രാമനവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടയിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍;ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി

കോടതിക്ക് അനുവദിക്കാന്‍ കഴിയാത്ത ആവശ്യങ്ങളുമായി സമീപിക്കരുതെന്ന് ബെഞ്ച് നിര്‍ദ്ദേശിച്ചു

Update: 2022-04-26 07:06 GMT

ന്യൂഡല്‍ഹി:രാമനവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി സുപ്രിംകോടതി തള്ളി.അഭിഭാഷകനായ വിശാല്‍ തിവാരി സമര്‍പ്പിച്ച ഹരജി ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബി ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്.

റിട്ടയേര്‍ഡ് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.കോടതിക്ക് അനുവദിക്കാന്‍ കഴിയാത്ത ആവശ്യങ്ങളുമായി സമീപിക്കരുതെന്ന് ബെഞ്ച് നിര്‍ദ്ദേശിച്ചു. ഏതെങ്കിലും റിട്ടയേര്‍ഡ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് തയാറാണോയെന്നും ചോദ്യമുണ്ടായി.

രാമനവമി സമയത്ത് രാജസ്ഥാന്‍, ഡല്‍ഹി, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കണമെന്ന് തിവാരി തന്റെ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ 'ബുള്‍ഡോസര്‍ രാജിന്റെ' ഏകപക്ഷീയമായ നടപടിയെക്കുറിച്ച് അന്വേഷിക്കാന്‍ സമാനമായ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും പൊതുതാല്‍പര്യ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.'അത്തരം നടപടികള്‍ തികച്ചും വിവേചനപരമാണെന്നും, ജനാധിപത്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നും ഹരജിയില്‍ പറഞ്ഞു.

Tags:    

Similar News