പ്രവാചക നിന്ദ:തെലങ്കാന ബിജെപി എംഎല്‍എക്കെതിരേ കേസ്

കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ നടന്ന ഹാസ്യനടന്‍ മുനവര്‍ ഫാറൂഖിയുടെ ഷോ തടസ്സപ്പെടുത്താന്‍ രാജാ സിങ് ശ്രമിച്ചിരുന്നു

Update: 2022-08-23 05:27 GMT
ഹൈദരാബാദ്:പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് തെലങ്കാനയിലെ ബിജെപി എംഎല്‍എ രാജാ സിങിനെതിരെ കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295(എ), 153(എ) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തരിക്കുന്നതെന്ന് ഹൈദരാബാദ് സൗത്ത് സോണ്‍ ഡിസിപി പി സായ് ചൈതന്യ പറഞ്ഞു.

തിങ്കളാഴ്ച പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി ബിജെപി എംഎല്‍എ രാജാ സിങ് വീഡിയോ പുറത്തുവിട്ടതിനെ തുടര്‍ന്ന് ഹൈദരാബാദില്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്നിരിന്നു.സിങിനെതിരേ നടപടി ആവശ്യപ്പെട്ട് ഇന്നലെ രാത്രി ഡിസിപി ഓഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് കേസെടുത്തത്.

എംഎല്‍എ സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.പ്രവാചക നിന്ദയുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മ ഒരു ടെലിവിഷന്‍ സംവാദത്തില്‍ പറഞ്ഞ ചില കാര്യങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു.

ബഷീര്‍ബാഗിലെ കമ്മീഷണര്‍ ഓഫിസില്‍ പ്രതിഷേധിച്ചവരെ പോലിസ് കസ്റ്റഡിയിലെടുത്തു.പോലിസ് അതീവ ജാഗ്രതയിലാണെന്നും അനിഷ്ട സംഭവങ്ങള്‍ തടയാന്‍ സിങിന്റെ വസതിയിലും ഐടി മന്ത്രി കെ ടി രാമറാവുവിന്റെ വസതിയിലും മറ്റ് സ്ഥലങ്ങളിലും പോലിസിനെ വിന്യസിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ നടന്ന ഹാസ്യനടന്‍ മുനവര്‍ ഫാറൂഖിയുടെ ഷോ തടസ്സപ്പെടുത്താന്‍ രാജാ സിങ് ശ്രമിച്ചിരുന്നു.ഫാറൂഖിയുടെ ഷോ നിര്‍ത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വേദിയിലെ സെറ്റ് കത്തിക്കുമെന്ന് പറയുകയും ചെയ്തിരുന്നു.മുനവര്‍ ഫാറൂഖി ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഫാറൂഖിക്കും അദ്ദേഹത്തിന്റെ മാതാവിനുമെതിരെ രാജാ സിങ് മോശം പരാമര്‍ശം നടത്തിയിരുന്നു.

Tags: