ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തിന്റെ തന്ത്രപരമായ മാനങ്ങള്‍

Update: 2025-06-27 05:20 GMT

റംസി ബറൂദ്

ഏകദേശം രണ്ടാഴ്ച നീണ്ടുനിന്ന തുറന്ന യുദ്ധത്തിനു ശേഷം ജൂണ്‍ 24ന്, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രായേലും ഇറാനും തമ്മില്‍ ഒരു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.

ജൂണ്‍ 13ന് ഇസ്രായേലാണ് യുദ്ധം ആരംഭിച്ചത്. ഇറാനിയന്‍ ആണവ കേന്ദ്രങ്ങളും മിസൈല്‍ സ്ഥാപനങ്ങളും ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും വധിച്ചു. പുറമെ നിരവധി സിവിലിയന്മാരും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഇതിന് തിരിച്ചടിയായി, ഇസ്രായേല്‍ പ്രദേശത്തേക്ക് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഇറാന്‍ വിക്ഷേപിച്ചു. ഇത് തെല്‍ അവീവ്, ഹൈഫ, ബീര്‍ ഷെബ എന്നിവിടങ്ങളിലും മറ്റ് നിരവധി സ്ഥലങ്ങളിലും അഭൂതപൂര്‍വമായ നാശവും ഭീതിയും വിതച്ചു.

ഒരു ഉഭയകക്ഷി സംഘര്‍ഷമായി തുടങ്ങിയ ആക്രമണങ്ങള്‍ വളരെ പെട്ടെന്ന് തന്നെ കൂടുതല്‍ ആഘാതങ്ങള്‍ക്കു കാരണമായ യുദ്ധമായി മാറി. അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കും ഇതു വഴി തുറന്നു.

ജൂണ്‍ 22ന്, ഓപറേഷന്‍ മിഡ്നൈറ്റ് ഹാമര്‍ എന്ന് വിളിക്കപ്പെടുന്ന ഒരു ഏകോപിത ആക്രമണത്തില്‍, യുഎസ് വ്യോമസേനയും നാവികസേനയും ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ പൂര്‍ണ തോതിലുള്ള ആക്രമണം നടത്തി. 509ാമത്തെ ബോംബ് വിങിന്റെ ഏഴ് ബി-2 ബോംബറുകള്‍ മിസോറിയിലെ വൈറ്റ്മാന്‍ എയര്‍ഫോഴ്സ് ബേസില്‍നിന്ന് നിര്‍ത്താതെ പറന്ന് ആക്രമണം നടത്തിയതായി പറയപ്പെടുന്നു.

അടുത്ത ദിവസം, ഖത്തറിലെ അല്‍-ഉദൈദ് യുഎസ് സൈനിക താവളത്തില്‍ ബോംബാക്രമണം നടത്തിയും ഇസ്രായേലി ലക്ഷ്യങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയും ഇറാനും തിരിച്ചടിച്ചു.

ഇത് ഒരു വഴിത്തിരിവായി. ആദ്യമായി, ഇറാനും അമേരിക്കയും ഇടനിലക്കാരില്ലാതെ യുദ്ധക്കളത്തില്‍ പരസ്പരം ഏറ്റുമുട്ടി. സമീപകാല ചരിത്രത്തില്‍ ആദ്യമായി, ഇറാനെതിരേയുള്ള യുദ്ധത്തിന് യുഎസിനെ പ്രകോപിപ്പിക്കാനുള്ള ഇസ്രായേലിന്റെ ദീര്‍ഘകാല പ്രചാരണം വിജയം കണ്ടു..

തന്ത്രപരമായ പരാജയം

12 ദിവസത്തെ യുദ്ധത്തിനു ശേഷം, ഇസ്രായേല്‍ അതിന്റെ രണ്ട് ലക്ഷ്യങ്ങള്‍ നേടി. ഒന്നാമതായി, യുഎസിനെ ഇറാനുമായുള്ള സംഘര്‍ഷത്തിലേക്ക് നേരിട്ട് വലിച്ചിഴച്ചു. അങ്ങനെ മേഖലയില്‍ ഭാവിയില്‍ ഇസ്രായേല്‍ നടത്തിയേക്കാവുന്ന യുദ്ധങ്ങളില്‍ യുഎസ് ഇടപെടുന്നതിന് അപകടകരമായ ഒരു മാതൃക സൃഷ്ടിച്ചു. രണ്ടാമതായി, സ്വദേശത്തും വിദേശത്തും അത് തദ്ക്ഷണം തന്നെ രാഷ്ട്രീയ മൂലധനമാക്കി മാറ്റി, യുഎസ് സൈനിക പിന്തുണ ഇസ്രായേലിന് ഒരു 'വിജയ'മായി ചിത്രീകരിച്ചു.

എന്നിരുന്നാലും, ഈ ഹ്രസ്വകാല നേട്ടങ്ങള്‍ക്കപ്പുറം, ഇസ്രായേലിന്റെ തന്ത്രത്തിലെ വിള്ളലുകള്‍ ഇതിനകം തന്നെ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്.

ഇറാനില്‍ ഭരണമാറ്റം സാധ്യമാക്കുകയെന്ന നെതന്യാഹുവിന്റെ വര്‍ഷങ്ങളോളം നീണ്ടുനിന്ന പ്രചാരണത്തിന്റെ യഥാര്‍ഥ ലക്ഷ്യം കൈവരിക്കാന്‍ ഇസ്രായേലിന് ആയില്ല. പകരം, കൃത്യതയും അച്ചടക്കവും ഉപയോഗിച്ച് തിരിച്ചടിച്ചതിലൂടെ പ്രതിരോധശേഷിയുള്ളതും ഒറ്റക്കെട്ടായതുമായ ഒരു ഇറാനെയാണ് ലോകം കണ്ടത്. അതിലും മോശമായി, ഇസ്രായേലിന്റെ മോഹങ്ങള്‍ക്ക് കൂടുതല്‍ ഭീഷണിയായ ഒന്നിനു കൂടി നെതന്യാഹുവിന്റെ യുദ്ധോദ്യമം വഴിവച്ചിരിക്കാം. അതായത് ഇറാനില്‍ സുദൃഢമായ പുതിയൊരു പ്രാദേശിക ബോധത്തിന്റെ ആവിര്‍ഭാവത്തിന് സംഘര്‍ഷം കാരണമായി.

ഈ ഏറ്റുമുട്ടലിന്റെ ഫലമായി ഇറാന്‍, ഗണ്യമായ ശക്തിയായി സ്വയം ഉയര്‍ന്നുവന്നു. ആണവ പദ്ധതിയെ തളര്‍ത്താനുള്ള യുഎസിന്റെയും ഇസ്രായേലിന്റെയും ശ്രമങ്ങള്‍ക്കിടയിലും, ഇറാന്‍ അതിന്റെ തന്ത്രപരമായ ശേഷി കേടുകൂടാതെയും വളരെ പ്രവര്‍ത്തനക്ഷമമായും തുടരുന്നുവെന്ന് തെളിയിച്ചിട്ടുണ്ട്.

ഇറാന്‍ ശക്തമായ ഒരു പുതിയ പ്രതിരോധ സമവാക്യം തന്നെ സ്ഥാപിച്ചു. ഇസ്രായേല്‍ നഗരങ്ങളെ മാത്രമല്ല, മേഖലയിലുടനീളമുള്ള യുഎസ് താവളങ്ങളെയും ആക്രമിക്കാന്‍ കഴിയുമെന്ന് അവര്‍ തെളിയിച്ചു.

ഹിസ്ബുല്ലയെയോ അന്‍സാറുല്ലയെയോ ആശ്രയിക്കാതെയോ ഇറാഖിലെ പിഎംഎഫിനെ വിന്യസിക്കാതെയോ ഇറാന്‍ തനിച്ച് സ്വതന്ത്രമായാണ് ഈ പോരാട്ടം നടത്തിയെന്നതാണ് മറ്റൊരു പ്രധാന അനന്തരഫലം. ഇത് പല നിരീക്ഷകരെയും അദ്ഭുതപ്പെടുത്തുകയും മേഖലയിലെ ഇറാന്റെ പ്രാമുഖ്യത്തെക്കുറിച്ചുള്ള ഒരു പുനര്‍ വിലയിരുത്തലിന് അവരെ നിര്‍ബന്ധിതരാക്കുകയും ചെയ്തു.

ഇറാനിയന്‍ ഐക്യം

മിസൈലുകളിലോ മരണങ്ങളിലോ അളക്കാന്‍ കഴിയുന്നതിനും അപ്പുറത്തുള്ളതാണ് ഒരുപക്ഷേ, ഇറാനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാന പുരോഗതിയായി കണക്കാക്കാവുന്ന മറ്റൊരു സംഗതി. ഇറാന്റെ ദേശീയ ഐക്യത്തിലെ കുതിച്ചുചാട്ടവും അറബ്, മുസ്ലിം ലോകമെമ്പാടും അതിന് ലഭിച്ച വ്യാപകമായ പിന്തുണയുമാണത്.

വര്‍ഷങ്ങളായി, ഇസ്രായേലും അതിന്റെ സഖ്യകക്ഷികളും ഇറാനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. മുസ്ലിംകള്‍ക്കിടയില്‍ പോലും അതിനെ നിന്ദ്യമായി അവതരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടത്, നേരെ വിപരീതമായ സംഗതിയാണ്.

ബാഗ്ദാദ് മുതല്‍ ബെയ്‌റൂത്ത് വരെയും, അമ്മാന്‍, കെയ്റോ പോലുള്ള രാഷ്ട്രീയമായി ജാഗ്രത പുലര്‍ത്തുന്ന തലസ്ഥാനങ്ങളില്‍ പോലും, ഇറാനുള്ള പിന്തുണ വര്‍ധിച്ചു. ഈ ഐക്യം മാത്രമാണ് ഇസ്രായേലിന്റെ ഇപ്പോഴുമുള്ള ഏറ്റവും ശക്തമായ വെല്ലുവിളിയെന്ന് കരുതാവുന്നതാണ്.

ഇറാനില്‍, പരിഷ്‌കരണവാദികളും യാഥാസ്ഥിതികരും തമ്മിലുള്ള ആഴത്തിലുള്ള വിഭജനം യുദ്ധം മൂലം ഇല്ലാതായി; കുറഞ്ഞത് ഇപ്പോഴെങ്കിലും. ഒരു അസ്തിത്വ ഭീഷണിയെ അഭിമുഖീകരിച്ച ഇറാനിയന്‍ ജനത ഒരു നേതാവിന്റെയോ പാര്‍ട്ടിയുടെയോ ചുറ്റുമല്ല, മറിച്ച് അവരുടെ മാതൃരാജ്യത്തിന്റെ പ്രതിരോധത്തിന് ചുറ്റും ഒന്നിക്കുകയായിരുന്നു.

ലോകത്തിലെ ഏറ്റവും പുരാതനമായ ഒരു നാഗരികതയുടെ പിന്‍ഗാമികള്‍ ഒരു വിദേശ ആക്രമണത്തിനും ഇല്ലാതാക്കാന്‍ കഴിയാത്ത അന്തസ്സോടെയും അഭിമാനത്തോടെയും പ്രതികരിച്ചു.

ആണവ പ്രശ്‌നം

യുദ്ധഭൂമിയിലെ സംഭവവികാസങ്ങള്‍ക്കിടയിലും, ഈ യുദ്ധത്തിന്റെ യഥാര്‍ഥ ഫലം ഇറാന്‍ അവരുടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഭാവിയില്‍ എന്തുചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കും.

ഇറാന്‍ ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ (NPT) നിന്ന് താല്‍ക്കാലികമായിട്ടാണെങ്കിലും പിന്മാറാന്‍ തീരുമാനിക്കുകയും അവരുടെ പരിപാടി പ്രവര്‍ത്തനക്ഷമമായി തുടരുന്നുവെന്ന് സൂചന നല്‍കുകയും ചെയ്താല്‍, ഇസ്രായേലിന്റെ 'നേട്ടങ്ങള്‍' എന്ന് വിളിക്കപ്പെടുന്നതെല്ലാം അര്‍ഥശൂന്യമാകും.

എന്നിരുന്നാലും, ഈ സൈനിക ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇറാന്‍ ധീരമായ രാഷ്ട്രീയ പുനക്രമീകരണത്തില്‍ പരാജയപ്പെട്ടാല്‍, ഇറാന്റെ ആണവ അഭിലാഷങ്ങള്‍ തടയുന്നതില്‍ താന്‍ വിജയിച്ചുവെന്ന് നെതന്യാഹുവിന് വ്യാജമായോ അല്ലാതെയോ അവകാശപ്പെടാന്‍ സ്വാതന്ത്ര്യമുണ്ടാകും. അവര്‍ക്ക് എക്കാലത്തെയും പോലെ ഉയര്‍ന്ന അപകടസാധ്യതകള്‍ മുന്നിലുണ്ടാവുകയും ചെയ്യും.

ഒരു നിര്‍മിത പ്രഹസനം

ഇറാനെതിരായ കൂടുതല്‍ ആക്രമണങ്ങള്‍ നിര്‍ത്താന്‍ നെതന്യാഹുവിനോട് 'ഉത്തരവിട്ടു' എന്ന് ആരോപിക്കപ്പെട്ടതിന് ചില മാധ്യമങ്ങള്‍ ഇപ്പോള്‍ ട്രംപിനെ പ്രശംസിക്കുന്നു.

ഈ ആഖ്യാനം തെറ്റാണെന്നതുപോലെ തന്നെ അപമാനകരവുമാണ്. നമ്മള്‍ കണ്ടത് തിരക്കഥയ്ക്കനുസരിച്ച ഒരു രാഷ്ട്രീയ പ്രകടനമാണ് - അപകടകരമായ കളിയുടെ ഇരുവശങ്ങളും കളിക്കുന്ന രണ്ട് പങ്കാളികള്‍ തമ്മിലുള്ള, ശ്രദ്ധാപൂര്‍വം ആസൂത്രണം ചെയ്ത ഒരു നിസ്സാര കലഹം.

'നിങ്ങളുടെ പൈലറ്റുമാരെ വീട്ടിലേക്ക് കൊണ്ടുവരുക' എന്ന ട്രൂത്തിലെ ട്രംപിന്റെ പോസ്റ്റ് സമാധാനത്തിനുള്ള ആഹ്വാനമായിരുന്നില്ല. നെതന്യാഹുവിന്റെ യുദ്ധത്തിന് പൂര്‍ണമായും കീഴടങ്ങിയ ശേഷം വിശ്വാസ്യത വീണ്ടെടുക്കാന്‍ കണക്കുകൂട്ടിയുള്ള ഒരു നീക്കമായിരുന്നു അത്. ഇത് ട്രംപിന് മിതവാദിയായി അഭിനയിക്കാന്‍ അവസരം നല്‍കി. യുദ്ധക്കളത്തില്‍ ഇസ്രായേലിനുണ്ടായ നഷ്ടങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കുകയും, ഇസ്രായേല്‍ ആക്രമണത്തില്‍ യുഎസ് ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ മിഥ്യാധാരണ സൃഷ്ടിക്കുകയുമാണ് അതിലൂടെ സംഭവിച്ചത്.

സത്യത്തില്‍, ഇത് എല്ലായ്‌പ്പോഴും ഒരു യുഎസ്-ഇസ്രായേല്‍ സംയുക്ത യുദ്ധമായിരുന്നു. വിപുലമായ ഇടപെടലിനും സമര്‍ഥമായ അധിനിവേശത്തിനും അടിത്തറ പാകുന്നതിനൊപ്പം പാശ്ചാത്യ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നുവെന്ന വ്യാജേന ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ന്യായീകരിക്കുകയും ചെയ്ത ഒന്നായിരുന്നു അത്.

ജനങ്ങളുടെ തിരിച്ചുവരവ്

എല്ലാ സൈനിക കണക്കുകൂട്ടലുകള്‍ക്കും ഭൗമരാഷ്ട്രീയ നാടകങ്ങള്‍ക്കും ഇടയില്‍, യഥാര്‍ഥ വിജയികള്‍ ഇറാന്‍ ജനത തന്നെയാണെന്ന ഒരു സത്യം വേറിട്ടുനില്‍ക്കുന്നു.

ഏറ്റവും അനിവാര്യമായ ഘട്ടത്തില്‍, അവര്‍ ഐക്യത്തോടെ നിന്നു. ആഭ്യന്തര തര്‍ക്കങ്ങളേക്കാള്‍ വിദേശ ആക്രമണത്തെ ചെറുക്കുക എന്നതാണ് പ്രധാനമെന്ന് അവര്‍ മനസ്സിലാക്കി. പ്രതിസന്ധി ഘട്ടങ്ങളില്‍ ആളുകള്‍ ചരിത്രത്തിലെ ഉപരിപ്ലവ പങ്കാളികളല്ലെന്നും അവര്‍ അതിന്റെ രചയിതാക്കളാണെന്നും അവര്‍ ലോകത്തെയും തങ്ങളെയും ഓര്‍മിപ്പിച്ചു.

ഇറാനില്‍ നിന്നുള്ള സന്ദേശം വ്യക്തമാണ്: ഞങ്ങള്‍ ഇവിടെയുണ്ട്. ഞങ്ങള്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ തകര്‍ക്കപ്പെടില്ല.

ഇസ്രായേലും ഒരുപക്ഷേ, വാഷിങ്ടണും പോലും പ്രതീക്ഷിക്കാത്ത സന്ദേശമാണിത്. വരും വര്‍ഷങ്ങളില്‍ ഈ മേഖലയെ പുനര്‍നിര്‍മിക്കാന്‍ കഴിയുന്ന ഒന്നാണിത്.

കടപ്പാട്: പലസ്തീന്‍ ക്രോണിക്ക്ള്‍