പി പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
തലശ്ശേരി കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സിപിഎമ്മിലെ ഒരു വിഭാഗം ഹിന്ദുക്കള്‍ മാര്‍ക്‌സിസ്റ്റുകളല്ലാതായി എന്നത് അക്കാലത്തെ പല സിപിഎം നേതാക്കളും ഏതോ രീതിയില്‍ സമ്മതിച്ച കാര്യമാണ്. കലാപാനന്തരം ജനുവരി 3ന് മരിച്ച യു കെ കുഞ്ഞിരാമനെ രക്തസാക്ഷിയായി അവതരിപ്പിക്കുന്നത് ശരിയല്ലാത്ത പ്രചാരണമാണെന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് പറഞ്ഞത് ഇത്തരുണത്തില്‍ സ്മരണീയമാണ്. കലാപത്തില്‍ ഒരുവിഭാഗം മാര്‍ക്‌സിസ്റ്റുകള്‍ പങ്കെടുത്തതും സിപിഎം നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളും അവരുടെ നയനിലപാടുകളും കലാപത്തിന്റെ നിമിത്തമായിരുന്നുവെന്നതും തമസ്‌കരിക്കാനുള്ള സിപിഎം ശ്രമത്തെ ചെറുക്കേണ്ടതുണ്ട്. ചരിത്ര വസ്തുതകള്‍ യഥാതഥമായി അവതരിപ്പിക്കണം. അപ്രിയസത്യങ്ങളെ നേരിടാനും തിരുത്തേണ്ടത് തിരുത്താനുമുള്ള ആര്‍ജവം സിപിഎം കാണിക്കണം. ഇന്നത്തെ സിപിഎം നയനിലപാടിനോടുള്ള ശക്തമായ വിയോജിപ്പ് രേഖപ്പെടുത്താനാണ് ഈ കുറിപ്പ്.
കാലങ്ങളായി കേരളം കാത്തുസൂക്ഷിച്ച മതസൗഹാര്‍ദത്തിനും മതനിരപേക്ഷ പാരമ്പര്യത്തിനും കളങ്കം ചാര്‍ത്തിയ ദുരന്തമായിരുന്നു 1971 ഡിസംബര്‍ ഒടുവില്‍ നടന്ന തലശ്ശേരി കലാപം. കലാപ നാളുകളില്‍ വിദ്യാര്‍ഥിയായിരുന്ന ഈ ലേഖകന്‍ തലശ്ശേരിയില്‍ കുടുങ്ങി കഴിഞ്ഞിരുന്നത് ഓര്‍ക്കുന്നു. മൂന്നുനാല് ദിവസം തലശ്ശേരിയില്‍ സര്‍വത്ര കൊള്ളയും തീവയ്പും മറ്റ് അക്രമ സംഭവങ്ങളും അരങ്ങേറി. ഏറെ കഷ്ടനഷ്ടങ്ങള്‍ക്കും മറ്റിതര പ്രയാസങ്ങള്‍ക്കും ഇരയായത് മുസ്‌ലിംകള്‍ തന്നെ. മുസ്‌ലിംലീഗ് അധികാരത്തിലിരിക്കെ,മികവാര്‍ന്ന മുസ്‌ലിം പാരമ്പര്യമുള്ള തലശ്ശേരിയില്‍ ഇങ്ങനെയുള്ള കലാപം നടത്തിയത് മുസ്‌ലിം ലീഗിനെയും തദ്വാരാ മുസ്‌ലിംകളെയും അപമാനിക്കാനും വിരട്ടി ഒതുക്കാനും കൂടിയായിരുന്നു. തലശ്ശേരി കലാപത്തിനുശേഷം അരനൂറ്റാണ്ടിലധികം പൂര്‍ത്തിയായിരിക്കുകയാണ്. കലാപത്തെ അന്ന് ആര്‍എസ്എസ് ലോബി മാപ്പിള ലഹളയുടെ അമ്പതാം വാര്‍ഷികം എന്ന് വിശേഷിപ്പിച്ചിരുന്നു. ഇന്ന് 60 വയസ്സ് എങ്കിലും ഉള്ളവര്‍ക്കാണ് പ്രസ്തുത കലാപത്തിന്റെ ഓര്‍മയുണ്ടാവുക. ആ കലാപത്തെ വിശകലനം ചെയ്ത് പാഠം പഠിക്കുന്നതില്‍ നമ്മള്‍ വേണ്ടത്ര ശ്രദ്ധിച്ചോ എന്നത് വളരെ പ്രസക്തമായ അന്വേഷണമാണ്. ചരിത്രത്തിന്റെ ചുവരെഴുത്ത് വായിക്കാത്തവര്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കെറിയപ്പെടുമെന്നത് മറക്കരുത്. കാസര്‍കോട് ജില്ല കൂടി ഉള്‍പ്പെട്ട അവിഭക്ത കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ സാംസ്‌കാരിക കേന്ദ്രമായിരുന്നു തലശ്ശേരി. മലബാറിലെ മുസ്‌ലിംകളില്‍ ഗണ്യമായ വിഭാഗം പുരുഷന്മാരും അക്കാലത്ത് ഗള്‍ഫ് നാടുകള്‍ ഉള്‍പ്പെടെ മറുനാട്ടില്‍ ആയതിനാലുള്ള 'സൗകര്യം' സിപിഎം പരമാവധി മുതലെടുക്കുകയും തങ്ങളുടെ സ്വാധീനം വളര്‍ത്തുകയും ചെയ്തു. മുസ്‌ലിംകളില്‍ തന്ത്രപൂര്‍വം ഭീതിയും അരക്ഷിതബോധവും സൃഷ്ടിച്ച്, പിന്നെ രക്ഷകരായി രംഗപ്രവേശ ചെയ്ത് അനുഭാവവും പിന്തുണയും നേടിയെടുക്കുന്ന തന്ത്രം സിപിഎം ഉപയോഗിക്കാറുണ്ട്. മുസ്‌ലിം യുവാക്കളെ കേസുകളിലും പ്രശ്‌നങ്ങളിലും തന്ത്രപൂര്‍വം കുടുക്കി, പിന്നെ വിമോചകരായിവന്ന് രക്ഷപ്പെടുത്തി തദടിസ്ഥാനത്തില്‍ ആവോളം മുതലെടുപ്പ് നടത്തുന്ന അടവുകളും സൂത്രങ്ങളും പല സിപിഎം ലോക്കല്‍ നേതാക്കളും പ്രയോഗിക്കാറുണ്ടെന്ന് പിന്നീട് സിപിഎമ്മില്‍ നിന്നകന്ന പല മുസ്‌ലിംകളും വേദനയോടെ സൂചിപ്പിക്കാറുണ്ട്. മുസ്‌ലിം യുവാക്കളില്‍ നിരീശ്വരനിര്‍മത ചിന്തകള്‍ കടത്തിവിടാനും സദാചാരപരമായി അവരെ തകര്‍ക്കാനും ചിലര്‍ ശ്രമിക്കാറുണ്ട്. പാര്‍ട്ടിയിലെ മുസ്‌ലിംകള്‍ മതനിഷ്ഠ പുലര്‍ത്താന്‍ ശ്രമിക്കുമ്പോഴും ഹജ്ജിനോ ഉംറക്കോ പോയാലും പാര്‍ട്ടി പിന്നെ അവരെ സംശയദൃഷ്ട്യാ വീക്ഷിക്കുന്നതായും തഴയുന്നതായും പാര്‍ട്ടിയുമായി ഗാഢബന്ധമുണ്ടായിരുന്ന പല മുസ്‌ലിംകളും സ്വകാര്യമായി സങ്കടപ്പെടാറുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മുസ്‌ലിം കുടുംബങ്ങളിലും മഹല്ലുകളിലും സിപിഎമ്മിന്റെ അംബാസഡര്‍മാരെ ഉണ്ടാക്കിയെടുക്കുന്നതില്‍ സിപിഎം വിജയിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ മഴുത്തായ്കളെ വളര്‍ത്തിയെടുത്ത് മുസ്‌ലിംകളെ തകര്‍ക്കുന്ന കുതന്ത്രം ഒരളവോളം വിജയിക്കുന്നു.
ഈ മഴുത്തായികളാണ് മുസ്‌ലിം സംരക്ഷകരാണ് സിപിഎം എന്ന ഒരു മിഥ്യാബോധം മുസ്‌ലിംകളില്‍ സമര്‍ഥമായി വ്യാപിപ്പിക്കുന്നത്. തലശ്ശേരി കലാപത്തിനുശേഷം തങ്ങളുടെ സ്വാധീനം ഇവ്വിധം വളരെ വിദഗ്ധമായി നിലനിര്‍ത്തി പോരുന്നു. തലശ്ശേരി മുന്‍സിപ്പാലിറ്റി ദശകങ്ങളായി സിപിഎമ്മാണ് അടക്കിഭരിക്കുന്നത്. ഇതിനായി മണ്‍മറഞ്ഞുപോയ അഖിലേന്ത്യാ മുസ്‌ലിം ലീഗിനെയും മൃതപ്രായമായിക്കിടക്കുന്ന ഐഎന്‍എല്ലിനെയും ഏണിപ്പടികളായി ഉപയോഗിക്കുന്നതിലും സിപിഎം അസൂയാര്‍ഹമാം വിധം വിജയിച്ചു (കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെയും മുമ്പ് ജോസഫ് വിഭാഗത്തെയും എത്രയുംവേഗം മുന്നണിയില്‍ ഉള്‍പ്പെടുത്തിയതും, ഐഎന്‍എല്ലിനെ ഏതാണ്ട് കാല്‍നൂറ്റാണ്ട് വെയിലത്തു നിര്‍ത്തി നശിപ്പിച്ചതും ഓര്‍ക്കുക). ഇപ്പോള്‍ സിപിഎം അതിസമര്‍ഥമായി പുലര്‍ത്തുന്ന മുസ്‌ലിം വിരുദ്ധ സമീപനം മനസ്സിലാക്കാന്‍ അമ്പതാണ്ട് മുമ്പ് നടന്ന കലാപവും അതിലേക്ക് നയിച്ച പശ്ചാത്തലവും സംഭവ പരമ്പരകളും ചുരുക്കത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്. 1970കളില്‍ മുസ്‌ലിംലീഗിനെ പിളര്‍ത്തുന്നതില്‍ കോണ്‍ഗ്രസിനെന്ന പോലെ സിപിഎമ്മിനും പങ്കുണ്ട്. ഒരു വ്യാഴവട്ടത്തിലേറെക്കാലം പ്രസ്തുത പിളര്‍പ്പിന്റെ കഷ്ടനഷ്ടങ്ങള്‍ സമുദായം സഹിക്കേണ്ടിവന്നിട്ടുണ്ട്. മുസ്‌ലിം സംഘടനകള്‍ ഒന്നിക്കുന്നതും ക്രിയാത്മകമായി സഹകരിക്കുന്നതും സിപിഎം ആശങ്കയോടെയാണ് കാണുന്നത്. മുസ്‌ലിം ഐക്യം സമുദായ പുരോഗതിക്കു വേണ്ടിയാണ്; സമുദായ പുരോഗതി നാടിന്റെ കൂടി പുരോഗതിയാണ്; പക്ഷേ, മുസ്‌ലിംകള്‍ തങ്ങളുടെ ഇറയത്ത് എന്നും ആശ്രിതരായി നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ മുസ്‌ലിം സംഘടനകള്‍ സഹകരിച്ച് ഒന്നിച്ച് നീങ്ങുന്നത് സിപിഎം ഭയപ്പെടുന്നു.
നെഹ്‌റു കേരളത്തില്‍
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു 'ചത്തകുതിര' എന്നായിരുന്നു മുസ്‌ലിം ലീഗിനെ വിശേഷിപ്പിച്ചത്. ഇതിനോട് പ്രതികരിച്ചുകൊണ്ട് ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്ന് പരേതനായ സി എച്ച് മുഹമ്മദ് കോയ പറഞ്ഞു. സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ മഹാഭൂരിപക്ഷം പ്രവര്‍ത്തകരും പരമാര്‍ഥത്തില്‍ കടുത്ത ലീഗ് വിരോധികളായിരുന്നു. മുസ്‌ലിം ലീഗിന് കേരളത്തില്‍ ആദ്യമായി മാന്യ പരിഗണന ലഭിച്ചത് 1967ലെ സപ്ത മുന്നണി മഹാഭൂരിപക്ഷത്തോടെ വിജയിച്ച ശേഷം നിലവില്‍ വന്ന മന്ത്രിസഭയിലാണ്. ലീഗ് മല്‍സരിച്ച 15 സീറ്റുകളില്‍ 14ലും വിജയിച്ചു. മന്ത്രിസഭയില്‍ രണ്ട് മന്ത്രിമാരും ഒരു ഡെപ്യൂട്ടി സ്പീക്കറും ഉണ്ടായി. ഈ മന്ത്രിസഭയുടെ കാലത്ത് മലപ്പുറം ജില്ല കോഴിക്കോട് സര്‍വകലാശാല തുടങ്ങിയവ ഉള്‍പ്പെടെ പല നല്ല കാര്യങ്ങളും ഉണ്ടായി. പക്ഷേ, പ്രസ്തുത മുന്നണിയില്‍ അനൈക്യം ഉടലെടുത്തു. സിപിഎമ്മിന്റെ വല്യേട്ടന്‍ മനോഭാവത്തിനെതിരേ സിപിഐയുടെ നേതൃത്വത്തില്‍ കുറുമുന്നണി രൂപപ്പെട്ടു. ജര്‍മനിയില്‍ ചികില്‍സയ്ക്കു പോയ ഇഎംഎസ് മടങ്ങിവന്നപ്പോള്‍ മുന്നണി ചിതറി ശിഥിലമായത് മനസിലായി, പിന്നീട് ഇഎംഎസ് സ്വീകരിച്ച നിലപാടുകളും നടപടികളും പ്രസ്തുത മുന്നണിയെ തകര്‍ത്തു. മന്ത്രി സഭ രാജിവച്ചു. മുസ്‌ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ശ്രമത്തിന്റെ ഫലമായി അന്ന് രാജ്യസഭാ മെംബറായിരുന്ന സിപിഐ നേതാവ് സി അച്യുതമേനോന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ നിലവില്‍വന്നു.
അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍
സി എച്ച് ആഭ്യന്തരമന്ത്രിയായി. സിപിഐയും മുസ്‌ലിം ലീഗും 'കൊലച്ചതി' യാണ് ചെയ്തതെന്ന് സിപി എം നേതൃത്വം വളരെയേറെ രോഷംകൊണ്ടു. അതുകൊണ്ടുതന്നെ മുസ്‌ലിം ലീഗിനെതിരേ വളരെ രൂക്ഷമായ വിമര്‍ശനം സിപിഎം നാടെങ്ങും നടത്തി, വിശിഷ്യാ മലബാറില്‍. ഉരുളക്കുപ്പേരി എന്നോണം പ്രഗല്ഭ വാഗ്മി കൂടിയായ സി എച്ച് കേരളത്തിലാകെ മാര്‍ക്‌സിസ്റ്റുകള്‍ക്കെതിരേ ഗംഭീര പ്രഭാഷണങ്ങള്‍ നടത്തി.1969ല്‍ ബാഫഖി തങ്ങള്‍ കൂടി മുന്‍കൈയെടുത്ത് നിലവില്‍ വന്ന ഐക്യമുന്നണിയുടെ തുടര്‍ച്ചയാണ് ഇന്നത്തെ യുഡിഎഫ്. ഈ മുന്നണി അര നൂറ്റാണ്ടിലേറെ ഒരു വിധം നിലനിന്നു പോന്നത് തമ്മിലടിയും ഗ്രൂപ്പിസവും സ്ഥിരം പരിപാടിയാക്കിയ കോണ്‍ഗ്രസ് നേതാക്കളെ കൊണ്ടല്ല, മറിച്ച് മുസ്‌ലിംലീഗ് അവസരോചിതം ക്രിയാത്മകമായി പ്രവര്‍ത്തിച്ചത് കൊണ്ടാണ്. കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ഈ ബന്ധം ആര്‍എസ്എസ് ലോബിക്ക് ഏറെ അസഹനീയമായിരുന്നു. എന്നാല്‍ തക്കം കിട്ടുമ്പോഴൊക്കെ ലീഗിനെതിരെ ചാടിവീഴാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം വലിയ ആവേശം കാണിച്ചു.(197274 കാലത്ത് നടന്ന 'ഭാരതരത്‌നം' ഉപ പാഠപുസ്തകത്തെ പറ്റിയുള്ള വിവാദം ഒരു ഉദാഹരണമാണ്.പ്രസ്തുത വിവാദ വേളയിലാണ് നിലവിലുള്ള മുസ്‌ലിം ലീഗ് 1906ലെ മുസ്‌ലിം ലീഗിന്റെ തുടര്‍ച്ച തന്നെയാണെന്ന് മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവായ ഉമര്‍ ബാഫഖി തങ്ങള്‍ പ്രസ്താവിക്കാനിടയായത്. കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ 1975ലെ അടിയന്തരാവസ്ഥ കാലത്ത് ഉമര്‍ ബാഫഖി തങ്ങള്‍, ചെറിയ മമ്മുക്കേയി തുടങ്ങിയവരെ ജയിലിലടച്ചു.
ഉമര്‍ ബാഫഖി തങ്ങള്‍
1970 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യമുന്നണിക്ക് ഭൂരിപക്ഷം കിട്ടി.തലശ്ശേരിയില്‍ മാര്‍ക്‌സിസ്റ്റ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചുകൊണ്ട് സിപിഐ നേതാവ് എന്‍ ഇ ബല്‍റാം ജയിച്ചു. പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് എന്നിവരുടെ പൂര്‍ണപിന്തുണയോടെ സിപിഐ നേതാവ് സി കെ ചന്ദ്രപ്പന്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മുസ്‌ലിംലീഗിന് രണ്ട് മന്ത്രിമാരും സ്പീക്കര്‍ പദവിയും കിട്ടി. സിപിഐ നേതാവ് അച്യുതമേനോന്‍ മുഖ്യമന്ത്രിയായതും മുസ്‌ലിം ലീഗിന് രാഷ്ട്രീയ മേഖലയില്‍ കൂടുതല്‍ പരിഗണന കിട്ടിയതും സിപിഎമ്മിനെ വിറളി പിടിപ്പിച്ചു. ആകയാല്‍ മുസ്‌ലിം ലീഗിനെതിരേ പൂര്‍വോപരി രൂക്ഷവിമര്‍ശനം സിപിഎം നടത്തി. മുസ്‌ലിം ലീഗിനോടുള്ള കടുത്ത വിരോധവും രോഷവും പല മാര്‍ഗേണ അങ്ങോളമിങ്ങോളം പ്രസരിപ്പിച്ചു.
മലപ്പുറം ജില്ലാ രൂപീകരണം, കോഴിക്കോട് സര്‍വകലാശാല സ്ഥാപിക്കല്‍ ഉള്‍പ്പെടെ പലതും നടന്നതില്‍ ആര്‍എസ്എസ് വൃത്തങ്ങളും അവരോട് ചേര്‍ന്നുനിന്നുകൊണ്ട് കെ കേളപ്പനും കോണ്‍ഗ്രസ്സ്‌കാരുമൊക്കെ വളരെ അസ്വസ്ഥരായിരുന്നു. കോണ്‍ഗ്രസ്സുകാരില്‍ നല്ലൊരുവിഭാഗം പകല്‍ കോണ്‍ഗ്രസ്സും രാത്രി ആര്‍എസ്എസ്സുമാണെന്ന് എ കെ ആന്റണി പറഞ്ഞതിനേക്കാള്‍ ഏറെ ശരിയായിരുന്നു അന്നാളുകളില്‍(ഇക്കാലത്ത് പഴയ കോണ്‍ഗ്രസിലെ പോലെ പകല്‍ മാര്‍ക്‌സിസ്റ്റും രാത്രി ആര്‍എസ്എസ്സും ആകുന്ന അവസ്ഥ ഉണ്ടെന്ന് പലരും പറയുന്നു).
ഇഎംഎസ്
മാര്‍ക്‌സിസ്റ്റുകള്‍ കടുത്ത ലീഗ് വിരോധം വ്യാപകമായി പ്രചരിപ്പിച്ചത് നല്ലൊരു വിഭാഗം മാര്‍ക്‌സിസ്റ്റ് ഹിന്ദുക്കളില്‍ മുസ്‌ലിംവിരോധമായി സന്നിവേശിച്ചു. ഇതിനെ നന്നായി ഉപയോഗപ്പെടുത്താനും മുതലെടുക്കാനും ആര്‍എസ്എസ് ലോബി സമര്‍ഥമായും സജീവമായും പലമാര്‍ഗേണ യത്‌നിച്ചു. ഇതിന്റെ ഫലമായിരുന്നു 1971 ഒടുവില്‍ തലശ്ശേരിയില്‍ നടന്ന വര്‍ഗീയ ലഹള. മലപ്പുറം ജില്ല നിലവില്‍ വന്നതില്‍ തങ്ങള്‍ക്കുള്ള കടുത്ത രോഷം ഈ കലാപത്തിലൂടെ ആര്‍എസ്എസ്സുകാര്‍ നടപ്പാക്കിയിട്ടുണ്ട്. ഇതിന് ചില മാര്‍ക്‌സിസ്റ്റുകളെ അവര്‍ ചട്ടുകമായി ഉപയോഗിക്കുകയും ചെയ്തു.
പര്‍വതീകരണവക്രീകരണ പ്രക്രിയകളിലൂടെയുള്ള മുസ്‌ലിംലീഗ് വിരോധം കടുത്ത മുസ്‌ലിം വിരോധമായി രൂപാന്തരം പ്രാപിച്ചതിന്റെ ദുരന്തഫലംകൂടിയാണ് തലശ്ശേരി കലാപമെന്ന് പലരും അക്കാലത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വിതയത്തില്‍ കമ്മീഷന്‍ റിപോര്‍ട്ടിലും ഉണ്ട്. തലശ്ശേരിയില്‍ പത്രക്കാരോട് സംസാരിക്കുമ്പോള്‍ 'ഞങ്ങളുടെ ആളുകളും ഈ കലാപത്തില്‍ പങ്കാളിയായിരിക്കാം' എന്ന് ഇഎംഎസ് പറഞ്ഞത് മേല്‍പറഞ്ഞ വസ്തുത ബുദ്ധിമാനായ ഇഎംഎസ് മനസ്സിലാക്കിയത് കൊണ്ടായിരിക്കാം. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഒ രാജഗോപാല്‍ 2009ല്‍ ജീവാമൃതം എന്ന പേരില്‍ പ്രസിദ്ധീകരിച്ച ആത്മകഥയിലെ പരാമര്‍ശങ്ങള്‍ ഇത്തരുണത്തില്‍ സ്മരണീയമാണ്.അദ്ദേഹത്തിന്റെ പ്രസ്താവന പൂര്‍ണമായും ശരിയാവണമെന്നില്ല ; ഒരുപക്ഷേ, സത്യത്തിന്റെ ചില അംശങ്ങള്‍ കണ്ടേക്കുമെന്ന് മാത്രം.
'1971 ല്‍ നടന്ന തലശ്ശേരി കലാപമായിരുന്നു അത്. ഇതിന്റെ ഓരോ ഘട്ടത്തിലും ഓരോ സംഭവത്തിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കുറ്റകരമായ ഗൂഢാലോചന കണ്ടെത്താന്‍, ആ സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ജനസംഘം നിയോഗിച്ച അന്വേഷണ കമ്മീഷനെ നയിച്ച വ്യക്തി എന്ന നിലയില്‍ എനിക്കുകഴിഞ്ഞു…
സിപിഎമ്മിന്റെ അസഹിഷ്ണുതാ മനോഭാവത്തില്‍ നിന്നുണ്ടാകുന്ന സിപിഎം-ആര്‍എസ്എസ് സംഘര്‍ഷങ്ങളെ സ്വന്തം താല്‍പര്യ സംരക്ഷണാര്‍ഥം സിപിഎം വര്‍ഗീയ സംഘര്‍ഷമാക്കി ലേബലിട്ട് മുതലെടുക്കുകയായിരുന്നു. അതാണ് സത്യം. തലശ്ശേരി കലാപത്തോടനുബന്ധിച്ച് പിണറായിയിലെ പുരാതനമായ പള്ളി തകര്‍ക്കപ്പെട്ടു. സിപിഎമ്മിന്റെ ആടിനെ പട്ടിയാക്കല്‍ തന്ത്രം ഇതിലും ഞങ്ങള്‍ക്ക് കാണാനായി.
കണ്ണൂരിലെ പിണറായി പ്രദേശങ്ങള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണ്. ഇവിടെയാണ് പള്ളി തകര്‍ക്കപ്പെട്ടത്. അതാകട്ടെ മുപ്പത്താറിഞ്ച് വ്യാസമുള്ള തൂണുകളും തടിച്ച ചുമരുകളുമൊക്കെയുള്ള പഴയരീതിയിലെ ഒരു വലിയ പള്ളിയായിരുന്നു. ഒരാവേശത്തിന് വന്ന് ആര്‍ക്കെങ്കിലും പെട്ടെന്ന് തകര്‍ത്തിട്ട് പോകാന്‍ കഴിയാത്തമട്ടില്‍ ഉറപ്പുള്ള പളളി. അതിന് ചുറ്റും താമസിക്കുന്നതിലേറിയ പങ്കും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം തന്നെയുള്ള ബീഡി തൊഴിലാളികളാണ്. ആ പ്രദേശത്ത് തന്നെ ഒരു ആര്‍എസ്എസ്സുകാരനോ ജനസംഘം പ്രവര്‍ത്തകനോ ഇല്ല എന്ന് മാത്രമല്ല അവിടത്തെ പ്രാദേശിക സഹായമില്ലാതെ ഒരാളിന് അവിടെ വന്ന് ഇത്തരം ഒരു നശീകരണ പ്രക്രിയ നടത്താനുമാകില്ല. ഇത് സംബന്ധിച്ച് പിന്നീട് അന്വേഷണം നടത്തിയ ജസ്റ്റിസ് വിതയത്തില്‍ കമ്മീഷന്റെ നിഗമനവും ഇതിന് സമാനമായിരുന്നു. ഈ കലാപത്തില്‍ രാഷ്ട്രീയ പരിഗണനയ്ക്കപ്പുറം എല്ലാ പേരും മതപരമായ ചേരിതിരിവോടെ പങ്കെടുത്തുവെന്നും എല്ലാ രാഷ്ട്രീയ കക്ഷികളിലെയും ആള്‍ക്കാര്‍ പങ്കാളികളായി എന്നും അദ്ദേഹം രേഖപ്പെടുത്തി. ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വേണ്ടത്ര തുറന്നുകാണിക്കപ്പെടാത്ത ഒരു മുഖമാണ് വ്യക്തമാക്കുന്നത്' (ജീവാമൃതം 108110).
തലശ്ശേരിയിലെയും കണ്ണൂര്‍ ജില്ലയിലെയും അക്കാലത്തെ സിപിഐ നേതാക്കള്‍ തലശ്ശേരി കലാപത്തില്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് ഉള്ള പങ്ക് അന്ന് പരസ്യമായി രേഖപ്പെടുത്തുകയും അക്കാര്യം വിതയത്തില്‍ കമ്മീഷന്‍ മുമ്പാകെ മൊഴി കൊടുക്കുകയും ചെയ്തതാണ്. അത് പ്രസ്തുത കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആര്‍ക്കും കാണാവുന്ന അനിഷേധ്യ രേഖയാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പിന്നീട് അകന്ന പല സഖാക്കളും ഇതേ കാര്യം പറഞ്ഞിട്ടുണ്ട്, പറയുന്നുമുണ്ട്.
കോണ്‍ഗ്രസ് ഉള്‍പ്പെടെ ഭരണം കൈയാളാനിടയുള്ള രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ആര്‍എസ്എസ് പലരീതിയില്‍ നുഴഞ്ഞുകയറ്റം നടത്തി തങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പലവിധ വിക്രിയകളും നടത്താറുണ്ടെന്ന് വസ്തുത പലതവണ പറഞ്ഞിരുന്നതാണ്. ഇതിന്റെയടിസ്ഥാനത്തിലാണ് പകല്‍ കോണ്‍ഗ്രസ്സും രാത്രി ആര്‍എസ്എസ്സുമായി കഴിയുന്നവരുണ്ടെന്ന് ഏറ്റവുമൊടുവില്‍ എ കെ ആന്റണി വരെ പറഞ്ഞത്. ഇതേപോലെ, പകല്‍ മാര്‍ക്‌സിസ്റ്റും രാത്രി ആര്‍എസ്എസ്സുമായി കഴിയുന്നവര്‍ ഉണ്ടോ എന്ന് ഇടതുപക്ഷചായ്വുള്ള പലരും ആശങ്കയോടെയും ദുഃഖത്തോടെയും ചിന്തിക്കുന്നുണ്ട്.
പിണറായിയിലെ പള്ളി തകര്‍ക്കാന്‍ ഇങ്ങനെയുള്ള മാര്‍ക്‌സിസ്റ്റുകാരുടെ പിന്തുണ ഉണ്ടായിരുന്നുവെന്നാണ് രാജഗോപാലിന്റെ വിവരണത്തില്‍ നിന്ന് മനസ്സിലാവുന്നത്. രാജഗോപാലിന്റെ പ്രസ്താവന സിപിഎം നേതാക്കള്‍ എങ്ങനെ കാണുന്നുവെന്നറിയാന്‍ പാര്‍ട്ടി അനുഭാവികളില്‍ പലര്‍ക്കും ആഗ്രഹമുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്ക് സിപിഎമ്മിന് വര്‍ഗീയ വിരുദ്ധ നിലപാടാണ് നേരത്തേ ഉണ്ടായിരുന്നത്. എന്നാല്‍ മാര്‍ക്‌സിസ്റ്റുകളില്‍ ചിലരെങ്കിലും, നേതാക്കള്‍ ഉള്‍പ്പെടെ, ഇന്നെങ്ങനെയാണ്? മുസ്‌ലിം വിരുദ്ധ രാഷ്ട്രീയം വളരെ വിദഗ്ധമായിക്കളിക്കുന്നതില്‍ സിപിഎം വളരെ 'മിടുക്ക് 'പുലര്‍ത്തുന്നുണ്ടെന്ന ദുഃഖ സത്യം നല്ലവരായ മാര്‍ക്‌സിസ്റ്റുകള്‍ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.
എന്നാല്‍ ഒരു പാര്‍ട്ടി എന്ന നിലയ്ക്ക് ആര്‍എസ്എസ് വര്‍ഗീയവാദികളുടെ അഴിഞ്ഞാട്ടത്തിനും അക്രമത്തിനും കൊള്ളയ്ക്കുമെതിരേയുള്ള നിലപാടാണ് സിപിഎം അന്ന് സ്വീകരിച്ചത് എന്ന് പൊതുവില്‍ പറയാം. തലശ്ശേരിയിലും പരിസരങ്ങളിലും ഇടതുപക്ഷ അനുകൂല അന്തരീക്ഷം ഇന്നും സജീവമായി നിലനില്‍ക്കുന്നുണ്ട്. നേരത്തെ അഖിലേന്ത്യാ മുസ്‌ലിംലീഗും പിന്നീട് ഐഎന്‍എല്ലും മറ്റുചില മുസ്‌ലിം ഗ്രൂപ്പുകളും സിപിഎമ്മിനെ പിന്തുണച്ചിരുന്നു.
എന്നാല്‍ പല പ്രദേശങ്ങളിലും സംഭവങ്ങളിലും സിപിഎം മുസ്‌ലിംലീഗിനെതിരേയോ മുസ്‌ലിം സ്ഥാപനങ്ങള്‍ക്കെതിരേയോ സ്വീകരിക്കുന്ന നിലപാടുകള്‍ അവരറിയാതെ കടുത്ത മുസ്‌ലിം/ഇസ്‌ലാം വിരോധമായി സംക്രമിക്കുന്നുണ്ട്. മുസ്‌ലിം വ്യക്തിനിയമത്തില്‍ ഉണ്ടെന്ന് അവര്‍ ധരിക്കുന്ന പോരായ്മകളെ എതിര്‍ക്കുമ്പോഴും സംഗതി തദ്വിഷയത്തില്‍ മാത്രം ഒതുങ്ങാതെ ഇസ്‌ലാം/മുസ്‌ലിം വിരോധമായി വഴിതെറ്റുന്നുണ്ട്. ശരീഅത്ത് വിവാദകാലത്ത് ഇത് അങ്ങനെതന്നെ സംഭവിച്ചു. അതിന്റെ ഫലമായി ഹൈന്ദവ പിന്തുണ കൂടുതല്‍ കേന്ദ്രീകരിക്കാനും മുസ്‌ലിംലീഗിന്റെ ഒരു ചീന്തുപോലുമില്ലാത്ത മന്ത്രിസഭ രൂപീകരിക്കാനും സാധിച്ചു. നാദാപുരത്തും പരിസരങ്ങളിലും മുസ്‌ലിംലീഗിനെതിരെയോ അല്ലെങ്കില്‍ മുസ്‌ലിം പ്രമാണി/ജന്മി വിഭാഗത്തിനെതിരെയോ പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന സ്ഥാനത്തും അസ്ഥാനത്തുമുള്ള വിമര്‍ശനങ്ങള്‍ താഴേത്തട്ടില്‍ മുസ്‌ലിം വിരോധമായിട്ടാണ് എത്തുന്നത്. അതില്‍നിന്ന് ആര്‍എസ്എസ് നന്നായി മുതലെടുപ്പ് നടത്തുകയും ചെയ്യുന്നു.
ആര്‍എസ്എസ്സിനെ എതിര്‍ക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടികള്‍ ഒരുതരം അധൈര്യമോ അപകര്‍ഷബോധമോ അനുഭവിക്കുന്നതായി മനസ്സിലാകുന്നു. തൂക്കമൊപ്പിക്കാന്‍ ഏതെങ്കിലും മുസ്‌ലിം സംഘടനയെക്കൂടി ചേര്‍ത്തുകൊണ്ടേ ആര്‍എസ്എസ്സിനെതിരേ ശബ്ദിക്കാറുള്ളൂ. ഇങ്ങിനെ തെറ്റായ സമീകരണം നടത്തി ചേര്‍ത്തുപറയുമ്പോള്‍ ഫലത്തില്‍ ആര്‍എസ്എസ് എന്ന ആഴത്തില്‍ വേരുള്ള മഹാഭീകര വിധ്വംസക സംഘടനയെ നോര്‍മലൈസ് ചെയ്യുകയാണ് കമ്മ്യൂണിസ്റ്റുകള്‍ എന്നവര്‍ തിരിച്ചറിയുന്നില്ലേ?
സംഭവങ്ങളെയും സംഗതികളെയും വിലയിരുത്തുന്നതില്‍ സിപിഎം പുലര്‍ത്തുന്ന ഒരു തരം വരട്ടുതത്ത്വവാദപരമായ സമീപനം (Dogmatic approach) കാരണം പഠിച്ചതൊന്നും മറക്കാതെയും പുതുതായൊന്നും പഠിക്കാതെയും ഇപ്പോഴും സിപിഎം നേതൃത്വം മുരടന്‍ സിദ്ധാന്തവാശിയില്‍തന്നെ തുടരുന്നത് ഫാഷിസ്റ്റ് ദുശ്ശക്തികള്‍ക്ക് രംഗം പാകപ്പെടുത്തി കൊടുക്കലാണ്. സത്യത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസ്സും മറ്റു മതേതര പാര്‍ട്ടികളും ആര്‍എസ്എസ്-ഫാഷിസ്റ്റ് ദുശ്ശക്തികള്‍ക്കെതിരേ ഫലപ്രദമായി ഒന്നിക്കേണ്ടതുണ്ട്.

