സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുസ്തക രചനയുമായി ബന്ധപ്പെട്ടാണ് തൃശുരിലെത്തിയത്.

Update: 2018-12-31 13:24 GMT

തൃശൂര്‍: മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ സൈമണ്‍ ബ്രിട്ടോ(64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുസ്തക രചനയുമായി ബന്ധപ്പെട്ടാണ് തൃശുരിലെത്തിയത്. 2006 മുതല്‍ 2011 വരെ നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം

എസ്എഫ് ഐ വിദ്യാര്‍ഥി പ്രസ്ഥാനത്തിലെ സജീവ പ്രവര്‍ത്തകനായിരുന്ന സൈമണ്‍ ബ്രിട്ടോയക്ക്1983 ല്‍ ലോ കോളജ് പഠനകാലത്ത് കുത്തേറ്റതിനെ തുടര്‍ന്ന് അരയക്ക് താഴെ തളര്‍ന്നു പോയിരുന്നു. എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ് ഐ-കെഎസ് യു സംഘടനത്തില്‍ പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സൈമണ്‍ ബ്രിട്ടോയക്ക് കുത്തേറ്റത്.നട്ടെല്ല് അടക്കമുള്ള ആന്തരിക അവയവങ്ങള്‍ തകര്‍ന്നു പോയതിനെ തുടര്‍ന്ന്് പിന്നീട് വീല്‍ ചെയറിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.പിന്നീട് എസ്എഫ് ഐ പ്രവര്‍ത്തകയായിരുന്ന സീന സൈമണ്‍ ബ്രിട്ടോയുടെ ജീവിത സഖിയായി കടന്നു ചെല്ലുകയായിരുന്നു.ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി സൈമണ്‍ ബ്രിട്ടോ നിയമസഭാംഗമായിട്ടുണ്ട്.സഞ്ചാര പ്രിയനായിരുന്നു സൈമണ്‍ ബ്രിട്ടോ. ഏതാനും വര്‍ഷം മുമ്പ് കാറില്‍ അദ്ദേഹം രാജ്യമൊട്ടാകെ ചുറ്റി സഞ്ചരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.

എറണാകുളത്തിനടുത്ത് പോഞ്ഞിക്കരയില്‍ നിക്കോളാസ് റോഡ്രിഗ്‌സിന്റെയും ഇറിന്‍ റോഡ്രിഗ്‌സിന്റെയും മകനായി 1954 മാര്‍ച്ച് 27നാണ് ബ്രിട്ടോ ജനിച്ചത്. പച്ചാളം സെന്റ് ജോസഫ് എച്ച്എസ്, എറണാകുളം സന്റെ് ആല്‍ബര്‍ട്ട്‌സ് കോളേജ്, ബീഹാറിലെ മിഥില യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. സീന ഭാസ്‌കറാണ് ഭാര്യ.


Tags: