ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരേ തുടര്‍ച്ചയായ രണ്ടാം ദിവസവും സുപ്രിംകോടതി വാദം കേട്ടു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. കേസില്‍ താഴെ പറയുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ ഇന്നലെ കോടതി മുതിര്‍ന്നിരുന്നു.
1) ഹരജികളില്‍ സുപ്രിംകോടതി തീര്‍പ്പുകല്‍പ്പിക്കും വരെ കോടതികള്‍ വഖ്ഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കള്‍ വഖ്ഫ് അല്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കരുത്. അത് ഡീഡ് വഴിയായാലും ഉപയോഗം വഴി വഖ്ഫ് ആയതായാലും.
2) വഖ്ഫ് ഭൂമിയില്‍ തര്‍ക്കമുണ്ടെന്ന് പറഞ്ഞ് കലക്ടര്‍ അന്വേഷണം നടത്തുമ്പോള്‍, ആ ഭൂമിയെ വഖ്ഫായി പരിഗണിക്കില്ലെന്ന പുതിയ ഭേദഗതി പ്രാബല്യത്തില്‍ വരില്ല.
3) വഖ്ഫ് ബോര്‍ഡുകളിലെയും സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സിലിലെയും എക്‌സ്ഒഫിഷ്യോ അംഗങ്ങള്‍ ഒഴികെ എല്ലാ അംഗങ്ങളും മുസ്‌ലിംകളായിരിക്കണം.
ഈ ഉത്തരവ് ഇറങ്ങാനിരിക്കെയാണ് കേസ് ഇന്നത്തേക്ക് മാറ്റി വച്ചത്.
ഇന്നത്തെ വാദം 17-04-2025
ബെഞ്ച്
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ വി വിശ്വനാഥന്‍
അഭിഭാഷകര്‍
ഹരജിക്കാര്‍ക്ക് വേണ്ടി:
രാജീവ് ധവാന്‍, കപില്‍ സിബല്‍, അഭിഷേക് മനു സിങ്‌വി, ചന്ദര്‍ ഉദയ് സിങ്, രാജീവ് ശാഖ്ദര്‍, സഞ്ജയ് ഹെഗ്‌ഡെ, ഹുസൈഫ അഹ്‌മദി, ഷാദാന്‍ ഫറാസത്ത്.....
കേന്ദ്രസര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് വേണ്ടി:
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത, രാകേഷ് ദ്വിവേദി, രഞ്ജിത് കുമാര്‍
വാദത്തിൻ്റെ വിശദാംശങ്ങൾ:
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: നിയമം സ്റ്റേ ചെയ്യരുത്.
ചീഫ് ജസ്റ്റിസ്: ഒരു മിനുട്ട്
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: ഞാന്‍ ബഹുമാനപൂര്‍വം അഭ്യര്‍ഥിക്കുന്നു. കോടതിയുടെ ചോദ്യങ്ങള്‍ പ്രസക്തമാണ്. പക്ഷേ, നിയമം സ്റ്റേ ചെയ്യാനുള്ള പ്രശ്‌നങ്ങളൊന്നുമില്ല. ചരിത്രം കൂടി കോടതി പരിശോധിക്കണം. ഭരണാധികാരികള്‍ എന്ന നിലയില്‍ നാം ജനങ്ങളോട് ഉത്തരം പറയേണ്ടവരാണ്. നിരവധി ഗ്രാമങ്ങള്‍ വഖ്ഫായി എടുത്തിരിക്കുകയാണ്. നിയമത്തിന് വേണ്ട ബില്ല് തയ്യാറാക്കിയപ്പോള്‍ തന്നെ ഹരജികള്‍ വന്ന സംഭവമാണ് ഇത്.
ജസ്റ്റിസ് സഞ്ജീവ് കുമാര്‍: കേസില്‍ ഇപ്പോള്‍ തീരുമാനമെടുക്കുന്നില്ല.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത: കോടതി കടുത്ത നടപടി സ്വീകരിക്കുകയാണ്. എനിക്ക് വിശദമായ മറുപടി നല്‍കാന്‍ ഒരാഴ്ച നല്‍കണം. എങ്ങനെയാണ് നിയമം ഉണ്ടായതെന്ന് ഞാന്‍ വിശദീകരിക്കാം.
ചീഫ് ജസ്റ്റിസ്: ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, പോസിറ്റീവായ കാര്യങ്ങള്‍ ഉണ്ടെന്ന് ഞങ്ങള്‍ പറഞ്ഞു. ആരോ സ്‌റ്റേ ചോദിച്ചു. ഞങ്ങള്‍ അതിനോട് ഒന്നും പറഞ്ഞില്ല. പക്ഷേ, തദ്സ്ഥിതി മാറ്റാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അഞ്ച് വര്‍ഷത്തെ ഇസ്‌ലാം ആചരണം പോലുള്ള കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യുന്നില്ല. പക്ഷേ, കക്ഷികളുടെ അവകാശം ഹനിക്കപ്പെടാതിരിക്കാന്‍ തദ്സ്ഥിതി തുടരണം.
സോളിസിറ്റര്‍ ജനറല്‍: ഉപയോഗം വഴിയുള്ള വഖ്ഫ് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
ചീഫ് ജസ്റ്റിസ്: വഖ്ഫ് ബോര്‍ഡുകളിലെയും സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സിലിലെയും നിയമനം, 1995ലെ വഖ്ഫ് നിയമത്തിലെ എസ്36 വകുപ്പ് പ്രകാരം വഖ്ഫായി പ്രഖ്യാപിക്കപ്പെട്ട സ്വത്തുക്കളുടെ തദ്സ്ഥിതി മാറരുത്. അവയില്‍ 2025ലെ ഭേദഗതി ബാധകമായിരിക്കില്ല. പാര്‍ലമെന്റ് നിയമങ്ങള്‍ നിര്‍മിക്കുന്നു, എക്‌സിക്യൂട്ടീവ് തീരുമാനിക്കുന്നു, ജുഡീഷ്യറി...
രാകേഷ് ദ്വിവേദി(കേന്ദ്രസര്‍ക്കാര്‍): പാര്‍ലമെന്റിന് അധികാരമുണ്ട്.
ചീഫ് ജസ്റ്റിസ്: ശരി, ബോര്‍ഡുകളിലേക്കും കൗണ്‍സിലിലേക്കും നിയമനങ്ങളില്ല, രജിസ്റ്റര്‍ ചെയ്ത വഖ്ഫില്‍ മാറ്റമില്ല.
രഞ്ജിത് കുമാര്‍(കേന്ദ്രസര്‍ക്കാര്‍): 1923, 24 കാലങ്ങളിലും വഖ്ഫ് അല്ലാത്തവയ്ക്ക് പിഴ ചുമത്തിയിരുന്നു.
സോളിസിറ്റര്‍ ജനറല്‍: നിയമം വച്ചു നോക്കുമ്പോള്‍ സര്‍ക്കാര്‍ ആഗ്രഹിച്ചാലും ഒന്നും സംഭവിക്കില്ല.
സോളിസിറ്റര്‍ ജനറല്‍: ഏതെങ്കിലും സംസ്ഥാനം വഖ്ഫ് ബോര്‍ഡിലേക്ക് പുതിയ നിയമപ്രകാരം നിയമനം നടത്തിയാല്‍ അത് അസാധുവാവും.
ചീഫ് ജസ്റ്റിസ്: 1995ലെ നിയമത്തിലെ എസ്36 പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്വത്തിനെയും തൊടരുത്.
അഭിഷേക് മനു സിങ്‌വി: പുതിയ നിയമത്തിലെ 3(ഇ)വകുപ്പ് പ്രകാരം അവര്‍ അതിനെ വഖ്ഫായി കാണില്ല.
ചീഫ് ജസ്റ്റിസ്: വഖ്ഫ് എന്ന് നമ്മള്‍ പറഞ്ഞുകഴിഞ്ഞാല്‍, പ്രഖ്യാപിച്ചതും രജിസ്റ്റര്‍ ചെയ്തതുമാണ്...
അഭിഷേക് മനു സിങ്‌വി: അതാണ് പ്രശ്‌നം! ഉപയോക്താവിന്റെ വഖ്ഫ് രജിസ്റ്റര്‍ ചെയ്‌തേക്കില്ല.
ചീഫ്ജസ്റ്റിസ്: ഉത്തരവ് പറയാം
ഛത്തീസ്ഗഡ് സര്‍ക്കാര്‍: ഞങ്ങളെ ഒരു മിനുട്ട് കേള്‍ക്കാമോ? ഞങ്ങള്‍ ഭേദഗതി നിയമത്തിന് അനുകൂലമാണ്.
ചീഫ് ജസ്റ്റിസ്: നിയമനിര്‍മാണത്തെ എതിര്‍ക്കുന്ന ഹിന്ദുക്കള്‍ ഉണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്.
ഇടക്കാല ഉത്തരവ്
ഏഴു ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം നല്‍കാമെന്ന് സോളിസിറ്റര്‍ ജനറല്‍ വാദം കേള്‍ക്കലിനിടെ അറിയിച്ചു. അതുവരെ വഖ്ഫ് ബോര്‍ഡുകളിലേക്കും സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സിലിലേക്കും നിയമനം നടത്തില്ല. അതുവരെ രജിസ്റ്റര്‍ ചെയ്തതോ വിജ്ഞാപനം വഴി പ്രഖ്യാപിച്ചതോ ആയ ഉപയോഗം വഴിയുള്ള വഖ്ഫ് ഉള്‍പ്പെടെയുള്ള വഖ്ഫ് ഡീനോട്ടിഫൈ ചെയ്യില്ല എന്ന് അവര്‍ ഉറപ്പു തന്നിരിക്കുന്നു.കലക്ടര്‍ക്ക് മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ല.
ചീഫ് ജസ്റ്റിസ്: ഹരജികളെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ക്ക് അഞ്ച് ഹരജികള്‍ മാത്രമേ ആവശ്യമുള്ളൂ. 100 അല്ലെങ്കില്‍ 120 എണ്ണം കൈകാര്യം ചെയ്യുന്നത് അസാധ്യമാണ്... മറ്റുള്ളവയെ തീര്‍പ്പാക്കിയ പോലെ പരിഗണിക്കും.
ചീഫ് ജസ്റ്റിസ്: കക്ഷികളുടെ പേരൊന്നും പറയാന്‍ പോവുന്നില്ല. വഖ്ഫ് ഭേദഗതി നിയമ കേസ് എന്ന് രേഖപ്പെടുത്തും. കക്ഷികള്‍ വാദം പറയാന്‍ നോഡല്‍ അഭിഭാഷകരെ ചുമതലപ്പെടുത്തണം.
കപില്‍ സിബല്‍: ഉപയോഗം മുഖേന വഖ്ഫ് ആയ സ്വത്തുക്കള്‍ സംരക്ഷിക്കപ്പെടണം.
ചീഫ് ജസ്റ്റിസ്: ഉപയോഗം മുഖേനെ വഖ്ഫ് ആയ സ്വത്തുക്കളും ഉത്തരവിന്റെ പരിധിയിലുണ്ട്.
ചീഫ് ജസ്റ്റിസ്: അഞ്ചു ഹരജികള്‍ ലീഡായിരിക്കുമെന്നും മറ്റുള്ളവ അപേക്ഷയായി കണക്കാക്കുമെന്നും ഹരജിക്കാരുടെ അപേക്ഷകര്‍ സമ്മതിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസ്: 1995ലെ വഖ്ഫ് നിയമത്തെയും 2013ലെ ഭേദഗതിയെയും ചോദ്യം ചെയ്യുന്ന ഹരജികള്‍ പ്രത്യേകം കാണിക്കും. ഇവയില്‍ എതിര്‍കക്ഷികള്‍ക്ക് മറുപടികള്‍ ഫയല്‍ ചെയ്യാം.
ചീഫ് ജസ്റ്റിസ്: 2013ലെ നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജികളെ പ്രത്യേക കേസായി കണ്ട് കേന്ദ്രസര്‍ക്കാരിനും കക്ഷികള്‍ക്കും സംസ്ഥാനങ്ങള്‍ക്കും വഖ്ഫ് ബോര്‍ഡുകള്‍ക്കും ഏഴു ദിവസത്തിനുള്ളില്‍ മറുപടി ഫയല്‍ ചെയ്യാം.
ചീഫ് ജസ്റ്റിസ്: ഇരുവിഭാഗവും നോഡല്‍ അഭിഭാഷകരെ നിയമിക്കും.
ചീഫ് ജസ്റ്റിസ്: അടുത്തവാദം കേള്‍ക്കല്‍ പ്രാഥമികമായ എതിര്‍പ്പുകള്‍ അറിയിക്കാനും ഇടക്കാല ഉത്തരവിനുമായിരിക്കും. ഈ കേസ് In Re Waqf Amendment Act, 1, 2, 3, 4 and 5 എന്നറിയപ്പെടും.
മേയ് അഞ്ചാം തിയ്യതി രണ്ടു മണിക്ക് ഇനി വാദം കേള്‍ക്കും.

