മദ്‌റസകള്‍ പൂട്ടി കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കണമെന്ന ഉത്തരവിന് സ്‌റ്റേ

ബാലാവകാശ കമ്മീഷന്‍ നിര്‍ദേശത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടികളൊന്നും സ്വീകരിക്കരുതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശം നല്‍കി

Update: 2024-10-21 06:45 GMT

ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ അവകാശ നിയമം പാലിക്കാത്ത മദ്‌റസകള്‍ അടച്ചുപൂട്ടി വിദ്യാര്‍ഥികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ക്കണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്‍ ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ബാലാവകാശ കമ്മീഷന്‍ നിര്‍ദേശത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടികളൊന്നും സ്വീകരിക്കരുതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശം നല്‍കി. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

വിദ്യാഭ്യാസ അവകാശ നിയമം പാലിക്കാത്ത മദ്‌റസകളുടെ അനുമതി പിന്‍വലിക്കാന്‍ 2024 ജൂണ്‍ ഏഴിന് ബാലാവകാശ കമ്മീഷന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇതിന് ശേഷം ജൂണ്‍ 25ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും സമാനമായ കത്തെഴുതി. മദ്‌റസകളില്‍ പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുണ്ടായിരുന്നു.

ഈ നിര്‍ദേശത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എല്ലാ മദ്‌റസകളും പരിശോധിക്കാന്‍ ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മദ്‌റസകളില്‍ മുസ്‌ലിം ഇതര കുട്ടികള്‍ പഠിക്കുന്നുണ്ടോയെന്ന് കണ്ടെത്താനും നിര്‍ദേശമുണ്ടായിരുന്നു. സമാനമായ ഉത്തരവ് ത്രിപുര സര്‍ക്കാരും ആഗസ്റ്റ് 28ന് ഇറക്കി. 2024 ജൂലൈ പത്തിന് കേന്ദ്രസര്‍ക്കാരും ബാലാവകാശ കമ്മീഷന്‍ ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഈ ഉത്തരവുകളെയും തീരുമാനങ്ങളെയും ചോദ്യം ചെയ്താണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സുപ്രിംകോടതിയെ സമീപിച്ചത്.

Tags: