'ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ ഹൃദയം ഇപ്പോഴും മിടിക്കുന്നു': റംസി ബറൂദ്
റൊമാന റൂബിയോ
ഇസ്താംബൂളില്‍ നടന്ന ഗസ ട്രൈബ്യൂണലിന്റെ സമാപന സമ്മേളനത്തില്‍, ഫലസ്തീന്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ റംസി ബറൂദ് ഗസയെ ആഗോള ധാര്‍മികതയുടെ ഒരു പരീക്ഷണമാണെന്ന് വിശേഷിപ്പിക്കുകയും ഫലസ്തീനികളുടെ സ്വാതന്ത്ര്യം നേടുന്നതുവരെ അവരുമായി ഐക്യദാര്‍ഢ്യം നിലനിര്‍ത്താന്‍ ലോകത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
ഗസ മുനമ്പില്‍ ഫലസ്തീനികള്‍ക്കെതിരേ നടന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന അന്താരാഷ്ട്ര സംരംഭമായ ഗസ ട്രൈബ്യൂണലിന്റെ അവസാന സെഷന്‍ ശനിയാഴ്ച ഇസ്താംബുള്‍ സര്‍വകലാശാലയില്‍ നടന്നു. ഫലസ്തീന്‍ എഴുത്തുകാരനും ഫലസ്തീന്‍ ക്രോണിക്കിളിന്റെ എഡിറ്ററുമായ റാംസി ബറൂദ് ഉള്‍പ്പെടെയുള്ള നിയമ വിദഗ്ധര്‍, ബുദ്ധിജീവികള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരുടെ പ്രസംഗങ്ങളോടെയായിരുന്നു സമാപന സമ്മേളനം.
2024 നവംബറില്‍ ലണ്ടനില്‍ അക്കാദമിക് വിദഗ്ധരും മനുഷ്യാവകാശ വക്താക്കളും സിവില്‍ സൊസൈറ്റി സംഘടനകളും ചേര്‍ന്ന് ആരംഭിച്ച ട്രൈബ്യൂണല്‍, അന്താരാഷ്ട്ര നിയമം ഉയര്‍ത്തിപ്പിടിക്കുന്നതിലും ഗസയിലെ ഫലസ്തീനികളെ സംരക്ഷിക്കുന്നതിലും അന്താരാഷ്ട്ര സമൂഹത്തിന്റെ പരാജയം തുറന്നുകാട്ടാന്‍ ശ്രമിക്കുന്നു.
മൂന്ന് ദിവസങ്ങളിലായി, മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വയ്ക്കല്‍, ഉപരോധം നിലനിര്‍ത്തുന്നതില്‍ പാശ്ചാത്യ രാജ്യങ്ങളുടെ പങ്കാളിത്തം, കൂട്ട അതിക്രമങ്ങള്‍ക്കെതിരേ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ പുലര്‍ത്തുന്ന നിശബ്ദത തുടങ്ങിയ വിഷയങ്ങള്‍ സെഷനുകള്‍ പരിശോധിച്ചു. പിന്നീട് ഗസയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍നിന്നും കടല്‍മാര്‍ഗം ഉപരോധം തകര്‍ക്കാന്‍ ശ്രമിച്ച ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തകരില്‍നിന്നും വീഡിയോ സാക്ഷ്യപത്രങ്ങളും ട്രൈബ്യൂണല്‍ കേട്ടു.
സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബറൂദ്, ഗസയെ ആഗോള ധാര്‍മികതയുടെയും രാഷ്ട്രീയ സമഗ്രതയുടെയും നിര്‍വചിക്കുന്ന പരീക്ഷണമായി വിശേഷിപ്പിച്ചു. 'മനുഷ്യത്വത്തിന്റെയും ധാര്‍മികതയുടെയും, സിവില്‍ സമൂഹത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഒരു ലിറ്റ്മസ് പരീക്ഷണമാണ് ഗസ എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് ' -അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റുകള്‍ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ സിവില്‍ സമൂഹത്തിന്റെ പ്രതികരണം ഫലസ്തീനികള്‍ക്കുള്ള 'മറ്റൊരു പ്രതിരോധ മാര്‍ഗം' സൃഷ്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ഐക്യദാര്‍ഢ്യ പ്രസ്ഥാനത്തെ താല്‍ക്കാലികമായി കാണരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 'ഗസയിലെ വംശഹത്യയ്ക്കെതിരേ സൃഷ്ടിക്കപ്പെട്ട പ്രസ്ഥാനത്തെ വംശഹത്യ അവസാനിച്ചു എന്ന അനുമാനത്തോടെ തകര്‍ക്കരുത്' - അദ്ദേഹം പറഞ്ഞു. 'ഇത് പല വ്യത്യസ്ത രീതികളില്‍ സ്വയം പ്രത്യക്ഷപ്പെടുന്നു, അതിലേക്ക് നയിച്ച ചരിത്ര സന്ദര്‍ഭം ഫലസ്തീനും അവിടുത്തെ ജനങ്ങളും സ്വതന്ത്രരാകുന്നതുവരെ നിലനില്‍ക്കും.'
ഫലസ്തീന്‍ പ്രതിരോധത്തെ അതിന്റെ സായുധ രൂപത്തിലേക്ക് ചുരുക്കാനോ ഭീകരവാദമായി ക്രിമിനല്‍ കുറ്റമാക്കാനോ കഴിയില്ലെന്ന് ബറൂദ് ഊന്നിപ്പറഞ്ഞു. ''കൊളോണിയലിസത്തിനും അധിനിവേശത്തിനുമെതിരേ നിലകൊള്ളുന്ന ഓരോ ഫലസ്തീന്‍കാരനും സ്വാതന്ത്ര്യ സമര സേനാനിയാണ്''- അദ്ദേഹം പറഞ്ഞു.
''ഫലസ്തീന്‍ പ്രതിരോധത്തിന്റെ നിയമസാധുതയെക്കുറിച്ചുള്ള ചോദ്യം പ്രധാന വിഷയത്തില്‍നിന്ന് വ്യതിചലിപ്പിക്കലാണ്: ഫലസ്തീനികളെ ആദ്യം ചെറുത്തുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത് എന്താണ്?''
പതിറ്റാണ്ടുകളുടെ ഉപേക്ഷിക്കലില്‍ വേരൂന്നിയ ഒരു ധാര്‍മികവും അസ്തിത്വപരവുമായ പ്രവൃത്തിയായിട്ടാണ് അദ്ദേഹം ചെറുത്തുനില്‍പ്പിനെ വിശേഷിപ്പിച്ചത്. ''ആരും ഞങ്ങളെ രക്ഷിക്കാന്‍ വരാത്തതിനാല്‍ ഞങ്ങള്‍ ചെറുത്തുനില്‍ക്കുന്നു,'' അദ്ദേഹം പറഞ്ഞു. ''ഗസയിലെ ഈ തലമുറ വ്യത്യസ്തമാണ്. ഒന്നാം ഇന്‍തിഫാദയില്‍ എന്റെ തലമുറ സ്വയം ഉറപ്പിക്കലിന്റെ പാഠം പഠിച്ചു. എന്നാല്‍ ആരും തങ്ങളുടെ വിമോചനത്തിനായി വരുന്നില്ലെന്ന് ഈ തലമുറയ്ക്ക് അറിയാം. ആളുകള്‍ സ്വയം മോചിതരാകുന്നു.''
ഫലസ്തീനികള്‍ നിഷ്‌ക്രിയ ഇരകളായി തുടരുമെന്ന പ്രതീക്ഷകളെ ബറൂദ് തള്ളിക്കളഞ്ഞു. ''നമ്മുടെ സ്വന്തം പരാജയത്തിന് ചെറുത്തുനില്‍പ്പിനെ കുറ്റപ്പെടുത്തരുത്, നല്ല ഇരകളായി പെരുമാറാത്തതിന് സ്വയം ന്യായീകരിക്കാനും ക്ഷമാപണം നടത്താനും ഫലസ്തീനികളെ വീണ്ടും മൂലയില്‍ നിര്‍ത്തരുത്''- അദ്ദേഹം പറഞ്ഞു. ''ഗസ നിവാസികള്‍ നല്ല ഇരകളാകുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഗസയെക്കുറിച്ച് ഒന്നും അറിയില്ല.''
1948 മുതലുള്ള ഫലസ്തീന്‍ പ്രതിരോധത്തിന്റെ തുടര്‍ച്ചയെ പിന്തുടര്‍ന്നുകൊണ്ട്, നഖ്ബയ്ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫലസ്തീനികള്‍ ഫിദായീന്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചിരുന്നുവെന്നും, കര്‍ഷകര്‍ അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ ശ്രമിച്ചിരുന്നുവെന്നും ബറൂദ് ഓര്‍മിച്ചു. 'ചരിത്രത്തില്‍ ഗസ ചെറുത്തുനില്‍ക്കാത്ത ഒരു സമയവുമില്ല,' അദ്ദേഹം പറഞ്ഞു. 'ഗസ ഫലസ്തീന്‍ ചരിത്രത്തിന്റെ കേന്ദ്രമാണ്, അതിന്റെ ഭൂമിയോ വിഭവങ്ങളോ കൊണ്ടല്ല, മറിച്ച് അവിടത്തെ ജനങ്ങള്‍ കാരണമാണ്.'
സായുധ ചെറുത്തുനില്‍പ്പിനെ ഇല്ലാതാക്കുക എന്നത് മാത്രമല്ല, ഫലസ്തീന്‍ ജനതയെ വംശീയമായി ഉന്മൂലനം ചെയ്യുക എന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വാദിച്ചു. 'ഗസയുടെ അവശിഷ്ടങ്ങളില്‍ ഇരിക്കുകയാണെങ്കിലും ആളുകള്‍ ഇപ്പോഴും അവിടെയുണ്ട് എന്ന വസ്തുത, ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ ഹൃദയം ഇപ്പോഴും മിടിക്കുന്നു എന്നാണ്' - അദ്ദേഹം പറഞ്ഞു.
'അത് മിടിക്കുന്നിടത്തോളം, ഫലസ്തീനിലെ ചെറുത്തുനില്‍പ്പ് സജീവമായി തുടരും.'
ആഗോള ഇടപെടല്‍ തുടരണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ബറൂദ് ഉപസംഹരിച്ചു.
''ഇരകളെയോര്‍ത്ത്, കുടുംബങ്ങളോടൊപ്പം കൂട്ടക്കൊല ചെയ്യപ്പെട്ട നിരപരാധികളായ കുട്ടികളെയോര്‍ത്ത് ദുഃഖം തോന്നുന്നു. പക്ഷേ, ഏത് സാഹചര്യത്തിലും ഫലസ്തീനിലെ പ്രതിരോധം നിലയ്ക്കുമെന്ന് ഒരു നിമിഷം പോലും ചിന്തിക്കരുത്''- അദ്ദേഹം പറഞ്ഞു.
''ഗസ ഈ പോരാട്ടത്തിന്റെ മുന്‍നിരയിലാണ് - ഗസയ്ക്ക് വേണ്ടി മാത്രമല്ല, മനുഷ്യത്വത്തിനു വേണ്ടിയും.''
കടപ്പാട്: പലസ്തീന്‍ ക്രോണിക്ക്ള്‍

