചിതരായ ഫലസ്തീനികള്‍ ഇസ്രായേലിന്റെ ജയിലുകളില്‍നിന്നും സൈനിക കേന്ദ്രങ്ങളില്‍ നിന്നും ക്ഷീണിതരായി, രോഗബാധിതരായി - ചിലരുടെ കൈകാലുകളോ കണ്ണുകളോ മുറിച്ചുമാറ്റപ്പെട്ടിരുന്നു- പുറത്തുവന്നത് പറഞ്ഞറിയിക്കാനാവാത്ത പീഡനങ്ങളുടെ കഥകളുമായാണ്.

ഗസയുടെ പകുതിയിലധികം പ്രദേശങ്ങളിലും ഇസ്രായേലിന്റെ അധിനിവേശ സേന ഇപ്പോഴും വേരൂന്നിയിരിക്കുകയാണ്. ഫലസ്തീനികള്‍ കീഴടങ്ങുന്നതുവരെ അവരുടെ ഉന്മൂലനത്തിന്റെയും കീഴടക്കലിന്റെയും യുദ്ധം തുടരുമെന്ന സന്ദേശം അതിന്റെ നേതാക്കള്‍ പ്രക്ഷേപണം ചെയ്യുന്നത് തുടരുന്നു. കിഴക്കന്‍ ഗസയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുകയാണെന്നും ഭാവിയില്‍ അവിടെ തുടരാമെന്ന് അവര്‍ സ്വപ്‌നം കാണുന്നുവെന്നും ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

''ഒരു വെടിനിര്‍ത്തല്‍ ഉണ്ട്. പക്ഷേ, ഇസ്രായേല്‍ ഇപ്പോഴും ഗസയിലെ വീടുകളും വീടുകളുടെ അവശിഷ്ടങ്ങളും നശിപ്പിക്കുകയാണ്. അതിനര്‍ഥം ഗസയെ ആര്‍ക്കും താമസിക്കാന്‍ കഴിയാത്ത ഒരു സ്ഥലമാക്കി മാറ്റാന്‍ അവര്‍ ആഗ്രഹിക്കുന്നു എന്നാണ്''- ഹംദാന്‍ പറഞ്ഞു. ''അത് സമാധാനത്തിനുള്ള അവസരത്തിന്റെ സൂചനയാണോ? നിങ്ങള്‍ ചെറുത്തു നില്‍ക്കാത്തിടത്തോളം നിങ്ങളുടെ നാട്ടില്‍ താമസിക്കാന്‍ ഒരു മാര്‍ഗവുമില്ലെന്ന് അവര്‍ ജനങ്ങളെ കാണിക്കുകയാണെന്ന് ഞാന്‍ കരുതുന്നു.'

ട്രംപിന്റെ യുഎന്‍ അട്ടിമറി: അന്താരാഷ്ട്ര നിയമസാധുതയുടെ കെട്ടിച്ചമച്ച മുദ്ര

കരാറില്‍ ഒപ്പുവച്ചതിനുശേഷം, ട്രംപ് ഭരണകൂടം അതിന്റെ വിപുലമായ അജണ്ട നടപ്പിലാക്കുന്നതിനുള്ള ഒരു വഴി കണ്ടെത്താന്‍ പാടുപെടുകയാണ്. അതായത് ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ നിരായുധീകരിക്കാനും ഗസയെ സൈനികവല്‍ക്കരിക്കാനുമുള്ള പ്രതിജ്ഞ. ട്രംപിന്റെ ശ്രമങ്ങളെ അറബ്, ഇസ്ലാമിക രാജ്യങ്ങള്‍ പരസ്യമായി അംഗീകരിച്ചെങ്കിലും, ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പോരാളികളെ നേരിടാന്‍ സാധ്യതയുള്ള ഒരു സൈനികവിന്യാസത്തിന് സേനയെ വിട്ടുനല്‍കാന്‍ അവയൊന്നും പ്രതിജ്ഞാബദ്ധമല്ല. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ഒരു അന്താരാഷ്ട്ര സേനയുടെ സാന്നിധ്യത്തിന് തങ്ങള്‍ തുറന്നിരിക്കുന്നുവെന്നും, എന്നാല്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കുക എന്നതാണ് അവരുടെ ഏക ദൗത്യമെന്നും ഹമാസ്, ഇസ്ലാമിക് ജിഹാദ്, മറ്റ് ഫലസ്തീന്‍ നേതാക്കള്‍ എന്നിവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

''അന്താരാഷ്ട്ര സേനയുടെ സാന്നിധ്യത്തോട് ഞങ്ങള്‍ക്ക് എതിര്‍പ്പില്ല, മറിച്ച് ലെബ്‌നാനിലെ യുണിഫില്‍ (ഡചകഎകഘ) പോലെ സമാധാനപാലനത്തിനാണ് മേഖലയിലെ സമാധാനം നിലനിര്‍ത്തുന്ന സേനകള്‍'' - അല്‍ ഹിന്ദി പറഞ്ഞു. ''എന്നാല്‍ സഹായവും വിതരണവും കൈകാര്യം ചെയ്യല്‍, സിവിലിയന്മാരെ സംരക്ഷിക്കല്‍, അല്ലെങ്കില്‍ ഫലസ്തീന്‍ പോലിസിനെ പരിശീലിപ്പിക്കല്‍ തുടങ്ങിയ, ഗസ മുനമ്പിനുള്ളിലെ ആഭ്യന്തര കാര്യങ്ങളിലേക്ക് അവരുടെ പങ്ക് വ്യാപിച്ചാല്‍ അത് ഈ സേനകളും ഗസയിലെ ഫലസ്തീന്‍ ജനതയും തമ്മിലുള്ള ഇടപെടലിനും സംഘര്‍ഷത്തിനും വാതില്‍ തുറക്കുന്ന കാര്യങ്ങളാണ്. മേഖലയില്‍ സ്ഥിരത നിലനിര്‍ത്തുന്നതിന്, ഈ സേനകള്‍ ഇസ്രായേലികള്‍ക്കും ഗസ മുനമ്പിനും ഇടയില്‍ നില്‍ക്കുന്ന സമാധാന സേനകളായിരിക്കണം.''

നവംബര്‍ 3ന്, ട്രംപ് ഭരണകൂടം ഒരു കരട് യുഎന്‍ പ്രമേയം പ്രചരിപ്പിക്കാന്‍ തുടങ്ങി. ട്രംപിന് അദ്ദേഹത്തിന്റെ അജണ്ട നടപ്പിലാക്കാന്‍ ഉപയോഗിക്കാവുന്ന അന്താരാഷ്ട്ര നിയമസാധുതയുടെ ഒരു ചുറ്റിക നല്‍കുമെന്ന് അവര്‍ പ്രതീക്ഷിച്ചു. ട്രംപിന്റെ ''സമാധാന ബോര്‍ഡിന്'' ഔപചാരികമായ ഒരു യുഎന്‍ അംഗീകാരം നേടുക എന്നതായിരുന്നു ഈ ശ്രമത്തിന്റെ കേന്ദ്രബിന്ദു. ഇത് അദ്ദേഹത്തെ പ്രദേശത്തിന്റെ യഥാര്‍ഥ വൈസ്രോയിയാക്കി. എന്നിരുന്നാലും, ഒരു അന്താരാഷ്ട്ര സേന യുഎന്‍ കമാന്‍ഡിലോ മേല്‍നോട്ടത്തിലോ വരാന്‍ യുഎസ് ആഗ്രഹിച്ചില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍, ട്രംപ് ഭരണകൂടം അറബ് രാഷ്ട്രങ്ങളെയും മറ്റ് ഇസ്ലാമിക രാജ്യങ്ങളെയും അദ്ദേഹത്തിന്റെ പ്രചാരണത്തില്‍ ചേരാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തിരശ്ശീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു. ഫലസ്തീന്‍ നേതാക്കള്‍ ഇതിനെ ഒരു ആപദ്കരമായ സാഹചര്യമായി കണ്ടു.

'ഫലസ്തീന്‍ സേനകള്‍ എന്ന നിലയില്‍, ഈജിപ്ത് പക്ഷവുമായും മധ്യസ്ഥരുമായും നാമെല്ലാവരും അംഗീകരിച്ച മൂന്ന് തത്ത്വങ്ങളുണ്ട്' - ബര്‍ഗൂതി പറഞ്ഞു. 'ഒന്ന്, ഗസയെ ഒരു വിദേശ അധികാരിയല്ല, ഫലസ്തീനികള്‍ തന്നെ നിയന്ത്രിക്കും എന്നതാണ്. രണ്ടാമത്തേത്, വെസ്റ്റ് ബാങ്കില്‍നിന്ന് ഗസയെ വേര്‍പെടുത്തരുത്. മൂന്നാമതായി, അവര്‍ സംസാരിക്കുന്ന അന്താരാഷ്ട്ര ശക്തി, വെടിനിര്‍ത്തല്‍ പാലിക്കാന്‍ ഒരു യുഎന്‍ സമാധാന സേനയായിരിക്കണം - ഇസ്രായേലികളില്‍ നിന്ന് നമ്മെ വേര്‍പെടുത്താനും ഗസയില്‍നിന്ന് ഇസ്രായേലിന്റെ പൂര്‍ണമായ പിന്‍വാങ്ങല്‍ ഉറപ്പാക്കാനും. ഐക്യരാഷ്ട്രസഭയിലെ ഏതൊരു നിര്‍ദേശത്തെയും നിയന്ത്രിക്കേണ്ട തത്ത്വങ്ങളാണിവ.' ബര്‍ഗൂതി കൂട്ടിച്ചേര്‍ത്തു. 'നമ്മുടെ മേല്‍ ഇനി ഒരിക്കലും ഒരു തരത്തിലുള്ള വിദേശ ഭരണവും അംഗീകരിക്കരുത്. നമുക്ക് വീണ്ടും കൊളോണിയലിസം ആവശ്യമില്ല, പ്രത്യേകിച്ച് ടോണി ബ്ലെയര്‍ വന്ന് നമ്മെ ഭരിക്കേണ്ട ആവശ്യമില്ല.'

വോട്ടെടുപ്പിന് മുമ്പ്, ഖത്തര്‍, ഈജിപ്ത്, യുഎഇ, സൗദി അറേബ്യ, ഇന്തോനേഷ്യ, പാകിസ്താന്‍, ജോര്‍ദാന്‍, തുര്‍ക്കി എന്നീ ഇസ്ലാമിക രാജ്യങ്ങളുടെ സഖ്യം പ്രമേയം അംഗീകരിച്ചപ്പോള്‍ ട്രംപ് നയതന്ത്ര വിജയം നേടി. അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ നാമമാത്രമായി ഭരിക്കുന്നതും ഫലസ്തീനികള്‍ക്കിടയില്‍ വേണ്ടത്ര ജനപ്രീതിയില്ലാത്തതുമായ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ ഭരണകൂടത്തില്‍നിന്ന് അദ്ദേഹം ഒരു പൊള്ളയായ അംഗീകാരവും കരസ്ഥമാക്കി. ഐക്യരാഷ്ട്രസഭയിലെ 'സ്റ്റേറ്റ് ഓഫ് പലസ്തീന്‍' എന്നതിന്റെ അംഗമല്ലാത്ത നിരീക്ഷക സീറ്റും അബ്ബാസ് നിയന്ത്രിക്കുന്നു. 'ഫലസ്തീനിയും' ഇസ്രായേലും ഒരേ പക്ഷത്താണെന്ന് ഇപ്പോള്‍ ട്രംപിന് അവകാശപ്പെടാം.

രണ്ടുവര്‍ഷത്തെ വംശഹത്യയില്‍ ഗസയിലെ ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ പരാജയപ്പെടുത്താനോ നിരായുധീകരിക്കാനോ കഴിയാത്ത ഇസ്രായേല്‍, സഹായ വിതരണം അല്ലെങ്കില്‍ ഫലസ്തീന്‍ നിരായുധീകരണവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഇസ്രായേലി പിന്‍വലിക്കല്‍ ആഗ്രഹിച്ചു - ട്രംപിന്റെ പദ്ധതിയില്‍ അവ്യക്തമായ ഭാഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു പദം. ഇസ്രായേലിന്റെ വര്‍ണവിവേചന ഭരണകൂടത്തെ അപലപിച്ചുകൊണ്ട് പതിറ്റാണ്ടുകളായി നൂറുകണക്കിന് പ്രമേയങ്ങള്‍ പാസാക്കിയ യുഎന്നിനോടുള്ള തന്റെ വെറുപ്പ് നെതന്യാഹു മറച്ചുവച്ചിട്ടില്ല. സെപ്റ്റംബറില്‍, ജനറല്‍ അസംബ്ലിയില്‍ അദ്ദേഹം യുഎന്നിനെ 'സെമിറ്റിക് വിരുദ്ധതയുടെ ചതുപ്പ്' എന്ന് വിളിച്ചു. എന്നിരുന്നാലും, ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തിന്റെ നിരായുധീകരണവും ഗസയിലെ സൈനികവല്‍ക്കരണവും യുഎന്‍ അംഗീകരിക്കുന്നത് തന്ത്രപരമായ ഒരവസരമായി നെതന്യാഹു കണ്ടു. പ്രത്യേകിച്ചും യുഎന്നിന്റെ യഥാര്‍ഥ പങ്കാളിത്തമില്ലാതെ അത് സംഭവിച്ചെങ്കില്‍.

നവംബര്‍ 17ന്, പ്രമേയത്തില്‍ വോട്ട് ചെയ്യാന്‍ സുരക്ഷാ കൗണ്‍സില്‍ വിളിച്ചുകൂട്ടി. ട്രംപിന്റെ ആവശ്യങ്ങള്‍ക്ക് കൗണ്‍സില്‍ വഴങ്ങിയില്ലെങ്കില്‍ വംശഹത്യ പുനരാരംഭിക്കുമെന്ന് യുഎന്നിലെ യുഎസ് പ്രതിനിധി മൈക്ക് വാള്‍ട്ട്‌സ് അംഗരാജ്യങ്ങളോട് പറഞ്ഞു. 'ഈ പ്രമേയത്തിനെതിരായ വോട്ട് യുദ്ധത്തിലേക്ക് മടങ്ങാനുള്ള വോട്ടാണ്' എന്നും പറഞ്ഞു.

അഭൂതപൂര്‍വമായ നീക്കത്തില്‍, യുഎന്നിന്റെ ബാനറിന് കീഴില്‍ പ്രവര്‍ത്തിക്കാത്ത, പകരം ട്രംപും അദ്ദേഹത്തിന്റെ സമാധാന ബോര്‍ഡ് എന്നറിയപ്പെടുന്ന സംഘടനയും ആജ്ഞാപിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു അന്താരാഷ്ട്ര സേനയെ വിന്യസിക്കാന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. അധിനിവേശത്തിനും വര്‍ണവിവേചനത്തിനുമെതിരേ സായുധ ചെറുത്തുനില്‍പ്പിനുള്ള ഫലസ്തീനികളുടെ അവകാശം എടുത്തുകളയണമെന്ന ട്രംപിന്റെ നിലപാടില്‍ യുഎന്‍ ഫലപ്രദമായി ഒപ്പുവച്ചു. 2027 അവസാനം വരെ യുഎന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കാന്‍ ട്രംപിന്റെ അധിനിവേശ സേനയ്ക്ക് അധികാരം നല്‍കുമെന്നും ആ ഘട്ടത്തില്‍ അവരുടെ അധികാരം പുതുക്കാമെന്നും പ്രമേയം പറയുന്നു.

''ഇത്തരം കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് പരിചയമുണ്ട്. 'പുതുക്കാവുന്ന' എന്തും അനിശ്ചിതമായി തുടരാം, താല്‍ക്കാലികമായി നിലനില്‍ക്കില്ല. അത് ദീര്‍ഘകാലം നിലനില്‍ക്കും.'' ഇസ്ലാമിക് ജിഹാദിന്റെ ഉപ നേതാവും പ്രസ്ഥാനത്തിന്റെ സഹസ്ഥാപകനുമായ അല്‍ ഹിന്ദി പറഞ്ഞു. ''ഓസ്ലോയില്‍, അത് അഞ്ച് വര്‍ഷത്തേക്ക് നീട്ടാമെന്ന് അവര്‍ പറഞ്ഞു. പക്ഷേ, ഇപ്പോള്‍ അത് 30 വര്‍ഷത്തിലേറെയായി. ഞങ്ങള്‍ ഇപ്പോഴും ഓസ്ലോയുടെ കീഴിലാണ് ജീവിക്കുന്നത്.''

എതിര്‍പ്പില്ലാതെ പാസായ പ്രമേയത്തില്‍, ഗസയുടെ വലിയൊരു ഭാഗത്തെ ഇസ്രായേല്‍ അധിനിവേശം കൂടുതല്‍ ഉറപ്പിച്ചു നിര്‍ത്തുന്ന, ഇസ്രായേല്‍ സൈന്യത്തിന്റെ പൂര്‍ണമായ പിന്‍വാങ്ങലിനുള്ള നടപ്പില്‍ വരുത്താവുന്ന നിര്‍ദേശങ്ങളോ വിശദമായ ഭൂപടമോ ഉണ്ടായിരുന്നില്ല. ഹമാസിനെയും മറ്റ് ഫലസ്തീന്‍ പ്രതിരോധ സേനകളെയും നിരായുധീകരിച്ചുകൊണ്ട് 'ഗസയിലെ സുരക്ഷാ അന്തരീക്ഷം സ്ഥിരപ്പെടുത്തുന്നതിന്' ഇസ്രായേല്‍ ഈജിപ്തിനും അന്താരാഷ്ട്ര സൈനികര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കുമെന്ന് അതില്‍ പറയുന്നു.

ട്രംപ് ഐക്യരാഷ്ട്രസഭയില്‍ വിജയം നേടിയെങ്കിലും, അദ്ദേഹത്തിന്റെ പദ്ധതി നടപ്പിലാക്കുന്നത് സങ്കീര്‍ണമായേക്കാം. ഒക്ടോബര്‍ അവസാനം, 'ട്രൂത്ത് സോഷ്യലി'ല്‍ ട്രംപ് അവകാശപ്പെട്ടത്, നിരവധി അറബ് രാജ്യങ്ങള്‍ 'എന്റെ അഭ്യര്‍ഥനപ്രകാരം, ഗസയിലേക്ക് ഒരു കനത്ത സേനയുമായി പോയി ഹമാസ് മോശമായി പ്രവര്‍ത്തിക്കുന്നത് തുടരുകയാണെങ്കില്‍ 'ഹമാസിനെ നേരെയാക്കാനുള്ള' അവസരം സ്വാഗതം ചെയ്യുമെന്ന് വളരെ ആവേശത്തോടെയും വളരെ വ്യക്തമായും ശക്തമായും എന്നെ അറിയിച്ചിട്ടുണ്ട്' എന്നാണ്.

എന്നാല്‍ സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, ജോര്‍ദാന്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രധാന അറബ് രാജ്യങ്ങള്‍ - അറബ് ലീഗിനൊപ്പം - ഫലസ്തീനികളെ നിരായുധരാക്കാനുള്ള ദൗത്യത്തിനായി ഒരു സൈന്യത്തെയും അയയ്ക്കില്ലെന്ന് സൂചിപ്പിച്ചിട്ടുണ്ട്. നിലപാടുകള്‍ മാറ്റാന്‍ അവരെ ബോധ്യപ്പെടുത്താന്‍ തങ്ങള്‍ ഇപ്പോള്‍ പാടുപെടുന്നുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ നിശ്ശബ്ദമായി സമ്മതിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ കളിക്കാരില്‍ ചിലര്‍ ഒരു അന്താരാഷ്ട്ര സേനയില്‍ പങ്കെടുക്കുന്നത് പൂര്‍ണമായും തള്ളിക്കളയുന്നില്ല. കൂടാതെ ദൗത്യത്തിന്റെ വ്യാപ്തിയെക്കുറിച്ച് കൂടുതല്‍ വ്യക്തത ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്തോനേഷ്യ, തുര്‍ക്കി, പാകിസ്താന്‍, അസര്‍ബൈജാന്‍ എന്നിവയുള്‍പ്പെടെ അറബ് ഇതര ഇസ്ലാമിക രാജ്യങ്ങളുമായി ഭരണകൂടം ചര്‍ച്ചകള്‍ നടത്തിവരുകയാണ്. എന്നാല്‍ നിലവിലെ പദ്ധതി പ്രകാരം സൈനിക ദൗത്യത്തില്‍ പങ്കെടുക്കുമെന്ന് ഒരു രാജ്യവും ഇതുവരെ പരസ്യമായി ഉറപ്പ് പറഞ്ഞിട്ടില്ല. ചില രാജ്യങ്ങള്‍ സൈന്യത്തെ അയക്കാമെന്ന് വാഗ്ദാനം ചെയ്താലും, ട്രംപ് തന്റെ സേനയെ പിന്തുണയ്ക്കാന്‍ സ്വകാര്യ സൈനിക കരാറുകാരെ നിയമിക്കേണ്ടിവരുമെന്ന് തോന്നുന്നു.

''അത്തരം സേനകളില്‍ പങ്കെടുക്കുമെന്ന് കരുതപ്പെടുന്ന അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളെല്ലാം ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തെ നിരായുധീകരിക്കുന്നതിനായി ഗസ മുനമ്പില്‍ പ്രവേശിക്കുന്നത് നിരസിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു'' - അല്‍ ഹിന്ദി പറഞ്ഞു. ''ഇസ്രായേലിന്റെ കടമ അതാണ് - രണ്ടുവര്‍ഷമായി നേടിയെടുക്കുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ട ഒരു കടമ. ഇസ്രായേലിനുവേണ്ടി അത്തരം ശക്തികള്‍ വൃത്തികെട്ട പ്രവൃത്തി ചെയ്യാന്‍ വരണോ?''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ' ഫലസ്തീന്‍ ജനതയുടെ ആയുധങ്ങള്‍ എടുത്തുകളയുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ഏതൊരു പദ്ധതിയും അവരുടെ ഇച്ഛാശക്തി ഇല്ലാതാക്കുന്നതാണ്. കാരണം ആയുധങ്ങള്‍ അടിസ്ഥാനപരമായി ഇച്ഛാശക്തിയുടെ പ്രകടനമാണ്. പ്രതിരോധം ഉപയോഗശൂന്യമാണെന്ന് അവര്‍ വിശ്വസിക്കുന്ന ഒരു ഘട്ടത്തിലേക്ക് അവരെ കൊണ്ടുവരുകയെന്നത് പരാജയപ്പെടുന്ന പദ്ധതിയായിരിക്കും.''

ഫലസ്തീനികള്‍ കീഴടങ്ങി എന്ന മട്ടില്‍, ട്രംപും നെതന്യാഹുവും ഫലസ്തീന്‍ നിരായുധീകരണ വിഷയം ഗസയിലെ അവരുടെ അജണ്ടകളില്‍ ഒരു വിധി നിയോഗമായി ചിത്രീകരിച്ചു. അതനുസരിച്ച്, ഗസയെ സൈനികവല്‍ക്കരിച്ചില്ലെങ്കില്‍ യുദ്ധം തുടരുമെന്ന ഭീഷണി ഇസ്രായേല്‍ തുടരുന്നു.

'സത്യം പറഞ്ഞാല്‍, ഇത്തരം പ്രസ്താവനകള്‍ പലപ്പോഴും യാഥാര്‍ഥ്യത്തെ പ്രതിഫലിപ്പിക്കാത്ത വാചാടോപങ്ങളാണ്' - ഹമാസിന്റെ സ്ഥാപക അംഗമായ മൂസാ അബൂ മര്‍സൂഖ് 'ഡ്രോപ് സൈറ്റി'ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'ഒരു ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തിനെതിരേ രണ്ടുവര്‍ഷത്തോളം പോരാടിയിട്ടും അത് നിര്‍ണായകമായി അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ഈ വിഷയത്തില്‍ ചര്‍ച്ചാ മേശയില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത് ലഭിക്കുമോ? അത് വളരെ ബുദ്ധിമുട്ടാണെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ അവര്‍ തങ്ങളുടെ പ്രതീക്ഷകള്‍ വളരെയധികം കുറയ്‌ക്കേണ്ടതുണ്ട്.'

ഗസയില്‍ ഒരു അരാഷ്ട്രീയ ഫലസ്തീന്‍ ടെക്‌നോക്രാറ്റിക് കമ്മിറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് പ്രമേയത്തില്‍ പരാമര്‍ശിക്കുമ്പോള്‍, അത് ട്രംപിന്റെ സ്വയം തിരഞ്ഞെടുത്ത കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കും; ഫലപ്രദമായി ഗസയുടെ ഭരണത്തെ വിദേശ ഭരണത്തിന് കീഴിലാക്കും. 'അമേരിക്കന്‍ ആധിപത്യം കാരണം ഐക്യരാഷ്ട്രസഭ അമേരിക്കയുടെയും 'ഇസ്രായേലിന്റെയും' മാത്രം താല്‍പ്പര്യങ്ങള്‍ക്ക് കീഴിലാണ്. യുഎസിന്റെയോ 'ഇസ്രായേലിന്റെയോ' താല്‍പ്പര്യങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത ഒന്നും സുരക്ഷാ കൗണ്‍സിലില്‍ പാസാക്കാന്‍ കഴിയില്ല.' ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെ രാഷ്ട്രീയകാര്യ സമിതി അംഗം ഇഹ്‌സാന്‍ അതായ പറഞ്ഞു. ''യുഎന്‍ കവറില്‍ പൊതിഞ്ഞ ഇസ്രായേലി-അമേരിക്കന്‍ കാഴ്ചപ്പാട് നമ്മുടെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല.''

ട്രംപ് തന്റെ ഗസ പദ്ധതികളെ ഒരു ബിസിനസ്സ് ഇടപാട് എന്ന നിലയിലും പരാമര്‍ശിച്ചിട്ടുണ്ട്. ഇതിനകം ലഭിച്ച എല്ലാ നിക്ഷേപ പ്രതിബദ്ധതകളെയും കുറിച്ച് വീമ്പിളക്കുന്നു. ഫെബ്രുവരിയില്‍ ഗസയെ യുഎസിന്റെ ഉടമസ്ഥതയിലുള്ള 'മിഡില്‍ ഈസ്റ്റ് റിവിയേര' ആക്കി മാറ്റുക എന്ന ആശയം അദ്ദേഹം ആദ്യമായി മുന്നോട്ടുവച്ചതുമുതല്‍, ഗസയുടെ 'സമുദ്രമുഖ' റിയല്‍ എസ്റ്റേറ്റ് സാധ്യതയെക്കുറിച്ച് അദ്ദേഹം പലപ്പോഴും സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലവിലെ 'പുനര്‍നിര്‍മാണ' പദ്ധതി കോടിക്കണക്കിന് ഡോളറിന്റെ സ്വകാര്യ, പൊതു ലാഭത്തിനായുള്ള നിക്ഷേപ പദ്ധതിയെ ചുറ്റിപ്പറ്റിയാണ്.

'ട്രംപ് 'ബോര്‍ഡ് ഓഫ് പീസ്' പ്രസിഡന്റായിരിക്കുന്നതിലും പ്രശ്നമുണ്ട്. ഗസ പുനര്‍നിര്‍മിക്കുന്നതിനും പണം സ്വരൂപിക്കുന്നതിനുമായി ഒരു ഫണ്ട് സ്ഥാപിക്കുക എന്നതാണ് അവരുടെ ആദ്യ ദൗത്യം. ലോകമെമ്പാടും ശേഖരിക്കുന്ന എല്ലാ ഫണ്ടുകളും ട്രംപ് തന്നെ നിയന്ത്രിക്കുന്ന ഈ ഫണ്ടിലേക്ക് പോകും എന്നാണ് ഇതിനര്‍ഥം.' ഇഹ്‌സാന്‍ അതായ 'ഡ്രോപ് സൈറ്റി'നോട് പറഞ്ഞു. 'അമേരിക്കന്‍ പ്രസിഡന്റിന്റെ തന്ത്രവും വഞ്ചനയും കാരണം, യുഎസ് പ്രസിഡന്റ് സ്ഥാനം വിട്ടതിനുശേഷവും അതിന്റെ തലവനായി തുടരാന്‍ അദ്ദേഹത്തിന് അധികാരം നല്‍കുന്ന വിധത്തില്‍ അദ്ദേഹം തന്റെ പേര് ഈ ബോര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്നു. അങ്ങനെ, ഗസ ഫലത്തില്‍ ട്രംപിന്റെ സ്വന്തം സാമ്പത്തിക പദ്ധതിയായി മാറും.'

ഒരു ബദല്‍ പ്രമേയം നിര്‍ദേശിച്ചെങ്കിലും പെട്ടെന്ന് പിന്മാറിയ റഷ്യയും ചൈനയും ട്രംപിന്റെ പദ്ധതി വീറ്റോ ചെയ്യേണ്ടെന്ന് തീരുമാനിച്ചു. പകരം വിട്ടുനിന്ന് അത് പാസാക്കുന്നതിന് തടയിട്ടു.

'കുറച്ചു നിമിഷങ്ങള്‍ക്കു മുമ്പ്, ഞാന്‍ അധ്യക്ഷനായ 'ബോര്‍ഡ് ഓഫ് പീസി'നെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്ത, ലോകമെമ്പാടുമുള്ള ഏറ്റവും ശക്തരും ആദരണീയരുമായ നേതാക്കള്‍ അണിനിരന്ന ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന്റെ അവിശ്വസനീയമായ വോട്ടെടുപ്പിന് ലോകത്തിന് അഭിനന്ദനങ്ങള്‍,' വോട്ടെടുപ്പിന് ശേഷം ട്രംപ് 'ട്രൂത്ത് സോഷ്യലി'ല്‍ എഴുതി. ''ഇത് ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായി മാറും. ലോകമെമ്പാടും കൂടുതല്‍ സമാധാനത്തിലേക്ക് നയിക്കും. കൂടാതെ യഥാര്‍ഥ ചരിത്രപരമായ ഒരു നിമിഷവുമാണ്!''

''പ്രസിഡന്റ് ട്രംപിന്റെ പദ്ധതി സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, കാരണം അത് സമ്പൂര്‍ണ സൈനികവല്‍ക്കരണം, നിരായുധീകരണം, ഗസയുടെ തീവ്രവാദവല്‍ക്കരണം എന്നിവയെ ഊന്നിപ്പറയുന്നു'' എന്ന് പ്രമേയത്തെ സ്വാഗതം ചെയ്ത് നെതന്യാഹു ഒരു പ്രസ്താവനയില്‍ പറഞ്ഞു. യുഎന്‍ അംഗീകാരത്തോടെ ട്രംപിന്റെ പദ്ധതി ''ഇസ്രായേലിനെയും അതിന്റെ അയല്‍ക്കാരെയും കൂടുതല്‍ സംയോജിപ്പിക്കുന്നതിനൊപ്പം അബ്രഹാം കരാറുകളുടെ വികാസത്തിലേക്കും നയിക്കും'' എന്നും നെതന്യാഹു പ്രവചിച്ചു.

''ഗസയെ സൈനികവല്‍ക്കരിക്കുമെന്നും ഹമാസിനെ നിരായുധീകരിക്കുമെന്നും നെതന്യാഹുവിന്റെ വക്താവ് ഷോഷ് ബെഡ്രോസിയന്‍ പ്രഖ്യാപിച്ചു.

''ഗസ സൈനികവല്‍ക്കരിക്കപ്പെടും, ഹമാസ് നിരായുധീകരിക്കപ്പെടും. ഇത് എളുപ്പവഴിയിലോ കഠിനമായ വഴിയിലോ സംഭവിക്കും. ഇപ്പോള്‍, ഏതൊരു ഫലസ്തീന്‍ രാഷ്ട്രത്തിന്റെ കാര്യത്തിലുള്ള ഒന്നിനോടാണോ നമ്മുടെ എതിര്‍പ്പ് അത് ഉറച്ചതും സാധുതയുള്ളതുമാണ്. ഒരു മാറ്റവും വന്നിട്ടില്ല.''

മഹ്‌മൂദ് അബ്ബാസിന്റെ ഫത്തഹ് ഒഴികെയുള്ള മിക്കവാറും എല്ലാ രാഷ്ട്രീയ സംഘടനകളെയും ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളെയും ഉള്‍ക്കൊള്ളുന്ന ഫലസ്തീന്‍ വിഭാഗങ്ങളുടെ വിശാലമായ ഒരു സഖ്യം, പ്രമേയത്തെ അപലപിച്ചുകൊണ്ട് ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കി. 'അന്താരാഷ്ട്ര സുരക്ഷാ ചട്ടക്കൂടുകള്‍ ലംഘിക്കുന്നതും ഫലസ്തീന്‍ ജനതയുടെ ഇച്ഛയ്ക്ക് വിരുദ്ധമായ ഇസ്രായേലി നടപടികള്‍ക്ക് വഴിയൊരുക്കുന്നതുമായ യുഎസ് പിന്തുണയുള്ള ഒരു തീരുമാനം' എന്ന് അവര്‍ പ്രമേയത്തെ വിശേഷിപ്പിച്ചു. ഫലസ്തീന്‍ ജനതയുടെ സായുധ ചെറുത്തുനില്‍പ്പിനുള്ള അവകാശം അവര്‍ ആവര്‍ത്തിച്ചുറപ്പിച്ചു. ഒരു വിദേശ സേനയെ വിന്യസിക്കുന്നത് 'നമ്മുടെ ജനങ്ങള്‍ക്കെതിരായ ആക്രമണത്തിനും അവരുടെ വംശഹത്യ തുടരുന്നതിനുമുള്ള ഒരു പുതിയ ഉപകരണമായി' വിശേഷിപ്പിച്ചു.

പ്രമേയം 'ഗസയില്‍ ഒരു അന്താരാഷ്ട്ര രക്ഷാകര്‍തൃ സംവിധാനം' അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും, ഫലസ്തീനികളെ നിരായുധരാക്കാന്‍ നിയോഗിക്കപ്പെട്ട ഒരു സേനയെ വിന്യസിക്കുന്നത് 'ഒരു നിഷ്പക്ഷ നിലപാടിനു പകരം അധിനിവേശ അജണ്ട നടപ്പിലാക്കുന്നതില്‍ ഒരു പങ്കാളിയാക്കി മാറ്റുന്നു' എന്നും കൂട്ടിച്ചേര്‍ത്തു. ഭക്ഷണം, മരുന്ന്, മറ്റ് ജീവിത അവശ്യവസ്തുക്കള്‍ എന്നിവയുടെ വിതരണം, പുനര്‍നിര്‍മാണ ശ്രമങ്ങള്‍ എന്നിവ 'രാഷ്ട്രീയവല്‍ക്കരണത്തിനും ഭീഷണിപ്പെടുത്തലിനും അടിച്ചമര്‍ത്തലിനും വിധേയമായി തുടരുന്ന' ഒരു ഘടനയെ പ്രമേയം ക്രോഡീകരിക്കുന്നുവെന്നും ഹമാസ് ആരോപിച്ചു.

ഈ പ്രമേയത്തോടെ, ഫലസ്തീനികള്‍ ഇപ്പോള്‍ ഒരു ചരിത്ര നിമിഷത്തിലാണ്: ഔദ്യോഗികമായി പല അറബ് രാഷ്ട്രങ്ങള്‍ അംഗീകരിച്ചതും, ജനസമ്മതിയോടെ അല്ലാതെ പ്രവര്‍ത്തിക്കുന്നതുമായ ഫലസ്തീന്‍ അതോറിറ്റിയെ റബ്ബര്‍ സ്റ്റാംപാക്കിയ യുഎസ്-ഇസ്രായേല്‍ അച്ചുതണ്ടിനെതിരേയുള്ള അതിജീവനത്തിനും വിമോചനത്തിനുമുള്ള പോരാട്ടത്തിലാണ് ഫലസ്തീനികള്‍. ഫലസ്തീന്‍ വിമോചനത്തിന്റെ മുഴുവന്‍ ലക്ഷ്യത്തെയും നിരായുധീകരിക്കാനും ട്രംപ് അധ്യക്ഷനായ ഒരു അവ്യക്തമായ വിദേശ കമ്മിറ്റിക്ക് അതിന്റെ ഭാവി കൈമാറാനുമുള്ള ശ്രമമാണിത്.

''ആരും - പ്രത്യേകിച്ച് അമേരിക്കക്കാരും, യൂറോപ്യന്മാരും, നിര്‍ഭാഗ്യവശാല്‍ ചില അറബികളും - മേഖലയില്‍ ഇസ്രായേലിനെതിരേ പ്രതിരോധം ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ല. ചെറുത്തുനില്‍പ്പ് അവരെ ലജ്ജിപ്പിക്കുന്നു''- അല്‍ ഹിന്ദി പറഞ്ഞു.

''അതിനാല്‍ ആത്യന്തിക ലക്ഷ്യം ഫലസ്തീന്‍ ജനതയുടെ പ്രതിരോധം നഷ്ടപ്പെടുക എന്നതാണ്. ചെറുത്തുനില്‍പ്പോ നമുക്ക് പ്രതിരോധിക്കാനുള്ള കഴിവോ നഷ്ടപ്പെട്ടാല്‍ ഫലസ്തീന്‍ ലക്ഷ്യം അവസാനിച്ചു. ഫലസ്തീന്‍ ജനതയെ സംരക്ഷിക്കുന്നത് അവരുടെ പ്രതിരോധമാണ്. പ്രശ്‌നം ഹമാസ് അല്ലെങ്കില്‍ ഇസ്ലാമിക് ജിഹാദ് എന്നീ പേരുകളെക്കുറിച്ചല്ല. ഫലസ്തീന്‍ ജനത ചെറുത്തുനില്‍ക്കുന്നു. കാരണം, ശത്രുവായ ഇസ്രായേല്‍ തുടര്‍ച്ചയായി അവരെ ആക്രമിക്കുന്നു.'

നിരായുധീകരണ കെണി

നവംബര്‍ 6ന് മിയാമിയില്‍ നടന്ന ഒരു ബിസിനസ് കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗത്തില്‍, യുഎസ് 'ആയുധങ്ങള്‍ വിമുക്തമാക്കല്‍ പ്രക്രിയ- ഒരു സൈനികവല്‍ക്കരണവും പൊതുമാപ്പ് പരിപാടിയും- ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ മധ്യത്തിലാണെന്ന്' വിറ്റ്‌കോഫ് പറഞ്ഞു. നിരായുധീകരണത്തിനും ട്രംപിന്റെ അന്താരാഷ്ട്ര സേനയ്ക്ക് ആയുധങ്ങള്‍ കൈമാറുന്നതിനും ഹമാസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ''നിരായുധീകരിക്കുമെന്ന് ഹമാസ് എപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്. അവര്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്; ജാരെഡ് അവരുമായി നടത്തിയ ആ പ്രശസ്തമായ കൂടിക്കാഴ്ചയില്‍ അവര്‍ അത് ഞങ്ങളോട് നേരിട്ട് പറഞ്ഞിരുന്നു''- വിറ്റ്‌കോഫ് പറഞ്ഞു. ''അന്താരാഷ്ട്ര സുരക്ഷാ സേന ഇവിടെ വന്ന് അവര്‍ ആയുധങ്ങള്‍ നല്‍കുന്ന പാളിയാകണമെന്ന് ഹമാസ് എപ്പോഴും പറഞ്ഞിട്ടുണ്ട്.''

'ഡ്രോപ് സൈറ്റു'മായുള്ള അഭിമുഖത്തില്‍, ഹമാസ് അത്തരമൊരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് ഹംദാന്‍ ശക്തമായി നിഷേധിച്ചു. ''ഇല്ല. അദ്ദേഹം എന്താണ് പറയുന്നത്, എനിക്കറിയില്ല, പക്ഷേ ഞങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ല. മുഴുവന്‍ പ്രതിനിധി സംഘവും അവിടെ ഉണ്ടായിരുന്നു. ആരും അങ്ങനെ പറഞ്ഞില്ല''-ഹംദാന്‍ ഉറപ്പിച്ചു പറഞ്ഞു. 'നിങ്ങള്‍ക്ക് ചര്‍ച്ച നടത്തണമെങ്കില്‍, അത് ഷാം എല്‍-ഷെയ്ക്ക് കരാറിലേക്ക് നയിച്ച നാല് ദിവസത്തെ ചര്‍ച്ചകളേക്കാള്‍ കൂടുതല്‍ സമയമെടുക്കും.' 'നമ്മുടെ സഹോദരങ്ങളുമായും മറ്റ് വിഭാഗങ്ങളുമായും നമ്മള്‍ സംസാരിക്കണം. അതിനായി നമുക്ക് ഒരു ദേശീയ ധാരണ ഉണ്ടാകുമ്പോള്‍, മധ്യസ്ഥരുമായും അമേരിക്കക്കാരുമായും നമ്മള്‍ സംസാരിക്കാന്‍ തുടങ്ങും.' വിറ്റ്‌കോഫിന്റെ അവകാശവാദങ്ങളെയും ഹമാസിന്റെ നിഷേധത്തെയും കുറിച്ച് അഭിപ്രായം ചോദിക്കാനുള്ള അഭ്യര്‍ഥനയ്ക്ക് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് മറുപടി നല്‍കിയില്ല.

ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് വിഭാഗങ്ങള്‍ക്കിടയില്‍, ഗസയിലെ ഉന്മൂലന യുദ്ധം തുടരുന്നതിന് ന്യായീകരണമായി നെതന്യാഹു നിരായുധീകരണ വിഷയം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യാപകമായ ഒരു അഭിപ്രായമുണ്ട്. വെടിനിര്‍ത്തല്‍ ഉണ്ടായിരുന്നിട്ടും, ലെബ്‌നാനില്‍ ആവര്‍ത്തിച്ച് ചെയ്തതുപോലെ ഗസയില്‍ ആക്രമണം വ്യാപിപ്പിക്കാന്‍ ഇസ്രായേല്‍ ഇത് ഉപയോഗപ്പെടുത്തും. നിരായുധീകരണം സത്യത്തില്‍ യഥാര്‍ഥ ആയുധങ്ങളെക്കുറിച്ചല്ല, മറിച്ച് രണ്ടുവര്‍ഷത്തിലധികം നീണ്ടുനിന്ന വന്‍ ബോംബാക്രമണത്തിലൂടെയും കര യുദ്ധത്തിലൂടെയും 77 വര്‍ഷത്തെ അധിനിവേശത്തിലൂടെയും വംശീയ ഉന്മൂലനത്തിലൂടെയും ഇസ്രായേലിന് നേടാന്‍ കഴിയാത്ത ഒരു കീഴടങ്ങല്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള നിയമസാധുത നേടാനുള്ള ശ്രമമാണെന്ന് ഫലസ്തീനികള്‍ വാദിക്കുന്നു. യുഎന്‍ പ്രമേയം ഈ പദ്ധതിയെ ഫലപ്രദമായി ക്രോഡീകരിക്കുന്നുവെന്ന് അവര്‍ പറയുന്നു.

'ഈ പ്രമേയത്തെയും ചെറുത്തുനില്‍പ്പിനെ ഭീകരവാദമായി മുദ്രകുത്തുന്ന, സയണിസ്റ്റ് ശത്രുവിന് ഗസയിലെ ഫലസ്തീന്‍ ജനതയെ ലക്ഷ്യം വയ്ക്കാനുള്ള അവകാശം നല്‍കുന്ന, ഈ പ്രമേയം നല്‍കുന്ന സമ്പൂര്‍ണ സുരക്ഷാ അധികാരം വകവച്ചു കൊടുക്കുന്ന ഏതൊരു പ്രമേയത്തെയും ഞങ്ങള്‍ നിരസിക്കുന്നു' - ഇഹ്‌സാന്‍ അതായ പറഞ്ഞു.

'യുദ്ധസമയത്ത് ചെറുത്തുനില്‍പ്പ് ഇല്ലാതാക്കാന്‍ കഴിയാത്തതിനാല്‍, സയണിസ്റ്റ് ശത്രുവിന് സേവനം നല്‍കാന്‍ അമേരിക്ക ശ്രമിക്കുന്നത് സ്വാഭാവികമാണ്. അതിനാല്‍, പ്രതിരോധ പ്രസ്ഥാനത്തെ നിരായുധീകരിക്കാനും അതിന്റെ ശക്തി സ്രോതസ്സുകള്‍ ഇല്ലാതാക്കാനും അവര്‍ പ്രവര്‍ത്തിക്കുന്നു.'

ഗസയിലെ ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ കൈവശമുള്ള ആയുധങ്ങളെക്കുറിച്ചുള്ള ഇസ്രായേലി വിവരണം മാത്രം നിങ്ങള്‍ ശ്രദ്ധിച്ചാല്‍, ഇസ്രായേലിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകാന്‍ കഴിവുള്ള നൂതന ആയുധങ്ങളുടെ ഒരു നൂതന നിര അവരുടെ കൈവശമുണ്ടെന്ന നിഗമനത്തില്‍ നിങ്ങള്‍ എത്തിയേക്കാം. 2006ല്‍ ഗസയില്‍ ഉപരോധം അടിച്ചേല്‍പ്പിച്ചതുമുതല്‍, ഹമാസും ഇസ്ലാമിക് ജിഹാദും ഗസയ്ക്കുള്ളില്‍ രഹസ്യമായി നിര്‍മിച്ച നാടന്‍ ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൂടുതലും പ്രവര്‍ത്തിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞ രണ്ടുവര്‍ഷത്തെ യുദ്ധത്തില്‍ ഇസ്രായേലിനു നേരെ തൊടുത്തുവിട്ട റോക്കറ്റുകളുടെ വിതരണം ഏതാണ്ട് പൂര്‍ണമായും തീര്‍ന്നു. ചെറു ആയുധങ്ങള്‍, വീട്ടില്‍ നിര്‍മിച്ച ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തുക്കള്‍, പുനര്‍നിര്‍മിച്ച ഇസ്രായേലി ആയുധങ്ങള്‍, റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകള്‍ എന്നിവ ഉപയോഗിച്ചാണ് ചെറുത്തുനില്‍പ്പ് പോരാളികള്‍ പോരാടിയിരുന്നത്.

കടന്നാക്രമണത്തിനും അധിനിവേശത്തിനുമെതിരായ പ്രതിരോധമല്ലാതെ ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തിന്റെ കൈവശമുള്ള ആയുധങ്ങളെ മറ്റെന്തെങ്കിലും ആയി ചിത്രീകരിക്കാനുള്ള ഇസ്രായേലിന്റെ ശ്രമം അടിസ്ഥാനരഹിതമാണെന്ന് അബൂ മര്‍സൂഖ് പറഞ്ഞു.

''ഗസയിലെ വടക്കന്‍ പ്രദേശം, ഖാന്‍ യൂനിസ്, റഫാ എന്നിവിടങ്ങളിലെ മിക്ക ഖസ്സാം ബ്രിഗേഡുകളും ഇല്ലാതാക്കിയതായി ഇസ്രായേലികള്‍ തന്നെ പറഞ്ഞു. ഖസ്സാം ബ്രിഗേഡുകളില്‍നിന്ന് ആരും അവശേഷിക്കുന്നില്ല. ഖസ്സാമിലെ 25,000 അംഗങ്ങള്‍ കൊല്ലപ്പെട്ടുവെന്നും അവരുടെ എണ്ണം ഏകദേശം ആ ക്രമത്തിലാണെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു''- അബൂ മര്‍സൂഖ് കൂട്ടിച്ചേര്‍ത്തു. ''ഹമാസിന്റെ സൈനിക ശേഷികളില്‍ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടുവെന്ന് ഇസ്രായേല്‍ അടുത്തിടെ പ്രഖ്യാപിച്ചു - ഹമാസിന്റെ 90 ശതമാനം ശേഷിയും തുടച്ചുനീക്കപ്പെട്ടു എന്നാണ് അവര്‍ പറഞ്ഞത്. അപ്പോള്‍ അവര്‍ ഹമാസിന്റെ സൈനിക ശേഷിയുടെ 90 ശതമാനം നശിപ്പിക്കുകയും ഖസ്സാമിന്റെ മിക്ക പോരാളികളെയും കൊല്ലുകയും ചെയ്താല്‍, പ്രസിഡന്റ് ട്രംപ് പറയുന്നതുപോലെ, ആരുടെ ആയുധങ്ങളാണ് നിങ്ങള്‍ നിരായുധീകരിക്കാന്‍ പോകുന്നത്? നിങ്ങള്‍ ഇതിനകം തന്നെ അവ നശിപ്പിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ നീക്കം ചെയ്യുമെന്ന് നിങ്ങള്‍ അവകാശപ്പെടുന്ന ആയുധങ്ങള്‍ എവിടെയാണ്?''

''ഞാന്‍ നിങ്ങളോട് പറയുന്നു, കനത്ത ആയുധങ്ങളൊന്നുമില്ല. കവച വിരുദ്ധ യുദ്ധോപകരണങ്ങള്‍ പോലും ഗസയ്ക്കുള്ളിലെ യുവ ഫലസ്തീനികള്‍ നിര്‍മിക്കുന്നു. കള്ളക്കടത്തും മറ്റും സംബന്ധിച്ച ചര്‍ച്ചകളെ സംബന്ധിച്ചിടത്തോളം, ഗസയ്ക്ക് വലിയ സൈനിക ശക്തിയുണ്ടെന്ന് കാണിക്കാന്‍ ഇസ്രായേല്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സംസാരമാണിത്''- അല്‍ ഹിന്ദി പറഞ്ഞു. ''ഉദാഹരണത്തിന്, യാസീന്‍ 105 റോക്കറ്റ്-പ്രൊപ്പല്‍ഡ് ഗ്രനേഡുകള്‍: ഇവ ഗസ മുനമ്പില്‍ യുവാക്കള്‍ നിര്‍മിക്കുന്നു. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും അവ നിര്‍മിക്കാന്‍ കഴിയും. ഗസയ്ക്കുള്ളില്‍ മോര്‍ട്ടാറുകള്‍ നിര്‍മിക്കുന്നു. തുടര്‍ന്ന് സ്‌ഫോടകവസ്തുക്കള്‍ - ഐഇഡികള്‍ - ഗസയ്ക്കുള്ളില്‍ നിര്‍മിക്കുന്നു.''

ഗസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിനായുള്ള ചര്‍ച്ചകളിലുടനീളം, ഫലസ്തീന്‍ ചര്‍ച്ചക്കാര്‍ ആയുധങ്ങളുടെ വിഷയത്തില്‍ തങ്ങളുടെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും, അന്താരാഷ്ട്രതലത്തില്‍ നടപ്പിലാക്കിയ ഒരു ദീര്‍ഘകാല വെടിനിര്‍ത്തലിന് തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ സമയത്ത് പ്രതിരോധ സേനകള്‍ ഒരു ആക്രമണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടില്ല.

''ഗസയില്‍ നിലവിലുള്ള ആയുധങ്ങള്‍ പ്രാഥമികമായി ഇച്ഛാശക്തിയുടെ ആയുധങ്ങളാണ്''-അല്‍ ഹിന്ദി പറഞ്ഞു. ''ആയുധങ്ങള്‍ ആവശ്യമുള്ളപ്പോഴെല്ലാം, യുവാക്കള്‍ ഉടനടി അവ നിര്‍മിക്കും. അവരുടെ ദൃഢനിശ്ചയം ശക്തമാണ്. അതിനാല്‍, ആയുധങ്ങള്‍ കൈമാറുന്നതിനെക്കുറിച്ചുള്ള സംസാരം അപ്രായോഗികവും യാഥാര്‍ഥ്യബോധമില്ലാത്തതും, അര്‍ഥശൂന്യവുമാണ്. കാരണം ഏത് സമയത്തും, ഇച്ഛാശക്തിയും ആക്രമണവും ഉണ്ടെങ്കില്‍, ഫലസ്തീന്‍ ജനത സ്വയം പ്രതിരോധിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഗസയ്ക്കുള്ളില്‍ ആയുധങ്ങള്‍ എളുപ്പത്തില്‍ നിര്‍മിക്കാന്‍ കഴിയും.''

ആയുധങ്ങള്‍ സംബന്ധിച്ച് ഏതെങ്കിലും കരാറുകള്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ഹമാസ് നിഷേധിക്കുന്നുണ്ടെങ്കിലും, ഫലസ്തീന്‍ പ്രതിരോധത്തിന്റെ നിലപാടില്‍ ഈഷല്‍ഭേദങ്ങളുണ്ട്. വംശഹത്യ അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളിലുടനീളം, ഇസ്രായേല്‍ പൂര്‍ണമായ നിരായുധീകരണവും ഹമാസിന്റെ പൊളിക്കലും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഒരു ചുവപ്പ് വരയാണെന്നും വിമോചനത്തിന്റെയും സ്വയം നിര്‍ണയത്തിന്റെയും ലക്ഷ്യത്തിന്റെ കീഴടങ്ങലിന് തുല്യമാണെന്നും ചെറുത്തുനില്‍പ്പ് ഗ്രൂപ്പുകള്‍ പറഞ്ഞു. അതേസമയം, പ്രതിരോധ പ്രസ്ഥാനങ്ങള്‍ കൈവശം വച്ചിരിക്കുന്ന ആയുധങ്ങള്‍ ഫലപ്രദമായി ഡീകമ്മീഷന്‍ ചെയ്യപ്പെടുന്നതും കീഴടങ്ങാത്തതും ഉള്‍പ്പെടുന്ന, അന്താരാഷ്ട്രതലത്തില്‍ സാക്ഷ്യപ്പെടുത്തിയതും നിരീക്ഷിക്കപ്പെടുന്നതുമായ കരാറുകള്‍ക്ക് അവര്‍ തയ്യാറാണെന്ന് യുഎസ് ഉദ്യോഗസ്ഥരോടെന്ന പോലെ മധ്യസ്ഥരോടും നേരിട്ടുള്ള ചര്‍ച്ചകളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇസ്രായേലുമായുള്ള ദീര്‍ഘകാല വെടിനിര്‍ത്തലിന്റെയും ഫലസ്തീനികള്‍ക്കെതിരായ സൈനിക ആക്രമണങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ മാത്രമേ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ ഇത് ചെയ്യൂ എന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

''ആയുധങ്ങള്‍ അടിയറ വയ്ക്കുന്നതിനെക്കുറിച്ചുള്ള നിബന്ധന മധ്യസ്ഥ സംഘം ചര്‍ച്ച ചെയ്യുമ്പോള്‍, ഉയരുന്ന ചോദ്യം ഇതാണ്: ഈ ആയുധങ്ങള്‍ ഞങ്ങള്‍ ആര്‍ക്ക് കൈമാറും?''- ഇഹ്‌സാന്‍ അതായ പറഞ്ഞു. ''ഗസയിലെ നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്ന ഒരു ഫലസ്തീന്‍ രാഷ്ട്രമോ ഫലസ്തീന്‍ സര്‍ക്കാരോ ഉണ്ടോ? എങ്കില്‍, അങ്ങനെ നമുക്ക് നമ്മുടെ ആയുധങ്ങള്‍ അവര്‍ക്ക് കൈമാറാന്‍ കഴിയും? അതോ നമ്മുടെ ആയുധങ്ങള്‍ നമ്മുടെ ശത്രുവിന് കൈമാറി കീഴടങ്ങണോ? യുദ്ധത്തില്‍ പരാജയപ്പെടാത്തതും ശത്രുവിന് ഇല്ലാതാക്കാന്‍ കഴിയാത്തതും തടവുകാരെ കൈമാറുന്നതിനുള്ള കരാറിനായി ശത്രു അതിന്റെ നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ നിര്‍ബന്ധിതമായതുമായ ചെറുത്തുനില്‍പ്പ് പ്രസ്ഥാനം ഇപ്പോള്‍ വെള്ളക്കൊടി ഉയര്‍ത്തി, കീഴടങ്ങി, സ്വന്തം കഴുത്തില്‍ കുരുക്ക് വയ്ക്കുമെന്ന് സങ്കല്‍പ്പിക്കാനാകുമോ?''

'ആയുധങ്ങളുടെ കാര്യം ചര്‍ച്ചയ്ക്ക് വിധേയമല്ല, അതായത് ആയുധങ്ങള്‍ കൈമാറുന്നത് ചര്‍ച്ച ചെയ്യാവുന്ന കാര്യമല്ല. മറിച്ച് ആയുധങ്ങളുടെ രൂപമോ ആയുധങ്ങളുടെ ഉപയോഗമോ ചര്‍ച്ച ചെയ്യാവുന്ന ഒന്നാണ്. അതായത്, ഫലസ്തീന്‍ തെരുവുകളില്‍ ഒരു തരത്തിലുള്ള ആയുധവും പ്രത്യക്ഷപ്പെടില്ല. ഫലസ്തീന്‍ പോലിസിനും സുരക്ഷാ സേനയ്ക്കും തെരുവുകളില്‍ പൂര്‍ണ നിയന്ത്രണം ഉണ്ടായിരിക്കും. പ്രതിരോധ പോരാളികള്‍ക്കുള്ള പരിശീലന സ്ഥലങ്ങള്‍ അപ്രത്യക്ഷമാകും. എന്നാല്‍, ആയുധങ്ങള്‍ സൂക്ഷിക്കും. അതിന്റെ കാലാവധി നിര്‍വചിച്ചിരിക്കുന്ന ഒരു യുദ്ധവിരാമത്തില്‍ ഞങ്ങള്‍ പ്രവേശിക്കും. എന്നാല്‍ അതിനര്‍ഥം, ഞങ്ങള്‍ പുറത്തുപോയി ഞങ്ങളുടെ ആയുധങ്ങള്‍ കൈമാറുമെന്ന ആശയം അംഗീകരിക്കുമെന്നല്ല. ഗസയില്‍ പോലും എന്തെല്ലാം ആയുധങ്ങളാണ് ആദ്യം വേണ്ടത്?'

സ്വയം പ്രതിരോധിക്കാന്‍ കഴിവുള്ള ദേശീയ സൈന്യം ഉള്‍പ്പെടുന്ന ഒരു ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെട്ടാല്‍ സായുധ പ്രതിരോധ ഗ്രൂപ്പുകള്‍ കാലഹരണപ്പെടുമെന്ന് ഹമാസ് നിരന്തരം വ്യക്തമാക്കിയ നിലപാട് ഹംദാന്‍ ആവര്‍ത്തിച്ചു. 'പ്രതിരോധം ഉള്‍പ്പെടെ ഫലസ്തീനികള്‍ക്കിടയില്‍, വളരെ ലളിതവും വ്യക്തവുമായ ഒരു ആശയമുണ്ട്: ഞങ്ങള്‍ അധിനിവേശത്തിന്‍ കീഴിലുള്ള ഒരു രാഷ്ട്രമാണ്. അധിനിവേശത്തില്‍നിന്ന് മുക്തി നേടുന്നത് സമാധാനപരമായി സംഭവിക്കുകയാണെങ്കില്‍, അത് ഫലസ്തീനികള്‍ക്ക് നല്ലതായിരിക്കും' - അദ്ദേഹം പറഞ്ഞു. ''ഇനിയും ഫലസ്തീന്‍ ജനത കൊല്ലപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. വാസ്തവത്തില്‍, ആരും കൊല്ലപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇന്നും ഇന്നലെയുമല്ല, 1948ലെ ആദ്യ ദിവസം മുതല്‍. എന്നാല്‍ അധിനിവേശത്തിന്റെ ചരിത്രം വ്യക്തമായി കാണിക്കുന്നത് ഇസ്രായേല്‍ അധിനിവേശം കൈയൊഴിയാന്‍ തയ്യാറല്ല എന്നാണ്. ആയുധങ്ങള്‍ അടിയറ വയ്ക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അടുത്തത് എന്താണ്? ഉത്തരമില്ല. അതിനര്‍ഥം അവര്‍ നിങ്ങളെ കൊല്ലും അല്ലെങ്കില്‍ അവര്‍ നിങ്ങളെ പുറത്താക്കും എന്നാണ്.''

നിരായുധീകരണം പൂര്‍ണമായും പരിഹരിക്കാതെ ട്രംപ് ഭരണകൂടം പുനര്‍നിര്‍മാണവുമായി- യുഎസ് പദ്ധതിയുടെ മറ്റ് വശങ്ങളുമായി -മുന്നോട്ട് പോയേക്കാമെന്ന് ഇസ്രായേല്‍ ആശങ്കാകുലരാണെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥന്‍ അടുത്തിടെ സിഎന്‍എന്നിനോട് അഭിപ്രായപ്പെട്ടു.

ഫലസ്തീന്‍ പ്രതിരോധം കെട്ടിപ്പടുക്കുന്നതിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച, ഇസ്രായേലുമായി മുന്‍ കരാറുകളില്‍ ചര്‍ച്ച നടത്തിയ, ശിശുരോഗവിദഗ്ധനായ അല്‍ ഹിന്ദി, ട്രംപിന്റെ പദ്ധതിയുടെ ഭാഗമായി നിരായുധീകരണ വിഷയത്തില്‍ ഇസ്രായേല്‍ ഒടുവില്‍ ഒരു വിട്ടുവീഴ്ച അംഗീകരിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് വിശ്വസിക്കുന്നു. ''അവര്‍ക്ക് വേണ്ടത് പ്രതീകാത്മകവും മാനസികവുമായ ഒരു സന്ദേശമാണ്. അതുവഴി ഫലസ്തീന്‍ പ്രതിരോധ പ്രസ്ഥാനത്തെ പരാജയപ്പെടുത്തിയെന്നും ചെറുത്തുനില്‍പ്പ് ഉപയോഗശൂന്യമാണെന്നും അവര്‍ക്ക് ലോകത്തോട് പറയാന്‍ കഴിയും''-അല്‍ ഹിന്ദി പറഞ്ഞു. ''അത് അവര്‍ക്ക് ഒരിക്കലും നേടാന്‍ കഴിയാത്ത ഒന്നാണ്.''

ഇസ്രായേല്‍ മുഖംമൂടി അഴിയുന്നു

ട്രംപിന്റെ ഗസ പദ്ധതി പല വിധത്തിലും ഇസ്രായേലിനെ രക്ഷിച്ചു. 70,000 ഫലസ്തീനികളെ കൊല്ലുന്നതിലും ഗസയുടെ വലിയൊരു ഭാഗം നശിപ്പിക്കുന്നതിലും ഇസ്രായേല്‍ വിജയിച്ചെങ്കിലും- ഔദ്യോഗികമായി മരിച്ചവരുടെ എണ്ണം ഇതിനേക്കാള്‍ കൂടുതലായിരിക്കാനാണ് സാധ്യത- നെതന്യാഹു വാഗ്ദാനം ചെയ്ത സൈനിക വിജയം കൈവരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഗസയില്‍ തടവിലാക്കപ്പെട്ടവരെ ബലപ്രയോഗത്തിലൂടെ വീണ്ടെടുക്കുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ടു. വള്ളിച്ചെരിപ്പുകള്‍ ധരിച്ചും നാടന്‍ ആയുധങ്ങള്‍ ഉപയോഗിച്ചും അധിനിവേശ സൈനികരെ ആക്രമിക്കുന്ന ഗറില്ല പോരാളികളായ കലാപകാരികളുമായി ഒരു ചര്‍ച്ചാ കരാറില്‍ ഒപ്പിടേണ്ടിവന്നു.

ട്രംപ് തന്റെ അജണ്ടയെ പിന്തുണയ്ക്കുന്നതിനായി തൊഴുത്തില്‍ കെട്ടിയ അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളുടെ സഖ്യം വാഗ്ദാനം ചെയ്ത നിയമസാധുതയുടെ ബാനറില്‍ ഫലസ്തീനികള്‍ക്കെതിരായ ഉന്മൂലന അജണ്ട നിലനിര്‍ത്താന്‍ ട്രംപിന്റെ പദ്ധതി ഇസ്രായേലിന് അവസരം നല്‍കി. അടുത്തിടെയുള്ള യുഎന്‍ പ്രമേയം യാതൊരു കെട്ടുപാടുമില്ലാതെ നേടിയെടുക്കുന്നതില്‍ ഇത് കലാശിച്ചു. വംശഹത്യ യുദ്ധത്താല്‍ ഇസ്രായേലിന്റെ ഖ്യാതി തകര്‍ന്നതോടെ, മേഖലയിലെ ചരിത്രപരമായ സമാധാനത്തിനുള്ള ഒരു സുപ്രധാന ചുവടുവയ്പായി മുഴുവന്‍ പ്രവര്‍ത്തനത്തെയും സത്യസന്ധതയില്ലാതെ പുനര്‍നാമകരണം ചെയ്യാന്‍ ട്രംപ് ഇടപെട്ടു.

''ലോകത്തോട് അവകാശപ്പെടുന്നത്ര ശക്തമല്ല ഇസ്രായേല്‍ എന്ന് കഴിഞ്ഞ രണ്ടുവര്‍ഷത്തെ വംശഹത്യ വെളിപ്പെടുത്തിയിരിക്കുന്നു. ആയുധങ്ങളും ഇന്റലിജന്‍സും മറ്റു വിഭവങ്ങളുമുള്‍പ്പെടെ അമേരിക്കയുടെയും പാശ്ചാത്യരുടെയും പിന്തുണ ഇല്ലാതെ ഇസ്രായേലിന് ഗസയിലെ ചെറിയ വിഭാഗങ്ങളെ ചെറുക്കാന്‍ കഴിയുമായിരുന്നില്ല. ഇസ്രായേലിന് സ്വയം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല, അതിന് പടിഞ്ഞാറിനെ ആവശ്യമാണ്'- അല്‍ ഹിന്ദി പറഞ്ഞു.

''ഇസ്രായേല്‍ ഒരു വംശീയ രാഷ്ട്രമായി അറിയപ്പെട്ടിരിക്കുന്നു. മുഴുവന്‍ ലോകത്തിനും മുന്നില്‍ പരസ്യമായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്നു. അന്താരാഷ്ട്ര കോടതികളില്‍ അത് വേട്ടയാടപ്പെടുന്നു. ഇതാണ് പുതിയ ഇസ്രായേല്‍. ഒരിക്കല്‍ സ്വന്തം പ്രതിച്ഛായ, ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്, ആഗോള നയങ്ങള്‍ എന്നിവയുമായി പ്രത്യയശാസ്ത്രത്തെയും ജനങ്ങളുടെ വിശ്വാസങ്ങളെയും സമന്വയിപ്പിച്ച ഇസ്രായേല്‍ ഇപ്പോള്‍ ആഭ്യന്തര വിഭജനങ്ങളാല്‍ വലയുന്ന ഒരു രാഷ്ട്രമായി മാറിയിരിക്കുന്നു.''

ട്രംപിന്റെ അജണ്ട പ്രധാനമായും ഇസ്രായേലിന്റെ അജണ്ടയുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിലും, ഗസ യുദ്ധം അവസാനിപ്പിക്കുന്നത് ആത്യന്തികമായി തന്റെ അധികാര വാഴ്ചയ്ക്ക് ഭീഷണിയാകുമെന്ന് നെതന്യാഹു ഇപ്പോഴും ആശങ്കാകുലനാണെന്ന് ഹംദാന്‍ പറഞ്ഞു. ''ഇസ്രായേലികള്‍ ഇപ്പോഴും കരാറിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ്. യുദ്ധം നിര്‍ത്തിയാല്‍ കാര്യങ്ങള്‍ തനിക്കെതിരേ തിരിയുമെന്ന് നെതന്യാഹുവിന് അറിയാം. തന്റെ ക്രിമിനല്‍ പ്രശ്നങ്ങള്‍ക്ക് അദ്ദേഹം കോടതിയില്‍ പോകും. അന്താരാഷ്ട്ര സമൂഹം അന്താരാഷ്ട്ര നീതിന്യായ കോടതിയെ കുറിച്ചും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ വാറന്റിനെക്കുറിച്ചും സംസാരിക്കും''- ഹംദാന്‍ പറഞ്ഞു. ''ഇത് രാഷ്ട്രീയ തലത്തില്‍ തനിക്ക് തിരിച്ചടിയാകുമെന്ന് നെതന്യാഹു മനസ്സിലാക്കുന്നു. അതിനാല്‍ തന്റെ വ്യക്തിപരമായ കാരണങ്ങളാലും രാഷ്ട്രീയ കാരണങ്ങളാലും സ്ഥിതിഗതികള്‍ അസ്ഥിരമായി നിലനിര്‍ത്താന്‍ നെതന്യാഹു ആഗ്രഹിക്കുന്നു. കാരണം കഴിഞ്ഞ രണ്ടുവര്‍ഷമായി അയാള്‍ ഒരു 'വിശാല ഇസ്രായേലിനെ' കുറിച്ച് വ്യക്തമായി സംസാരിച്ചുകൊണ്ടിരുന്നു എന്നത് നമുക്ക് മറക്കാന്‍ കഴിയില്ല. സമാധാനത്തിലൂടെ 'വിശാല ഇസ്രായേലി'നെ സൃഷ്ടിക്കാന്‍ കഴിയില്ല. അത് യുദ്ധത്തിലൂടെ സൃഷ്ടിക്കപ്പെടണം.''

ഈ മേഖലയിലെ ഇസ്രായേലിന്റെ സ്ഥാനത്തിന്റെ യഥാര്‍ഥ സ്വഭാവം ലോകം മനസ്സിലാക്കിയിട്ടുണ്ടെന്ന് അല്‍ ഹിന്ദി വിശ്വസിക്കുന്നു. കൂടാതെ ഗസയിലെ ഇസ്രായേലിന്റെ വംശഹത്യ യുദ്ധത്തിന്റെ നേരിട്ടുള്ള ഫലമായി ഫലസ്തീനികളെ ഭീകരരായി ചിത്രീകരിക്കാനുള്ള ദശാബ്ദക്കാലത്തെ പ്രചാരണം തകര്‍ന്നു വീഴുകയാണെന്നും അദ്ദേഹം പറഞ്ഞു.

'ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് ദേശീയ വിമോചനത്തിന്റെ ഒരു ഘട്ടത്തിലെ ദേശീയ വിമോചന പ്രസ്ഥാനങ്ങളെ ഉള്‍ക്കൊള്ളുന്നു - അതാണ് ശരിയായ വായനയും കാതലായ നിര്‍വചനവും. ഞങ്ങള്‍ ദേശീയ പ്രതിരോധ പ്രസ്ഥാനങ്ങളാണ്. ഞങ്ങളുടെ പോരാട്ടം ഫലസ്തീനിനുള്ളിലാണ്, ഫലസ്തീനിനുള്ളില്‍ മാത്രമാണ്, ഫലസ്തീനില്‍ നിന്നുകൊണ്ടാണ്'- അദ്ദേഹം പറഞ്ഞു. 'രാഷ്ട്രീയമായി അപകടമുണ്ടാക്കുന്നത് ഇസ്രായേല്‍ ആണ്. കാരണം അത് എല്ലാവരെയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു ആധിപത്യ പദ്ധതിയാണ്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഞങ്ങളുടെ പോരാട്ടം ഇസ്രായേലിനെതിരേയും ഫലസ്തീനിനുള്ളിലുമാണ്. ഞങ്ങള്‍ സ്വയം പ്രതിരോധിക്കുകയാണ്. ഞങ്ങള്‍ ദേശീയ വിമോചന പ്രസ്ഥാനങ്ങളാണ്. ആ അടിസ്ഥാനത്തില്‍ എല്ലാവരുമായും ബന്ധം സ്ഥാപിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.'

ചരിത്രത്തിന്റെ ചാപം ഒക്ടോബര്‍ 7ന് ആരംഭിച്ചതല്ല, ട്രംപിന്റെ കൊളോണിയല്‍ പദ്ധതിയോടെ അത് അവസാനിക്കുകയുമില്ല. മുന്നോട്ടുള്ള പാത അപകടസാധ്യതകളും അനര്‍ഥങ്ങളും നിറഞ്ഞതാണെന്ന് ഹംദാന്‍ തിരിച്ചറിയുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ വംശഹത്യ, ഫലസ്തീനികള്‍ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ലോകത്തിന് ഒരു സന്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വിശ്വസിക്കുന്നു.

'നമ്മുടെ ചരിത്രമനുസരിച്ച്, ഫലസ്തീനികള്‍ പരാജയപ്പെട്ടുവെന്നും അവര്‍ വീണ്ടും ഉയര്‍ന്നുവന്നെന്നും എല്ലാവരും കരുതിയ നിമിഷങ്ങളുണ്ടായിരുന്നു'- അദ്ദേഹം പറഞ്ഞു. 'ഫലസ്തീന്‍ ജനതയെ അവരുടെ അവകാശങ്ങള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കാമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍, അവര്‍ തെറ്റായി ചിന്തിക്കുകയാണ്. നമ്മള്‍ പരാജയപ്പെട്ടിട്ടില്ല. ഒരു സ്വതന്ത്ര ഫലസ്തീന്‍ പരമാധികാര രാഷ്ട്രം കാണുന്നതില്‍നിന്ന് നമ്മള്‍ വളരെ അകലെയല്ല, ഇന്‍ശാ അല്ലാഹ്.'

മൊഴിമാറ്റം: കെ എച്ച് നാസര്‍

കടപ്പാട്: ഡ്രോപ് സൈറ്റ്