ആനന്ദ് തെല്‍തുംബ്ദെ
ഹിന്ദു-മുസ്ലിം കലാപങ്ങള്‍ക്കും മുസ്ലിം ആധിപത്യ ഭീഷണിക്കും എതിരേയുള്ള പ്രതികരണമായാണ് ആര്‍എസ്എസ് രൂപംകൊണ്ടത് എന്നാണ് പരമ്പരാഗതമായ പ്രധാന ആഖ്യാനം. ഈ സാമുദായിക മാനം നന്നായി രേഖപ്പെടുത്തപ്പെട്ടതുമാണ്. എങ്കിലും ഈ ആഖ്യാനം, ആര്‍എസ്എസ് രൂപീകരണത്തെ കുറിച്ച് തുല്യമോ അല്ലെങ്കില്‍ അതിലും പ്രധാനപ്പെട്ടതോ ആയ, ഒരു പ്രചോദനത്തെ മറച്ചുവയ്ക്കുകയാണ്. ബ്രാഹ്‌മണ വരേണ്യവര്‍ഗത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ആധിപത്യത്തിന് ഭീഷണിയാകുന്ന, വര്‍ധിച്ചുവരുന്ന ജാതി വിരുദ്ധ പ്രസ്ഥാനങ്ങളുടെ വേലിയേറ്റത്തോടുള്ള പ്രതികരണം കൂടിയായിരുന്നു ആര്‍എസ്എസ് രൂപീകരണം എന്നതാണ് വസ്തുത.
ആര്‍എസ്എസ് രൂപീകരണത്തെ കുറിച്ച് മനസ്സിലാക്കുന്നതിന് അവര്‍ക്കു മുമ്പിലെ ഈ രണ്ടു ഭീഷണികളെയും ഒരേസമയം പരിശോധിക്കേണ്ടതുണ്ട്: മുസ്ലിം രാഷ്ട്രീയ നിശ്ചയദാര്‍ഢ്യത്തിന്റേതായ ബാഹ്യ ഭീഷണിയും ബ്രാഹ്‌മണ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന കീഴാള ജാതി വിമോചന പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന ആന്തരിക ഭീഷണിയും.
ഇന്ന് ഹിന്ദു ദേശീയതയുടെ പ്രത്യയശാസ്ത്ര തലസ്ഥാനമായി ആഘോഷിക്കപ്പെടുന്ന നാഗ്പൂരില്‍ 1925ല്‍ രാഷ്ട്രീയ സ്വയംസേവക് സംഘം (ആര്‍എസ്എസ്) സ്ഥാപിതമായത് ആഴത്തിലുള്ള ചരിത്രപരമായ ഒരു വിരോധാഭാസം ഉള്‍ക്കൊള്ളുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നാഗ്പൂര്‍, മധ്യേന്ത്യയിലെ ഒരു പ്രവിശ്യാ പട്ടണം മാത്രമായിരുന്നില്ല; അത് തീവ്രമായ സാമൂഹിക പരിവര്‍ത്തനത്തിന്റെ ഒരു ഇടമായിരുന്നു. ജോതിബ ഫൂലെയുടെ സത്യശോധക് സമാജത്തിന്റെ വ്യാപനത്തിനും ബ്രാഹ്‌മണേതര പ്രസ്ഥാനങ്ങളുടെ ഉദയത്തിനും ആദ്യകാല ദലിത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ആവിര്‍ഭാവത്തിനും ഈ പ്രദേശം സാക്ഷ്യം വഹിച്ചു. ഹിന്ദു ഐക്യത്തിനായുള്ള ഒരു നവോദ്യമ പ്രതലമായിരിക്കുന്നതിനുപകരം, ജാതിക്കലഹത്തിന്റെയും ബ്രാഹ്‌മണ വിരുദ്ധ രോഷത്തിന്റെയും ഒരു തീച്ചൂളയായിരുന്നു ഈ പ്രദേശം. ഈ പശ്ചാത്തലത്തില്‍, ഹിന്ദു ഐക്യം എന്ന ആര്‍എസ്എസിന്റെ വാചാടോപത്തെ ഹിന്ദു സ്വത്വത്തിന്റെ സമഗ്രമായ പരിഷ്‌കരണമായല്ല, മറിച്ച് ഒരു തന്ത്രപരമായ പ്രതിവിപ്ലവമായി, മുസ്ലിം അവകാശവാദവും ദലിത്-ബ്രാഹ്‌മണേതര മുന്നേറ്റവും ഉയര്‍ത്തുന്ന ഇരട്ട വെല്ലുവിളികളെ നിര്‍വീര്യമാക്കുന്നതിനുള്ള ഒരു പദ്ധതിയായി വായിക്കാം.
വിദര്‍ഭയിലെ ദലിത് മുന്നേറ്റം
കൊളോണിയല്‍ കാലഘട്ടത്തില്‍ മഹര്‍ സമുദായത്തില്‍നിന്നുള്ള നിരവധി ആളുകള്‍ വിദര്‍ഭ മേഖലയില്‍ അഭിവൃദ്ധി പ്രാപിക്കുകയും അവര്‍ സ്വാഭാവികമായും സാമൂഹിക ഉന്നമനത്തിനായി സ്വയം മുന്നോട്ടുവരുകയും ചെയ്തു. എം എല്‍ കൊസാരെ രേഖപ്പെടുത്തിയ മേഖലയിലെ ദലിത് പ്രസ്ഥാനത്തിന്റെ ചരിത്രം 1884 മുതലുള്ള ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു.
വിദര്‍ഭയിലുടനീളം ക്ഷേമ, പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന മഹറുകളുടെ ഒരു പ്രവര്‍ത്തന ശൃംഖലയുണ്ടായിരുന്നുവെന്ന് അദ്ദേഹം എഴുതുന്നു. ഇതിനുപുറമെ, തൊട്ടുകൂടാത്തവരുടെ ദുരവസ്ഥയെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് നിയമപരമായ രീതിയിലും ഹിന്ദു സമൂഹത്തിന്റെ ചട്ടക്കൂടിനുള്ളിലും മറ്റുള്ളവരെ ബോധവല്‍ക്കരിക്കുക എന്നതും ഇതിന്റെ ലക്ഷ്യമായിരുന്നു. കിസാന്‍ ഫഗോജി ബന്‍സോഡെ പോലുള്ള നിരവധി ശ്രദ്ധേയരായ പ്രാദേശിക നേതാക്കള്‍ ഉയര്‍ന്നുവന്നു, എന്നാല്‍ പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍നിന്നുള്ള മഹാത്മാ ഫൂലെ, ഗോപാല്‍ ബാബ വലങ്കര്‍, ശിവറാം ജന്‍ബ കാംബ്ലെ എന്നിവരുടെ സ്വാധീനമുള്ള സമാന്തര ശൃംഖലകളും ഉണ്ടായിരുന്നു. മഹര്‍ നേതാക്കളില്‍ വിത്തല്‍ റാംജി ഷിന്‍ഡെയുടെ ഗണ്യമായ അനുയായികളും ഉണ്ടായിരുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍, ബ്രാഹ്‌മണാധികാരത്തെ നിരാകരിക്കുകയും എല്ലാ മനുഷ്യരുടെയും തുല്യത പ്രഖ്യാപിക്കുകയും ചെയ്ത സത്യശോധക് പ്രസ്ഥാനത്തിന്റെ വ്യാപനത്തില്‍ വിദര്‍ഭ ഒരു പ്രധാന കേന്ദ്രമായിരുന്നു. ജാതി ശ്രേണിയെക്കുറിച്ചുള്ള ഫൂലെയുടെ സമൂലമായ വിമര്‍ശനം പ്രദേശത്തെ ശൂദ്ര, ദലിത് സമൂഹങ്ങള്‍ക്കിടയില്‍ അനുരണനം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ അനുയായികള്‍ നാഗ്പൂര്‍, അമരാവതി, വാര്‍ധ എന്നീ മറാത്തി സംസാരിക്കുന്ന ജില്ലകളില്‍ സത്യശോധക് സമാജത്തിന്റെ ശാഖകള്‍ സ്ഥാപിച്ച്, അദ്ദേഹത്തിന്റെ വിദ്യാഭ്യാസം, യുക്തിവാദം, സാമൂഹിക സമത്വം എന്നീ പരിപാടികള്‍ മുന്നോട്ടു കൊണ്ടുപോയി.
1908ല്‍, പഴയകാല സമുദായ പരിഷ്‌കര്‍ത്താവായ വിത്തല്‍ റാവുജി മൂണ്‍ പാണ്ഡെ, മഹര്‍ സഭ സ്ഥാപിച്ചു, ഇത് അംബേദ്കറിനു മുമ്പുള്ള ദലിത് പ്രസ്ഥാനത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സംഘടനയായി മാറി. 1913 ഏപ്രില്‍ 13 മുതല്‍ 15 വരെ നാഗ്പൂരിലെ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം ഒരു നാഴികക്കല്ലായി. അതില്‍ മറാത്തി സംസാരിക്കുന്ന പ്രദേശത്തുനിന്നുള്ള മുഴുവന്‍ സമുദായ നേതാക്കളും പങ്കെടുത്തു. മാല്‍ഗുജാറുകള്‍, പണമിടപാടുകാര്‍, കരാറുകാര്‍, ബ്രോക്കര്‍മാര്‍, തടി വ്യാപാരികള്‍, പട്വാരികള്‍, ഗുമസ്തന്മാര്‍, അധ്യാപകര്‍, സന്ന്യാസിമാര്‍, പുരോഹിതന്മാര്‍, ഷെട്ടിമാര്‍, മറ്റ് സമ്പന്നരായ മഹറുകള്‍ എന്നിവരുമായി മാത്രമല്ല, പൂനെയിലെ ശിവറാം ജന്‍ബ കാംബ്ലെ, മുംബൈയിലെ ധോണ്ടിബ നാരായണ്‍ ഗെയ്ക്വാദ്, നാസിക്കിലെ ധര്‍മദാസ് സന്ത്, പണ്ഡര്‍പൂരിലെ ബാപ്പുജി പാണ്ഡെ തുടങ്ങിയവരും സഭയില്‍ ഉണ്ടായിരുന്നു.
1900ന്റെ ആദ്യ രണ്ടു ദശകങ്ങളിലും വിദര്‍ഭ ജാതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറി. അംബേദ്കര്‍ ദേശീയ നേതാവായി ഉയര്‍ന്നുവരുന്നതിനു പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ, വിദ്യാഭ്യാസം, ക്ഷേത്ര പ്രവേശനം, പൗരാവകാശങ്ങള്‍ എന്നിവയ്ക്കായി അണിനിരക്കുന്നതിനുള്ള ഒരു വ്യക്തമായ പ്രസ്ഥാനം ഉണ്ടായിരുന്നു. നാഗ്പൂരിലെ മഹര്‍കള്‍ക്കും മാംഗുകള്‍ക്കുമിടയില്‍ ഷിന്‍ഡെയുടെ അധസ്ഥിത വര്‍ഗ പ്രസ്ഥാന(ഡിപ്രസ്ഡ് ക്ലാസ് മിഷന്‍)വും ബന്‍സോഡെയുടെ സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും ധാര്‍മിക പരിഷ്‌കരണത്തിലൂടെയും രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയും സാമൂഹിക സമത്വം തേടുന്ന വളര്‍ന്നുവരുന്ന ബോധത്തെ പ്രതിഫലിപ്പിച്ചു. ഇതേ കാലയളവില്‍, പ്രാദേശിക ഭാഷയിലുള്ള ലഘുലേഖകളും പ്രാദേശിക യോഗങ്ങളും ഭരണത്തിലും വിദ്യാഭ്യാസത്തിലും ബ്രാഹ്‌മണ ആധിപത്യത്തെ പരസ്യമായി ആക്രമിച്ചു. ഇത് പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ വിശാലമായ ബ്രാഹ്‌മണേതര പ്രസ്ഥാനത്തിന്റെ പ്രതിധ്വനിയായി.
ഇത് പരമ്പരാഗത ബ്രാഹ്‌മണ വ്യവസ്ഥയെ അസ്വസ്ഥമാക്കി. താഴ്ന്ന ജാതിക്കാരുടെ വര്‍ധിച്ചുവരുന്ന അവകാശവാദം മതപരവും ദേശീയവുമായ മേഖലകളിലെ ബ്രാഹ്‌മണ നേതൃത്വത്തിന്റെ സാമൂഹിക നിയമസാധുതയെ ഇല്ലാതാക്കുമെന്ന ഭയം ജനിപ്പിച്ചു. 1920കളുടെ തുടക്കത്തില്‍, നാഗ്പൂരിലെ ഉയര്‍ന്ന ജാതിക്കാരില്‍ ഈ ഉല്‍ക്കണ്ഠ പ്രകടമായിരുന്നു: വിദ്യാഭ്യാസം, ആചാരപരമായ അധികാരം, ദേശീയ രാഷ്ട്രീയം എന്നിവയിലുള്ള അവരുടെ ചരിത്രപരമായ കുത്തകയെ താഴെനിന്ന് ദലിത്, ശൂദ്ര പ്രസ്ഥാനങ്ങളും പുറത്തുനിന്ന് മുസ്ലിം രാഷ്ട്രീയ വാദവും വെല്ലുവിളിച്ചു.
പ്രതികരണമെന്ന നിലയില്‍ വര്‍ഗീയ ഏകീകരണം
1909ലെ മോര്‍ലി-മിന്റോ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. മുസ്ലിംകള്‍ക്ക് പ്രത്യേക നിയോജകമണ്ഡലങ്ങള്‍ അനുവദിച്ചു എന്നു മാത്രമല്ല , തൊട്ടുകൂടാത്തവരെയും ഗോത്ര സമൂഹങ്ങളെയും ഹിന്ദുക്കളായി കണക്കാക്കരുതെന്ന മുസ്ലിം ലീഗിന്റെ വാദവും അവര്‍ അംഗീകരിച്ചു . തദ്ഫലമായി, 1911ലെ സെന്‍സസ്, ഹിന്ദു ജനസംഖ്യയെ മൂന്നുവിഭാഗങ്ങളായി വിഭജിച്ചു- ഹിന്ദുക്കള്‍ , അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ , ആനിമിസ്റ്റ് ഹിന്ദുക്കള്‍ (ഗോത്രങ്ങള്‍). അതുവഴി ഹിന്ദു വിഭാഗത്തിനുള്ളില്‍ ആന്തരിക വിഭജനങ്ങള്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടു.
ബ്രിട്ടിഷുകാര്‍ ഇന്ത്യ വിട്ടുപോകുമ്പോള്‍ രാഷ്ട്രീയാധികാരത്തിന്റെ കടിഞ്ഞാണ്‍ സ്വാഭാവികമായി തങ്ങളുടെ കൈകളിലെത്തുമെന്ന് വളരെക്കാലമായി കരുതിയിരുന്ന ബ്രാഹ്‌മണ നേതൃത്വത്തെ ഈ സംഭവവികാസം വളരെയധികം അസ്വസ്ഥരാക്കി. വരാനിരിക്കുന്ന മൊണ്ടേഗു-ചെംസ്‌ഫോര്‍ഡ് പരിഷ്‌കാരങ്ങള്‍ (1919) വഴി കൂടുതല്‍ അധികാര വികേന്ദ്രീകരണം ബ്രിട്ടിഷുകാര്‍ വാഗ്ദാനം ചെയ്തതോടെ, 1916ലെ ലഖ്നോ ഉടമ്പടിയിലൂടെ കോണ്‍ഗ്രസും മുസ്ലിം ലീഗും ഒരു ഐക്യമുന്നണി അവതരിപ്പിക്കാന്‍ ശ്രമിച്ചു.
ഈ കരാര്‍ മുസ്ലിംകള്‍ക്ക് സാമുദായിക നിയോജകമണ്ഡലങ്ങള്‍ അംഗീകരിക്കുകയും സമുദായ സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പ്രാതിനിധ്യം പരോക്ഷമായി നിയമവിധേയമാക്കുകയും ചെയ്തു.
എന്നിരുന്നാലും, ഈ ക്രമീകരണം അപ്രതീക്ഷിതമായ ചില പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. മുസ്ലിം ലീഗിനേക്കാള്‍ സംഖ്യാപരവും രാഷ്ട്രീയവുമായ ശക്തി ദുര്‍ബലമാകാതിരിക്കാന്‍, അടിച്ചമര്‍ത്തപ്പെട്ട വര്‍ഗങ്ങളെ ഹിന്ദു വിഭാഗത്തിനുള്ളില്‍ നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസിന് അനിവാര്യമായി. അങ്ങനെ, കരാര്‍ ഹിന്ദു-മുസ്ലിം ദ്വന്ദ്വത്തിനപ്പുറം പ്രാതിനിധ്യ മേഖലയെ അബദ്ധവശാല്‍ വികസിപ്പിച്ചു. സാമുദായിക പ്രാതിനിധ്യ തത്ത്വം അംഗീകരിച്ചുകഴിഞ്ഞാല്‍, അടിച്ചമര്‍ത്തപ്പെട്ട വര്‍ഗങ്ങള്‍ക്ക് പ്രത്യേക രാഷ്ട്രീയ അംഗീകാരം ന്യായമായും അവകാശപ്പെടാന്‍ കഴിയും. ഇത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കണക്കുകൂട്ടലിനെ തകര്‍ക്കുമെന്ന ഭീഷണി ഉയര്‍ത്തി.
ഉടമ്പടിയുടെ തൊട്ടുപിന്നാലെ, ബോംബെ പ്രസിഡന്‍സിയിലെ അധസ്ഥിത വര്‍ഗ സംഘടനകള്‍ പ്രത്യേക പ്രാതിനിധ്യം, തൊട്ടുകൂടായ്മ നിര്‍ത്തലാക്കല്‍, വിദ്യാഭ്യാസത്തിലും പൊതു തൊഴിലിലും പ്രവേശനം എന്നിവയ്ക്കുള്ള ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി. 1917നും 1920നും ഇടയില്‍, കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരം മഹാരാഷ്ട്രയില്‍ അധസ്ഥിത വര്‍ഗങ്ങളുടെ കുറഞ്ഞത് നാല് പ്രധാന സമ്മേളനങ്ങളെങ്കിലും സംഘടിപ്പിക്കപ്പെട്ടു. അവയില്‍ ലോകമാന്യ തിലക് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. സംവരണ സീറ്റുകള്‍ , ക്ഷേത്ര പ്രവേശനം, ജാതി അടിസ്ഥാനമാക്കിയുള്ള വൈകല്യങ്ങള്‍ ഇല്ലാതാക്കല്‍ തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചത് കോണ്‍ഗ്രസ് ഉന്നതര്‍ പരിഷ്‌കരിക്കാന്‍ മടിക്കുന്ന ഹിന്ദു സാമൂഹിക ക്രമത്തെ നേരിട്ട് വെല്ലുവിളിച്ചു. ഈ സംഭവവികാസങ്ങള്‍ ബ്രാഹ്‌മണ ക്യാംപിനെ ആശങ്കാകുലരാക്കി. അത് അവരുടെ സാമൂഹിക മേധാവിത്വത്തിനും രാഷ്ട്രീയ അധികാരത്തിനും നേരിട്ടുള്ള ഭീഷണിയായി കണക്കാക്കപ്പെട്ടു.
1920 മെയ് മാസത്തില്‍ കോലാപൂരിലെ ഷാഹു മഹാരാജ് വിളിച്ചുചേര്‍ത്ത നാഗ്പൂരിലെ അധസ്ഥിത വിഭാഗങ്ങളുടെ സമ്മേളനം ഒരു പ്രത്യേക പ്രാധാന്യമുള്ള നിമിഷമായിരുന്നു. ഈ പരിപാടി പ്രദേശത്തെ ദലിത് നേതൃത്വത്തിന്റെ വളര്‍ന്നുവരുന്ന രാഷ്ട്രീയ പക്വതയെ പ്രതിഫലിപ്പിച്ചു. പൊതുജനങ്ങളില്‍ ഇതുവരെ സ്ഥാനം നേടിയിട്ടില്ലാത്ത ഒരു യുവാവായ ബി ആര്‍ അംബേദ്കര്‍, തൊട്ടുകൂടാത്തവരുടെ വിമോചനം തൊട്ടുകൂടാത്തവര്‍ തന്നെ നേടിയെടുക്കണമെന്ന് പ്രഖ്യാപിച്ച് ഒരു ഉജ്ജ്വല പ്രസംഗം നടത്തിയത് ഇവിടെ വച്ചാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉയര്‍ന്ന ജാതി പിതൃത്വത്തില്‍നിന്നുള്ള ഒരു നിര്‍ണായകമായ വേര്‍പിരിയലിനെ അടയാളപ്പെടുത്തുകയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭൂപ്രകൃതിയെ ഉടന്‍ തന്നെ മാറ്റിമറിക്കുന്ന ഒരു സ്വയംഭരണ ദലിത് രാഷ്ട്രീയ അവബോധത്തിന്റെ ആവിര്‍ഭാവത്തെ സൂചിപ്പിക്കുകയും ചെയ്തു.
നാഗ്പൂരിലെ ബ്രാഹ്‌മണ ഉല്‍ക്കണ്ഠ
ആര്‍എസ്എസിന്റെ ഭാവി ജന്മസ്ഥലമായ നാഗ്പൂര്‍ 1920 ആയപ്പോഴേക്കും ജാതിക്കലഹങ്ങളുടെ തീച്ചൂളയായി മാറിയിരുന്നു. നാഗ്പൂരിലെ ഉന്നതര്‍- പ്രധാനമായും ചിത്പവന്‍, ദേശസ്ഥ ബ്രാഹ്‌മണര്‍- ഈ സംഭവവികാസങ്ങളെ ആശങ്കയോടെയാണ് കണ്ടത്. സെന്‍ട്രല്‍ പ്രൊവിന്‍സസ് ഇന്റലിജന്‍സ് റിപോര്‍ട്ടുകളില്‍ (192123) നിന്നുള്ള ആര്‍ക്കൈവല്‍ തെളിവുകള്‍, 'മിഷനറിമാരും ഹിന്ദുക്കളല്ലാത്തവരും പ്രോല്‍സാഹിപ്പിക്കുന്ന'തായി കരുതപ്പെടുന്ന, അധസ്ഥിത വര്‍ഗ സംഘടനകള്‍ക്കിടയില്‍ 'വിധ്വംസക പ്രവര്‍ത്തനങ്ങളെ'ക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന ആശങ്ക വെളിപ്പെടുത്തുന്നു. മതത്തെക്കുറിച്ച് മാത്രമല്ല, സാമൂഹിക നിയന്ത്രണം നഷ്ടപ്പെടുന്നതിനെക്കുറിച്ചും ആശങ്കയുണ്ടായിരുന്നു. ഹിന്ദു മഹാസഭ, സേവാ സമിതി തുടങ്ങിയ, ബ്രാഹ്‌മണരുടെ നേതൃത്വത്തിലുള്ള ഹിന്ദു പരിഷ്‌കരണ സംഘടനകള്‍, 'തൊട്ടുകൂടാത്തവരെ ഹിന്ദു സമൂഹത്തിലേക്ക് ഉള്‍ച്ചേര്‍ക്കുന്നതിനായി' ബദല്‍ യോഗങ്ങളും സംഘടിപ്പിക്കാന്‍ തുടങ്ങി.
ഈ സാഹചര്യത്തില്‍, 1925ല്‍ നാഗ്പൂരില്‍ ആര്‍എസ്എസ് സ്ഥാപിച്ച കെ ബി ഹെഡ്ഗേവാര്‍ ഹിന്ദു മഹാസഭയുടെ പ്രാദേശിക ഘടകത്തില്‍ ഇതിനകം തന്നെ സജീവമായിരുന്നു. 1922-23 കാലത്തെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഹിന്ദു സമൂഹത്തിന്റെ ശക്തി 'അച്ചടക്കത്തിലും ഐക്യത്തിലും' അധിഷ്ഠിതമാണെന്നും 'ജാതി വിഭജനങ്ങളും വിദേശ മതങ്ങളും രാഷ്ട്രത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും' ഉള്ള അദ്ദേഹത്തിന്റെ ബോധ്യം വെളിപ്പെടുത്തുന്നു. ഇത് ഒരു മുസ്ലിം വിരുദ്ധ വികാരമായി വായിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ദലിതരെ അകറ്റി നിര്‍ത്തുന്നതിനോടുള്ള പ്രതികരണത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു.
ആര്‍എസ്എസിന്റെ സംഘടനാ രൂപം- ശാരീരിക അച്ചടക്കത്തില്‍ പരിശീലനം ലഭിച്ച ഹിന്ദു പുരുഷന്മാരുടെ സൈനികവല്‍ക്കരിക്കപ്പെട്ട, ശ്രേണിപരമായ, ബ്രഹ്‌മചാരി കേഡര്‍ ഘടന- വര്‍ഗീയ അക്രമത്തോടുള്ള പ്രതികരണം മാത്രമായിരുന്നില്ല, മറിച്ച് ഹിന്ദു സാമൂഹിക സംവിധാനത്തെ നിയന്ത്രിക്കാനുള്ള ബോധപൂര്‍വമായ ഒരു തന്ത്രമായിരുന്നു. പ്രതീകാത്മക സാഹോദര്യത്തിലൂടെ ജാതി വ്യത്യാസങ്ങളെ മറികടക്കുക എന്നതായിരുന്നു ശാഖ മാതൃകയുടെ ലക്ഷ്യം. എന്നാല്‍ പ്രായോഗികമായി അത് പ്രത്യയശാസ്ത്രത്തിന്റെയും നേതൃത്വത്തിന്റെയും ബ്രാഹ്‌മണ നിയന്ത്രണം നിലനിര്‍ത്തി.
ഹിന്ദു മഹാസഭയുടെ മുതിര്‍ന്ന നേതാവും പിന്നീട് നാസിക്കിലെ സെന്‍ട്രല്‍ ഹിന്ദു മിലിട്ടറി എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ പ്രസിഡന്റുമായ ബി എസ് മൂന്‍ജേയുമായുള്ള ഹെഡ്ഗേവാറിന്റെ കത്തിടപാടുകളില്‍നിന്ന് ഈ ഇരട്ട ലക്ഷ്യം വ്യക്തമാണ്. 1925ലെ ഒരു കത്തില്‍, 'ഹിന്ദുക്കള്‍ക്കിടയില്‍ അച്ചടക്കം വളര്‍ത്തിയതിന്' മൂന്‍ജേ നവജാത ആര്‍എസ്എസിനെ പ്രശംസിക്കുകയും 'താഴെ വിഭാഗങ്ങള്‍ പോലും ഇപ്പോള്‍ ദൈനംദിന പരിശീലനത്തില്‍ ചേരുന്നു' എന്ന് രേഖപ്പെടുത്തുകയും ചെയ്തു (ആന്‍ഡേഴ്‌സണ്‍ & ഡാംലെ, 1987: 30ല്‍ ഉദ്ധരിച്ചത്). ഉപവാക്യം വ്യക്തമല്ല: സ്വതന്ത്ര രാഷ്ട്രീയ സ്വത്വത്തിനുള്ള അതിന്റെ സാധ്യതകളെ നിര്‍വീര്യമാക്കിക്കൊണ്ട്, ഉയര്‍ന്ന ജാതി നേതൃത്വത്തിന് കീഴില്‍ ദലിത് സമാഹരണത്തെ ഹിന്ദു വിഭാഗത്തിലേക്ക് സംയോജിപ്പിക്കേണ്ടതായിരുന്നു.
അങ്ങനെ, ജാതി ഏകീകരണത്തിന് രാഷ്ട്രീയമായി സ്വീകാര്യമായ ഒരു മറയായി ഹിന്ദു വര്‍ഗീയത പ്രവര്‍ത്തിച്ചു. 'ഹിന്ദു ഐക്യം' എന്ന പൊതു വാചാടോപം ബ്രാഹ്‌മണിക്കല്‍ സാമൂഹിക നിയന്ത്രണത്തിന്റെ ആഴമേറിയ പദ്ധതിയെ മറച്ചു. ജാതി പരിഷ്‌കരണത്തെക്കുറിച്ച് കോണ്‍ഗ്രസ് അവ്യക്തതയില്‍ ഉഴന്നപ്പോള്‍, ആര്‍എസ്എസ് ഹിന്ദുമതത്തിന്റെ ആന്തരിക വൈരുധ്യങ്ങളെ ഒരു പ്രത്യയശാസ്ത്ര സ്രോതസ്സാക്കി മാറ്റാന്‍ ശ്രമിച്ചു- ജാതി ശ്രേണിയെ ഒരൊറ്റ നാഗരികതയ്ക്കുള്ളിലെ 'പ്രവര്‍ത്തന വൈവിധ്യം' ആയി അവതരിപ്പിച്ചു.
ഇരട്ട ഭീഷണികളെ നേരിടാനുള്ള തന്ത്രം
ആര്‍എസ്എസിന്റെ ഉദ്ഭവത്തിന്റെ ജാതി മാനത്തെക്കുറിച്ചുള്ള മുഖ്യധാരാ ചരിത്രരചനയുടെ മൗനം സ്വയംതന്നെ വെളിപ്പെടുത്തുന്നതാണ്. എച്ച് വി ശേഷാദ്രി (1988), സി പി ഭിഷിക്കര്‍ (1979) തുടങ്ങിയ സംഘടനയുടെ ആദ്യകാല ചരിത്രകാരന്മാര്‍ ഹെഡ്ഗേവാറിനെ 'വിദേശ ഭീഷണികള്‍'ക്കെതിരേ ഹിന്ദുക്കളെ ഏകീകരിക്കുന്നയാളായി ചിത്രീകരിച്ചു. നാഗ്പൂരിലെ ജാതി സംഘര്‍ഷങ്ങളെക്കുറിച്ചുള്ള പരാമര്‍ശം ശ്രദ്ധാപൂര്‍വം ഒഴിവാക്കി. പില്‍ക്കാല വിശകലന വിദഗ്ധര്‍ കൂടുതല്‍ വിമര്‍ശന സ്വഭാവമുള്ളവരാണെങ്കിലും, അതിന്റെ സാമൂഹിക അടിത്തറയെ ചോദ്യം ചെയ്യാതെ പലപ്പോഴും വര്‍ഗീയ ഭീഷണി സിദ്ധാന്തത്തെ സ്വീകരിച്ചു. എന്നിരുന്നാലും, ആര്‍എസ്എസിന്റെ ആവിര്‍ഭാവത്തിന്റെ സമയവും ഭൂമിശാസ്ത്രവും ജാതി വിരുദ്ധ വാദത്തിന്റെ കുതിച്ചുചാട്ടത്തിനെതിരായ പ്രതികരണത്തിലേക്ക് നിസ്സംശയമായും വിരല്‍ ചൂണ്ടുന്നു. 1919നും 1924നും ഇടയില്‍, നാഗ്പൂര്‍ ദലിത് സാക്ഷരതയുടെയും മിഷനറി വിദ്യാഭ്യാസത്തിന്റെയും ദ്രുതഗതിയിലുള്ള വ്യാപനത്തിനും സെന്‍ട്രല്‍ പ്രവിശ്യാ കൗണ്‍സിലില്‍ രാഷ്ട്രീയ അംഗീകാരം ആവശ്യപ്പെടുന്ന ജാതി സംഘടനകളുടെ രൂപീകരണത്തിനും തദ്ദേശ സ്വയംഭരണത്തില്‍ ബ്രാഹ്‌മണരല്ലാത്തവരുടെ വര്‍ധിച്ചുവരുന്ന പങ്കാളിത്തത്തിനും സാക്ഷ്യം വഹിച്ചു. കീഴാള രാഷ്ട്രീയ ഏജന്‍സിയുടെ അരികില്‍ മൂര്‍ച്ച കൂട്ടാന്‍ ശ്രമിച്ച മൂല്യങ്ങള്‍ക്ക് ഹെഡ്ഗേവാറിന്റെ ആര്‍എസ്എസ് രൂപം കൊണ്ടത് കൃത്യമായി ഈ ചുറ്റുപാടിലാണ് - അനുസരണം, അച്ചടക്കം, ഹിന്ദു ഐക്യം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി - കീഴാള രാഷ്ട്രീയ ഏജന്‍സിയുടെ അരികില്‍ മങ്ങലേല്‍പ്പിക്കാന്‍ ശ്രമിച്ച മൂല്യങ്ങള്‍. ഉയര്‍ന്ന ജാതി ആധിപത്യത്തിനെതിരായി പോരാടുന്നതിനുപകരം താഴ്ന്ന ജാതിക്കാര്‍ക്ക് മുസ്ലിംകളെ നേരിടാന്‍ ഒരു ഹിന്ദു സ്വത്വം വാഗ്ദാനം ചെയ്തുകൊണ്ട് ഒരു ജാതി വിപ്ലവം മുന്‍കൂട്ടി തടയാനുള്ള ശ്രമമായാണ് ആര്‍എസ്എസ് അങ്ങനെ ഉയര്‍ന്നുവന്നത്.
ഈ വീക്ഷണകോണിലൂടെ നോക്കുമ്പോള്‍, 1925ല്‍ ആര്‍എസ്എസിന്റെ ജനനം കേവലം വര്‍ഗീയ കലാപങ്ങളോടുള്ള പ്രതികരണമായിരുന്നില്ല, മറിച്ച് ഇരട്ട ഉല്‍ക്കണ്ഠയുടെ പരിസമാപ്തിയായിരുന്നു: ഒന്നാമതായി, ലഖ്നോ ഉടമ്പടിക്കും ഖിലാഫത്ത് പ്രസ്ഥാനത്തിനും ശേഷമുള്ള മുസ്ലിം രാഷ്ട്രീയ ഉയര്‍ച്ചയുടെ സാമുദായിക ഭീഷണി; രണ്ടാമതായി, അവകാശങ്ങളും പ്രാതിനിധ്യവും ആവശ്യപ്പെട്ട് അടിച്ചമര്‍ത്തപ്പെട്ട വര്‍ഗങ്ങളുടെ വര്‍ധിച്ചുവരുന്ന അണിനിരത്തല്‍ ഉയര്‍ത്തിയ ജാതി ഭീഷണി. ഹെഡ്ഗേവാറിന്റെ നവീകരണം - ആഴത്തില്‍ പിന്തിരിപ്പന്‍ സംരംഭത്തിന് ആ പദം ഉപയോഗിക്കാമെങ്കില്‍ - ഈ രണ്ട് ഉല്‍ക്കണ്ഠകളെയും ഒരൊറ്റ പ്രത്യയശാസ്ത്ര ചട്ടക്കൂടിലേക്ക് സംയോജിപ്പിക്കുന്നതിലായിരുന്നു. ജാതി അടിച്ചമര്‍ത്തലിനെതിരായ അവരുടെ അണിനിരത്തലിനെ ഒരേസമയം വഴിതിരിച്ചുവിടുന്നതിനൊപ്പം മുസ്ലിംകള്‍ക്കെതിരേ താഴ്ന്ന ജാതിക്കാരെ അണിനിരത്തുന്നതിനായാണ് ഹിന്ദു ദേശീയത രൂപകല്‍പ്പന ചെയ്തത്. ആര്‍എസ്എസിന്റെ ആദ്യകാല പാതയിലെ നിരവധി അമ്പരപ്പിക്കുന്ന സവിശേഷതകളെ ഈ ഇരട്ട പ്രവര്‍ത്തനം വിശദീകരിക്കുന്നു: സാമൂഹിക വൈരുധ്യങ്ങളാല്‍ നിറഞ്ഞ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍നിന്ന് വിട്ടുനില്‍ക്കല്‍; ജാതി ശ്രേണിയെ വെല്ലുവിളിക്കാതെ ഹിന്ദു ഐക്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കല്‍; ബാഹ്യ ഐക്യദാര്‍ഢ്യം ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം ജാതിയെ ആന്തരികമായി കൈകാര്യം ചെയ്യുന്ന അതിന്റെ രഹസ്യവും കര്‍ശനവുമായ അച്ചടക്കമുള്ള സംഘടന.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയിലെ ബ്രാഹ്‌മണ വരേണ്യവര്‍ഗത്തിന്, ഉയര്‍ന്നുവരുന്ന ജാതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ മുസ്ലിം രാഷ്ട്രീയ സമാഹരണത്തേക്കാള്‍ വളരെ സങ്കീര്‍ണവും പ്രച്ഛന്നവുമായ വെല്ലുവിളിയായിരുന്നു. മതപരമായ സ്വത്വത്തെ പ്രോല്‍സാഹിപ്പിക്കുക, ബാഹ്യ ആധിപത്യത്തെക്കുറിച്ചുള്ള ഭയം വര്‍ധിപ്പിക്കുക, വിശ്വാസത്തെയും രാഷ്ട്രത്തെയും സംരക്ഷിക്കുന്നെന്ന വ്യാജേന ഹിന്ദുക്കളെ അണിനിരത്തുക തുടങ്ങിയ പരിചിതമായ വര്‍ഗീയ തന്ത്രങ്ങളിലൂടെ മുസ്ലിം 'ഭീഷണി' കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നു. എന്നിരുന്നാലും, ജാതി പ്രശ്‌നം ഈ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. ഇവിടെ, 'ശത്രു' ആന്തരികമായിരുന്നു: അധ്വാനവും ഒഴിവാക്കലും ബ്രാഹ്‌മണ പദവിയെ നിലനിര്‍ത്തിയ അതേ ആളുകള്‍. ആധുനിക, ജനാധിപത്യ, സമത്വ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട ഒരു കാലഘട്ടത്തില്‍ ജാതി ശ്രേണിയുടെ തുറന്ന പ്രതിരോധം അസാധ്യമായി. ഒഴിവാക്കലിലൂടെ മാത്രം ആധിപത്യം നിലനിര്‍ത്താന്‍ ഉയര്‍ന്ന ജാതിക്കാര്‍ വളരെ കുറവായിരുന്നു; അവര്‍ക്ക് താഴ്ന്ന ജാതിക്കാരുടെ പങ്കാളിത്തം- അല്ലെങ്കില്‍ കുറഞ്ഞത് സമ്മതം- ആവശ്യമായിരുന്നു. അതിനാല്‍, തന്ത്രം ഏറ്റുമുട്ടലില്‍നിന്ന് കൂടെ കൂട്ടുന്നതിലേക്ക് മാറി.
ബ്രാഹ്‌മണ നേതൃത്വത്തെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായി കാണപ്പെടുമ്പോള്‍ തന്നെ നിലനിര്‍ത്താന്‍, 'ഹിന്ദു ഐക്യം' എന്ന ആശയം പുനര്‍നിര്‍വചിക്കപ്പെട്ടു. ജാതി ശ്രേണികള്‍ നിലനില്‍ക്കും. പക്ഷേ, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കിടയിലെ ജാതി അവബോധം അടിച്ചമര്‍ത്തേണ്ടതുണ്ട്. മതപരമായ പ്രതീകാത്മകത, ധാര്‍മിക അച്ചടക്കം, ദേശസ്നേഹത്തിന്റെ ഭാഷ എന്നിവ സാമൂഹിക ഐക്യത്തിന്റെ ഉപകരണങ്ങളായി മാറി. മുസ്ലിംകള്‍ക്കെതിരായ വര്‍ഗീയ മുന്നണിയില്‍നിന്ന് വ്യത്യസ്തമായി, ഇത് ഒരു രാഷ്ട്രീയ പോരാട്ടമായിരുന്നില്ല, മറിച്ച് ഒരു സാംസ്‌കാരികവും മാനസികവുമായ പോരാട്ടമായിരുന്നു. പൊതുചര്‍ച്ചയ്ക്ക് പകരം സാമൂഹിക പ്രബോധനവും, പ്രേരണയ്ക്ക് പകരം ധാര്‍മിക അവസ്ഥയും, ദൈനംദിന ജീവിതത്തില്‍ വ്യാപിക്കാന്‍ കഴിയുന്ന ഒരു സംഘടനാ രൂപവും ഇതിന് ആവശ്യമായിരുന്നു.
ജാതി സംഘര്‍ഷങ്ങളില്‍നിന്ന് ശുദ്ധീകരിക്കപ്പെട്ടതും എന്നാല്‍ ബ്രാഹ്‌മണ നേതൃത്വത്തോട് വിധേയത്വമുള്ളതുമായ അച്ചടക്കമുള്ള, ശ്രേണിക്രമത്തില്‍ ക്രമീകരിച്ച ഒരു ഹിന്ദു കൂട്ടായ്മയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍എസ്എസ് രൂപകല്‍പ്പന ചെയ്തത്. ജാതി പദവിയുടെ പ്രതിരോധത്തെ ദേശീയ പുനരുജ്ജീവനത്തിന്റെ ശൈലിയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിലായിരുന്നു അതിന്റെ പ്രതിഭ. ദൈനംദിന അഭ്യാസങ്ങള്‍, യൂണിഫോം ധരിച്ച അച്ചടക്കം, മഹത്തായ ഒരു ഹിന്ദു ഭൂതകാലത്തിന്റെ പുരാണ ആഹ്വാനങ്ങള്‍ എന്നിവയിലൂടെ, ജാതി വിമോചനത്തിന്റെ രാഷ്ട്രീയത്തെ 'ഹിന്ദു രാഷ്ട്രത്തിന്റെ' വൈകാരിക ഐക്യം ഉപയോഗിച്ച് തിരുത്തിയെഴുതാന്‍ അവര്‍ ശ്രമിച്ചു. അങ്ങനെ ചെയ്യുന്നതിലൂടെ, ബ്രാഹ്‌മണത്വത്തിന്റെ ആന്തരിക പ്രതിസന്ധിക്ക് അവര്‍ തികഞ്ഞ പ്രതികരണം നല്‍കി: നിര്‍ബന്ധിതമായി മാത്രമല്ല, പ്രത്യയശാസ്ത്രപരമായ സമ്മതത്തിലൂടെ സാമൂഹിക നിയന്ത്രണം നിലനിര്‍ത്തുക.
ഉപസംഹാരം: ജാതി, വര്‍ഗീയത, പ്രതിവിപ്ലവം
പരമ്പരാഗതമായ വര്‍ഗീയ ആഖ്യാനത്തേക്കാള്‍ ആര്‍എസ്എസിന്റെ രൂപീകരണത്തെക്കുറിച്ച് ഇരട്ട ഭീഷണി എന്നത് കൂടുതല്‍ വിശദമായ വിശദീകരണം നല്‍കുന്നു. തെളിവുകള്‍ സൂചിപ്പിക്കുന്നത് മുസ്ലിം രാഷ്ട്രീയ വാദത്തോടുള്ള പ്രതികരണമായി മാത്രമല്ല, ജാതി വിരുദ്ധ മുന്നേറ്റത്തിന്റെ വര്‍ധിച്ചുവരുന്ന വേലിയേറ്റത്തോടുള്ള പ്രതികരണമായും സംഘടന ഉയര്‍ന്നുവന്നിട്ടുണ്ട് എന്നാണ്. അതിന്റെ സൈനികവല്‍ക്കരിക്കപ്പെട്ട കേഡര്‍ രണ്ടും കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങള്‍ നല്‍കി: ജാതി പ്രശ്‌നം ആന്തരികമായി ഉള്‍ക്കൊള്ളുന്നതിനൊപ്പം 'മുസ്ലിം ഭീഷണി'യെ ബാഹ്യമായി നേരിടുക. അങ്ങനെ ഹിന്ദു വര്‍ഗീയത ജാതി ഏകീകരണത്തിനുള്ള മാന്യമായ ഒരു മുഖച്ഛായയായി പ്രവര്‍ത്തിച്ചു.
1920കളില്‍, ബ്രാഹ്‌മണ മേധാവിത്വമുള്ള നാഗ്പൂരില്‍ വേരൂന്നിയ ആര്‍എസ്എസിന്റെ സമയം, ഭൂമിശാസ്ത്രം, നേതൃത്വം എന്നിവ ഈ വ്യാഖ്യാനവുമായി കൃത്യമായി യോജിക്കുന്നു. സാരാംശത്തില്‍, ഈ സംഘടന ഒരു ബ്രാഹ്‌മണ പ്രതിവിപ്ലവ പദ്ധതിയായിരുന്നു: ഹിന്ദു ദേശീയതയുടെ ഏകീകൃത കെട്ടുകഥയിലൂടെ മുസ്ലിം അവകാശവാദത്തിന്റെയും കീഴാള ജാതി വിമോചനത്തിന്റെയും ഇരട്ട അപകടങ്ങളെ നിര്‍വീര്യമാക്കാനുള്ള ശ്രമം. ആന്തരിക ശ്രേണികളെ സ്പര്‍ശിക്കാതെ വിടുമ്പോള്‍, അടിച്ചമര്‍ത്തപ്പെട്ടവരെ ബാഹ്യമായ 'മറ്റൊന്നിനെതിരേ' അണിനിരത്തുന്നതിലായിരുന്നു അതിന്റെ പ്രത്യയശാസ്ത്ര ചാതുരി.
ഈ ഉദ്ഭവം മനസ്സിലാക്കാന്‍, ഹിന്ദു ഐക്യത്തെക്കുറിച്ചുള്ള വാചാടോപങ്ങള്‍ക്കിടയിലും ആര്‍എസ്എസ് ഒരിക്കലും ജാതി അടിച്ചമര്‍ത്തലിനെ യഥാര്‍ഥത്തില്‍ എതിര്‍ത്തിട്ടില്ലാത്തതിന്റെ കാരണവും, ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് പുതിയ ശത്രുക്കളുടെ - ആദ്യം മുസ്ലിംകള്‍, പിന്നീട് ക്രിസ്ത്യാനികള്‍, ഇപ്പോള്‍ 'നഗര നക്‌സലുകള്‍' - കണ്ടുപിടിത്തത്തെ നിരന്തരം ആശ്രയിച്ചിരിക്കുന്നതിന്റെ കാരണവും മനസ്സിലാക്കണം. ജാതി നിഷേധിക്കല്‍ അതിന്റെ രാഷ്ട്രീയത്തിന്റെ മറഞ്ഞിരിക്കുന്ന അടിത്തറയായി തുടരുന്നു. അതിനാല്‍, അടിച്ചമര്‍ത്തപ്പെട്ട ഈ വംശാവലി വീണ്ടെടുക്കുക എന്നത് കേവലം ചരിത്രപരമായ തിരുത്തലിന്റെ ഒരു പ്രവൃത്തിയല്ല, മറിച്ച് ഒരു രാഷ്ട്രീയ ആവശ്യകതയാണ്: ഇന്ത്യന്‍ സാമൂഹിക ക്രമത്തിനെതിരായ യഥാര്‍ഥവും വിപ്ലവകരവുമായ വെല്ലുവിളി എല്ലായ്പ്പോഴും ഉള്ളില്‍ നിന്നാണ് - തൊട്ടുകൂടാത്തവരായി തുടരാന്‍ വിസമ്മതിച്ചവരില്‍നിന്നാണ് വരുന്നതെന്ന് ഇത് നമ്മെ ഓര്‍മിപ്പിക്കുന്നു.

