ആലപ്പുഴയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥിക്ക് നേരെ അധ്യാപികയുടെ ജാതി അധിക്ഷേപം

ആലപ്പുഴ ഗവ. മുഹമ്മദന്‍സ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.

Update: 2024-09-11 08:11 GMT

ആലപ്പുഴ: സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥിക്ക് നേരെ അധ്യാപിക ജാതി അധിക്ഷേപം നടത്തിയെന്ന് ആക്ഷേപം. സ്‌കൂളിലെ പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ചതിന് പട്ടിക ജാതി വിദ്യാര്‍ഥിയെ അധിക്ഷേപിച്ചെന്നാണ് പരാതി. നിന്നെയൊക്കെ കണ്ടാല്‍ അറപ്പ് തോന്നുമെന്ന് അധ്യാപിക അധിക്ഷേപിച്ചെന്നാണ് പറയുന്നത്. ആലപ്പുഴ ഗവ. മുഹമ്മദന്‍സ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഇതു കണ്ട വിദ്യാര്‍ഥിയുടെ ഇരട്ട സഹോദരന്‍ വിഷയത്തില്‍ ഇടപെട്ടു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ഇതുകാരണം മൂന്നു മാസത്തോളമായി വിദ്യാര്‍ഥിയുടെ പഠനം മുടങ്ങിയതായും ആരോപണമുണ്ട്.

    കുട്ടിയെ സ്‌കൂളില്‍ തിരിച്ചെടുക്കുമെന്നു പറഞ്ഞിട്ടും ഇതുവരെയും നടന്നില്ലെന്ന് വിദ്യാര്‍ഥിയുടെ മാതാവ് പറഞ്ഞു. ഒരേ മുഖഛായയുള്ളവര്‍ ഒരേ സ്‌കൂളില്‍ പഠിക്കേണ്ടെന്ന വിചിത്ര വാദവും അധികൃതര്‍ ഉന്നയിച്ചെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. അതേസമയം, അധ്യാപകര്‍ ആരോപണം നിഷേധിക്കുകയാണ്.

Tags: