സാബ്രയും ഷാറ്റിലയും: 43 മണിക്കൂര്‍ നീണ്ടുനിന്ന ഇസ്രായേലി ഭീകരതയ്ക്ക് 43 വര്‍ഷം
1982 സെപ്റ്റംബര്‍ 16ന് സന്ധ്യയോടെയാണ് കൂട്ടക്കൊലകള്‍ ആരംഭിച്ചത്. തെക്കന്‍ ലബ്‌നാനിലെ ഒരു ഫലസ്തീനി അഭയാര്‍ത്ഥി ക്യാംപിലെ പാതകളില്‍ വെടിയുണ്ടകളേറ്റ സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ഇസ്രായേലി സൈന്യവുമായി ചേര്‍ന്ന് ചില ക്രിസ്ത്യന്‍ സംഘടനകളുടെ നേതൃത്വത്തിലുള്ള ഫലാഞ്ചിസ്റ്റുകളാണ് ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. രാത്രി മുഴുവന്‍ ഇസ്രായേലി സൈന്യം ആകാശത്തേക്ക് തീജ്വാലകള്‍ വിക്ഷേപിച്ചു. ഫലാഞ്ചിസ്റ്റുകള്‍ക്ക് ആക്രമണം നടത്താന്‍ വേണ്ട വെളിച്ചം ലഭിക്കാനായിരുന്നു അത്.
സെപ്റ്റംബര്‍ 16 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ ബെയ്റൂത്തിലെ സാബ്ര, ഷാറ്റില അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഏകദേശം 3,500 ഫലസ്തീനി സിവിലിയന്മാരെ ഇസ്രായേലി സൈന്യവും ഫലാഞ്ചിസ്റ്റുകളും കൂട്ടക്കൊല ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് അവസാനിച്ച ഈ ക്രൂരമായ കൂട്ടക്കൊല 43 മണിക്കൂര്‍ നീണ്ടുനിന്നുവെന്ന് രേഖാമൂലമുള്ള തെളിവുകള്‍ സൂചിപ്പിക്കുന്നു.
മൃതദേഹങ്ങള്‍ അഴുകിയതിന്റെ ദുര്‍ഗന്ധം മാസങ്ങളോളം പോയില്ലെന്ന് ഫലസ്തീന്‍ അഭയാര്‍ത്ഥിയായ നജീബ് അല്‍-ഖാതിബ് ഓര്‍മ്മിക്കുന്നു. അദ്ദേഹത്തിന്റെ പിതാവും പത്ത് ബന്ധുക്കളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇപ്പോള്‍ 55 വയസ്സുള്ള നജീബിന് വീടുകളിലും ക്യാമ്പുകളുടെ ഇടവഴികളിലും നിറഞ്ഞുനിന്ന മൃതദേഹങ്ങളുടെ അഴുകിയ അതിശക്തമായ ദുര്‍ഗന്ധം മറക്കാന്‍ കഴിയുന്നില്ല. അഴുകിയ പല മൃതദേഹങ്ങളും ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് സംസ്‌കരിച്ചത്.
കൂട്ടക്കൊല അതിജീവിച്ച ഉമ്മുല്‍ അബ്ബാസ് ആ ഭീകരത വിവരിച്ചു. ''ഞാന്‍ എന്താണ് കണ്ടത്? ഒരു ഗര്‍ഭിണിയുടെ വയറ് കീറി കുഞ്ഞിനെ പുറത്തെടുത്തു. അതിനെ അവര്‍ രണ്ടു കഷ്ണമാക്കി.''. കൊലപാതകം, ബലാല്‍സംഗം, കൈകാലുകള്‍ വെട്ടിമാറ്റല്‍ തുടങ്ങി കൂട്ടക്കൊലയെ കുറിച്ച് അതിജീവിച്ചവര്‍ക്ക് നിരവധി കാര്യങ്ങള്‍ പറയാനുണ്ട്.
ഇസ്രായേലി ക്രൂരത വംശഹത്യാപരമാണെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. ഇസ്രായേല്‍ അധികാരികളും സൈനികരും കൂട്ടക്കൊലകളില്‍ നേരിട്ടോ അല്ലാതെയോ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് 1983 ഫെബ്രുവരിയില്‍ യുഎന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു. രക്തച്ചൊരിച്ചിലിന്റെയും പ്രതികാരത്തിന്റെയും അപകടസാധ്യത അവഗണിച്ചതിന് വ്യക്തിപരമായ ഉത്തരവാദി അന്നത്തെ യുദ്ധമന്ത്രിയായിരുന്ന ഏരിയല്‍ ഷാരോണ്‍ ആണെന്ന് ഇസ്രായേലി കമ്മീഷനും കണ്ടെത്തി. ഈ കണ്ടെത്തലുകള്‍ ഉണ്ടായിരുന്നിട്ടും 2001ല്‍ ഷാരോണ്‍ ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
കൂട്ടക്കൊലയിലേക്കുള്ള വഴി
1947നും 1949നും ഇടയില്‍ സയണിസ്റ്റുകള്‍ 500 ലധികം ഫലസ്തീനി ഗ്രാമങ്ങളും പട്ടണങ്ങളും തകര്‍ത്തു. പതിനായിരക്കണക്കിന് പേരെ കൊലപ്പെടുത്തിയ സയണിസ്റ്റുകള്‍ 19 ലക്ഷം ഫലസ്തീനികളില്‍ ഏറ്റവും കുറഞ്ഞത് ഏഴര ലക്ഷം പേരെയെങ്കിലും സ്വന്തം ഭൂമിയില്‍ നിന്നും പുറത്താക്കി. അതില്‍ ഏകദേശം ഒരു ലക്ഷം പേര്‍ ലബ്‌നാനിലേക്ക് പലായനം ചെയ്തു. 1969ല്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ലബ്‌നാന്‍ സര്‍ക്കാരും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും(പിഎല്‍ഒ) തമ്മില്‍ കരാറുണ്ടാക്കി. അത് പ്രകാരം ലബ്‌നാനിലെ 16 അഭയാര്‍ത്ഥി ക്യാംപുകളുടെ നിയന്ത്രണം ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന് ലഭിച്ചു.
അങ്ങനെ, 1970ല്‍ പിഎല്‍ഒ ജോര്‍ദാനില്‍ നിന്ന് ലബ്‌നാനിലേക്ക് താവളം മാറ്റി. അഞ്ചുവര്‍ഷത്തിന് ശേഷം യുഎസ്-ഇസ്രായേലി പിന്തുണയുള്ള വലതുപക്ഷ ക്രിസ്ത്യാനികള്‍ അടങ്ങിയ ലബ്‌നാന്‍ ഫ്രണ്ടും പിഎല്‍ഒ ഭാഗമായ ലബ്‌നീസ് നാഷണല്‍ മൂവ്‌മെന്റും തമ്മില്‍ ആഭ്യന്തരയുദ്ധമുണ്ടായി. 1982 ജൂണില്‍, ഏരിയല്‍ ഷാരോണിന്റെ കീഴിലുള്ള ഇസ്രായേല്‍ സൈന്യം പിഎല്‍ഒയെ തകര്‍ക്കാന്‍ ലബ്‌നാന്‍ ആക്രമിച്ചു. ഫലസ്തീനി അഭയാര്‍ത്ഥികളെ സംരക്ഷിക്കുമെന്ന് യുഎസും ബഹുരാഷ്ട്ര സേനയും നല്‍കിയ ഉറപ്പിനെത്തുടര്‍ന്ന് 1982 സെപ്റ്റംബര്‍ ഒന്നിന് പിഎല്‍ഒ പിന്‍വാങ്ങി.
അഭയാര്‍ത്ഥി ക്യാംപുകളിലെ സാധാരണക്കാരെ ക്രിസ്ത്യന്‍ സായുധസംഘങ്ങളില്‍ നിന്നും സംരക്ഷിക്കാമെന്ന് യുഎസ് രേഖാമൂലം ഉറപ്പും നല്‍കി. സെപ്റ്റംബര്‍ ഒന്നിന് ബഹുരാഷ്ട്ര സൈന്യം ലബ്‌നാനില്‍ എത്തി. ഒരു മാസത്തേക്ക് എന്നു പറഞ്ഞ് എത്തിയ ബഹുരാഷ്ട്ര സൈന്യം സെപ്റ്റംബര്‍ പത്തിന് തന്നെ പിന്‍വാങ്ങി. ഇത് കൂട്ടക്കൊലയ്ക്ക് വഴിയൊരുക്കി.
1982 സെപ്റ്റംബര്‍ 14ന്, ലബ്‌നാന്റെ നിയുക്ത പ്രസിഡന്റും ലബ്‌നീസ് ഫോഴ്‌സസ് എന്ന ക്രിസ്ത്യന്‍ സംഘടനയുടെ നേതാവുമായ ബച്ചിര്‍ ഗെമയേല്‍ പാര്‍ട്ടിയുടെ ബെയ്റൂത്ത് ആസ്ഥാനത്ത് നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഫലാഞ്ചിസ്റ്റുകള്‍ പിഎല്‍ഒയെ കുറ്റപ്പെടുത്തുകയും പ്രതികാരം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് കൂട്ടക്കൊല ആസൂത്രണം ചെയ്യാന്‍ ഇസ്രായേലി സൈനിക കമാന്‍ഡര്‍മാരും ഫലാഞ്ചിസ്റ്റ് നേതാക്കളും യോഗം ചേര്‍ന്നു. ഫലസ്തീനി അഭയാര്‍ത്ഥി ക്യാമ്പുകള്‍ ലക്ഷ്യമിടുന്ന ഏരിയല്‍ ഷാരോണിന്റെ തന്ത്രത്തെ അന്നത്തെ ഇസ്രായേലി പ്രധാനമന്ത്രി മെനാഷെം ബെഗിന്‍ അംഗീകരിച്ചു.
ബച്ചിര്‍ ഗെമയേലിന്റെ മരണശേഷം, ഇസ്രായേല്‍ സൈന്യം വെസ്റ്റ് ബെയ്‌റൂത്ത് ആക്രമിക്കുകയും സാബ്രയും ഷാറ്റിലയും വളയുകയും ചെയ്തു. ആരെയും പുറത്തുപോകാന്‍ അനുവദിച്ചില്ല. ക്യാംപുകളില്‍ പോയി കൂട്ടക്കൊല നടത്താന്‍ ഫലാഞ്ചിസ്റ്റുകളെ അനുവദിക്കലായിരുന്നു പദ്ധതി. കൂട്ടക്കൊല അവസാനിച്ചതിനുശേഷം, തെരുവുകള്‍ ഫലസ്തീനി, ലബ്‌നീസ് കുട്ടികളുടെ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. കൂട്ടക്കൊലയ്ക്ക് ശേഷം ഇസ്രായേലി, ഫലാഞ്ചിസ്റ്റ് ഉദ്യോഗസ്ഥര്‍ ഒത്തുകൂടി ഇസ്രായേലിന്റെ പങ്ക് എങ്ങനെ മറയ്ക്കാമെന്ന് ചര്‍ച്ച ചെയ്തു.
അമേരിക്കയുടെ പങ്കാളിത്തം
ഇസ്രായേലി സുപ്രിംകോടതി മുന്‍ പ്രസിഡന്റ് യിത്‌സാക്ക് കഹാന്റെ നേതൃത്വത്തിലുള്ള കഹാന്‍ കമ്മീഷന്റെ രേഖകള്‍, കൂട്ടക്കൊലയ്ക്കിടെ യുഎസ്, ഇസ്രായേലി ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ ഇടപാടുകള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. 1982ലെ സംഭവങ്ങള്‍ അന്വേഷിക്കുന്നതിനാണ് കമ്മീഷന്‍ സ്ഥാപിതമായത്. കൊലപാതകങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് എല്ലാ പിഎല്‍ഒ സൈനിക യൂണിറ്റുകളും ബെയ്‌റൂത്ത് വിട്ടുപോയതായി അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്ക് അറിയാമായിരുന്നുവെന്ന് രേഖകള്‍ വെളിപ്പെടുത്തുന്നു. ക്യാംപുകളില്‍ 2,000 'തീവ്രവാദികള്‍' ബാക്കിയുണ്ടെന്ന ഏരിയല്‍ ഷാരോണിന്റെ തെറ്റായ അവകാശവാദം യുഎസ് പരിശോധിച്ചില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇസ്രായേലി സൈന്യത്തെ വെസ്റ്റ് ബെയ്‌റൂത്തിലേക്ക് കടക്കാന്‍ അനുവദിക്കുന്നതിലും സാബ്രയെയും ഷാറ്റിലയെയും ആക്രമിക്കാന്‍ ഫലാഞ്ചിസ്റ്റുകള്‍ക്ക് അനുമതി നല്‍കിയതിലും യുഎസിന് പങ്കുണ്ടെന്ന് കഹാന്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അനുബന്ധ രേഖകള്‍ പറയുന്നു. സായുധരായ പിഎല്‍ഒ അംഗങ്ങള്‍ പോയിക്കഴിഞ്ഞാല്‍ ഫലാഞ്ചിസ്റ്റുകള്‍ക്ക് സാധാരണക്കാരെ കൂട്ടക്കൊല ചെയ്യാന്‍ കഴിയുമെന്ന് യുഎസിന് അറിയാമായിരുന്നു.
വംശഹത്യയുടെ തുടര്‍ച്ച
നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഇസ്രായേലും യുഎസും ഫലസ്തീനികളെ വംശഹത്യ ചെയ്യുകയാണ്. 2023 ഒക്ടോബര്‍ 7 മുതല്‍, യുഎസിന്റെ വിപുലമായ സൈനിക, നയതന്ത്ര പിന്തുണയോടെ ഇസ്രായേല്‍ ഗസയില്‍ നടത്തുന്ന വംശഹത്യയില്‍ പതിനായിരക്കണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരിക്കുന്നു. സാബ്രയും ഷാറ്റിലയും പോലെ, ഗസയിലും സ്ത്രീകളും കുട്ടികളുമാണ് വംശഹത്യയുടെ ഭാരം വഹിക്കുന്നത്.

