''എന്റെ സഹോദരി ആത്മഹത്യ ചെയ്തിട്ട് ഏകദേശം ഒരു മാസം കഴിഞ്ഞു'': ഗുജറാത്തിലെ അഹമ്മദാബാദിലെ ഗോമതിപൂരിലെ റിഫാത്ത് ജഹാന്‍ പറയുന്നു. ആഗസ്റ്റ് ഒമ്പതിനാണ് റിഫാത്തിന്റെ 15 വയസുകാരിയായ സഹോദരി സാനിയ അന്‍സാരി ആത്മഹത്യ ചെയ്തത്. ഒരു ആത്മഹത്യാക്കുറിപ്പും തകര്‍ന്ന കുടുംബവും ചില ചോദ്യങ്ങളുമാണ് അവള്‍ ബാക്കിവച്ചത്.
അന്‍സാരി കുടുംബം മുമ്പ് താമസിച്ചിരുന്ന പ്രദേശത്ത് തന്നെ പുതുതായി ഒരു വീട് വാങ്ങിയത് മാസങ്ങളോളം നീണ്ട ഭീഷണികള്‍ക്കും പീഡനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും വഴിവച്ചു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലെ ഭൂമി നഷ്ടത്തിന് വില്‍ക്കുന്നത് തടയുന്ന ഗുജറാത്ത് അസ്വസ്ഥ പ്രദേശ നിയമമാണ് പ്രശ്‌നങ്ങളുടെ കാരണം. ഹിന്ദുവായ ഭൂവുടമയില്‍ നിന്നും വീട് വാങ്ങിയതാണ് അന്‍സാരി കുടുംബത്തെ ബാധിച്ചത്. അത് സാനിയയുടെ ആത്മഹത്യയിലും എത്തി. 30 വര്‍ഷം പഴക്കമുള്ള ഗുജറാത്ത് അസ്വസ്ഥ പ്രദേശ നിയമവും പോലിസിന്റെ നിഷ്‌ക്രിയത്വവുമാണ് സാനിയയുടെ മരണത്തിന് കാരണമെന്ന് കുടുംബം പറയുന്നു.
ഹിന്ദുവായ അയല്‍ക്കാരനില്‍ നിന്നും 15.5 ലക്ഷം രൂപയ്ക്കാണ് അന്‍സാരി കുടുംബം വീട് വാങ്ങിയത്. അന്‍സാരി നിലവില്‍ താമസിക്കുന്ന വീടിന് എതിര്‍വശത്താണ് പുതിയ വീട്. 2024 ഡിസംബറില്‍ പണം മുഴുവന്‍ നല്‍കി. പക്ഷേ, അവകാശം കൈമാറുന്നതിന് മുമ്പ് വീട്ടുടമയായ സുമന്‍ സോനാവ്ഡെ മരിച്ചു. എന്നാല്‍, ചടങ്ങുകള്‍ക്ക് ശേഷം അയാളുടെ മകന്‍ ദിനേശ് വീടു വിട്ടുനല്‍കാതെ ആ വീട്ടിലേക്ക് താമസം മാറ്റി. അത് തര്‍ക്കത്തിന് കാരണമായി. തര്‍ക്കം വളരെ വൃത്തികെട്ട രീതിയിലേക്ക് വളരുകയും ചെയ്തു. അതായത്, പ്രദേശത്തെ ഹിന്ദുത്വ സംഘടനകള്‍ വിഷയത്തില്‍ ഇടപെട്ടു.
അന്‍സാരി കുടുംബത്തിന് വീട് കൈമാറാന്‍ തയ്യാറാവാതിരുന്ന ദിനേശ് ഗുജറാത്ത് അസ്വസ്ഥ പ്രദേശ നിയമം ഉപയോഗിച്ച് ഇടപാട് റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തി. ആഗസ്റ്റ് ഏഴിന് ദിനേശും ഹിന്ദുത്വ സംഘവും വീട്ടില്‍ അതിക്രമിച്ചു കയറി സാനിയയെ മുടിയില്‍ പിടിച്ചു വലിക്കുകയും അടിക്കുകയും ചവിട്ടുകയും ചെയ്‌തെന്ന് റിഫാത്ത് വെളിപ്പെടുത്തി. ആരെങ്കിലും തന്നെ രക്ഷിക്കാന്‍ വരുമെന്ന് സാനിയ പ്രതീക്ഷിച്ചു. എന്നാല്‍, ആരും എത്തിയില്ല. അങ്ങനെ അവള്‍ ആത്മഹത്യ ചെയ്തു. ഒരു ആത്മഹത്യാക്കുറിപ്പും വീട്ടില്‍ നിന്നും കണ്ടെടുത്തു. കുടുംബത്തിന്റെ പണം വാങ്ങി വീട് നല്‍കിയില്ലെന്നും മാസങ്ങളോളം തങ്ങളെ പീഡിപ്പിച്ചെന്നും അതില്‍ എഴുതിയിട്ടുണ്ടായിരുന്നു. പ്രതികളുടെ പേരും സാനിയ രേഖപ്പെടുത്തിയിരുന്നു.
സാമുദായികമായി സെന്‍സിറ്റീവ് ആയ പ്രദേശങ്ങളിലെ സ്വത്തുക്കളുടെ 'ദുരിത വില്‍പ്പന' തടയുന്നതിനായി 1991ല്‍ കൊണ്ടുവന്ന നിയമമാണ് ഈ തര്‍ക്കത്തിന്റെ കാതല്‍. അത്തരം പ്രദേശങ്ങളില്‍ വിവിധ സമുദായങ്ങള്‍ തമ്മിലുള്ള ഭൂമി ഇടപാടുകള്‍ക്ക് കലക്ടറുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ഹിന്ദുക്കള്‍ കൂടുതലുള്ള പ്രദേശങ്ങളിലേക്ക് മുസ്‌ലിംകള്‍ വരുന്നത് തടയാനുള്ള ഉപകരണമായും ഈ നിയമം മാറിയിട്ടുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ നിയമം ഉപയോഗിച്ച് ഇടപാട് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ പോലിസില്‍ തല്‍സമയം ബന്ധപ്പെടാനായില്ലെന്ന് അന്‍സാരി കുടുംബം പറയുന്നു.
മുസ്‌ലിംകള്‍ ചേരികളില്‍ നിന്ന് നല്ല സ്ഥലങ്ങളിലേക്ക് മാറുന്നത് തടയാന്‍ ഈ നിയമം ഉപയോഗിക്കുന്നതായി സാനിയയുടെ കുടുംബത്തിനൊപ്പം നില്‍ക്കുന്ന സാമൂഹിക പ്രവര്‍ത്തകനായ കലീം സിദ്ദിഖി പറഞ്ഞു. ദുര്‍ബല കുടുംബങ്ങളെ സംരക്ഷിക്കുന്നതിനുപകരം അവരുടെ സ്വാതന്ത്ര്യം നിഷേധിക്കാനാണ് നിയമത്തെ ഉപയോഗിക്കുന്നത്. നിയമം മുസ്‌ലിംകളോട് പറയുന്നു: നിങ്ങള്‍ക്ക് പണമുണ്ടാകാം, പക്ഷേ എവിടെ താമസിക്കണമെന്ന് തിരഞ്ഞെടുക്കാന്‍ കഴിയില്ല.
വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോഴെല്ലാം തൊട്ടുമുന്നിലെ വീട് അന്‍സാരി കുടുംബത്തെ വേട്ടയാടുന്നുണ്ട്. സാനിയയുടെ ആത്മഹത്യയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും കുടുംബം ബുദ്ധിമുട്ടേണ്ടി വന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും ആത്മഹത്യാക്കുറിപ്പുമെല്ലാമുണ്ടായിട്ടും എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ പോലിസ് വിസമ്മതിച്ചുവെന്ന് കുടുംബം പറഞ്ഞു.
ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നും ആത്മഹത്യ ആകസ്മിക സംഭവമാണെന്നുമാണ് ലോക്കല്‍ പോലിസ് അവകാശപ്പെട്ടത്. പോലിസ് കമ്മീഷണര്‍ ജി എസ് മാലിക്കിന്റെ ഇടപെടലിനു ശേഷമാണ് ആത്മഹത്യാ പ്രേരണ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ആറ് പ്രതികളുടെ പേരുകള്‍ എഫ്ഐആറില്‍ പരാമര്‍ശിച്ചത്. പോലിസ് നടപടി വൈകിയത് സാനിയയുടെ കുടുംബത്തിന്റെ മോശം ഭയത്തെ സ്ഥിരീകരിച്ചു, അതായത്, ഭരണകൂടം തങ്ങളെ സംരക്ഷിക്കില്ലെന്ന ഭയം. സ്ഥിരമായി സ്‌റ്റേഷനില്‍ പോയി പോലിസുകാരുമായി സംസാരിച്ചെങ്കിലും നിയമം തങ്ങളുടെ പക്ഷത്ത് അല്ലെന്ന് പോലിസുകാര്‍ പറഞ്ഞെന്ന് റിഫാത്ത് വെളിപ്പെടുത്തി.
പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ സുപ്രധാനമായ നിരവധി വസ്തുതകള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷകയായ സത്യേശ ല്യൂവയും പറഞ്ഞു. സത്യേശയുടെ വാക്കുകള്‍ : ''പോലിസിനെക്കൊണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നത് പോലും ബുദ്ധിമുട്ടായിരുന്നു. ആദ്യം അവര്‍ ആത്മഹത്യയെക്കുറിച്ച് പരാമര്‍ശിച്ചില്ല, മാസങ്ങളുടെ പീഡനത്തെക്കുറിച്ചോ, പ്രതികള്‍ നടത്തിയ മര്‍ദനത്തില്‍ സാനിയക്ക് പരിക്കേറ്റതോ ശരീരമാകെ മുറിവുണ്ടായതോ പോലും അതില്‍ പരാമര്‍ശിച്ചിരുന്നില്ല.''
ആത്മഹത്യാക്കുറിപ്പ് യഥാര്‍ത്ഥത്തില്‍ തൂങ്ങിമരിച്ച പെണ്‍കുട്ടി എഴുതിയതാണോ എന്ന് ഉറപ്പാക്കാന്‍ ഫോറന്‍സിക് ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് ഗോമതിപൂര്‍ ഇന്‍സ്‌പെക്ടര്‍ ഡി വി റാണ പറഞ്ഞു. പോലിസ് കേസ് ഫയല്‍ ചെയ്തതിന് ശേഷം വില്‍പ്പനക്കാര്‍ ഒളിവില്‍ പോയിരിക്കുകയാണ്.
ഗോമതിപൂരിലെ ദുരന്തം ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്. നിലവിലെ ഭരണകൂടവും അത് വളര്‍ത്തിയെടുത്ത സംഘടനകളും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനും വിയോജിപ്പുകളെ അടിച്ചമര്‍ത്താനും നീതിക്കുവേണ്ടി നിലകൊള്ളുന്നവരെ തടവിലാക്കാനും നിയമത്തെയും നിയമനിര്‍മ്മാണ പ്രക്രിയയെയും ആയുധമാക്കുന്നുവെന്നാണ് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ ദേശീയ സെക്രട്ടറി പ്രസാദ് ചാക്കോ പറഞ്ഞു.
വീട് വാങ്ങുക എന്ന നിയമാനുസൃത ഇടപാടില്‍ ഏര്‍പ്പെട്ടിരുന്ന ഒരു മുസ്‌ലിം കുടുംബത്തെ ഭയപ്പെടുത്തിയ ഹിന്ദുത്വ മേധാവിത്വ ഘടകങ്ങളുടെ മറ്റൊരു ഇരയാണ് ആത്മഹത്യ ചെയ്ത പെണ്‍കുട്ടി. മുസ്‌ലിംകളെ ഉപദ്രവിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനുമുള്ള മറ്റൊരു ആയുധമാണ് ഗുജറാത്ത് അസ്വസ്ഥ പ്രദേശ നിയമമെന്നും ചാക്കോ കൂട്ടിചേര്‍ത്തു.
മുസ്‌ലിംകളെ ചില പ്രദേശങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്താനും അവരെ വ്യവസ്ഥാപിതമായി അരികുവല്‍ക്കരിക്കാനും ഈ നിയമം ഉപയോഗിക്കുന്നതായി ഗുജറാത്തിലെ ന്യൂനപക്ഷ ഏകോപന സമിതി കണ്‍വീനര്‍ മുജാഹിദ് നഫീസ് പറഞ്ഞു.
മുഹമ്മദ് നഫീസ് വിശദീകരിച്ചു: 'ബിജെപി അധികാരത്തില്‍ വന്നതിനുശേഷം, മുസ്‌ലിംകളെ ഹിന്ദു പ്രദേശങ്ങളില്‍ നിന്ന് അകറ്റാന്‍ ആഗ്രഹിച്ചു. അസ്വസ്ഥ പ്രദേശ നിയമം അവര്‍ക്ക് ഒരു വലിയ ആയുധമായി മാറിയിരിക്കുന്നു. സമൂഹത്തിലോ സാമൂഹിക ഘടനയിലോ അവര്‍ക്ക് താല്‍പര്യമില്ല. സാമൂഹിക ഘടന ഇതിനകം തന്നെ കീറിമുറിച്ചിരിക്കുന്നു. അഹമ്മദാബാദില്‍ നടന്ന സംഭവം ഈ നിയമത്തിന്റെ ഇരുണ്ട ചിത്രമാണ്.''
എന്തായാലും അന്‍സാരി കുടുംബം അവര്‍ വാങ്ങാന്‍ ആഗ്രഹിച്ച വീടിന് മുന്നിലുള്ള അവരുടെ വീട്ടില്‍ ഇപ്പോഴും താമസിക്കുന്നു. കഴിഞ്ഞ പത്തുമാസത്തിനുള്ളില്‍ അന്‍സാരി കുടുംബത്തിന് മകള്‍ സാനിയയേയും 15.5 ലക്ഷം രൂപയും അന്തസും നിയമത്തിലുള്ള വിശ്വാസവും നഷ്ടപ്പെട്ടു.
courtesy: thewire

