റംസി ബറൂദ് & റൊമാനോ റൂബിയോ
ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശവും വംശഹത്യയും അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തില്‍ അന്തിമ അഭിപ്രായം പറയാന്‍ ഇനിയും സമയമായിട്ടില്ല. ട്രംപിന്റെ നിര്‍ദേശങ്ങളെ കുറിച്ചുള്ള അല്‍പ്പം വിവരങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസമായി മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പേരുവെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിവരങ്ങള്‍ എന്ന പോലെയാണ് അവ പ്രത്യക്ഷപ്പെട്ടിരുന്നത്.
ഒടുവില്‍ തിങ്കളാഴ്ച വൈറ്റ്ഹൗസ് നിര്‍ദേശങ്ങള്‍ പുറത്തുവിട്ടു. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമൊത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് തന്നെയാണ് നിര്‍ദേശങ്ങളുടെ സാംരാശം അവതരിപ്പിച്ചത്.
എന്നിട്ടും വൈരുദ്ധ്യങ്ങള്‍ തുടര്‍ന്നു. ഉദാഹരണത്തിന്, നിര്‍ദ്ദേശത്തിന്റെ ഏറ്റവും പുതിയ പതിപ്പ് പ്രകാരം ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങള്‍ 'ആയുധങ്ങള്‍ കൈയ്യൊഴിയണം'. എന്നാല്‍, അക്രമിക്കാനുള്ള ആയുധങ്ങള്‍ ഹമാസ് ഉപേക്ഷിക്കണമെന്നായിരുന്നു മുമ്പ് ചോര്‍ന്നുവന്ന വാര്‍ത്തകളിലുണ്ടായിരുന്നത്. അത് അവ്യക്തവും നിര്‍വചിക്കപ്പെടാത്തതുമായ പ്രയോഗമാണ്.
ഇതുവരെ, ഹമാസോ ഫലസ്തീന്‍ പ്രതിരോധത്തിലെ മറ്റേതെങ്കിലും പാര്‍ട്ടിയോ ഔദ്യോഗിക പ്രതികരണം പുറപ്പെടുവിച്ചിട്ടില്ല. എന്നിരുന്നാലും, മുതിര്‍ന്ന ഹമാസ് നേതാവായ ഹുസാം ബദ്രാന്‍ അല്‍-ജസീറയോട് ഒരു കാര്യം പറഞ്ഞിരുന്നു. ഗസയുടെ പുനര്‍നിര്‍മ്മാണത്തിലോ പരിവര്‍ത്തന സംവിധാനത്തിലോ ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിനെ സ്വാഗതം ചെയ്യില്ലെന്നായിരുന്നു അത്.
അത് മനസ്സില്‍ വെച്ചുകൊണ്ട്, ട്രംപിന്റെ നിര്‍ദ്ദേശത്തെക്കുറിച്ചുള്ള ചില പ്രാരംഭ നിരീക്ഷണങ്ങള്‍ നടത്തുന്നു. ട്രംപിന്റെ നിര്‍ദേശങ്ങള്‍ ഇസ്രായേലിന്റെയും ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെയും പ്രതീക്ഷകള്‍ നിറവേറ്റുന്നുണ്ടോ?. അല്ലെങ്കില്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുന്നുണ്ടോ?
നല്ലത്
ഒന്നാമതായി, ഇസ്രായേല്‍ ഗസ മുനമ്പ് കൈവശപ്പെടുത്തുകയോ ഇസ്രായേലില്‍ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യില്ല. യുഎസും ഇസ്രായേലും ഈ കാര്യത്തില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്നുണ്ടെങ്കില്‍, അത് ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന് ഒരു വലിയ നേട്ടമായിരിക്കും. വംശഹത്യയുടെ തുടക്കം മുതല്‍, ഗസയുടെ ഒരു ഇഞ്ച് കൈവശപ്പെടുത്താന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് ഫലസ്തീനികള്‍ ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്.
ഇസ്രായേലിന്റെ ആത്യന്തിക ലക്ഷ്യം ഗസയുടെ പൂര്‍ണ നിയന്ത്രണമാണെന്നും ഈ ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോവില്ലെന്നും നെതന്യാഹു എണ്ണമറ്റ തവണ പ്രഖ്യാപിച്ചു. ട്രംപിന്റെ പദ്ധതി നെതന്യാഹുവിനെ തിരുത്തിയാല്‍ അത് ഇസ്രായേലിന്റെ യുദ്ധ ലക്ഷ്യങ്ങള്‍ക്ക് നിര്‍ണായകമായ തിരിച്ചടിയാകും.
രണ്ടാമതായി, ഗസയില്‍ നിന്ന് ആരെയും പുറത്താക്കില്ല, വിട്ടുപോകുന്നവര്‍ക്ക് തിരികെ വരാനുള്ള അവകാശമുണ്ടായിരിക്കും. ഗസയിലെ ഫലസ്തീനികളുടെ എണ്ണം കുറക്കുകയാണ് ഇസ്രായേലിന്റെ ദീര്‍ഘകാല ലക്ഷ്യം എന്നതു കണക്കിലെടുക്കുമ്പോള്‍ ഫലസ്തീനികള്‍ക്ക് ഇത് ശ്രദ്ധേയമായ നേട്ടമാണ്. ഗസയിലെ ജനങ്ങളെ ഈജിപ്തിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കൂട്ടത്തോടെ മാറ്റുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇസ്രായേലി നേതാക്കളും ഉദ്യോഗസ്ഥരും പരസ്യമായ് പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്.
രണ്ടാമത്തെ നഖ്ബ(1948ലെ പുറത്താക്കല്‍-മഹാദുരന്തം) തങ്ങളുടെ ദേശീയ പദ്ധതിയെ തകര്‍ക്കുമെന്ന് ഫലസ്തീനികള്‍ക്കറിയാം. ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ ഹൃദയമാണ് ഗസ; ഗസയിലെ വംശീയ ഉന്മൂലനം വിശാലമായ ഫലസ്തീന്‍ വിമോചന പ്രസ്ഥാനത്തെ തളര്‍ത്തുകയും ഇസ്രായേലിന്റെ ശ്രദ്ധ പൂര്‍ണ്ണമായും വെസ്റ്റ് ബാങ്കിലേക്ക് മാറാന്‍ കാരണമാവുകയും ചെയ്യും. അതിനാല്‍ ഇത് തടയുന്നത് തന്ത്രപരമായ വിജയമാണ്.
മൂന്നാമതായി, ഐക്യരാഷ്ട്രസഭയും അനുബന്ധ ഏജന്‍സികളും വഴി ഗസയിലേക്ക് തടസ്സമില്ലാതെ സഹായം അനുവദിക്കും. ഇത് മറ്റൊരു പ്രധാന നേട്ടമാണ് -ഫലസ്തീനികള്‍ക്ക് മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിനും. യുഎന്‍ആര്‍ഡബ്ല്യുഎയെ മാറ്റിനിര്‍ത്തി ഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ പോലുള്ള സംശയാസ്പദമായ സ്ഥാപനങ്ങളെ സ്ഥാപിക്കാനുള്ള യുഎസ്-ഇസ്രായേലിന്റെ ശ്രമങ്ങളെ ഇത് ഇല്ലാതാക്കുന്നു.
ഈ വ്യവസ്ഥ നടപ്പാക്കുകയാണെങ്കില്‍, യുഎന്‍ആര്‍ഡബ്ല്യുഎയ്ക്കെതിരായ ഇസ്രായേല്‍ വര്‍ഷങ്ങളായി നടത്തുന്ന പ്രചാരണങ്ങള്‍ തകരുകയും ഫലസ്തീനികള്‍ക്ക് മാനുഷിക സഹായം നല്‍കുന്നതില്‍ യുഎന്നിന്റെ കേന്ദ്രീകരണം വീണ്ടും സ്ഥിരീകരിക്കുകയും ചെയ്യും.
ചീത്ത
ഗസയുടെ പുനര്‍നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ബോര്‍ഡ് ഓഫ് പീസ് എന്ന അന്താരാഷ്ട്ര സംഘടന സ്ഥാപിക്കുന്നതാണ് ഒന്നാമത്തെ ചീത്ത കാര്യം. ട്രംപ് തന്നെ ഈ സംഘടനയുടെ അധ്യക്ഷനാകുമെന്നും യുകെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറും ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നറും ഇതില്‍ പങ്കാളികളാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
മിഡില്‍ ഈസ്റ്റിലെ ടോണി ബ്ലെയറിന്റെ കുപ്രസിദ്ധമായ റെക്കോര്‍ഡും ഇസ്രായേലിനുള്ള അചഞ്ചലമായ പിന്തുണയും നെതന്യാഹുവുമായുള്ള അടുത്ത ബന്ധവും കണക്കിലെടുക്കുമ്പോള്‍ അത്തരമൊരു സംവിധാനം ഇസ്രായേലി താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിനും ഗസയിലെ അവസരവാദികളെ ശാക്തീകരിക്കുന്നതിനുമുള്ള പദ്ധതിയായി മാറും. യാസര്‍ അബു ശബാബ് പോലുള്ള ക്രിമിനലുകളുമായി ബന്ധമുള്ള ക്രിമിനല്‍ ശൃംഖലകളും ബിസിനസുകാരും ഇതില്‍ ഉള്‍പ്പെടാമെന്ന് ഗസക്കാര്‍ ഇതിനകം തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ഇത് ഒരു നിര്‍ണായക പോയന്റാണ്. ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് വലിയ യുദ്ധമോ ആക്രമണങ്ങളോ ഇല്ലാത്തപ്പോള്‍ പ്രതിരോധ പ്രസ്ഥാനങ്ങള്‍ ആയുധങ്ങള്‍ ഉപയോഗിക്കാറില്ല. ഇസ്രായേല്‍ വലിയ ആക്രമണം ആരംഭിക്കുമ്പോള്‍ മാത്രമാണ് ആയുധങ്ങള്‍ എടുക്കാറുള്ളൂ, വളരെ അപൂര്‍വമായി മറിച്ച് സംഭവിച്ചിട്ടുണ്ട്.
ഫലസ്തീനി ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ പരസ്യമായി പ്രവര്‍ത്തിക്കാത്തതിനാലും പരസ്യമായി ആയുധങ്ങള്‍ സൂക്ഷിക്കാത്തതിനാലും നിരായുധീകരണ പ്രക്രിയ സ്ഥിരീകരിക്കാന്‍ 'സ്വതന്ത്ര' നിരീക്ഷകര്‍ക്ക് എങ്ങനെ കഴിയുമെന്ന് വ്യക്തമല്ല. എന്നിരുന്നാലും, തത്വത്തില്‍, ഈ വ്യവസ്ഥ തന്റെ വിജയമാണെന്ന് അവതരിപ്പിക്കാന്‍ നെതന്യാഹുവിന് സാധിക്കും, ഫലത്തില്‍ വ്യത്യാസമില്ലെങ്കില്‍ പോലും.
ട്രംപിന്റെ നിര്‍ദ്ദേശമനുസരിച്ച് 72 മണിക്കൂറിനുള്ളില്‍ ഫലസ്തീനികള്‍ എല്ലാ ഇസ്രായേലി തടവുകാരെയും മോചിപ്പിക്കണം. എന്നാല്‍, ഇസ്രായേല്‍ ഗസയില്‍ നിന്നും പൂര്‍ണമായും പിന്‍മാറുമെന്നതിനും ആയിരക്കണക്കിന് ഫലസ്തീനി തടവുകാരെ മോചിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യാതൊരുവിധ ഉറപ്പുകളുമില്ല. തങ്ങളുടെ ഏറ്റവും ശക്തമായ വിലപേശല്‍ ചിപ്പായ തടവുകാരെ ഒരു ഗ്യാരണ്ടിയുമില്ലാതെ വിട്ടുകൊടുക്കുമോ?
വൃത്തികേട്
വിശാലമായ പശ്ചാത്തലം ഈ നിര്‍ദ്ദേശത്തെ കൂടുതല്‍ സംശയാസ്പദമാക്കുന്നു. ഗസയിലെ ഇസ്രായേലി വംശഹത്യയ്ക്ക് തുടര്‍ച്ചയായ രണ്ട് യുഎസ് ഭരണകൂടങ്ങള്‍ സൈനികമായും രാഷ്ട്രീയമായും സാമ്പത്തികമായും സഹായം നല്‍കി. ജനുവരി-മാര്‍ച്ച് വെടിനിര്‍ത്തല്‍ ആവര്‍ത്തിച്ച് ലംഘിക്കാന്‍ യുഎസ് ഇസ്രായേലിനെ അനുവദിച്ചു. ഇത് യുഎസിന്റെ ഉറപ്പുകള്‍ അര്‍ത്ഥശൂന്യമാക്കി.
മാത്രമല്ല, പ്രദേശത്തെ വിവിധ രാജ്യങ്ങളെ ആക്രമിക്കുന്നതില്‍ നിന്നും ഇസ്രായേലിനെ തടയുന്നതില്‍ നിന്നും യുഎസ് പരാജയപ്പെട്ടു. യുഎസ് പിന്തുണയോടെ ഇസ്രായേല്‍ ലബ്‌നാന്‍, യെമന്‍, സിറിയ, ഇറാന്‍ എന്നിവിടങ്ങളിലേക്ക് സംഘര്‍ഷം വ്യാപിപ്പിച്ചു. സെപ്റ്റംബര്‍ 9ന്, നാറ്റോയ്ക്ക് പുറത്തെ തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ ഖത്തറില്‍ ബോംബിടാന്‍ പോലും യുഎസ് ഇസ്രായേലിനെ അനുവദിച്ചു. ഇസ്രായേല്‍ ആക്രമിച്ചതിന് തൊട്ടടുത്ത് യുഎസ് സൈന്യമുണ്ടായിരുന്നു എന്ന വസ്തുത പോലും പരിഗണിക്കാതെയാണ് അത് ചെയ്തത്.
ഈ പശ്ചാത്തലത്തില്‍, യുഎസിനെ ഒരു നിഷ്പക്ഷ അല്ലെങ്കില്‍ വിശ്വസനീയ ജാമ്യക്കാരനായി കാണാന്‍ പ്രയാസമാണ്. യുദ്ധത്തിലൂടെ നേടിയെടുക്കുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ട കാര്യം നയതന്ത്രപരമായി നേടിയെടുക്കാനുള്ള തന്ത്രമായിരിക്കാം ഇത്: അതായത്, ഫലസ്തീനികളുടെ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യണമെന്ന ലക്ഷ്യം.

