''ലവ് ജിഹാദ്, തുപ്പല്‍ ജിഹാദ്....'' കാവിക്കൈകള്‍ ഉത്തരാഖണ്ഡിലെ മദ്‌റസകളിലും
ഹിമാലയന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ 52 മദ്‌റസകള്‍ കഴിഞ്ഞ രണ്ടാഴ്ച്ചക്കകം സര്‍ക്കാര്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. ഈ മദ്‌റസകള്‍ സംസ്ഥാന മദ്‌റസാ ബോര്‍ഡിലോ വിദ്യഭ്യാസ ബോര്‍ഡിലോ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ആരോപണം. എന്നാല്‍, ഇവയെല്ലാം സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത്, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും ഉത്തരാഖണ്ഡ് രൂപീകരിക്കുന്നതിനും മുമ്പ് 1866ല്‍ സ്ഥാപിച്ച ദാറുല്‍ ഉലൂം ദയൂബന്ദിന്റെയും 1898ല്‍ സ്ഥാപിച്ച ലഖ്‌നോവിലെ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയുടെയും കരിക്കുലമാണ് അവിടെയെല്ലാം പഠിപ്പിച്ചിരുന്നത്.
മദ്‌റസകള്‍ പൂട്ടാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നും ഇനിയും പൂട്ടുമെന്നുമുള്ള രീതിയിലാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സംസാരിക്കുന്നത്. 'ലാന്‍ഡ് ജിഹാദ്, തുപ്പല്‍ ജിഹാദ്, പ്രളയ ജിഹാദ്' തുടങ്ങിയവ ദേവഭൂമിയായ ഉത്തരാഖണ്ഡിലുണ്ടെന്നും അവ തടയുമെന്നും ധാമി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ ജിഹാദ് ആരോപണങ്ങള്‍ മൂലം നിരവധി മുസ്‌ലിം യുവാക്കള്‍ ജയിലില്‍ അടക്കപ്പെടുകയും വീടുകളും പളളികളും ദര്‍ഗകളും തകര്‍ക്കപ്പെടുകയും ചെയ്തു. ഇവയ്‌ക്കെല്ലാം പിന്നാലെയാണ് ഇപ്പോള്‍ മദ്‌റസകളിലും കാവിക്കൈകള്‍ എത്തിയിരിക്കുന്നത്.
ഉത്തരാഖണ്ഡില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മദ്‌റസകള്‍ മാത്രമാണെന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ഗരിമ ദസോനി പറയുന്നു. ''സംസ്ഥാനത്തെ എല്ലാ ഹോട്ടലുകളും റെസ്റ്ററന്റുകളും സ്‌കൂളുകളും ഹോസ്റ്റലുകളും നിയമപരമായാണോ പ്രവര്‍ത്തിക്കുന്നത് ?'' അവര്‍ ചോദിച്ചു.
മറ്റു ബിജെപി നേതാക്കളെ പോലെ വികസനത്തെ കുറിച്ച് പറഞ്ഞാണ് ആദ്യതവണ പുഷ്‌കര്‍ സിങ് ധാമി അധികാരത്തില്‍ വന്നതെന്ന് രാഷ്ട്രീയനിരീക്ഷകനായ ജയ് സിങ് റാവത്ത് പറയുന്നു. എന്നാല്‍, രണ്ടാം തവണ അധികാരത്തില്‍ എത്തിയതിന് ശേഷം മതപരിവര്‍ത്തനം, ഏകസിവില്‍ കോഡ്, മുസ്‌ലിം എന്നൊക്കെ മാത്രമാണ് സംസാരിക്കുന്നത്. സംസ്ഥാനത്തെ ഭൂരിപക്ഷമായ ഹിന്ദുക്കളുടെ അവകാശം സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്നു എന്ന പ്രതീതിയുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യമെന്നാണ് ജയ് സിങ് റാവത്ത് പറയുന്നത്. എന്നാല്‍, സംസ്ഥാനത്തെ മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്തും ഹിന്ദുത്വ അജണ്ഡയുണ്ടായിരുന്നുവെന്നാണ് മറ്റൊരു രാഷ്ട്രീയനിരീക്ഷകന്‍ പറയുന്നത്. ധാമിയുടെ രണ്ടാം ഭരണത്തില്‍ ഹിന്ദുത്വ പുതിയൊരു സ്‌റ്റേജിലേക്ക് കടന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
ഉത്തരാഖണ്ഡില്‍ കുറച്ചുകാലമായി വിഭാഗീയതയും വര്‍ഗീയ അക്രമവും വര്‍ദ്ധിച്ചുവരികയാണെന്നാണ് 2016ലെ ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപോര്‍ട്ട് പറയുന്നത്. ഉത്തരാഖണ്ഡിലെ ഒരു രാജകുടുംബത്തിലെ അംഗം ഖുര്‍ആനോട് അനാദരവ് കാണിച്ചത് മൂലമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് അക്കാലത്ത് തന്നെ ടൈംസ് ഓഫ് ഇന്ത്യ പ്രത്യേക റിപോര്‍ട്ട് തയ്യാറാക്കിയത്. 2000ന് മുമ്പ് ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശിന്റെ ഭാഗമായിരുന്നപ്പോള്‍ പോലും ഇത്തരം വലിയ സംഘര്‍ഷങ്ങള്‍ കണ്ടിട്ടില്ലെന്നാണ് പത്മശ്രീ ജേതാവായ അവധശ് കൗശല്‍ പറഞ്ഞത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മാത്രമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. ഒരു ഹിന്ദു പെണ്‍കുട്ടിയെ ഒളിച്ചോടാന്‍ പ്രലോഭിപ്പിച്ചെന്നാരോപിച്ച് ഡെറാഡൂണില്‍ ഒരു മുസ്‌ലിം യുവാവിനെ 2016ല്‍ ബജ്‌റംഗ് ദളുകാര്‍ മര്‍ദ്ദിച്ചു. പിന്നീട് അങ്ങോട്ട് ചെറുതും വലുതുമായ വര്‍ഗീയസംഘര്‍ഷങ്ങളുടെ കാലമായിരുന്നു.
ഒരു ഹിന്ദുസ്ത്രീയെ മുസ്‌ലിംകള്‍ ബലാല്‍സംഗം ചെയ്യുന്നതായി കാണിക്കുന്ന വ്യാജവീഡിയോ 2018ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ കാലത്ത് സംഘപരിവാരം പ്രചരിപ്പിച്ചു. ഇതോടെ രുദ്രപ്രയാഗ് ജില്ലയില്‍ കലാപമുണ്ടായി. ജില്ലയിലെ മുസ്‌ലിം വ്യാപാരികളുടെ ഉടമസ്ഥതയിലുള്ള നിരവധി കടകള്‍ സംഘപരിവാര പ്രവര്‍ത്തകര്‍ കത്തിച്ചു.
2022 ഏപ്രിലില്‍ ദാദ ജലാല്‍പൂരില്‍ ബിജെപി നേതാവ് ജയ് ഭഗവാന്‍ സൈനി നയിച്ച ഹനുമാന്‍ യാത്രയില്‍ പങ്കെടുത്തവര്‍ ജമാ മസ്ജിദിന് മുന്നില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു. 'ജയ് ശ്രീ റാം', ഇന്ത്യയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജയ് ശ്രീ റാം എന്ന് പറയേണ്ടിവരും എന്നീ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 20-25 പേര്‍ക്ക് പരിക്കേറ്റു.
2023 മേയില്‍ പുരോലയിലെ 14 വയസ്സുള്ള ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ചും സംഘര്‍ഷമുണ്ടായി. ലവ് ജിഹാദാണ് എന്നായിരുന്നു സംഘപരിവാരത്തിന്റെ ആരോപണം. ഈ ആരോപണത്തില്‍ ഉബൈദ് ഖാന്‍, സുഹൃത്ത് ജിതേന്ദര്‍ സൈനി എന്നിവരെ ഹിന്ദുത്വരുടെ പരാതിയില്‍ പോലിസ് അറസ്റ്റ് ചെയ്തു. മുസ്‌ലിംകളുടെ നിരവധി വീടുകളും കടകളും ആക്രമിക്കപ്പെട്ടു. ഈ കേസില്‍ രണ്ടു പേരെയും പിന്നീട് കോടതി വെറുതെവിട്ടു.
ഇതിന് ശേഷം ജൂണ്‍ അഞ്ചിന് മുസ്‌ലിംകള്‍ സംസ്ഥാനം വിടണമെന്ന പോസ്റ്ററുകള്‍ പ്രദേശത്ത് പ്രത്യക്ഷപ്പെട്ടു. ജൂണ്‍ 15നകം നാടുവിടണം എന്നായിരുന്നു ആവശ്യം. നിരവധി മുസ്‌ലിംകള്‍ ഭയന്ന് സ്ഥലം വിട്ടു. സംസ്ഥാനത്ത് ലവ് ജിഹാദ് വര്‍ധിക്കുകയാണെന്നും പോലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡിജിപി അശോക് കുമാറിനോട് മുഖ്യമന്ത്രി ധാമി ആവശ്യപ്പെടുകയുമുണ്ടായി.
2023ല്‍, ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സംസ്ഥാനത്തെ 465 മഖ്ബറകളും പള്ളികളും പൊളിച്ചു. ഹല്‍ദ്വാനിയിലെ മദ്‌റസയും പള്ളിയും പൊളിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടി 2024 ഫെബ്രുവരിയില്‍ വന്‍ സംഘര്‍ഷത്തിന് കാരണമായി. അഞ്ചു പേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. വെടിവെക്കാന്‍ മുഖ്യമന്ത്രി പോലിസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ന്യൂനപക്ഷ മതസ്ഥാപനങ്ങള്‍ പൊളിക്കുന്നതും നിയമനടപടികളില്‍ കുടുക്കുന്നതും ഉത്തരാഖണ്ഡില്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്.
ഉത്തരാഖണ്ഡിലെ ഗ്രാമങ്ങളില്‍ 'ഹിന്ദുക്കള്‍ അല്ലാത്തവര്‍, റോഹിംഗ്യന്‍ മുസ്‌ലിംകള്‍, മുസ്‌ലിം കച്ചവടക്കാര്‍' തുടങ്ങിയവര്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പ്രവണതയും വര്‍ധിച്ചുവരികയാണ്. രാജ്യത്ത് ആദ്യമായി ഏകസിവില്‍ കോഡ് കൊണ്ടുവന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ശരീഅത്ത് പ്രകാരം ജീവിക്കാനുള്ള മുസ്‌ലിംകളുടെ ഭരണഘടനാപരമായ അവകാശമാണ് ഇതോടെ ഇല്ലാതായത്. എന്നാല്‍, ഇത് രാജ്യത്തിന് മാതൃകയാണെന്നാണ് ധാമി പറയുന്നത്. വനത്തിന് അകത്തെ പുരാതന മഖ്ബറകളെ ലക്ഷ്യമിട്ട് തുടങ്ങിയ സര്‍ക്കാര്‍ നടപടി ഇപ്പോള്‍ മദ്‌റസകളില്‍ എത്തിനില്‍ക്കുകയാണെന്നാണ് ഉത്തരാഖണ്ഡിലെ മുസ്‌ലിം സേവാ സംഘടനയുടെ പ്രസിഡന്റായ നഈം ഖുറേശി പറയുന്നത്.
എഎന്‍ബി

