സുലൈമാനെ തല്ലിക്കൊന്നവരുടെ ഹിന്ദുത്വ ബന്ധങ്ങള്‍

Update: 2025-08-27 03:36 GMT

ഹാരാഷ്ട്രയിലെ ജാനര്‍ പട്ടണത്തിലെ കഫേയില്‍ ഹിന്ദു പെണ്‍കുട്ടിയുമായി ചായ കുടിച്ചിരുന്ന സുലൈമാന്‍ പത്താനെ ആഗസ്റ്റ് 11ന് ഒരു ആള്‍ക്കൂട്ടം തട്ടിക്കൊണ്ടുപോയി. വാനില്‍ സുലൈമാനെ കൊണ്ടുനടന്ന സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും ഗ്രാമത്തിലെ ബസ്റ്റാന്‍ഡില്‍ തള്ളിയിടുകയും ചെയ്തു. ആക്രമണങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ പത്താന്‍ മരിച്ചു.

സുലൈമാനെ കൊലപ്പെടുത്തിയ സംഘത്തിലെ എട്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. അതില്‍ നാലു പേര്‍ ഹിന്ദുത്വ സംഘങ്ങളുമായി ബന്ധമുള്ളവരാണെന്ന് ദി സ്‌ക്രോള്‍ റിപോര്‍ട്ട് ചെയ്തു. പ്രതികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത്. മറ്റു നാലുപേര്‍ ബജ്‌റങ് ദള്‍ അംഗങ്ങളാണ്.

അറസ്റ്റ് ചെയ്ത എട്ടു പേരിലെ ആദിത്യ ദേവ്‌റെ, കൃഷ്ണ തെലി, സോജ്‌വാല്‍ തെലി, റിഷികേഷ് തെലി എന്നിവര്‍ തൊട്ടടുത്ത ഗ്രാമക്കാരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മുരളീധര്‍ കാസര്‍ പറഞ്ഞു. ആര്‍എസ്എസ് മുന്‍ നേതാവായ സംഭാജി മനോഹര്‍ ഭിഡെ എന്ന ഹിന്ദുത്വ നേതാവ് സ്ഥാപിച്ച ശ്രീ ശിവ പ്രതിഷ്ടന്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകരാണ് ഈ നാലുപ്രതികളും.

സുലൈമാനെ തല്ലിക്കൊന്ന ഋഷികേശ് തെലി, സംഭാജി ഭിഡെയോടൊപ്പം.


മോദി സംഭാജി ഭിഡെയോടൊപ്പം

2022 ഡിസംബറില്‍ സംഭാജി മനോഹര്‍ ഭിഡെ ഭീമ കൊറേഗാവ് ഗ്രാമത്തിലെ ദലിതുകളെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രസംഗങ്ങള്‍ നടത്തിയതായി ദലിത് സംഘടനാ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികള്‍ക്ക് തന്റെ സംഘടനയുമായി ബന്ധമുണ്ടോ ഇല്ലേ എന്നൊന്നും പറയാന്‍ തയ്യാറല്ലെന്നാണ് ശിവ് പ്രതിഷ്ഠാന്റെ മുതിര്‍ന്ന നേതാവ് അനന്ത് കര്‍മുസെ പറഞ്ഞത്. എന്നാല്‍, നാലു പ്രതികളും സുലൈമാനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് സംഘടനയുടെ അനുബന്ധ സംഘടനയുടെ നേതാവായ നിതിന്‍ ചൗഗുലെ വെളിപ്പെടുത്തി. സമുദായത്തിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ മാത്രമാണ് പ്രതികള്‍ ശ്രമിച്ചതെന്നാണ് അയാള്‍ അവകാശപ്പെട്ടത്.

സുലൈമാന്റെ ഗ്രാമമായ ബേതാവാദിലെ നാലുപേരും കൊലയാളി സംഘത്തിലുണ്ടായിരുന്നു. ബജ്‌റങ് ദള്‍ പ്രവര്‍ത്തകരായ അവരുമായി സുലൈമാന് സൗഹൃദമുണ്ടായിരുന്നുവെന്ന് സഹോദരി മുസ്‌കാന്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ഗ്രാമത്തില്‍ ഗണേശ ഛതുര്‍ത്ഥി ആഘോഷങ്ങള്‍ സംഘടിപ്പിച്ച ടീമില്‍ ഈ നാലുപേരും സുലൈമാനുമുണ്ടായിരുന്നു. ബേതാവാദില്‍ നിന്നുള്ള നാലുപേരും തന്റെ സംഘടനയിലെ അംഗങ്ങളാണെന്ന് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാന്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് വിവേക് കുല്‍ക്കര്‍ണി തയ്യാറായില്ല. നാലുപേര്‍ക്കും ബജ്‌റങ്ദളില്‍ ഔദ്യോഗിക പദവികളൊന്നും ഇല്ലെന്നു മാത്രമാണ് വിവേക് കുല്‍ക്കര്‍ണി പറഞ്ഞത്.

ആരാണ് കൊല ചെയ്തത്, അവര്‍ ഏതുസംഘടനയില്‍ പെട്ടവരാണ് എന്നീ കാര്യങ്ങളിലൊന്നും ശ്രദ്ധകേന്ദ്രീകരിക്കരുതെന്നും ലവ് ജിഹാദ് വിഷയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നുമാണ് കുല്‍ക്കര്‍ണിയുടെ ആവശ്യം. മുസ്‌ലിം പുരുഷന്‍മാര്‍ ഹിന്ദുസ്ത്രീകളെ പ്രണയം നടിച്ച് വശീകരിച്ച് ഇസ്‌ലാമില്‍ ചേര്‍ക്കുന്നു എന്ന ഹിന്ദുത്വ ഗൂഡാലോചനാ സിദ്ധാന്തമാണ് ലവ് ജിഹാദ്.

സുലൈമാനെ ആക്രമിച്ചതില്‍ സംഘപരിവാര വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ ഒരു പ്രവര്‍ത്തകന് നിര്‍ണായക പങ്കുണ്ടെന്നാണ് സുലൈമാന്റെ പിതാവ് ജലഗണ്‍ പോലിസിന് നല്‍കിയ കത്തില്‍ പറയുന്നത്. എന്നാല്‍, അയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സുലൈമാന്റെ പിതാവിന് മുന്നിലിട്ടാണ് അയാള്‍ സുലൈമാനെ ആക്രമിച്ചത്. എന്നാല്‍, പ്രതികളുടെ രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ച് ഇതുവരെ അന്വേഷിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മുരളീധര്‍ കാസര്‍ പറയുന്നുണ്ട്.

പോലിസ് റിക്രൂട്ട്മെന്റ് ഫോം പൂരിപ്പിക്കാന്‍ ജാംനറിലേക്ക് പോയ ദിവസമാണ് സുലൈമാന്‍ കൊല്ലപ്പെട്ടതെന്ന് അബ്ദുല്ല പത്താന്‍ എന്ന ബന്ധു പറഞ്ഞു. അന്ന് ജാനറിലെ ബ്രാന്‍ഡ് കഫേയില്‍ വച്ചാണ് പെണ്‍കുട്ടിയെ കണ്ടത്. അപ്പോഴാണ് ഹിന്ദുത്വ സംഘം സ്ഥലത്തെത്തിയത്. ഹിന്ദുത്വ സംഘം സുലൈമാനെ കഫേയില്‍ നിന്നും കൊണ്ടുപോവുന്ന വീഡിയോ പോലിസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ശിവ് പ്രതിഷ്ഠാന്‍ അംഗമായ ആദിത്യ ദേവ്‌റെയും ശിവാജി അശോക് മാലി എന്നൊരാളും സുലൈമാനെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയെന്നാണ് പോലിസിന്റെ റിമാന്‍ഡ് റിപോര്‍ട്ട് പറയുന്നത്. അതിന് ശേഷമാണ് വാനിലേക്ക് ബലമായി കയറ്റിയത്. ശിവ് പ്രതിഷ്ഠാന്‍ അംഗമായ കൃഷ്ണ തെലിയുടേതാണ് വാഹനം. സുലൈമാന്റെ ഫോണ്‍ മറ്റൊരു പ്രതിയായ സോജ്‌വാല്‍ തെലിയുടെ കൈയ്യില്‍ നിന്നാണ് പോലിസിന് ലഭിച്ചത്.

ആദിത്യ ദേവ്‌റെ

ജാംനറിലെ സോന്‍ബാര്‍ഡി ക്ഷേത്രത്തിന് സമീപമുള്ള ഒരു സ്ഥലത്തേക്ക് കൊണ്ടുപോയാണ് സുലൈമാനെ അക്രമികള്‍ മര്‍ദ്ദിച്ചത്. അതിന് ശേഷം പെണ്‍കുട്ടിയുടെ ഗ്രാമമായ ബഡാ ബേതാവാദിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചു. സുലൈമാനെ കൊണ്ടുപോയ സംഘത്തില്‍ ആദിത്യ ദേവ്‌റെയും ഉണ്ടായിരുന്നതായി പോലിസ് രേഖകള്‍ കാണിക്കുന്നുണ്ട്. അതിന് ശേഷമാണ് സുലൈമാന്റെ സ്വന്തം ഗ്രാമമായ ഛോട്ടാ ബേതാവാതിലേക്ക് കൊണ്ടുപോയത്. അവിടെ ബസ്റ്റാന്‍ഡിലിട്ട് മര്‍ദ്ദിച്ചു. രക്ഷിക്കാന്‍ ശ്രമിച്ചവരെ അക്രമികള്‍ ഭീഷണിപ്പെടുത്തി.

സുലൈമാനെ ബൈക്കില്‍ അടുത്തുള്ള ആശുപത്രിയിലേക്കും തുടര്‍ന്ന് സിവില്‍ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും വഴിയില്‍ വച്ച് മരിച്ചുവെന്നാണ് ബന്ധുവായ ഷാരൂഖ് പത്താന്‍ പറയുന്നത്. ഖാന്റെ സിം കാര്‍ഡ്, ആക്രമിക്കാന്‍ ഉപയോഗിച്ച വടി, ഇരുമ്പ് വടി എന്നിവ ഉപേക്ഷിച്ച സ്ഥലം സോജ്‌വാല്‍ തെലി പോലിസിനെ അറിയിച്ചു. സുലൈമാന്‍ ധരിച്ചിരുന്ന ഇളം നീല നിറത്തിലുള്ള ടീ-ഷര്‍ട്ടിന്റെയും ജീന്‍സിന്റെയും കഷ്ണങ്ങളും സോജ് വാല്‍ തെലിയാണ് ചൂണ്ടിക്കാട്ടിയത്. കുറ്റകൃത്യം നടക്കുന്നതിന് മുമ്പ് എട്ട് പ്രതികളും മൊബൈല്‍ ഫോണിലൂടെ പരസ്പരം ബന്ധപ്പെട്ടിരുന്നുവെന്ന് പോലിസ് പറഞ്ഞു

ജാംനറിലെ ശിവ് പ്രതിഷ്ഠാന്‍ മീറ്റിംഗുകളെക്കുറിച്ചുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ സോജ് വാലിന് യൂട്യൂബ് ചാനലും ഫേസ്ബുക്ക് അക്കൗണ്ടുമുണ്ട്. ബേതാവാദില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയുള്ള വാക്കി ഗ്രാമവാസിയാണ് ഇയാള്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്ന ഹെവി ഉപകരണങ്ങള്‍ വാടകയ്ക്ക് കൊടുക്കലാണ് ജോലി. ശിവ് പ്രതിഷ്ഠാന്‍ സ്ഥാപകന്‍ സംഭാജി ഭിഡെയ്ക്കൊപ്പമുള്ള നിരവധി ഫോട്ടോകള്‍ അയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുണ്ട്.

കുറി തൊട്ട സോജ്വാള്‍ തെലി, സംഭാജി ഭിഡെയ്ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ 2023 ജൂണില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റൊരു പ്രതിയായ വാക്കി ഗ്രാമത്തിലെ ഋഷികേശ് തെലി, ജാംനറിലെ പ്രതിഷ്ഠാന്‍ അംഗങ്ങളുടെ മീറ്റിംഗുകളുടെ റീലുകളും വീഡിയോകളും പതിവായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നു. പരിപാടികളില്‍ കൗമാരക്കാരായ ആണ്‍കുട്ടികള്‍ പങ്കെടുക്കുന്നത് കാണാം. വാക്കിയിലെ താമസക്കാരനായ കൃഷ്ണ തെലിയും ഈ മീറ്റിംഗുകളില്‍ പതിവായി പങ്കെടുക്കാറുണ്ട്.

സുലെമാനെ കൊല്ലാന്‍ പ്രതികള്‍ തീരുമാനിച്ചിരുന്നതായി ജല്‍ഗാവിലെ മുന്‍ കൗണ്‍സിലറായ ജാവേദ് മുല്ല പറയുന്നു. മറ്റു ഗ്രാമങ്ങളില്‍ നിന്നുള്ള പ്രതികള്‍ അതിവേഗം ജാംനറില്‍ എത്തി സുലൈമാനെ ആക്രമിച്ചത് അതിന് തെളിവാണെന്ന് ജാവേദ് മുല്ല ചൂണ്ടിക്കാട്ടുന്നു.

അക്രമിസംഘത്തില്‍ സുലൈമാന്റെ ഗ്രാമത്തിലുള്ള നാലു പേരുമുണ്ടായിരുന്നു. അഭിഷേക് രാജ്കുമാര്‍ രജ്പുത്, സൂരജ് ബിഹാരി ലാല്‍ ശര്‍മ്മ, ദീപക് ബാജിറാവു ഗിസാദി, രഞ്ജിത് രാമകൃഷ്ണ മതാഡെ എന്നിവരാണ് അത്. സുലൈമാന്റെ കുടുംബം തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് ആഗസ്റ്റ് 12 ന് നാലുപേരെയും അറസ്റ്റ് ചെയ്തു. സുലൈമാന്‍ അവരുമായി നല്ല ബന്ധത്തിലായിരുന്നുവെന്ന് സഹോദരി മുസ്‌കാന്‍ പറഞ്ഞു.

അഭിഷേക് രാജ്കുമാര്‍ രജ്പുതും സൂരജ് ബിഹാരി ലാല്‍ ശര്‍മ്മയും കര്‍ഷകരാണ്. ജാംനറിനും ബോദ്വാഡിനും ഇടയില്‍ അഞ്ച് സീറ്റുള്ള വാഹനം ഓടിക്കുന്നയാളാണ് രഞ്ജിത് രാമകൃഷ്ണ മതാഡെ. ഡ്രൈവറായി ജോലി ചെയ്യാനാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ദീപക് ബാജിറാവു ഗിസാദി ബേതാവാദിലെത്തിയത്. ഇവരില്‍ ചിലര്‍ തങ്ങളെ പശു സംരക്ഷകരെന്നാണ് വിളിക്കുന്നതെന്ന് അബ്ദുല്ല പത്താന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബജ്റങ് ദളും ശിവ് പ്രതിഷ്ഠാനും ജല്‍ഗാവില്‍ ഹിന്ദു സകാല്‍ സമാജ് റാലികളും ഹിന്ദുത്വ റാലികളും സംഘടിപ്പിക്കുന്നുണ്ടെന്ന് ജാംനറിലെ താമസക്കാര്‍ പറഞ്ഞു.

മുസ്‌ലിം സമുദായത്തെ സാമ്പത്തികമായും സാമൂഹികമായും ഒറ്റപ്പെടുത്താന്‍ പ്രേരിപ്പിക്കുകയും മുസ്‌ലിം പുരുഷന്മാരും ഹിന്ദു സ്ത്രീകളും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ച് ആശങ്കയുണ്ടാക്കലുമാണ് അവരുടെ പ്രവര്‍ത്തനങ്ങളുടെ ആകെത്തുക.

സുലൈമാന്റെ കൊലപാതകത്തില്‍ നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ട് നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ ആഗസ്റ്റ് 15ന് ജല്‍ഗാവിന്റെ ചുമതലയുള്ള മന്ത്രി ഗുലാബ്രാവു പാട്ടീലിനെ കണ്ടു. ശിവ് പ്രതിഷ്ഠാന്‍ സംഘടനയെ നിരോധിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. സമീപ വര്‍ഷങ്ങളില്‍ 'നിരവധി ഹിന്ദു ആണ്‍കുട്ടികള്‍ സംഭാജി ഭിഡെയില്‍ ആകൃഷ്ടരായി അദ്ദേഹത്തോടൊപ്പം ചേരുന്നുണ്ടെന്ന് മറ്റൊരു ആക്ടിവിസ്റ്റായ ഫാറൂഖ് ഷെയ്ഖ് മന്ത്രിയെ അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജല്‍ഗാവിന്റെ സാമൂഹിക ഘടനയെ ബാധിക്കുന്നുവെന്നും ഫാറൂഖ് ഷെയ്ഖ് പറഞ്ഞു.

കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കലാപം, ക്രിമിനല്‍ ഭീഷണി, സമാധാന ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി എട്ട് പ്രതികളെയാണ് പോലിസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിലെ മറ്റുപ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ലെന്നും അന്വേഷണം വഴിതെറ്റിക്കുകയാണെന്നും സുലൈമാന്റെ കുടുംബം പറയുന്നു. കൂടാതെ സുലൈമാനെ മോശക്കാരനായി ചിത്രീകരിക്കാനും ശ്രമം നടന്നു.

സുലൈമാന്‍

ഹിന്ദു സ്ത്രീകളെ കുടുക്കുന്നയാളാണ് സുലൈമാനെന്നാണ് വിഎച്ച്പി നേതാവ് വിവേക് കുല്‍ക്കര്‍ണി പ്രചരിപ്പിച്ചത്. സുലൈമാന്റെ ഫോണില്‍ ഹിന്ദുസ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ ഉണ്ടായിരുന്നെന്നും അയാള്‍ അവകാശപ്പെട്ടു. സുലൈമാന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് ശിവപ്രതിസ്ഥാന്റെ മുന്‍ മുതിര്‍ന്ന നേതാവായ ചൗഗുലെ പ്രചരിപ്പിച്ചത്. സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ രഹസ്യമായി മൊബൈലില്‍ ഷൂട്ട് ചെയ്യുന്ന സുലൈമാന്‍ അവ കാട്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യാറുണ്ടായിരുന്നുവെന്നും അയാള്‍ പ്രചരിപ്പിക്കുന്നു. ഇതിനെ കുറിച്ച് അറിഞ്ഞ ശിവപ്രതിഷ്ഠാന അംഗങ്ങള്‍ ഇടപെടാന്‍ തീരുമാനിച്ചിരുന്നതായും അയാള്‍ വെളിപ്പെടുത്തി. പക്ഷേ, സുലൈമാന്‍ ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന ഒരാളുടേയും വിവരങ്ങള്‍ അയാള്‍ പങ്കുവച്ചില്ല.

കൊലപാതകത്തില്‍ പങ്കുള്ള എബിവിപി നേതാവിനെതിരെ നടപടിയെടുക്കരുതെന്ന് പോലിസിന് സമ്മര്‍ദ്ദമുണ്ടെന്ന് സുലൈമാന്റെ കുടുംബം പറയുന്നു. എന്നാല്‍, അയാള്‍ക്കെതിരേ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ മുരളീധര്‍ കാസര്‍ പറയുന്നത്. കൊലയാളികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം കഫേകള്‍ പൊളിച്ചുമാറ്റുന്നതിനാണ് പോലിസ് താല്‍പര്യമെടുക്കുന്നതെന്ന് സുലൈമാന്റെ പിതാവ് പറഞ്ഞു. സുലൈമാനെ കൊന്നതിന് ശേഷം ജാംനറിലെ അര ഡസന്‍ കഫേകളാണ് പോലിസ് പൊളിച്ചത്.