ഇന്ന് അന്താരാഷ്ട്ര ഇസ് ലാമോമോഫോബിയ ദിനം: ഇസ് ലാമോഫോബിയ കേവലം വ്യക്തിപരമായ മുന്‍വിധിയല്ല; കൃത്യമായ സാമ്രാജ്യത്വ ലക്ഷ്യങ്ങളോടെ നിര്‍മ്മിക്കപ്പെട്ട ഉപകരണം
-അബ്ദുല്ല അന്‍സാരി
ഇസ് ലാമോഫോബിയ കേവലം വ്യക്തിപരമായ മുന്‍വിധിയല്ല, കൃത്യമായ രാഷ്ട്രീയ സാമ്പത്തിക സാംസ്‌കാരിക സാമ്രാജ്യത്വ ലക്ഷ്യങ്ങളോടെ നിര്‍മ്മിക്കപ്പെട്ട ഉപകരണമാണ്. പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും എണ്ണയും മറ്റ് പ്രകൃതി വിഭവങ്ങളും കൊള്ളയടിക്കാനും തങ്ങളുടെ മേധാവിത്വ താല്പര്യങ്ങള്‍ സംരക്ഷിക്കാനും സാമ്രാജ്യത്വ ശക്തികള്‍ ഇതര രാജ്യങ്ങളില്‍ പലപ്പോഴും സൈനിക ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഇത്തരം അധിനിവേശങ്ങളെ ന്യായീകരിക്കാന്‍ 'ഭീകരവാദ വിരുദ്ധ പോരാട്ടം', 'ജനാധിപത്യം നടപ്പിലാക്കല്‍' തുടങ്ങിയ ആവരണങ്ങള്‍ യഥേഷ്ടം ഉപയോഗിക്കുന്നു. അധിനിവേശങ്ങളെ ന്യായീകരിക്കാന്‍ ഇസ് ലാമോഫോബിയയെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു. ലോകത്തിലെ ഭൂരിഭാഗം എണ്ണ-വാതക നിക്ഷേപങ്ങളും സ്ഥിതി ചെയ്യുന്നത് മുസ് ലിം ഭൂരിപക്ഷ രാജ്യങ്ങളിലാണ്; വിശേഷിച്ചും പശ്ചിമേഷ്യയില്‍. ഇവിടങ്ങളില്‍ അധിനിവേശം നടത്തുന്നതിനും വിഭവങ്ങള്‍ കൊള്ളയടിക്കുന്നതിനും മാന്യമെന്നോ നീതിയുക്തമെന്നോ തോന്നാവുന്ന കാരണം ഉണ്ടാവണം. മുസ്‌ലിംകളെയും ഇസ് ലാമിക ലോകത്തെയും ഭീകരവാദികളോ അപരിഷ്‌കൃതരോ സര്‍വ്വലോകത്തിന്റെയും ശത്രുവായോ ചിത്രീകരിക്കുക (Demonization) വഴി ഇത്തരം അധിനിവേശങ്ങള്‍ക്ക് ധാര്‍മികമായ പരിവേഷവും പൊതുസമ്മതിയും കൈവരുന്നു. ഇരുട്ടിന്റെ ശക്തികള്‍ക്ക് എല്ലാകാലത്തും തങ്ങളുടെ അതിക്രമങ്ങള്‍ക്ക് ന്യായീകരണം ലഭിക്കാന്‍ ലക്ഷണമൊത്ത ഒരു ശത്രു ആവശ്യമാണ്. ശീതയുദ്ധശേഷം കമ്മ്യൂണിസത്തിന്റെ തിരോഭാവത്തോടെ പുതിയൊരു 'ശത്രുവിനെ' സൃഷ്ടിക്കേണ്ടത് സാമ്രാജ്യത്വ ശക്തികളുടെ ആവശ്യമായിരുന്നു. ഇതിനായി അവര്‍ കണ്ടെത്തിയത് ഇസ് ലാമിനെയാണ്.
സാമുവല്‍ ഹണ്ടിംഗ്ടണിനെപ്പോലുള്ള സൈദ്ധാന്തികര്‍ മുന്നോട്ടുവെച്ച ഈ അജണ്ട പ്രകാരം, ഇസ് ലാമിക - പാശ്ചാത്യ സംസ്‌കാരങ്ങള്‍ക്കിടയില്‍ നിരന്തരമായ ഏറ്റുമുട്ടലുകള്‍ നടക്കണം.
രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ഇസ് ലാമോഫോബിയ എന്ന അന്യനും ശത്രുവുമായ കൊടും ഭീകരന്‍ ചില്ലറ സഹായമല്ല ചെയ്യുന്നത്. തീവ്ര ദേശീയത വളര്‍ത്തി ഭൂരിപക്ഷത്തെ ഉന്മത്തരാക്കി അതിന്റെ മറവില്‍ അപരവല്‍ക്കരിക്കപ്പെട്ടവന്റെ മൗലികാവകാശങ്ങള്‍ കവര്‍ന്നെടുക്കാനും കടുത്ത ഭരണകൂട ഭീകരത നടപ്പിലാക്കി അധികാരത്തിനുമേല്‍ അടയിരിക്കാനും അധികാരികളെയും അവരെ നിയന്ത്രിക്കുന്ന ഡീപ് സ്റ്റേറ്റിനെയും ഇത് സഹായിക്കുന്നു. സാമ്രാജ്യത്വം ഒരു 'ആഗോള ഉല്‍പ്പന്നം' എന്ന നിലയില്‍ വികസിപ്പിച്ചെടുത്ത ഇസ് ലാമോഫോബിയ, ഇന്ന് പല രാജ്യങ്ങളും തങ്ങളുടെ ആഭ്യന്തര രാഷ്ട്രീയ സങ്കുചിത നേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന സുപ്രധാന ആയുധം കൂടിയാണ്. തങ്ങളുടെ രാഷ്ട്രീയ പരിസരത്തിന് അനുരൂപമായ ഘടനയില്‍ ഇതിനെ അവര്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നു. തങ്ങളുടെ പരാജയങ്ങള്‍ മറച്ചുവെക്കാനും ഭൂരിപക്ഷത്തെ താങ്കള്‍ക്ക് അനുകൂലമായി ഏകീകരിക്കാനും 'ന്യൂനപക്ഷ വിരോധം' കത്തിച്ചുവിടുന്നു. ഇതിനായി അവര്‍ 'യഥാര്‍ത്ഥ പൗരനെ'യും വ്യാജനെയും നിര്‍മ്മിക്കുന്നു. യഥാര്‍ത്ഥ പൗരന്‍ ആരാണെന്ന് നിര്‍ണയിക്കാന്‍ വ്യാജന്‍ അല്ലെങ്കില്‍ ശത്രു നിര്‍ബന്ധമാണ്. ഭരണകൂട നയങ്ങളെ വിമര്‍ശിക്കുന്നവരെയോ മനുഷ്യാവകാശ പ്രവര്‍ത്തകരെയോ 'തീവ്രവാദികള്‍' അല്ലെങ്കില്‍ 'ഭീകരവാദികള്‍' എന്ന് മുദ്രകുത്താന്‍ സഹായിക്കുന്ന മൂര്‍ച്ചയുള്ള ആയുധമാണ് ഇസ്ലാമോഫോബിയ. ഇതിലൂടെ കടുത്ത ജനവിരുദ്ധ നിയമങ്ങള്‍ ചുട്ടെടുക്കാന്‍ എളുപ്പമാകുന്നു. മുസ് ലിം വിദ്വേഷം, തീവ്രദേശീയതയുടെ ആണിക്കല്ല് ആവുന്നത് അങ്ങനെയാണ്. ഭൂരിപക്ഷ സമുദായത്തിനിടയില്‍ ഭീതി പടര്‍ത്തുന്നതിലൂടെ വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിയുന്നു. ആധുനിക കാലത്ത് സാമ്രാജ്യത്വം എന്നാല്‍ കേവലം ഭൂമി കയ്യേറ്റമല്ല, സാംസ്‌കാരിക ധാര്‍മിക സാമ്പത്തിക അധിനിവേശം കൂടിയാണ്. ഇസ്ലാമിക മൂല്യങ്ങളെയും ജീവിതരീതികളെയും പരിഷ്‌കൃത ലോകത്തിന് ചേരാത്ത പ്രാകൃതമായ ഒന്നായി ചിത്രീകരിക്കുന്നതിലൂടെ പാശ്ചാത്യ സംസ്‌കാരത്തെ പുരോഗമനാത്മക ഏകശിലാരൂപ മാതൃകയായി പ്രതിഷ്ഠിക്കാന്‍ ഇതുവഴി സാധിക്കുന്നു.
ഇസ് ലാമോഫോബിയ ഒരു വിഭാഗത്തോട് അകാരണമായ ഭയവും വിദ്വേഷവും വലിയതോതില്‍ ഉത്പാദിപ്പിക്കുന്ന വെറുമൊരു വ്യക്തിഗത സമീപനമല്ല. മറിച്ച് വ്യവസ്ഥാപിതമായ സാമൂഹ്യ വിവേചനമായി പ്രവര്‍ത്തിക്കുന്ന വ്യവഹാരം കൂടിയാണ്. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പരവിശ്വാസം ഇല്ലാതാക്കാന്‍ ഇത് കാരണമാകുന്നു. സാമൂഹ്യഘടനയില്‍ വിള്ളലുകള്‍ സൃഷ്ടിക്കുകയും 'ഞങ്ങള്‍, നിങ്ങള്‍' എന്ന ദ്വന്ദ്വവത്തെ പകരം പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍
വിദ്യാഭ്യാസം, ജോലി, വീട് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളില്‍ വരെ ഒരു വിഭാഗത്തിന് നേരെ കടുത്ത വിവേചനം സൃഷ്ടിക്കാന്‍ ഇത് കാരണമാകുന്നു. പല രാജ്യങ്ങളിലും മുസ്ലിംകള്‍ക്ക് നിയമപരമായ പരിരക്ഷ ലഭിക്കുന്നതില്‍ പോലും ഈ മുന്‍വിധി തടസ്സമാകാറുണ്ട്. സാംസ്‌കാരികമായ കൈമാറ്റങ്ങളെയും സംവാദങ്ങളെയും ഇത് ഇല്ലാതാക്കുന്നു.
ഇസ് ലാമോഫോബിയ ഒരു വമ്പന്‍ 'വിപണി' കൂടിയാണ്. സാമ്പത്തിക സാംസ്‌കാരിക രാഷ്ട്രീയ ലാഭം കൊയ്യാന്‍ ഈ ഭീതിയെ ഒരേസമയം രാഷ്ട്രങ്ങള്‍ ഇതര രാഷ്ട്രങ്ങള്‍ക്കെതിരെയും സ്വന്തം രാഷ്ട്രങ്ങള്‍ക്കുള്ളിലും വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. യൂറോപ്പിലും അമേരിക്കയിലും ഇന്ത്യയിലുമടക്കം ലോകത്തുടനീളം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മുസ് ലിം ഭീതി വളര്‍ത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുണ്ട്. വലതുശക്തികള്‍ മാത്രമല്ല തീവ്ര ഇടതു ശക്തികള്‍ വരെ ഇതിന് അപവാദമല്ല. 'പൊതുശത്രുവിനെ' പ്രതിഷ്ഠിക്കുന്നതിലൂടെ ഭൂരിപക്ഷ വോട്ടുകള്‍ ഏകീകരിക്കാന്‍ എളുപ്പമാകുന്നു. രാജ്യത്തിന്റെ സംസ്‌കാരവും സുരക്ഷയും അപകടത്തിലാണെന്ന് വരുത്തിത്തീര്‍ത്ത് തങ്ങളുടെ സങ്കുചിത രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ ഇസ്ലാമോഫോബിയ അതിസമര്‍ത്ഥമായി ഉപയോഗിക്കുന്നു. ഇതിന്റെ മറവില്‍, ആഭ്യന്തര സുരക്ഷയുടെ പേരില്‍ പോലീസിനും സൈന്യത്തിനും കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിനും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനും നിരീക്ഷണ സംവിധാനങ്ങള്‍ (Surveillance) ശക്തമാക്കുന്നതിനും ഭരണകൂടങ്ങളെ സഹായിക്കുന്നു. വമ്പന്‍ ആയുധ കമ്പനികള്‍ കോടാനുകോടികളുടെ സാമ്പത്തിക നേട്ടമാണ് ഇതുവഴി നേടുന്നത്. യൂറോപ്പില്‍ അടുത്തകാലത്തായി തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ അധികാരത്തില്‍ വരുന്നത് 'മുസ് ലിം കുടിയേറ്റക്കാര്‍ തങ്ങളുടെ സംസ്‌കാരം നശിപ്പിക്കുന്നു' എന്ന ഭീതി പടര്‍ത്തിയാണ്. സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുമ്പോള്‍ ജനങ്ങളുടെ രോഷം ഭരണകൂടത്തിന് നേരെ തിരിയാതിരിക്കാന്‍ കുടിയേറ്റക്കാരെ ബലിയാടാക്കുകയാണ് പതിവ്. ആയുധം നിര്‍മ്മിക്കുന്ന വന്‍കിട കമ്പനികള്‍ക്ക് യുദ്ധങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാവല്‍ നിര്‍ബന്ധമാണ്. 'ഭീകരവാദ വിരുദ്ധ പോരാട്ടം' എന്ന പേരില്‍ പശ്ചിമേഷ്യയില്‍ നടത്തുന്ന ഇടപെടലുകള്‍ വഴി കോടിക്കണക്കിന് ഡോളറിന്റെ ആയുധക്കച്ചവടമാണ് നടക്കുന്നത്. യുദ്ധം നിലനില്‍ക്കണമെങ്കിലും 'ശത്രു' ആവശ്യമാണ്, ആ ശൂന്യത ഇസ് ലാമോഫോബിയ നികത്തുന്നു.
ഭയവും വെറുപ്പും വിപണന മൂല്യമുള്ള ഉല്‍പ്പന്നങ്ങളാണ്. റേറ്റിംഗ് കൂട്ടുന്നതിനായി ഇസ്ലാമിനെ സംബന്ധിച്ച നെഗറ്റീവ് സെന്‍സേഷണലൈസ്ഡ് നരേറ്റീവുകള്‍ നിരന്തരമായി സൃഷ്ടിക്കുന്നതിലൂടെ മാധ്യമങ്ങളും ലാഭം കൊയ്യുന്നു. സിനിമകളിലും വാര്‍ത്താ ചാനലുകളിലും മുസ് ലിം ജീവിതത്തെ 'വില്ലന്‍'വല്‍ക്കരിക്കുന്നത് ഇതിന്റെ ഭാഗമാണ്.
സാമ്രാജ്യത്വം നിര്‍മ്മിച്ച ഇസ്ലാമോഫോബിയ ഇന്ന് ലോകമെമ്പാടുമുള്ള അധികാര കേന്ദ്രങ്ങള്‍ക്ക് തങ്ങളുടെ അധികാരം നിലനിര്‍ത്താനുള്ള ഒരു 'യൂണിവേഴ്‌സല്‍ ടൂള്‍' (Universal Tool) ആയി മാറിയിരിക്കുന്നു. ഇസ് ലാമോഫോബിയ പ്രചരിപ്പിക്കാന്‍ വേണ്ടി മാത്രം ഫണ്ട് ലഭിക്കുന്ന ഒട്ടനവധി ഗവേഷണ സ്ഥാപനങ്ങളും വെബ്‌സൈറ്റുകളും ഇന്ന് ലോകത്തുടനീളമുണ്ട്. ചുരുക്കത്തില്‍ ഇസ് ലാമോഫോബിയ ബഹുമുഖ നേട്ടം കൊയ്യാന്‍ സഹായിക്കുന്ന ഒരു വമ്പന്‍ ഇന്‍ഡസ്ട്രിയാണ് (Islamophobia Industry).
മുസ് ലിം വിരുദ്ധ വിദ്വേഷത്തിനും വിവേചനത്തിനുമെതിരെ ആഗോളതലത്തില്‍ ചടുലമായി പ്രവര്‍ത്തിക്കുന്ന ഒന്നിലധികം സംഘടനകള്‍ ഇന്ന് നിലവിലുണ്ട്. ബോധവല്‍ക്കരണം, നിയമസഹായം, ആശയ കൈമാറ്റം നയരൂപീകരണം തുടങ്ങിയ മേഖലകളിലൂടെ ഇസ്ലാമോഫോബിയ സൃഷ്ടിച്ച പിരിമുറുക്കത്തിന് അയവ് വരുത്തുന്നതില്‍ ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവയില്‍ ചിലത് ചുവടെ.
1. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോപ്പറേഷന്‍ (OIC)
മുസ് ലിം ലോകത്തെ ഈ രംഗത്തുള്ള ഏറ്റവും വലിയ കൂട്ടായ്മയായ ഒഐസി, ഇസ് ലാമോഫോബിയക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ശബ്ദമുയര്‍ത്തുന്ന പ്രധാന സംഘടനയാണ്. ഇസ്ലാമിക സമൂഹത്തിന് എതിരെയുള്ള അതിക്രമങ്ങള്‍ നിരീക്ഷിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നു. മാര്‍ച്ച് 15 'അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനം' ആയി പ്രഖ്യാപിച്ചതിലും ഇസ്ലാമോഫോബിയയെ ആഗോള ഭീഷണിയായി ഐക്യരാഷ്ട്രസഭ അംഗീകരിച്ചതിലും, ഒഐസിക്ക് പ്രധാന പങ്കുണ്ട്. യു എന്‍ അടുത്തിടെയായി ഇസ്ലാമോഫോബിയക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നത് ശ്രദ്ധേയമാണ്. ഇസ് ലാം പേടി തടയുന്നതിനായി യുഎന്‍ പ്രത്യേക പ്രതിനിധിയെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെയുള്ള ആഗോള ഇടപെടലുകളിലൂടെ മുസ് ലിം വിരുദ്ധതയുടെ തീവ്രത കുറയ്ക്കാന്‍ യുഎന്‍ കാര്യമായി ശ്രമിക്കുന്നുണ്ട്.
2. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ് ലാമിക് റിലേഷന്‍സ് (CAIR)
അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വലിയൊരു പൗരാവകാശ സംഘടനയാണിത്. വിവേചനം നേരിടുന്നവര്‍ക്ക് നിയമസഹായം നല്‍കുക, ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ മീഡിയ കാമ്പെയ്‌നുകള്‍ സംഘടിപ്പിക്കുക എന്നിവയാണ് പ്രധാന പരിപാടികള്‍. അമേരിക്കയിലെ ഇസ്ലാമോഫോബിക് സംഭവങ്ങളെക്കുറിച്ചുള്ള വിശദമായ സമ്പൂര്‍ണ്ണ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു.
3. ഇസ് ലാമിക് റിലീഫ് വേള്‍ഡ് വൈഡ് (IRW)
ലണ്ടന്‍ ആസ്ഥാനമായുള്ള ഈ എന്‍.ജി.ഒ പ്രാഥമികമായി ഒരു ദുരിതാശ്വാസ സംഘടനയാണെങ്കിലും, മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇസ്ലാമിന്റെ കലര്‍പ്പില്ലാത്ത ചിത്രം ക്രിയാത്മകമായി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നു.
4. സ്റ്റോപ്പ് ഇസ് ലാമോഫോബിയ (SI)
യൂറോപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെ കൂട്ടായ്മയാണിത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ മുസ്ലിം വിരുദ്ധ നിയമങ്ങള്‍ക്കും വിദ്വേഷ പ്രസംഗങ്ങള്‍ക്കുമെതിരെ ഇവര്‍ വലിയ രീതിയില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. Tell MAMA (യുകെ), CCIE (ഫ്രാന്‍സ്) എന്നിവ മറ്റു ചിലതാണ്.

