മുസ്‌ലിം പണ്ഡിതനെ അക്രമിച്ച കേസില്‍ വിദ്വേഷ കുറ്റകൃത്യത്തിനെതിരായ വകുപ്പ് ചേര്‍ത്തില്ല: യുപി പോലിസിന് സുപ്രീം കോടതിയുടെ വിമര്‍ശനം

Update: 2026-02-03 12:47 GMT

ന്യൂഡല്‍ഹി: മുസ് ലിം പണ്ഡിതനെ അക്രമിച്ച കേസില്‍ വിദ്വേഷ കുറ്റകൃത്യത്തിനെതിരായ വകുപ്പ് ചേര്‍ക്കാത്തതില്‍ ഉത്തര്‍പ്രദേശ് പോലിസിനെതിരേ വിമര്‍ശനവുമായി സുപ്രീംകോടതി. ജസ്റ്റിസുമായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് യുപി പോലിസിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. യുപിയിലെ മുസ് ലിം പണ്ഡിതനായ കസീം അഹമ്മദ് ഷെര്‍വാണി നല്‍കിയ ഹരജി പരിഗണിക്കവേയാണ് സുപ്രീംകോടതി യുപി പോലിസിനെ വിമര്‍ശിച്ചത്. മുസ് ലിം സ്വത്വത്തിന്റെ പേരില്‍ ഹിന്ദുത്വര്‍ തന്നെ ആക്രമിക്കുകയായിരുന്നു എന്നായിരുന്നു മുസ് ലിം പണ്ഡിതന്റെ പരാതി. തന്റെ പരാതി സ്വീകരിക്കാന്‍ പോലും യുപി പോലിസ് തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. കോടതി ഇടപെട്ടതോടെയാണ് പോലിസ് കേസെടുക്കാന്‍ തയ്യാറായത്. എന്നാല്‍, എഫ്‌ഐആറില്‍ വിദ്വേഷ കുറ്റകൃത്യത്തിനെതിരായ വകുപ്പുകള്‍ ചേര്‍ത്തിരുന്നില്ല.

2021ല്‍ നല്‍കിയ പരാതി കെട്ടിച്ചമച്ചതാണ് എന്നായിരുന്നു യുപി പോലിസിന്റെ നിലപാട്. എന്നാല്‍, 2021ല്‍ നടന്ന സംഭവം കെട്ടിച്ചമച്ചതല്ലെന്നും സമാനമായി നിരവധി ആക്രമണങ്ങള്‍ അരങ്ങേറിയിട്ടുണ്ടെന്നും കസീം അഹമ്മദിന്റെ അഭിഭാഷകന്‍ ഹുസേഫ് അഹ്‌മദി പറഞ്ഞു. തുടര്‍ച്ചയായി നടക്കുന്ന ഇത്തരം സംഭവങ്ങളില്‍ വിദ്വേശ കുറ്റകൃത്യം ചേര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിസമ്മതിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എഫ്‌ഐആര്‍ പരിശോധിച്ച കോടതി കേസില്‍ വിദ്വേഷ കുറ്റകൃത്യത്തിനെതിരായ 153 ബി, 295 എ എന്നീ വകുപ്പുകള്‍ ചേര്‍ക്കാതിരുന്നത് ചോദ്യം ചെയ്തു.

പ്രഥമദൃഷ്ട്യാ കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ ജസ്റ്റിസ് മേത്ത ഹര്‍ജിക്കാരന് വിചാരണ കോടതിയെ സമീപിക്കാന്‍ അനുവദിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഐപിസിയിലെ സെക്ഷന്‍ 298 (മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ സംസാരിക്കുക) പ്രകാരമാണ് കോടതിയെ സമീപിച്ചത്. സെക്ഷന്‍ 196 സിആര്‍പിസി വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഇത് വളരെ ഗുരുതരമായ ഒരു കേസാണെന്നും അഹമ്മദി കോടതിയോട് അപേക്ഷിച്ചു.

ആരോപണങ്ങളും പ്രസക്തമായ വ്യവസ്ഥകളും പരിശോധിച്ച കോടതി പ്രഥമദൃഷ്ട്യാ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ക്ക് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജിനോട് ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ പിഴവും ഇതുതന്നെയാണെന്നും അച്ചടക്ക നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും എഎസ്ജി വിശദീകരിച്ചു.

'കുറ്റകൃത്യങ്ങള്‍ എന്തുകൊണ്ട് സംഭവിച്ചു എന്ന ചോദ്യത്തിന് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് പറയുന്നത് മറുപടിയല്ല. നോട്ടീസ് നല്‍കിയ ശേഷം നിങ്ങള്‍ എന്താണ് ചെയ്തത്? ഉചിതമായ വ്യവസ്ഥകള്‍ക്കായി കേസ് രജിസ്റ്റര്‍ ചെയ്യാത്തതിന്റെ പ്രശ്‌നം അച്ചടക്ക നടപടി സ്വീകരിച്ചത് കൊണ്ട് പരിഹരിക്കുമോ? നിങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അനുമതി തേടുന്നില്ലെങ്കില്‍, പ്രോസിക്യൂഷന് മുന്നോട്ട് പോകാന്‍ കഴിയില്ല. നിങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷിക്കുകയും ചെയ്തില്ലെങ്കില്‍ കേസ് എങ്ങനെ മുന്നോട്ട് പോകും?' ജസ്റ്റിസ് മേത്ത ചോദിച്ചു.

'എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിങ്ങള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ അതോ കോടതി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?' എന്നതാണ് നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഏക ഓപ്ഷന്‍. ജസ്റ്റിസ് നാഥ് പറഞ്ഞു.

ഒടുവില്‍, മറുപടി നല്‍കാന്‍ എഎസ്ജിക്ക് ഒരാഴ്ചത്തെ സമയം നല്‍കി. ഇന്ത്യയിലുടനീളം ഇത്തരം സംഭവങ്ങള്‍ പതിവായി നടക്കുന്നുണ്ടെന്നും ദേശീയ അഖണ്ഡതയ്ക്ക് നല്ലതല്ലെന്നും അഹമ്മദി വാദിച്ചു.



Tags: