അംഗീകാരത്തിന്റെ വിഷപാത്രം: ഫലസ്തീന് ഇരുതല മൂര്‍ച്ചയുള്ള വാള്‍

Update: 2025-09-26 06:55 GMT

ലസ്തീന്‍ രാഷ്ട്ര അംഗീകാരത്തെ കുറിച്ച് മുന്‍കാലങ്ങളില്‍ എനിക്ക് സംശയങ്ങളുണ്ടായിരുന്നു. ഗസ മുനമ്പിന്റെയും വെസ്റ്റ്ബാങ്കിന്റെയും ചിലഭാഗങ്ങളെ മാത്രം ചേര്‍ത്തുള്ള ഒരു ഫലസ്തീന്‍ രാഷ്ട്രത്തെ കുറിച്ച് നടക്കുന്ന ചര്‍ച്ചകളാണ് സംശയങ്ങളുണ്ടാവാന്‍ കാരണമായത്. ശരിയായ പരമാധികാരമില്ലാത്ത ഫലസ്തീന്‍ അതോറിറ്റി പോലുള്ള സ്ഥാപനത്തിന്റെ സ്വയംഭരണത്തെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നതായി തോന്നി. അതായത്: ഒരു ബണ്ടുസ്ഥാന്‍ ഫലസ്തീന്‍. അത്തരം അംഗീകാരങ്ങള്‍ ഫലസ്തീനിലെ സംഘര്‍ഷം വിജയകരമായി പരിഹരിച്ചു എന്ന തെറ്റായ ധാരണ സൃഷ്ടിക്കാം.

ഇന്ന് ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരത്തെ കുറിച്ച് സംസാരിക്കുന്ന പല സര്‍ക്കാരുകളും വിദേശകാര്യ ഓഫിസുകളും അത്തരമൊരു ഫലസ്തീനെ കുറിച്ചാണ് പരാമര്‍ശിക്കുന്നത്. അപ്പോള്‍ നാം ഈ നീക്കത്തെ കൂടുതല്‍ പിന്തുണക്കണമോ ?. ഗസയില്‍ വംശഹത്യ നടക്കുന്ന ഈ പ്രത്യേക ചരിത്ര സന്ദര്‍ഭത്തില്‍ നാം വിഷയത്തെ സൂക്ഷ്മമായ രീതിയില്‍ സമീപിക്കണമെന്നാണ് ഞാന്‍ നിര്‍ദേശിക്കുന്നത്. ഫലസ്തീന്‍ രാഷ്ട്ര പ്രഖ്യാപനത്തില്‍ നിന്നും ഗസയിലെ ആര്‍ക്കും പ്രതീക്ഷയോ പ്രചോദനമോ സംതൃപ്തിയോ ലഭിച്ചില്ല എന്നത് അതിശയകരമല്ല. റാമല്ലയിലെയും ഐക്യദാര്‍ഢ്യ പ്രസ്ഥാനങ്ങളിലെയും ചിലരാണ് ഇതിനെ വലിയ നേട്ടമായി ആഘോഷിച്ചത്.

ഫലസ്തീനെ അംഗീകരിച്ച സര്‍ക്കാരുകള്‍ അതിനെ കാലഹരണപ്പെട്ട ദ്വിരാഷ്ട്ര പരിഹാരവുമായി നേരിട്ട് ബന്ധപ്പെടുത്തുന്നു. അനീതിയെ അടിസ്ഥാനമാക്കിയതും അപ്രായോഗികവും അധാര്‍മികവുമായ ഒരു പരിഹാരമാണ് ദ്വിരാഷ്ട്ര ഫോര്‍മുല.

എന്നിരുന്നാലും, ഫലസ്തീനിന്റെ നിലവിലെ ആഗോള അംഗീകാരം കൂടുതല്‍ പോസിറ്റീവായ ചലനാത്മകതകള്‍ക്ക് കാരണമാകും. ഇതിനെ ഒരു 'ചരിത്ര നിമിഷം' അല്ലെങ്കില്‍ 'ഗെയിം ചേഞ്ചര്‍' ആയി നാം കണക്കാക്കരുത്. പക്ഷേ, വ്യത്യസ്തമായ ഒരു ഭാവിയിലേക്ക് ഫലസ്തീനികളെ എത്തിക്കാന്‍ നമ്മെ സഹായിക്കാനുള്ള കഴിവ് ഇതിനുണ്ട്.

ഒരു ജനത, ഒരു രാഷ്ട്രം, ഒരു രാജ്യം, ഒരു ചരിത്രം എന്നീ നിലകളില്‍ ഫലസ്തീനിനെ ഇല്ലാതാക്കുക എന്ന ഇസ്രായേല്‍ തന്ത്രത്തിനെതിരായ ഒരു പ്രതിപ്രവര്‍ത്തനമെന്ന നിലയില്‍ ഇതിന് പ്രതീകാത്മക പ്രാധാന്യമുണ്ട്. നിലവിലുള്ള ഒരു അസ്തിത്വമെന്ന നിലയില്‍ ഫലസ്തീനിനെക്കുറിച്ചുള്ള ഏത് തരത്തിലുള്ള പരാമര്‍ശവും, അത് പ്രതീകാത്മകമാണെങ്കില്‍ പോലും, ഒരു അനുഗ്രഹമാണ്. ആഗോള, പ്രാദേശിക സംഭാഷണങ്ങളില്‍നിന്ന് ഫലസ്തീനിനെ അപ്രത്യക്ഷമാക്കുന്നത് ഇത് തടയുന്നു.

രണ്ടാമതായി, വംശഹത്യയ്ക്കെതിരെയുള്ള ആഗോള പ്രതികരണത്തിന്റെ ഭാഗമാണിത്. ഐക്യരാഷ്ട്രസഭയില്‍ നാം കണ്ട മല്‍സരത്തേക്കാള്‍ പ്രധാനമാണ് ഇസ്രായേലിനെതിരായ ഉപരോധങ്ങള്‍. ഇസ്രായേലിനെതിരേ പാശ്ചാത്യര്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നുവെങ്കില്‍ അത് വംശഹത്യ തടയാന്‍ രാഷ്ട്ര അംഗീകാരത്തേക്കാള്‍ ഫലപ്രദമാവുമായിരുന്നു. എന്നിരുന്നാലും, ഫലസ്തീനിന്റെ ഭാവിയെക്കുറിച്ച് ഇസ്രായേലിനെ മാത്രമല്ല, യുഎസിനെയും നേരിടാന്‍ പാശ്ചാത്യ സര്‍ക്കാരുകള്‍ക്കിടയിലുള്ള ഒരു പ്രത്യേക സന്നദ്ധത ഇത് സൂചിപ്പിക്കുന്നു.

ആ അംഗീകാരം തന്നെ - ഒരുപക്ഷേ, അബദ്ധവശാല്‍ - രണ്ട് പ്രധാന പരിണതഫലങ്ങള്‍ സൃഷ്ടിച്ചു. ഒന്നാമതായി, അധിനിവേശ പ്രദേശങ്ങള്‍ ഇപ്പോള്‍ അധിനിവേശ ഫലസ്തീന്‍ രാഷ്ട്രമാണ്. യുക്രെയ്‌നിലെ രണ്ട് പ്രവിശ്യകളിലെ റഷ്യയുടെ ഭാഗിക അധിനിവേശവുമായി ഇതിനെ താരതമ്യം ചെയ്യാന്‍ പോലും കഴിയില്ല. ഫലസ്തീനിലേത് ഒരു രാജ്യത്തെ സമ്പൂര്‍ണ അധിനിവേശമാണ്. അന്താരാഷ്ട്ര നിയമപരമായ വീക്ഷണകോണില്‍ അതിനെ അവഗണിക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും.

രണ്ടാമതായി, ഇസ്രായേലിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് വളരെ വ്യക്തമാണ്: ആദ്യം വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങളിലും പിന്നീട് മേഖല മുഴുവനായും ഒരുപക്ഷേ, പിന്നീട് ഗസ മുനമ്പിലും സയണിസ്റ്റ് ആധിപത്യം ഔദ്യോഗികമായി അടിച്ചേല്‍പ്പിക്കുക എന്നതായിരിക്കും അത്.

നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും വളരെ കുറച്ച് മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂവെങ്കിലും, ആ ഫലസ്തീന്‍ ഇസ്രായേല്‍ പൂര്‍ണമായും കൈവശപ്പെടുത്തിയാല്‍, ഫലസ്തീനിനെ അംഗീകരിച്ചതിലൂടെ തങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്തുവെന്ന് അവകാശപ്പെടാന്‍ അവര്‍ക്ക് കഴിയില്ല. അത് അവരുടെ ധാര്‍മിക ഭീരുത്വം തുറന്നുകാട്ടുകയും അന്താരാഷ്ട്ര നിയമത്തിന്റെ ശവപ്പെട്ടിയില്‍ അവസാന ആണി അടിക്കുകയും ചെയ്യും.

വംശഹത്യ തടയുക എന്ന ദൗത്യത്തില്‍നിന്ന് ഒരു നിമിഷം പോലും ശ്രദ്ധ തിരിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് ഞങ്ങള്‍ ആക്ടിവിസ്റ്റുകള്‍ക്ക് നന്നായി അറിയാം. ഫലസ്തീന്‍ രാഷ്ട്ര അംഗീകാരം വംശഹത്യ തടയാന്‍ പോവുന്നില്ല. അതിനാല്‍ ഗസയെ രക്ഷിക്കാന്‍ ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെയോ ചെയ്യാന്‍ പദ്ധതിയിടുന്ന കാര്യങ്ങളെയോ 2025 സെപ്റ്റംബര്‍ 22ന് ഐക്യരാഷ്ട്രസഭയില്‍ നടന്ന പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും ബാധിക്കുന്നില്ല. ഈ ഒക്ടോബറില്‍ ലണ്ടനില്‍ നടക്കുന്ന ഞങ്ങളുടെ പ്രകടനം അത്രയും പ്രധാനമാണ്, അല്ലെങ്കില്‍ അതിലും വലുതാണ്. പത്തുലക്ഷം പേര്‍ അതില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗസയിലെ ഇസ്രായേലി ഉപരോധം തകര്‍ക്കാനുള്ള സുമുദ് ഫ്‌ലോട്ടില്ലയെ പിന്തുണച്ചുള്ള ഇറ്റാലിയന്‍ പൊതുപണിമുടക്കും അതേപോലെ പ്രധാനമാണ്, അല്ലെങ്കില്‍ അതിലും വലുതാണ്.

എന്നാല്‍, ഫ്രാന്‍സും സഖ്യകക്ഷികളും 'ഗസയുടെ ഭാവി' എന്ന് പറയുമ്പോള്‍ നാം ജാഗ്രത പാലിക്കുകയും വളരെയധികം സംശയാസ്പദമായിരിക്കുകയും ചെയ്യണമെന്ന് ഇത് ഓര്‍മിപ്പിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓസ്ലോ ഉടമ്പടി ഒപ്പുവച്ചതിനൊപ്പം നടന്ന സംഭവങ്ങള്‍ ഓര്‍ക്കണം. അതായത്, ഒരു തരത്തിലുള്ള കൊളോണിയലിസത്തെ മാറ്റി മറ്റൊരു തരം കൊളോണിയലിസത്തെ മാറ്റിസ്ഥാപിക്കുമെന്ന്. പാശ്ചാത്യര്‍ക്ക് കൂടുതല്‍ താല്‍പര്യം അതിലായിരിക്കാം.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസംഗത്തില്‍ അതെല്ലാം വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ആദ്യ ഭാഗം ഇസ്രായേലിനോടുള്ള ഫ്രാന്‍സിന്റെ പ്രതിബദ്ധതയും ഹമാസിനോടുള്ള വെറുപ്പും ആവര്‍ത്തിച്ചു. ഫലസ്തീനികളെ ഫലസ്തീന്‍ അതോറിറ്റി മാത്രമേ പ്രതിനിധീകരിക്കുകയുള്ളൂവെന്നും ഫലസ്തീനെ നിരായുധീകരിക്കുമെന്നുമാണ് രണ്ടാം ഭാഗത്തില്‍ പറഞ്ഞത്. ഗസയിലെ വംശഹത്യയെക്കുറിച്ചോ ഇസ്രായേലിനെതിരായ ഉപരോധങ്ങളെക്കുറിച്ചോ അദ്ദേഹം പരാമര്‍ശിച്ചില്ല. അതില്‍ അതിശയിക്കാനുമില്ല.

ധാര്‍മികതയുടെ പിന്‍ബലമില്ലാത്ത സ്വാര്‍ത്ഥ രാഷ്ട്രീയക്കാരനാണ് മാക്രോണ്‍. ഫലസ്തീനെ കുറിച്ചുള്ള സര്‍ക്കാര്‍ നയത്തില്‍ ഫ്രാന്‍സിലെ 70 ശതമാനം ജനങ്ങളും അസന്തുഷ്ടരാണെന്ന് അദ്ദേഹത്തിന് അറിയാം. എന്നാലും ഒരു ബണ്ടുസ്ഥാന്‍ ഫലസ്തീന്‍ ആണ് ഫ്രാന്‍സിലെ ജനങ്ങളും ഫലസ്തീനികളും മറ്റുരാജ്യങ്ങളിലുള്ളവരും ആഗ്രഹിക്കുന്നത് എന്ന് അവകാശപ്പെടുന്നത് അടിസ്ഥാന യാഥാര്‍ഥ്യത്തോട് നിരവധി യൂറോപ്യന്‍ രാഷ്ട്രീയ നേതാക്കള്‍ പുലര്‍ത്തുന്ന അകല്‍ച്ച മാക്രോണുണ്ടെന്ന് ആവര്‍ത്തിച്ചു കാണിക്കുന്നു.

അതിനാല്‍ തന്നെ ഫലസ്തീന്‍ രാഷ്ട്ര അംഗീകാരത്തിന്റെ പ്രാധാന്യം അവിടെയല്ല കിടക്കുന്നത്. അത് ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ജോര്‍ദാന്‍ നദി മുതല്‍ മെഡിറ്ററേനിയന്‍ കടല്‍ വരെയുള്ള രാഷ്ട്രമാണ് ഫലസ്തീനെന്നും ചരിത്രപരമായി അവിടെ ജീവിക്കുന്നവരായിരുന്നു ഫലസ്തീനികളെന്നും അവിടെ നിന്ന് അവരെ പുറത്താക്കിയെന്നുമുള്ള കാര്യം ആക്ടിവിസത്തിലൂടെയും പാണ്ഡിത്യപരമായ പ്രവര്‍ത്തനങ്ങളിലൂടെയും വാദിക്കുകയും ഉറപ്പിക്കുകയുമാണ് ഐക്യദാര്‍ഢ്യ പ്രസ്ഥാനത്തിന്റെ ഭാഗമായ നാം ചെയ്യേണ്ടത് എന്നാണ്‌ എനിക്ക് പറയാനുള്ളത്. ഫലസ്തീന്റെ ഭാവി തീരുമാനിക്കേണ്ടത് ഫലസ്തീനികളാണ്.

ചരിത്രപരമായ ഫലസ്തീന് മുകളില്‍ സയണിസം പ്രത്യയശാസ്ത്രപരമായ ആധിപത്യം പുലര്‍ത്തുന്നിടത്തോളം ഫലസ്തീനികള്‍ക്ക് സ്വയംനിര്‍ണയ അവകാശമോ സ്വാതന്ത്ര്യമോ വിമോചനമോ ഉണ്ടാവില്ലെന്ന് കാര്യം നാം പ്രധാനമായി ചൂണ്ടിക്കാട്ടണം.