മാലേഗാവ് സ്‌ഫോടനം:മറനീക്കുന്നത് ഹിന്ദുത്വ തീവ്രവാദ ശൃംഖലകളുടെ പ്രവര്‍ത്തന രീതി

Update: 2025-08-07 10:30 GMT

ക്രിസ്‌റ്റോഫ് ജാഫ്രലോട്ട്

2008 സെപ്റ്റംബറില്‍ മഹാരാഷ്ട്രയിലെ മലേഗാവ് നഗരത്തിലെ ഒരു പള്ളിക്കു മുന്നില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണ കേസിന്റെ വിധി പ്രസ്താവിച്ചത് കഴിഞ്ഞ ആഴ്ചയാണ്.

ഈ സ്‌ഫോടനം ഗൂഢാലോചനയുടെ ഭാഗമാണെന്ന് തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്നാണ് ജഡ്ജിമാര്‍ വ്യക്തമാക്കിയത്. 2011ല്‍ സ്വാമി അസിമാനന്ദ നടത്തിയ കുറ്റസമ്മതത്തിനും 2008 നവംബറിലെ മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ ഹേമന്ത് കര്‍ക്കരെ തയ്യാറാക്കിയ റിപോര്‍ട്ടിനും വിരുദ്ധമാണ് ഈ വ്യാഖ്യാനം.

 രണ്ടുകാരണങ്ങളാല്‍ കോടതി വിധി പ്രത്യേകിച്ചും രസകരമാണ്. ഒന്നാമതായി, മാലേഗാവ് ഗൂഢാലോചനയിലെ അഭിനവ് ഭാരതിന്റെ ഭാഗമായവരെക്കുറിച്ചുള്ള വസ്തുതാപരമായ വിവരങ്ങള്‍ ഇത് നല്‍കുന്നു. രണ്ടാമതായി, 2007-2008 കാലഘട്ടത്തില്‍ അവര്‍ നടത്തിയ മീറ്റിങുകളുടെയും പങ്കെടുത്തവരില്‍ ഒരാള്‍ രേഖപ്പെടുത്തിയ കൈയെഴുത്തു പ്രതികളുടെയും രേഖകള്‍ റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍, ഹിന്ദുത്വ ദേശീയവാദികള്‍ പരസ്പരം കാമറയ്ക്ക് മുന്നില്‍ സംസാരിക്കുമ്പോള്‍ അവര്‍ എങ്ങനെ സംസാരിക്കുന്നു എന്നതിന്റെ ഏറ്റവും പ്രസക്തമായ ഭാഗങ്ങള്‍ ഇത് നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നു. ഏറ്റവും പ്രസക്തമായ ഭാഗങ്ങള്‍ ലേഖനത്തിന്റെ അവസാനത്തിലുണ്ട്.

അഭിനവ് ഭാരതും മലേഗാവ് ഗൂഡാലോചനയും

1905ല്‍ പൂനെയില്‍ വി ഡി സവര്‍ക്കര്‍ ആരംഭിച്ച പ്രസ്ഥാനത്തിന്റെ പേരില്‍നിന്നാണ് അഭിനവ് ഭാരത് എന്ന പേര് ലഭിച്ചത്.1948ല്‍ മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെയുടെ മകളും സവര്‍ക്കറുടെ അനന്തരവന്റെ ഭാര്യയുമായ 61 വയസ്സുള്ള ഹിമാനി സവര്‍ക്കര്‍, അഭിനവ് ഭാരത് ആരംഭിച്ചത് സമീര്‍ കുല്‍ക്കര്‍ണിയാണെന്ന് അവകാശപ്പെട്ടു. കുല്‍ക്കര്‍ണി, ഹിമാനി സവര്‍ക്കറോട് സംഘടനയുടെ ചെയര്‍മാനാകാന്‍ ആവശ്യപ്പെട്ടു. ആ സമയത്ത്, 1937 മുതല്‍ 1942 വരെ വി ഡി സവര്‍ക്കര്‍ നയിച്ചിരുന്ന ഹിന്ദു മഹാസഭയുടെ പ്രസിഡന്റായിരുന്നു ഹിമാനി സവര്‍ക്കര്‍.

2008 ഏപ്രിലില്‍ ഭോപാലില്‍ നടന്ന ഒരു യോഗത്തിനിടെ അഭിനവ് ഭാരതിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതായി അവര്‍ പോലിസിനോട് പറഞ്ഞു. ഈ യോഗത്തില്‍ സ്വാമി അമൃതാനന്ദ ദേവ് തീര്‍ത്ഥ (സുധാകര്‍ ദ്വിവേദി, സുധാകര്‍ ധര്‍, ദയാനന്ദ് പാണ്ഡെ എന്നീ പേരുകളിലും അറിയപ്പെടുന്ന വ്യക്തി, 'ജമ്മു കശ്മീര്‍ ശങ്കരാചാര്യ' എന്ന് അവര്‍ വിളിക്കുന്നയാള്‍), സാധ്വി പ്രജ്ഞാ സിങ് താക്കൂര്‍, മേജര്‍ രമേശ് ഉപാധ്യായ, സുധാകര്‍ ചതുര്‍വേദി, ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് എന്നിവര്‍ പങ്കെടുത്തു. അവരെ രണ്ടുവര്‍ഷമായി തനിക്ക് അറിയാമെന്ന് അവര്‍ പറഞ്ഞു. അവരുടെ കുടുംബങ്ങള്‍ വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്നു.


ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത്

മലേഗാവ് കേസിലെ മറ്റുപ്രതികളുടെ കുറ്റസമ്മത മൊഴികള്‍ പ്രകാരം, 2006 ജൂണില്‍ പുരോഹിത് തന്നെയാണ് അഭിനവ് ഭാരത് ആരംഭിച്ചത്. 2007 ജൂണില്‍ നാസിക് ജില്ലയിലെ ദിയോലാലി ക്യാമ്പില്‍ അമൃതാനന്ദ ദേവ് തീര്‍ത്ഥ തന്റെ ശിഷ്യന്മാരെ കണ്ടുമുട്ടിയപ്പോള്‍ ഒരു പ്രധാന യോഗം നടന്നു. ബോംബാക്രമണങ്ങള്‍ നടത്തി മുസ്‌ലിംകള്‍ക്കെതിരേ പോരാടണമെന്ന് പുരോഹിത് ശക്തമായി വാദിച്ചുവെന്ന് കേസില്‍ പോലിസ് ചോദ്യം ചെയ്ത ഒരാള്‍ വെളിപ്പെടുത്തി.

മറ്റുള്ളവര്‍ ഇതിനെ എതിര്‍ത്തു. 2007 സെപ്റ്റംബറില്‍ ദിയോലാലിയില്‍ മുംബൈയിലെ പ്രവര്‍ത്തകരും പുരോഹിതുമായും വീണ്ടും ഒരു കൂടിക്കാഴ്ച നടന്നു. ഇത്തവണ, കിഴക്കന്‍ ഡല്‍ഹിയില്‍നിന്നുള്ള ബിജെപി മുന്‍ എംപി ബിഎല്‍ ശര്‍മ എന്ന പുതിയൊരാള്‍ ഉണ്ടായിരുന്നു. അദ്ദേഹം കശ്മീരിലെ പണ്ഡിറ്റുകള്‍ക്കിടയില്‍ പ്രശസ്തനായിരുന്നു. അവര്‍ അമൃതാനന്ദ ദേവ് തീര്‍ത്ഥയെ കണ്ടുമുട്ടി.

2008ല്‍ നടന്ന നാലുകൂടിക്കാഴ്ചകളിലാണ് മലേഗാവ് സ്‌ഫോടന ഗൂഢാലോചന രൂപപ്പെട്ടതെന്നും കൃത്യമായ തീരുമാനമെടുത്തതെന്നും പോലിസ് പറയുന്നു. 2008 ജനുവരി 25, 27 തിയ്യതികളില്‍ പുരോഹിത്, ഉപാധ്യായ, കുല്‍ക്കര്‍ണി, ചതുര്‍വേദി, അമൃതാനന്ദ ദേവ് തീര്‍ത്ഥ എന്നിവര്‍ ഫരീദാബാദിനടുത്ത് സേവ് ഔര്‍ സോള്‍ സംഘടനയുടെ കെട്ടിടത്തില്‍ വച്ച് കണ്ടുമുട്ടി. 2008 ഏപ്രില്‍ 1112 തിയ്യതികളില്‍ ഇതേ ആളുകള്‍ ഭോപാലില്‍ പ്രജ്ഞാ സിങ് താക്കൂറുമായി കൂടിക്കാഴ്ച നടത്തി. മലേഗാവിലെ മുസ്‌ലിംകള്‍ക്കെതിരേ ജനസാന്ദ്രതയുള്ള സ്ഥലത്ത് ബോംബ് സ്‌ഫോടനം നടത്തി പ്രതികാരം ചെയ്യാന്‍ ഒരുമിച്ച് ഗൂഢാലോചന നടത്തി. സ്‌ഫോടകവസ്തുക്കള്‍ നല്‍കുന്നതിന്റെ ഉത്തരവാദിത്തം പുരോഹിത് ഏറ്റെടുത്തു. സ്‌ഫോടനത്തിന് ആളുകളെ നല്‍കുന്നതിന്റെ ഉത്തരവാദിത്തം പ്രജ്ഞാ സിങ് താക്കൂര്‍ ഏറ്റെടുത്തു. ഈ യോഗത്തില്‍ പങ്കെടുത്ത എല്ലാവരും മലേഗാവില്‍ സ്‌ഫോടനം നടത്താന്‍ സമ്മതം രേഖപ്പെടുത്തുകയും ചെയ്തു.

2008 ജൂണ്‍ 11ന്, മലേഗാവില്‍ ബോംബ് സ്ഥാപിക്കാന്‍ തയ്യാറുള്ളവരായി രാമചന്ദ്ര കലാസംഗ്രയെയും സന്ദീപ് ഡാങ്കെയെയും പ്രജ്ഞാ സിങ് താക്കൂര്‍ അമൃതാനന്ദ ദേവ് തീര്‍ത്ഥയ്ക്ക് പരിചയപ്പെടുത്തി. ജൂലൈ ആദ്യം, പൂനെയിലെ കലാസംഗ്രയ്ക്കും ഡാങ്കെയ്ക്കും 'സ്‌ഫോടകവസ്തുക്കള്‍ നല്‍കാന്‍' പുരോഹിതിന് നിര്‍ദേശം നല്‍കാന്‍ അവര്‍ അമൃതാനന്ദ ദേവ് തീര്‍ത്ഥയോട് ആവശ്യപ്പെട്ടു.

2008 ആഗസ്റ്റ് 3ന് ഉജ്ജയിനിയിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തിലെ ധര്‍മശാലയില്‍ നടന്ന ഒരു യോഗത്തില്‍, കലാസംഗ്രയ്ക്കും ഡാങ്കെയ്ക്കും വേണ്ടിയുള്ള ആര്‍ഡിഎക്‌സ് വാങ്ങാനുള്ള ഉത്തരവാദിത്തം പുരോഹിതിന് ലഭിച്ചു. തുടര്‍ന്ന്, 'സ്‌ഫോടനങ്ങള്‍ നടത്തുന്നതിലും സ്‌ഫോടകവസ്തുക്കള്‍ മിശ്രണം ചെയ്യുന്നതിലും പരിശീലനം ലഭിച്ച വിദഗ്ധനായ' രാകേഷ് ധവാഡെയോട്, പൂനെയില്‍ വച്ച് കലാസംഗ്രയ്ക്കും ഡാങ്കെയ്ക്കും സ്‌ഫോടകവസ്തുക്കള്‍ നല്‍കാന്‍ പുരോഹിത് ആവശ്യപ്പെട്ടു. ആഗസ്റ്റ് 9, 10 തിയ്യതികളില്‍ അവര്‍ പൂനെയില്‍ യോഗം ചേര്‍ന്നു.

കാവി വസ്ത്രധാരികള്‍, മുന്‍ സൈനികര്‍, സംഘപരിവാര പ്രവര്‍ത്തകര്‍

മാലേഗാവ് കേസില്‍ ഉള്‍പ്പെട്ട അഭിനവ് ഭാരത് എന്ന സംഘടനയിലെ 11 പ്രതികളും മൂന്ന് വ്യത്യസ്ത ചുറ്റുപാടുകളില്‍നിന്നുള്ളവരാണ്. അവര്‍ മത നേതാക്കളോ മുന്‍ സൈനികരോ സംഘപരിവാര കേഡര്‍മാരോ ആയിരുന്നു.

പാകിസ്താന്‍ അധിനിവേശ കശ്മീരില്‍ (പിഒകെ) സ്ഥിതി ചെയ്യുന്ന ശ്രീ ശാരദ സര്‍വജ്ഞപീഠത്തിലെ ശങ്കരാചാര്യനാണെന്ന് അമൃതാനന്ദ ദേവ് തീര്‍ത്ഥ അവകാശപ്പെടുന്നു. കാണ്‍പൂരിലെ ആദ്യ താമസത്തിനുശേഷം, സുധാകര്‍ ധര്‍ വാരണാസിയിലേക്ക് താമസം മാറി. അവിടെനിന്ന് 2005-06ല്‍ ജമ്മുവിലെത്തി സര്‍വജ്ഞപീഠം സ്ഥാപിച്ചു.

കുറഞ്ഞത് രണ്ട് മുന്‍ സൈനികരെങ്കിലും ഗാഢമായി ഉള്‍പ്പെട്ടിട്ടുള്ള ഇത്തരത്തിലുള്ള ആദ്യത്തെ സംഘടനയാണ് അഭിനവ് ഭാരത്. മുന്‍ പ്രതിരോധ സേവന ഉദ്യോഗസ്ഥനായ മേജര്‍ രമേശ് ഉപാധ്യായയെ ആദ്യം അറസ്റ്റ് ചെയ്തു. മാലേഗാവ് സ്‌ഫോടനം ആസൂത്രണം ചെയ്യുന്നതിനായി നാസിക് ബിഎംഎസ് പരിസരത്ത് പ്രജ്ഞാ സിങുമായും കൂട്ടാളികളുമായും മൂന്ന് കൂടിക്കാഴ്ചകളില്‍ പങ്കെടുത്തതായി അദ്ദേഹം ഉടന്‍ സമ്മതിച്ചു.

എന്നാല്‍ മുകളില്‍ സൂചിപ്പിച്ചതുപോലെ, സംഘത്തിലെ പ്രധാന വ്യക്തി ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് ആയിരുന്നു, നാസിക്കില്‍ ലെയ്‌സണ്‍ ഓഫിസറായി നിയമിതനായ ഉപാധ്യായയെ അദ്ദേഹം

സമീപിച്ചു. പുരോഹിതും ഉപാധ്യായയും യുവ ആക്ടിവിസ്റ്റുകള്‍ക്ക് സൈനിക പരിശീലനം നല്‍കുകയും ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വാങ്ങുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. 2004-05ല്‍ ജമ്മു കശ്മീരില്‍ നിയമിതനായ പുരോഹിത്, മറ്റുള്ളവര്‍ക്ക് ആയുധ ലൈസന്‍സ് ലഭിക്കുന്നതിനായി വ്യാജ രേഖകള്‍ നിര്‍മിച്ചു. 2008 ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ പഞ്ച്മര്‍ഹിയിലേക്ക് (മധ്യപ്രദേശ്) മാറിയ ശേഷം, അദ്ദേഹം പരിശീലന ക്യാംപുകള്‍ സംഘടിപ്പിച്ചു. അതില്‍ ഡസന്‍ കണക്കിന് ആളുകള്‍ പങ്കെടുക്കുകയും അവരെ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുകയും ചെയ്തു.

മലേഗാവ് കേസില്‍ പ്രതികളായവരില്‍ രണ്ട് മുന്‍ സൈനികര്‍ മാത്രമേ ഉള്ളൂവെങ്കിലും, അഭിനവ് ഭാരതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം കൂടുതലാണെന്ന് തോന്നുന്നു. 2008 ജനുവരിയില്‍ ഫരീദാബാദില്‍ നടന്ന യോഗത്തില്‍, ഒരു കേണല്‍ ആദിത്യ ധര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പുരോഹിതിന്റെ കേസ് പ്രത്യേകിച്ചും രസകരമാണ്. കാരണം അദ്ദേഹം ഹിന്ദുത്വ ദേശീയ നേതാക്കളുമായി സ്വതന്ത്രമായി ഇടപഴകിയിരുന്നു. ഉദാഹരണത്തിന്, ഹിമാനി സവര്‍ക്കര്‍ സൂചിപ്പിക്കുന്നത്, അവര്‍ ഇടയ്ക്കിടെയും പരസ്യമായും കണ്ടുമുട്ടിയിരുന്നുവെന്നാണ്. സവര്‍ക്കറിനോടുള്ള തന്റെ ആരാധന അദ്ദേഹം മറച്ചുവച്ചില്ലെന്നും ഹിമാനി പറയുന്നു. കൂടുതല്‍ ആയോധനാത്മകമായ ഒരു ഹിന്ദുമത ബ്രാന്‍ഡിനോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും അദ്ദേഹം മറച്ചുവച്ചില്ല എന്നും ഹിമാനി സാക്ഷ്യപ്പെടുത്തുന്നു: 'ഞാന്‍ കേണല്‍ ചിതാലെ സ്ഥാപിച്ച മഹാരാഷ്ട്ര മിലിട്ടറി ഫൗണ്ടേഷന്‍ ട്രസ്റ്റിലെ അംഗമാണ്. പ്രസാദ് പുരോഹിത് എപ്പോഴും അവരുടെ അടുത്തേക്ക് പോകാറുള്ളതിനാല്‍ അദ്ദേഹം എന്നെയും സന്ദര്‍ശിക്കാന്‍ വന്നു. മാത്രമല്ല, അദ്ദേഹം സവര്‍ക്കറെ ആരാധിക്കുകയും സവര്‍ക്കറുടെ പുസ്തകങ്ങള്‍ എപ്പോഴും കടം വാങ്ങി തിരികെ നല്‍കുകയും ചെയ്തിരുന്നു.'

മൂന്നാമത്തെ വിഭാഗം പങ്കാളികളില്‍ സംഘപരിവാര അംഗങ്ങളാണ് ഉള്‍പ്പെടുന്നത്. അതില്‍ പ്രജ്ഞാ സിങ് താക്കൂര്‍ എന്ന 'സാധ്വി'യും ഉള്‍പ്പെടുന്നു. 1997 വരെ ഉജ്ജയ്‌നിലും ഇന്‍ഡോറിലും അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് (എബിവിപി) നേതാവായിരുന്നു അവര്‍. എബിവിപിയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍ അംഗമാകുകയും 'സന്ന്യാസജീവിതം' സ്വീകരിക്കുകയും ചെയ്തു. 2019ല്‍, ഭോപാല്‍ ലോക്‌സഭാ സീറ്റില്‍ മല്‍സരിക്കാന്‍ ബിജെപി അവരെ നാമനിര്‍ദേശം ചെയ്യുകയും കോണ്‍ഗ്രസിന്റെ ദിഗ് വിജയ് സിങിനെതിരേ മല്‍സരിച്ച് വിജയിക്കുകയും ചെയ്തു.

അഭിനവ് ഭാരതിന്റെ മധ്യപ്രദേശ് ശാഖ സ്ഥാപിച്ച സമീര്‍ കുല്‍ക്കര്‍ണി ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. 2008 ഡിസംബര്‍ 26ന് പോലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഹിമാനി സവര്‍ക്കര്‍ പറഞ്ഞു: 'ഒന്നര വര്‍ഷം മുമ്പ് ഞാന്‍ കുല്‍ക്കര്‍ണിയെ കണ്ടുമുട്ടി. അദ്ദേഹം ആര്‍എസ്എസില്‍ മുഴുവന്‍ സമയ അംഗമായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. എന്റെ വീട് സവര്‍ക്കറുടെ വീടിനടുത്തായതിനാല്‍, അദ്ദേഹം ഇടയ്ക്കിടെ വരുമായിരുന്നു. എനിക്ക് അദ്ദേഹത്തെ നന്നായി അറിയാമായിരുന്നു. തുടര്‍ന്ന് അഭിനവ് ഭാരതില്‍ പ്രവര്‍ത്തിക്കാന്‍ മധ്യപ്രദേശില്‍ വരുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.'

എന്നിരുന്നാലും, അഭിനവ് ഭാരതില്‍ ആകൃഷ്ടരായ സംഘപരിവാര പ്രവര്‍ത്തകരുടെ ഏറ്റവും മികച്ച ഉദാഹരണം ബി എല്‍ ശര്‍മയാണ്. 1940 മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ശര്‍മയെ, രാമജന്മഭൂമി പ്രസ്ഥാനത്തിനിടയില്‍ സംഘം ബിജെപിയിലേക്ക് തിരിച്ചുവിട്ടു. വിഎച്ച്പിയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി പങ്കെടുത്തു. 1991ലും 1996ലും കിഴക്കന്‍ ഡല്‍ഹിയിലെ ലോക്‌സഭാ സീറ്റില്‍ ശര്‍മ വിജയിച്ചു. എന്നാല്‍ 1997ല്‍ ബിജെപിയിലെ തന്റെ സ്ഥാനവും അംഗത്വവും രാജിവച്ചു. തുടര്‍ന്ന് അദ്ദേഹം വിഎച്ച്പിയുടെ സംസ്ഥാന സെക്രട്ടറിയായി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

അഭിനവ് ഭാരതിന്റെ തന്ത്രങ്ങള്‍

അടിയന്തര ആക്ഷനുകളുടെ മേഖലയില്‍ സംഘപരിവാരം പരാജയപ്പെട്ട സാഹചര്യത്തില്‍, അതിനെ മാറ്റിസ്ഥാപിക്കുക എന്നതായിരുന്നു അഭിനവ് ഭാരതിന്റെ തന്ത്രം. സംഘപരിവാരത്തിന്റെ പ്രത്യയശാസ്ത്രത്തെയും അജണ്ടയെയും അവര്‍ ചോദ്യം ചെയ്യുന്നില്ല. അതിനാല്‍, അവരുടെ പ്രവര്‍ത്തന ആശയം പങ്കിടുന്ന സംഘപരിവാര നേതാക്കളുമായി അടുപ്പം കാത്തു സൂക്ഷിക്കുക എന്നതാണ് അതിന്റെ പ്രവര്‍ത്തനരീതി. ഉദാഹരണത്തിന്, കേണല്‍ പുരോഹിത് പ്രവീണ്‍ തൊഗാഡിയയുമായി ബന്ധപ്പെട്ടിരുന്നു. അഭിനവ് ഭാരതിന് ബോംബ് ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയുമെന്നും സംഘപരിവാരത്തിന് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്നും അദ്ദേഹം തൊഗാഡിയയോട് നിര്‍ദേശിച്ചിരുന്നു. ഫരീദാബാദിലെ യോഗത്തില്‍ പുരോഹിത് പറഞ്ഞു: ' ആക്ഷന്‍ ഞാന്‍ നടത്തിക്കൊള്ളാമെന്ന് പ്രവീണ്‍ഭായിയോട് പറഞ്ഞു. പക്ഷേ, 'നിങ്ങള്‍ അത് ഏറ്റെടുക്കാന്‍ മുന്നോട്ട് വരുമോ? ബിജെപി മുന്നോട്ട് വരുമോ?' ഇരുവരും മുന്നോട്ടു വരില്ലെന്ന് തൊഗാഡിയ വ്യക്തമായി എന്നോട് പറഞ്ഞു.' പുരോഹിത് പറഞ്ഞതുപോലെ, 'അവര്‍ അധികാരത്തില്‍ വന്നിട്ടുണ്ട്. പക്ഷേ, എന്തുചെയ്യണമെന്ന് അവര്‍ക്കറിയില്ല.'

സമാന്തരമായി, അഭിനവ് ഭാരത് ഇന്ത്യയുടെ ഭരണഘടന മാറ്റാന്‍ ദൃഢനിശ്ചയം ചെയ്തു. ഫരീദാബാദ് യോഗത്തില്‍, പുരോഹിത് ചര്‍ച്ച ആരംഭിച്ചു. 'നമ്മുടെ രാഷ്ട്രത്തിനുവേണ്ടി പോരാടാന്‍ നമ്മള്‍ ഭരണഘടനയ്‌ക്കെതിരേ പോരാടും' എന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞു: 'വേദ നടപടിക്രമങ്ങള്‍ക്കനുസൃതമായി ഈ രാജ്യം സ്ഥാപിക്കണം, നമുക്ക് സനാതന ധര്‍മം, വേദ ധര്‍മം വേണം.'

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഭരണഘടന 'ഏകകക്ഷി ഭരണം' വ്യവസ്ഥ ചെയ്യണം: 'ഭൂമിയിലെ ഏതൊരു ഹിന്ദുവും ഈ സംഘടനയിലെ ഓണററി അംഗമായിരിക്കും.' 'എല്ലാ തലങ്ങളിലുമുള്ള ഓരോ അംഗത്തിനും ആയുധങ്ങളെക്കുറിച്ചുള്ള അടിസ്ഥാന അറിവ് ഉണ്ടായിരിക്കും' എന്നതിനാല്‍ സംഘടനയെ സൈനികവല്‍ക്കരിക്കേണ്ടതുണ്ട്. ' പ്രത്യയശാസ്ത്ര വിദ്യാഭ്യാസത്തിനുള്ള ഒരു അക്കാദമി സ്ഥാപിക്കപ്പെടും. കോഴ്‌സിനൊടുവില്‍ അംഗങ്ങള്‍ക്ക് പരീക്ഷ നടത്തുകയും വിജയിക്കുന്നവരെ ഒടുവില്‍ പ്രവേശിപ്പിക്കുകയും ചെയ്യും'. ഫരീദാബാദില്‍ ചര്‍ച്ച ചെയ്ത ഭരണഘടനയുടെ കരടിലെ ഉപസംഹാര ഭാഗത്തെ അഭിപ്രായം ഇതായിരുന്നു: 'വളരെ പ്രധാനപ്പെട്ട കാര്യം: ഹിന്ദു രാഷ്ട്രത്തിന് ഹാനികരമായ ആശയങ്ങളുള്ള ആളുകളെ രാഷ്ട്രീയമായി പുറത്താക്കുക... അവരില്‍ ചിലരെ കൊല്ലണം.'

എന്നാല്‍ പുരോഹിത് ആദ്യം ചെയ്യാന്‍ ആഗ്രഹിച്ചത് മുസ്‌ലിംകളെ ഒന്നിപ്പിക്കുന്നതിനായി അവരെ ഭയപ്പെടുത്തുക എന്നതായിരുന്നു. കാരണം ധ്രുവീകരണം അവസാനം വരെയുള്ള പോരാട്ടത്തിനുള്ള ഒരു മുന്നുപാധിയായി അദ്ദേഹം കണ്ടു ഹിന്ദുക്കള്‍ തീര്‍ച്ചയായും വിജയിക്കും. ഫരീദാബാദ് യോഗത്തില്‍ അദ്ദേഹം പറഞ്ഞു: 'മുസ്‌ലിംകള്‍ ഒന്നിക്കുന്ന ദിവസം നമ്മുടെ ഏറ്റവും വലിയ വിജയമായിരിക്കും. അവരെ ആക്രമിക്കാന്‍ തുടങ്ങുകയും ഇമാം ബുഖാരി സമൂഹത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്യട്ടെ എന്നതാണ് പദ്ധതി. മഹാരാഷ്ട്രയിലെ അനീതികള്‍ ഞാന്‍ സഹിക്കില്ലെന്ന് അദ്ദേഹം പറയണം; അവര്‍ ഒന്നിക്കട്ടെ, ഒരുമിച്ച് നിലവിളിക്കാന്‍ തുടങ്ങട്ടെ... ഇസ്‌ലാം, ക്രിസ്ത്യാനികള്‍, മാവോയിസ്റ്റുകള്‍ എന്നിവരുടെ ഏകീകരണത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.'

ഇതിനായി അഭിനവ് ഭാരത് ഒരു'മായാരൂപിയായ സംഘടനയായി, എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട ഒരു പ്രേതത്തെപ്പോലെയുള്ള സംഘടനയായി' മാറണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അത് അദ്ദേഹം വിളിച്ചതുപോലെ 'ശല്യപ്പെടുത്തല്‍ മൂല്യം' നേടുകയും, ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ മുസ്‌ലിംകളെ അടിച്ചുകൊണ്ട് സ്‌ഫോടനങ്ങള്‍ക്കു പിന്നാലെ സ്‌ഫോടനങ്ങള്‍ തുടരുകയും ചെയ്യും. ഒടുവില്‍, ഈ 'ശല്യപ്പെടുത്തല്‍ മൂല്യം' അതിന് ചില വിലപേശല്‍ ശക്തി നല്‍കുമെന്ന് കരുതി. അങ്ങനെ സംഘടന വിഎച്ച്പി ഏറ്റെടുത്ത് സ്വയം ഒരു രാഷ്ട്രീയ പാര്‍ട്ടിയായി രൂപാന്തരപ്പെടാന്‍ കഴിയും.

മൂന്ന് ബോംബ് സ്‌ഫോടനങ്ങള്‍ക്ക് അഭിനവ് ഭാരത് ഉത്തരവാദിയായിരുന്നു. മാലേഗാവിന് മുമ്പ്, മറ്റ് രണ്ട് സ്‌ഫോടനങ്ങള്‍ക്ക് അവര്‍ ഉത്തരവാദികളായിരുന്നു. ഫരീദാബാദ് യോഗത്തിനിടെ പുരോഹിത് ഈ രഹസ്യം വെളിപ്പെടുത്തി: 'മുമ്പ് പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഞാന്‍ പറയാം: ഞങ്ങള്‍ രണ്ട് ഓപറേഷനുകള്‍ നടത്തി. അവ രണ്ടും വിജയകരമായിരുന്നു. എനിക്ക് ഓപറേഷനുകള്‍ നടത്താന്‍ കഴിയും. എനിക്ക് ഉപകരണങ്ങളുടെ കുറവില്ല. എനിക്ക് ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ കഴിയും. ഞാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ എനിക്ക് ഉപകരണങ്ങള്‍ ലഭിക്കും. പക്ഷേ, എന്റെ അഭിപ്രായത്തില്‍, ലക്ഷ്യം തിരഞ്ഞെടുക്കുന്നത് എന്റെ മാത്രം പ്രത്യേകാവകാശമായിരിക്കരുത്. ഇത് കൗണ്‍സിലില്‍ ഞങ്ങള്‍ തീരുമാനിക്കുമോ ഇല്ലയോ?'

2008 ജനുവരി 25ന് സ്വാമി അമൃതാനന്ദുമായുള്ള സ്വകാര്യ സംഭാഷണത്തിനിടെ, മേജര്‍ ഉപാധ്യായ, ചോദ്യം ചെയ്യപ്പെടുന്ന രണ്ട് ഓപറേഷനുകളില്‍ ഒന്നിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കി. അഭിനവ് ഭാരത് അംഗങ്ങളില്‍ ചിലരെ 'മുസ്‌ലിം, ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ ഭയം പടര്‍ത്താന്‍ ഉപയോഗിക്കണം' എന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് പള്ളിയിലെ സ്‌ഫോടനം പോലെ ഈ നടപടിയും സജീവമായി നിലനിര്‍ത്തണം. ഐഎസ്‌ഐയില്‍നിന്നോ മറ്റെന്തെങ്കിലുമോ ആരും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. അത് നമ്മുടെ ആളുകളില്‍ ഒരാള്‍ മാത്രമായിരുന്നു. എന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ എനിക്ക് ഇത് പറയാന്‍ കഴിയും. ഇത് കടമയുടെ പേരിലാണ് ചെയ്തത്. 'മറ്റേ ആക്രമണം നാന്ദേഡിലേക്കോ പര്‍ഭാനിയിലേക്കോ ജല്‍നയിലേക്കോ ആകാം. മലേഗാവ് കേസിലെ പ്രതികളില്‍ ഒരാളായ രാകേഷ് ധവാഡെ ഉള്‍പ്പെട്ട രണ്ട് ബോംബ് ആക്രമണങ്ങള്‍.

ഈ പ്രവര്‍ത്തനങ്ങള്‍ക്കായി പുരോഹിത് പണം സ്വരൂപിക്കുകയും നിരവധി പേരെ പരിശീലിപ്പിക്കുകയും ചെയ്തു. മലേഗാവ് എഫ്‌ഐആറില്‍ ഇങ്ങനെ പറയുന്നു: 'കുറ്റവാളിയായ പ്രസാദ് പുരോഹിത് തന്റെ മതമൗലികവാദ സംഘടനയെ പ്രോല്‍സാഹിപ്പിക്കുന്നതിനായി 21 ലക്ഷം രൂപയോളം വരുന്ന ഫണ്ട് സ്വരൂപിച്ചു'.

ഇസ്രായേലും നേപ്പാളും തമ്മിലുള്ള ബന്ധങ്ങള്‍

അഭിനവ് ഭാരത് നേതാക്കള്‍ക്ക് ഇസ്രായേലിലും നേപ്പാളിലും പിന്തുണക്കാര്‍ ലഭിച്ചു. ഫരീദാബാദില്‍ നടന്ന യോഗത്തില്‍ പുരോഹിത് പറഞ്ഞു: 'ഞാന്‍ ഇസ്രായേലില്‍ ബന്ധപ്പെട്ടു, ഞങ്ങളുടെ 'ക്യാപ്റ്റന്‍മാരില്‍' ഒരാള്‍ ഇതിനകം അവിടെനിന്ന് പോയി തിരിച്ചെത്തി. അവരുടെ ഭാഗത്തുനിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. 'നിങ്ങള്‍ ഞങ്ങള്‍ക്ക് ഭൂമിയില്‍ എന്തെങ്കിലും കാണിച്ചുതരണം' എന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ അവരില്‍നിന്ന് നാലുകാര്യങ്ങള്‍ ആവശ്യപ്പെട്ടു:

1) തുടര്‍ച്ചയായും തടസ്സമില്ലാതെയും ഉപകരണങ്ങളും പരിശീലനവും നല്‍കുക

2) തെല്‍ അവീവില്‍ കാവി പതാകയുമായി ഞങ്ങളുടെ ഓഫിസ് ആരംഭിക്കാന്‍ ഞങ്ങളെ അനുവദിക്കുക

3) രാഷ്ട്രീയ അഭയം നല്‍കുക

4)ഒരു ഹിന്ദു രാഷ്ട്രം പിറവിയെടുക്കണമെന്ന ഐക്യരാഷ്ട്രസഭയിലെ ഞങ്ങളുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുക.

രണ്ട് കാര്യങ്ങള്‍ അവര്‍ സമ്മതിച്ചിട്ടുണ്ട്. തെല്‍ അവീവില്‍ അവര്‍ നമ്മുടെ ദേശീയ പതാക ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഇന്ത്യയുമായുള്ള അവരുടെ ബന്ധം മെച്ചപ്പെടുന്നു. അവര്‍ അത് ആഗ്രഹിക്കുന്നു. പക്ഷേ, ഇത് അനുവദിക്കുന്നതിലൂടെ ബന്ധങ്ങള്‍ വഷളാകും. രണ്ടാമതായി, അടുത്ത രണ്ടുവര്‍ഷത്തേക്ക് അവര്‍ അന്താരാഷ്ട്ര വേദിയില്‍ ഞങ്ങളെ പിന്തുണയ്ക്കില്ല, നമ്മുടെ പ്രസ്ഥാനത്തിന് കുറച്ച് ശക്തി ലഭിക്കുന്നതുവരെ.

2006 ജൂണ്‍ 25നും 2007നും നേപ്പാള്‍ രാജാവ് ഗ്യാനേന്ദ്രയുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. സാങ്കേതികമായി ഈ കൂടിക്കാഴ്ച ഫെബ്രുവരി 13ന് ടെലിഫോണിലൂടെ നിശ്ചയിച്ചിരുന്നു.

'കേണല്‍ പ്രജ്വാള്‍ എന്നൊരു ആളുണ്ട്. അദ്ദേഹത്തെ ഇന്റലിജന്‍സില്‍ ബ്രിഗേഡിയര്‍ ആയി നിയമിച്ചിട്ടുണ്ട്. ഈ കൂടിക്കാഴ്ച ശരിയാക്കാന്‍ ഞങ്ങള്‍ കഠിനമായി ശ്രമിച്ചിരുന്നു. എന്റെ ആളുകളായ 20 പേര്‍ക്ക് ഓഫിസര്‍മാരായി പരിശീലനം നല്‍കണമെന്ന് ഞാന്‍ അദ്ദേഹത്തോട് നിര്‍ദേശിക്കുകയും അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തു. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ എനിക്ക് 40 പേരുണ്ടാവും. എന്റെ 200 പേര്‍ക്ക് സൈനിക പരിശീലനം ലഭിക്കും. അതിനാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ എനിക്ക് 400 പേര്‍ ഉണ്ടാകും. ഒരു സ്വതന്ത്ര രാഷ്ട്രമായ നിങ്ങള്‍ നേപ്പാളില്‍ നിന്നും ചെക്കോസ്ലോവാക്യയില്‍നിന്നും എകെ 47 തോക്കുകള്‍ ആവശ്യപ്പെടണം. പണവും വെടിക്കോപ്പുകളും ഞങ്ങള്‍ നല്‍കും. അത് ഒരു പ്രശ്‌നമല്ല. രാജാവ് ഇത് അംഗീകരിച്ചു.'

അഭിനവ് ഭാരത് നേതാക്കള്‍ നേപ്പാളിലെ രാജകീയ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടിരുന്നു. ഫരീദാബാദ് യോഗത്തില്‍ ആര്‍ പി സിങ് പറഞ്ഞു: 'ഇന്ന് ലോക് താന്ത്രിക് മധേസി മോര്‍ച്ചയെയും ജന താന്ത്രിക് മധേസി മോര്‍ച്ചയെയും തീവ്രവാദികളായി പ്രഖ്യാപിച്ചു. അവരുടെ ചില നേതാക്കള്‍ യുപിയിലും ബിഹാറിലും ഉണ്ട്. ഞങ്ങള്‍ അവരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജ്വാലസിങിന്റെ സംഘം പ്രതീകാത്മക രാജവാഴ്ചയെ അനുകൂലിക്കുന്നു. ഞങ്ങള്‍ ആഗ്രഹിക്കുന്നതും ഇതാണ്. ജനാധിപത്യപരവും പ്രതീകാത്മകവുമായ സമയമാണിത്. ഹിന്ദുത്വം നിലനില്‍ക്കാനുള്ള ഒരേയൊരു മാര്‍ഗമാണിതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ ലോകത്ത് ഇനി ഒരു പൂര്‍ണ രാജവാഴ്ച സാധ്യമല്ല. അതുകൊണ്ടാണ് ഒരു പ്രതീകാത്മക രാജവാഴ്ചയ്ക്ക് അനുകൂലമായി ഞങ്ങള്‍ നിരന്തരം പോരാടുന്നത്. ഈ വികസനത്തിലൂടെ കാഠ്മണ്ഡുവിലും ചുറ്റുപാടും ഞങ്ങളുടെ ശക്തി വര്‍ധിച്ചു. ഭീകരത വളര്‍ത്താന്‍ ഞങ്ങള്‍ ഒരു ചെറിയ പ്രതീകാത്മക സ്‌ഫോടനം നടത്തി. എന്നാല്‍ ഇതിന്റെ ഫലമായി ആര്‍ക്കും ഉപദ്രവമൊന്നും ഉണ്ടായില്ല. നേപ്പാളിലെ മാവോവാദികള്‍ തലേന്ന് അറസ്റ്റ് ചെയ്ത ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ തലവനുമായി ഞങ്ങള്‍ക്ക് ഒരു കരാറുണ്ടായിരുന്നു. അദ്ദേഹത്തെ മോചിപ്പിക്കാന്‍ ഞങ്ങള്‍ ഇപ്പോള്‍ പാടുപെടുകയാണ്. ഇതിന്റെ ഒരു പ്രധാന ഫലം ഞങ്ങള്‍ ന്യൂഡല്‍ഹിയില്‍ ഒരു പുതിയ ഓഫിസ് തുറക്കാന്‍ പോകുന്നു, നേപ്പാളികളെ ഞങ്ങളുടെ സൈന്യത്തില്‍ കൂട്ടിച്ചേര്‍ക്കും എന്നതാണ്. '

2000ങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരേ പോരാടാനും ഇന്ത്യയില്‍ ഭരണമാറ്റം കൊണ്ടുവരാനും ഹിന്ദു ദേശീയവാദികള്‍ ഭീകരതയിലേക്ക് തിരിയാന്‍ തയ്യാറായിരുന്നുവെന്ന് മലേഗാവ് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വ്യക്തമാക്കുന്നു. ഈ രേഖകളുടെ വിശകലനം സൂചിപ്പിക്കുന്നത്, അഭിനവ് ഭാരത്, ആര്‍എസ്എസില്‍നിന്ന് എപ്പോഴും വ്യത്യസ്തരായിരുന്ന സവര്‍ക്കറുടെ പൈതൃകം പാരമ്പര്യമായി സ്വീകരിച്ചിരുന്നു എന്നാണ്. ദീര്‍ഘകാല വീക്ഷണകോണില്‍നിന്ന് സമൂഹത്തെ പരിവര്‍ത്തനം ചെയ്യാന്‍ അവര്‍ ആഗ്രഹിച്ചതിനാല്‍ പരമ്പരാഗതമായി വ്യത്യസ്തമായ രീതികളാണ് അവര്‍ പിന്തുടര്‍ന്നിരുന്നത്.

എന്നിരുന്നാലും, സംഘപരിവാര കേഡര്‍മാരും ഭീകരവാദത്തിന് വശംവദരായിട്ടുണ്ട്, അഭിനവ് ഭാരത് നേതാക്കളില്‍ ചിലരുടെ സാന്നിധ്യത്തില്‍ നിന്നും അഭിനവ് ഭാരതിലും വിഎച്ച്പിയിലും അംഗമായിരുന്ന സ്വാമി അസീമാനന്ദയുടെ കുറ്റസമ്മതത്തില്‍ നിന്നും ഇത് വ്യക്തമാണ്. സിആര്‍പിസിയിലെ 164 പ്രകാരമാണ് ഈ കുറ്റസമ്മതം നടത്തിയിരിക്കുന്നത്, അതിനാല്‍ ഇത് നിയമപരമായി സ്വീകാര്യമായ തെളിവായി കണക്കാക്കപ്പെടുന്നു.

മലേഗാവ് (2006, 2008)സ്‌ഫോടനങ്ങള്‍, സംഝോത എക്‌സ്പ്രസ് (2007), ഹൈദരാബാദിലെ മക്ക മസ്ജിദ് (2007), അജ്മീര്‍ ദര്‍ഗ ശരീഫ് (2007), മൊദാസ (2008) എന്നിവിടങ്ങളിലെ ബോംബ് സ്‌ഫോടനങ്ങള്‍ സവര്‍ക്കറിസ്റ്റുകള്‍ മാത്രമല്ല, മധ്യപ്രദേശിലെ ദേവാസില്‍നിന്നുള്ള പ്രചാരക് സുനില്‍ ജോഷി, ഇന്‍ഡോറിനടുത്തുള്ള ഷാപൂര്‍ ജില്ലയിലെ ആര്‍എസ്എസ് ശാഖകളുടെ ചുമതലയുള്ള സന്ദീപ് ഡാംഗെ, അതിലും പ്രധാനമായി, അജ്മീര്‍ ദര്‍ഗ ശരീഫ് കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുള്ള മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ എന്നിവരും ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമായ സൂചനകള്‍ നല്‍കിയതിനാല്‍ സ്വാമി അസിമാനന്ദയുടെ കുറ്റസമ്മതം പ്രത്യേകിച്ചും ശ്രദ്ധേയമായി. മുകളില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന കേസുകളൊന്നും കുറ്റാരോപിതരായ നേതാക്കളുടെ ശിക്ഷയ്ക്ക് കാരണമായില്ല എന്ന വസ്തുത സൂചിപ്പിക്കുന്നത് ഇന്ത്യയിലെ ചില പൗരന്മാര്‍ നിയമത്തിനു മുന്നില്‍ മറ്റുള്ളവരേക്കാള്‍ തുല്യരാണ് എന്നാണ്.

കടപ്പാട്: ദ വയര്‍

ഔദ്യോഗിക രേഖകള്‍ താഴെ



Full View

i) Chargesheets and Miscellaneous Documents Regarding the Malegaon Case by The Wire


Full View

English Translation of the Transcript of the Faridabad Meeting of Abhinav Bharat by The Wire


Full View

iv) Excerpts of the Transcript of the November 27, 2007 Abhinav Bharat Meeting by The Wire