വിസ്മയ കേസ്:കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവ്

പന്ത്രണ്ടര ലക്ഷം രൂപ പിഴയും ഒടുക്കണമെന്ന് കോടതി ഉത്തരവിട്ടു

Update: 2022-05-24 07:42 GMT

കൊല്ലം:വിസ്മയ കേസില്‍ പ്രതിയായ കിരണ്‍ കുമാറിന് പത്തു വര്‍ഷം തടവ്. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്.കിരണ്‍ പന്ത്രണ്ടര ലക്ഷം രൂപ പിഴയും ഒടുക്കണമെന്ന് കോടതി ഉത്തരവിട്ടു.ഇതില്‍ രണ്ടു ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.

സ്ത്രീധനമരണത്തില്‍ ഐപിസി 304 പ്രകാരം പത്ത് വര്‍ഷം തടവും, ആത്മഹത്യാപ്രേരണയ്ക്ക് ഐപിസി 306 പ്രകാരം ആറുവര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഐപിസി 498 എ പ്രകാരം രണ്ടുവര്‍ഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് ശിക്ഷ വിധിച്ചത്.സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ ചുമത്തിയ കുറ്റങ്ങള്‍ കിരണ്‍ ചെയ്തതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.

കിരണ്‍ കുമാറിന് പരമാവധി ശിക്ഷ നല്‍കണം എന്നു പ്രോസിക്യൂഷന്‍ വാദിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന കിരണ്‍ സ്ത്രീധനത്തിനായി വിസ്മയയെ നിലത്തിട്ടു മുഖത്തു ചവിട്ടി. ഒരുതരത്തിലുള്ള അനകമ്പയും പ്രതി അര്‍ഹിക്കുന്നില്ലെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. വിസ്മയ സ്ത്രീധന പീഡന കേസില്‍ സമൂഹത്തിന് പാഠമാവുന്ന വിധിയാണ് ഉണ്ടാവേണ്ടത്. കൊലപാതകമായി കണക്കാക്കാവുന്ന ആത്മഹത്യാണ് ഈ കേസില്‍ നടന്നിട്ടുള്ളത്. പ്രതിയോട് അനുകമ്പ പാടില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

കിരണിന് ജീവപര്യന്തം ശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ആത്മഹത്യാ പ്രേരണയ്ക്കു ലോകത്തെവിടെയും ജീവപര്യന്തം ശിക്ഷയില്ലെന്ന് പ്രതിഭാഗം വാദിച്ചു. പ്രതിയുടെ പ്രായം കണക്കിലെടുക്കണമെന്നും പ്രതിഭാഗം പറഞ്ഞു.

ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ 2021 ജൂണ്‍ 21 നായിരുന്നു വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.സ്ത്രീധന പീഡനത്തെ തുടര്‍ന്നായിരുന്നു മരണം.

Tags: